ചിത്ര എന്ന നടിയുടെ പേര് സിനിമാ പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതമല്ലെങ്കിലും നടിയുടെ മുഖം മലയാളികള്‍ മറക്കില്ല. നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളായി ചിത്ര വന്നിട്ടുണ്ട്. ഒരു കാലത്ത് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയുമൊക്കെ ചിത്രങ്ങളില്‍ നായിക ആയിരുന്നില്ലെങ്കിലും, അതിനൊപ്പം സാന്നിധ്യം അറിയിച്ച കഥാപാത്രങ്ങള്‍ ചെയ്ത് അനുശ്വര്യമാക്കി നടികൂടിയാണ് ചിത്ര. ആറാം തമ്പുരാനിലെ തോട്ടത്തില്‍ മീനാക്ഷിയെ ആര്‍ക്കും മറക്കാന്‍ കഴിയില്ല. ആകെ ഒരു രംഗം മാത്രമേ ഉള്ളൂവെങ്കിലും ആ പേരും രൂപവും ആരാധകര്‍ ശ്രദ്ധിച്ചിരുന്നു.
തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം അഭിനയിച്ചിരുന്നു ചിത്ര. അച്ഛനായിരുന്നു താരത്തിനൊപ്പമുണ്ടായിരുന്നത്. ലൊക്കേഷനിലും താമസസ്ഥലത്തുമൊക്കെ കൂട്ടായി അച്ഛനുണ്ടാവുമായിരുന്നുവെന്ന് താരം പറയുന്നു. അമ്മയുടെ വിയോഗത്തിന് ശേഷമാണ് അച്ഛന്‍ ഒന്നൂകൂടെ കര്‍ക്കശക്കാരനായി മാറിയതെന്ന് താരം പറയുന്നു. ലൊക്കേഷനില്‍ വെച്ച് ആരുമായും സംസാരിക്കരുതെന്നും ചിത്രീകരണം കഴിഞ്ഞാല്‍ നേര മുറിയിലേക്ക് പോന്നോളണം, ഇതായിരുന്നു അദ്ദേഹത്തിന്റെ നിബന്ധന.അച്ഛന്റെ നിയന്ത്രണങ്ങള്‍ പലപ്പോഴും തന്നെ ശ്വാസം മുട്ടിച്ചിരുന്നുവെന്നും താരം പറയുന്നു. അമ്മയില്ലാതെ 3 പെണ്‍കുട്ടികളെ വളര്‍ത്തുന്നതിന്റെ ആധിയായിരിക്കാം അന്ന് അച്ഛനെ അലട്ടിയത്. സിനിമയില്‍ പ്രവേശിച്ചതിനോട് അച്ഛന്റെയോ അമ്മയുടെയോ ബന്ധുക്കള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അതിനിടയില്‍ വല്ല പേരുദോഷം കൂടി കേട്ടാല്‍ തീര്‍ന്നു. അന്ന് താനനുഭവിച്ചിരുന്ന വീര്‍പ്പുമുട്ടലുകളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയവരിലൊരാളായിരുന്നു നടി സീമ എന്ന് താരം പറയുന്നു. ഉര്‍വശി, ശോഭന, ഉണ്ണിമേരി ഇവരെല്ലാം ഒരുമിച്ച് പുറത്തുപോവുന്നതും കറങ്ങിയടിക്കുന്നതുമൊക്കെ കാണുമ്‌ബോള്‍ തനിക്ക് സങ്കടമായിരുന്നു. ചീട്ടുകളിയും ഷോപ്പിംഗുമൊക്കെയായി അവര്‍ പരമാവധി ആസ്വദിക്കുകയായിരുന്നു. എന്നാല്‍ തന്റെ മനസ്സിലുള്ള സങ്കടത്തെക്കുറിച്ച് സീമ ചേച്ചി മനസ്സിലാക്കിയിരുന്നു. സ്നേഹം കൊണ്ടാണ് അച്ഛന്‍ നിന്നെ പൊതിഞ്ഞുവെച്ചിരിക്കുന്നതെന്ന് പറഞ്ഞ് ചേച്ചി ആശ്വസിപ്പിക്കാറുണ്ടായിരുന്നുവെന്നും താരം ഓര്‍ത്തെടുക്കുന്നു.
ശോഭനയുമായുള്ള പിണക്കത്തിന് പിന്നിലെ കാരണത്തെക്കുറിച്ചും ചിത്ര വ്യക്തമാക്കിയിരുന്നു. അതിന് പിന്നിലെ കാരണവും അച്ഛന്റെ നിര്‍ബന്ധബുദ്ധിയായിരുന്നുവെന്നാണ് താരം പറയുന്നത്. ഏതോ ഒരു സിനിമയുടെ സെറ്റില്‍ വെച്ച് ശോഭന തന്നെ അവരുടെ മുറിയിലേക്ക് വിളിച്ചിരുന്നു. ഇതേക്കുറിച്ചറിഞ്ഞ അച്ഛന്‍ ദേഷ്യപ്പെടുകയായിരുന്നു. അവളാരാ, നീയെന്തിനാണ് അവരുടെ മുറിയില്‍ പോവുന്നത്, വേണമെങ്കില്‍ അവര്‍ നിന്റെ മുറിയില്‍ വരട്ടെയെന്ന നിലപാടിലായിരുന്നു അച്ഛന്‍. അന്ന് താന്‍ മുറിയില്‍ക്കിടന്ന് കരയുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ചറിഞ്ഞ ശോഭനയ്ക്കാവട്ടെ പിന്നീട് തന്നോട് മിണ്ടാന്‍ പ്രയാസവുമായിരുന്നുവെന്നും ചിത്ര പറയുന്നു.
തന്നെ നിയന്ത്രിക്കുന്ന തരത്തിലുള്ള അതേ നിലപാട് പ്രതിഫലം വാങ്ങിക്കുന്ന കാര്യത്തില്‍ അച്ഛനുണ്ടായിരുന്നില്ലെന്ന് താരം പറയുന്നു. നല്ല കഥാപാത്രങ്ങളിലൂടെ തന്റെ കാലജീവിതത്തിന് പിന്തുണയേകാനായിരുന്നു അദ്ദേഹം ശ്രമിച്ചത്. അമരത്തില്‍ അഭിനയിച്ചതിന് ശേഷം ലഭിച്ച ഒരു ലക്ഷം രൂപയാണ് തന്റെ ജീവിതത്തിലെ ഉയര്‍ന്ന പ്രതിഫലമെന്നും താരം പറയുന്നു. ശശികുമാറിന്റെ ആട്ടകലാശം എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ നായികയായാണ് ചിത്ര സിനിമയുടെ അകത്തളത്തിലേക്ക് ചുവടുവയ്ക്കുന്നത്. പിന്നീടങ്ങോട്ട് അമരം, ദേവാസുരം, പാഥേയം, ഏകലവ്യന്‍, പൊന്നുച്ചാമി, അദ്വൈതം, ആറാം തമ്പുരാന്‍ തുടങ്ങി സൂത്രധാരനില്‍ വരെ വളരെ ശ്രദ്ധേയമായ വേഷങ്ങളില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ചിത്രയെത്തി. മമ്മൂട്ടി ചിത്രങ്ങളായ അമരം പാഥേയം, കളിക്കളം, ഈ തണുത്ത വെളുപ്പാം കാലത്ത് തുടങ്ങിയ ചിത്രങ്ങളിലൊക്കെ വലുതും ചെറുതമായ കഥാപാത്രങ്ങളായി ചിത്രയെത്തിട്ടുണ്ട്.