മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സൂപ്പര്‍ഹിറ്റ് മോഹന്‍ലാല്‍ ചിത്രത്തിലൂടെ ലാലേട്ടന്റെയും മീനയുടേയും മകളായി എത്തിയ പ്രേക്ഷക പ്രശംസ നേടിയ നടിയാണ് ഐമാ സെബാസ്റ്റ്യന്‍. ഈ ചിത്രം കൂടാതെ, നിവിന്‍ പോളി നായകനായ 'ജേക്കബിന്റെ സ്വര്‍ഗരാജ്യം' എന്ന ചിത്രത്തിലൂടെയും മലയാളികളുടെ മനസ്സില്‍ സ്ഥാനം പിടിച്ചിരുന്നു. ഏഴു വര്‍ഷം മുമ്പ് 2018ലാണ് ഐമ വിവാഹിതയായത്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവും മലയാളത്തിലെ പ്രമുഖ നിര്‍മാണ കമ്പനിയായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേര്‍സിന്റെ ഉടമസ്ഥയായ സോഫിയ പോളിന്റെയും മകന്‍ കെവിന്‍ പോളിനെയാണ് ഐമ വിവാഹം കഴിച്ചത്. ഇപ്പോഴിതാ, വിവാഹം കഴിഞ്ഞ് ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം തങ്ങളുടെ കടിഞ്ഞൂല്‍ കണ്മണിയെ വരവേറ്റിരിക്കുകയാണ് കുടുംബം.
ഐമയുടെ ഭര്‍ത്താവ് കെവിന്‍ പോള്‍ ആണ് ഈ സന്തോഷവാര്‍ത്ത പങ്കുവച്ചത്. ഒമ്പത് മാസക്കാലം അവള്‍ ഒരു നിഗൂഢതയായിരുന്നു - ഹൃദയമിടിപ്പ്, ചെറിയ ചെറിയ കിക്കുകള്‍, മനോഹരമായ ഒരു സ്വപ്നം മാത്രമായിരുന്നു അവള്‍. ഇന്ന്, ആ സ്വപ്നം അവളുടെ കണ്ണുകള്‍ തുറന്നു, ഞങ്ങളെ നോക്കി മനോഹരമായ ലോകം കണ്ടു.ഇത് ഞങ്ങളുടെ ലോകം കെവിന്‍ കുറിച്ചു. ഒരു നിമിഷം കൊണ്ട്, ലോകം പുതിയതായി മാറിയപോലെ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എലീനര്‍ എന്ന് ഞങ്ങള്‍ വിളിക്കും- ഐമയും പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. ആശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധി ആളുകള്‍ ആണ് എത്തുന്നത്. ഐമയുടെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും എല്ലാം ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തി. പെണ്‍കുഞ്ഞാണ് ഇരുവര്‍ക്കും ജനിച്ചത്.
എലീനര്‍ എന്നാണ് മകള്‍ക്ക് ഐമയും കെവിനും പേരു നല്‍കിയത്. മനോഹരമായ പേര് എന്നാണ് ആരാധകര്‍ കമന്റുകള്‍ പങ്കിടുന്നത്. ഗര്‍ഭിണിയായതും ആരും അറിഞ്ഞില്ല, പ്രസവിച്ചതും അറിഞ്ഞില്ല! എല്ലാം സസ്പെന്‍സ് എന്നാണ് ആരാധകര്‍ കുറിച്ചത്. ദുബായിലാണ് ഭര്‍ത്താവ് കെവിനൊപ്പം ഐമ ഇപ്പോള്‍ താമസിക്കുന്നത്. ഐമ അഭിനയിച്ച സിനിമയുടെ നിര്‍മ്മാതാവിന്റെ മകനാണ് കെവിനെങ്കിലും ഇവരുടേത് പക്ഷെ പ്രണയ വിവാഹമൊന്നും ആയിരുന്നില്ല. വീട്ടുകാര്‍ തമ്മില്‍ ഉറപ്പിച്ച വിവാഹമായിരുന്നു. 2017 ഡിസംബറില്‍ വിവാഹ നിശ്ചയവും 2018 ജനുവരിയില്‍ വിവാഹവും നടക്കുകയായിരുന്നു.
2013ല്‍ നിര്‍മിച്ച ദൂരം എന്ന സിനിമയിലൂടെയാണ് ഐമ അഭിനയരംഗത്തേക്ക് എത്തുന്നത്. മനു കണ്ണന്താനം സംവിധാനം ചെയ്ത ദൂരം എന്ന ചിത്രത്തില്‍ ഐമയുടെ ഇരട്ട സഹോദരി ഐനയും അഭിനയിച്ചിട്ടുണ്ട്. ബ്രദേഴ്സ് ഡേ. പടയോട്ടം, നിഴല്‍, ആര്‍ഡിഎക്സ് തുടങ്ങിയ ചിത്രങ്ങളിലും ഐമ അഭിനയിച്ചിട്ടുണ്ട്. യുഎഇയില്‍ ജനിച്ചുവളര്‍ന്ന ഐമ ദുബായ് മണിപ്പാല്‍ സര്‍വകലാശാലയില്‍ നിന്നും എം.ബി.എ. ബിരുദം നേടിയിട്ടുണ്ട്. ഷാര്‍ജയില്‍ സെറ്റില്‍ ചെയ്ത കുടുംബമായിരുന്നു ഐമയുടേത്. ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയാണ് ഐമ.