മലയാള സിനിമ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സുരഭി ലക്ഷമി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്. എന്നാൽ ഇപ്പോൾ താരം കുടുംബശ്രീയുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ്. തന്റെ അമ്മ കുടുംബശ്രീയില്‍ അംഗമായിരുന്നു എന്നും പക്ഷേ അന്നത്തെ കാലത്ത് ഈ കൂട്ടായ്മ തകര്‍ന്ന് പോകുമെന്നാണ് എല്ലാവരും പറഞ്ഞ് നടന്നിരുന്നതെന്നും സുരഭി വെളിപ്പെടുത്തിയത്.
സുരഭി ലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ,
കുടുംബശ്രീ തുടങ്ങുന്ന കാലത്ത്, അന്ന് എല്ലാവരെയും ചേര്‍ക്കാനായിരുന്നു ശ്രമം. ഞാനൊക്കെ നാട്ടില്‍ പുറത്ത് നിന്നുള്ളയാളാണ്. പലര്‍ക്കും അതില്‍ വിശ്വാസമുണ്ടായിരുന്നില്ല. സ്ത്രീകളല്ലേ, അവര്‍ നാല് ദിവസം കഴിയുമ്പോഴേക്ക് തെറ്റിപിരിഞ്ഞ് പോകുമെന്നായിരുന്നു പലരുടെയും വിശ്വാസം. ഇന്ന് പക്ഷേ അങ്ങനെയല്ല. പണ്ട് എന്റെ അമ്മ കുടുംബശ്രീയിലുണ്ടായിരുന്നു. ഇപ്പോഴില്ല. നാട്ടില്‍ എന്ത് നടക്കുകയാണെങ്കിലും, ഇനി കല്യാണമാണെങ്കിലും എല്ലാ മേഖലകളിലേക്കും ഈ കൂട്ടായ്മ എത്തിയിരുന്നു. ഇത് വലിയ അഭിമാനമാണ്. കുടുംബശ്രീയെ തനിക്ക് അടുത്തറിയാന്‍ കഴിഞ്ഞിട്ടുണ്ട്. സംഘടനയുടെ വളര്‍ച്ചയില്‍ അഭിമാനമുണ്ട്.
നുണപറയാനും കുന്നായ്മ പറയാനുമൊക്കെയാണ് ഈ കുടുംബശ്രീയെന്ന് പലരും കളിയാക്കിയിരുന്നു. പക്ഷേ അതിനും അപ്പുറത്തേക്ക് കുടുംബശ്രീ വളര്‍ന്ന് പോയി. ആദ്യത്തെ സമയത്ത് ഓരോ ദിവസവും ഓരോ വീടുകളിലായിരുന്നു കുടുംബശ്രീ ചേര്‍ന്നിരുന്നത്. എന്റെ വീട്ടിലൊക്കെ അത്തരത്തില്‍ കുടുംബശ്രീ ചേര്‍ന്നിരുന്നു. അന്ന് ശരിക്കും ആഘോഷമായിരുന്നു. വീടുകളില്‍ സ്പെഷ്യലായി എന്തെങ്കിലുമൊക്കെ ഉണ്ടാക്കും. പീടികയിലെ പലഹാരങ്ങളൊക്കെ ഉണ്ടാവും. നെയ്യപ്പവും അടയുമൊക്കെ റെഡിയാക്കി വെക്കാറുണ്ടായിരുന്നു. വലിയ ആഘോഷമായിരുന്നു. അവര്‍ വന്ന് പേപ്പറില്‍ ഒപ്പിടുന്നു. പരസ്പരം വര്‍ത്തമാനം പറയുന്നു. ഇതൊക്കെ നല്ല രസമായിരുന്നു.
ഇപ്പോള്‍ എന്റെ മൂത്ത ചേച്ചി കുടുംബശ്രീയിലുണ്ട്. അതിന്റെ പ്രസിഡന്റും, സെക്രട്ടറിയും, ഖജാഞ്ചിയൊക്കെ ആയി വരുമായിരുന്നു. എല്ലാ അമ്മമാര്‍ക്കും ഇപ്പോള്‍ വലിയ കാര്യമാണ് കുടുംബശ്രീ എന്ന് പറയുമ്‌ബോള്‍. ആദ്യം താഴേ തട്ടിലുള്ളവര്‍ മാത്രമായിരുന്നു കുടുംബശ്രീയുടെ ഭാഗമായിരുന്നവര്‍. ഇപ്പോള്‍ പക്ഷേ അങ്ങനെയല്ല, എല്ലാ വീടുകളിലും എല്ലാ തലത്തിലുമുള്ള ആളുകള്‍ കുടുംബശ്രീയുടെ ഭാഗമായിട്ടുണ്ട്. ഞങ്ങളുടെ മേഖലയില്‍ തന്നെ ഒരുപാട് പണക്കാരും സാധാരണക്കാരും ഒക്കെ ചേര്‍ന്നു കൊണ്ടാണ് കുടുംബശ്രീ നടത്തുന്നത്. മുമ്ബ് പലരെയും ആശ്രയിച്ച് കഴിഞ്ഞിരുന്നവര്‍ കുടുംബശ്രീ വന്നതോടെ ഒരുപാട് മാറിയിട്ടുണ്ട്.
മുമ്പ് ഒരു യാത്ര പോകണമെങ്കില്‍ ഈ സ്ത്രീകള്‍ക്ക് ഭര്‍ത്താവും മക്കളുമൊക്കെ വേണമായിരുന്നു. എന്നാല്‍ ഇന്ന് കുടുംബശ്രീയിലെ സ്ത്രീകള്‍ അതെല്ലാം ഒറ്റയ്ക്ക് തീരുമാനിക്കുകയാണ്. ഇവര്‍ തന്നെ വണ്ടര്‍ലേയിലേക്ക് ഒക്കെ ടൂര്‍ പോകുന്നു. ഫ്ളൈറ്റില്‍ കയറണമെന്ന് മോഹം കൊണ്ട് ഇവര്‍ ഫ്ളൈറ്റിലൊക്കെ യാത്ര ചെയ്യുന്നുണ്ട്. അത് ജാതിഭേദമേന്യേയാണ് പോകാറുള്ളത്. സ്ത്രീകളെ സംബന്ധിച്ച് അവര്‍ക്ക് മുന്നോട്ട് വരാനും, അവരുടെ കഴിവ് തെളിയിക്കാനും, കലാപരമായുള്ള കഴിവ് തെളിയിക്കാനുള്ള സ്പേസായി ഈ കുടുംബശ്രീ മാറി കഴിഞ്ഞു. എല്ലാ സ്ത്രീകള്‍ക്കും ആശംസകള്‍ നേരുന്നു.
അച്ചാറുകളിലും കറി പൗഡറുകളിലും തുടങ്ങി വെച്ച തൊഴില്‍ സാധ്യതകളായിരുന്നു ആദ്യ ഘട്ടത്തില്‍ കുടുംബശ്രീയിലുണ്ടായിരുന്നത്. എന്നാല്‍ ഇത് കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് വളര്‍ന്നത്. കാന്റീന്‍, കാറ്ററിംഗ് മേഖലകളിലേക്കും, കഫേ കുടുംബശ്രീ എന്ന ബ്രാന്‍ഡിലേക്കും വളര്‍ന്നു. കാലഘട്ടത്തിന് അനുസരിച്ച് വിജയസാധ്യതകളുള്ള മേഖലയിലേക്ക് കുടുംബശ്രീ സ്ത്രീകള്‍ എത്തുകയും ചെയ്തു. സോപ്പ് നിര്‍മാണം മുതല്‍ സോഫ്റ്വെയര്‍ നിര്‍മാണം വരെ കുടുംബശ്രീയുടെ ഭാഗമായി വന്നു. സര്‍ക്കാര്‍ മിഷനുകള്‍ ജനങ്ങളിലേക്ക് എത്താന്‍ കുടുംബശ്രീ തന്നെ വേണമെന്നായി. അതാണ് ഇപ്പോള്‍ വളര്‍ന്ന് 25ാം വര്‍ഷത്തിലെത്തി നില്‍ക്കുന്നത്.