അവതാരകയായും നടിയായും തിളങ്ങുന്ന സുബി സുരേഷ് മലയാളികള്‍ക്ക് സുപരിചിതയാണ്. 38 വയസ്സായിട്ടും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ദൃശ്യമാധ്യമങ്ങളില്‍ പുരുഷഹാസ്യ താരങ്ങളെ തോല്‍പ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ഹാസ്യതാരമാണ് സുബി. എപ്പോഴും കോമഡിമാത്രം പറയുന്ന സുബി കോമഡി സ്‌കിറ്റുകളില്‍ സ്ത്രീസാന്നിധ്യം അധികമില്ലാത്ത കാലത്താണ് രംഗത്തെത്തുന്നത്.ഒരുപാട് കലാകാരന്മാരെ സമ്മാനിച്ച കൊച്ചിന് കലാഭവന് വഴി ഇന്റസ്ട്രിയില് എത്തിയതാണ് സുബി. എന്നാൽ ഇപ്പോൾ വിവാഹം വേണ്ടെന്ന് വെച്ചതാണോ എന്ന ചോദ്യങ്ങള്‍ക്കെല്ലാം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സുബി പറയുന്ന മറുപടിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
വിവാഹം ചെയ്യില്ല എന്നൊന്നും തീരുമാനിച്ചിട്ടില്ല. ഒരു കൂട്ട് ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിയ അപൂര്‍വ്വം സന്ദര്‍ഭങ്ങളുമുണ്ട്. പക്ഷേ ജീവിക്കാന്‍ ഒരു കൂട്ട് അത്യാന്താപേക്ഷികമൊന്നുമല്ല. അത് എന്റെ ജീവിതം കൊണ്ട് തെളിയിച്ചിട്ടുമുണ്ട്. എനിക്ക് എന്റെ കുടുംബമുണ്ട്. വളരെ സ്‌നേഹത്തോടെ ജീവിക്കുന്ന എന്റെ കുടുംബത്തിലേക്ക് മറ്റൊരാള്‍ കടന്ന് വരുമ്പോള്‍ ഇപ്പോഴുള്ള സന്തോഷം പോകുമോ എന്ന പേടിയുണ്ട്. എന്റെ അമ്മയും അച്ഛനും അനിയനും അവന്റെ കുടുംബവുമാണ് വലുത്. സ്വതന്ത്ര്യം പോകുമെന്ന പേടി അല്ല, കുടുംബസമാധാനം പോകുമോ എന്ന പേടിയാണ്.
വിവാഹം ചെയ്യുകയാണെങ്കില്‍ തന്നെ അറേഞ്ച്ഡ് ആയിരിക്കില്ല. ആരെ എങ്കിലും കണ്ട് ഇഷ്ടപ്പെട്ട് ഒപ്പം വേണമെന്ന് തോന്നിയാല്‍ ആകാം. അതിനുള്ള അനുവാദം വീട്ടില്‍ നിന്ന് തന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രണയിച്ചിട്ടുണ്ട്. എന്നെ ആരും തേച്ചിട്ട് പോയതല്ല. വിവാഹത്തിലേക്ക് പോകാന്‍ പറ്റില്ല എന്ന് തോന്നിയപ്പോള്‍ നിര്‍ത്തി. എന്തുണ്ടെങ്കിലും വീട്ടില്‍ പറയാറുണ്ട്.
എനിക്ക് വിവരവും ബോധവും ആയിട്ടുണ്ടെന്ന് വീട്ടുകാര്‍ക്കിപ്പോള്‍ തോന്നുന്നുണ്ട്. അതുകൊണ്ട് ഇഷ്ടം പോലെ ചെയ്‌തോ എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ ആ ലൈസന്‍സ് കിട്ടിയതിന് ശേഷം ഞാന്‍ ആരെയും കണ്ടുമുട്ടിയിട്ടുമില്ല. കൊവിഡ് കാലത്ത് ചില തിരിച്ചറിവുകള്‍ ഉണ്ടായി. ജീവിതത്തില്‍ ആരൊക്കെ ഒപ്പമുണ്ടാകും എന്നൊക്കെ മനസിലായി. നമ്മളോട് സ്‌നേഹമുള്ളവര്‍ കുറേ കൂടി അടുപ്പിക്കാം എന്നൊക്കെ തോന്നിയതായി സുബി പറയുന്നു.
മോശം തീരുമാനങ്ങള്‍ ഒന്നും എടുത്തിട്ടില്ല. എല്ലാം അമ്മയോട് ചോദിച്ചാണ് ചെയ്യാറുള്ളത്. ഒരു ഡ്രസ് തിരഞ്ഞെടുക്കുമ്പോള്‍ പോലും അമ്മയോട് ചോദിക്കും. ഏറ്റവും നല്ല തീരുമാനം ഈ കരിയര്‍ തിരഞ്ഞെടുത്തതാണ്. ചില സ്വപ്‌നങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ഇതുകൊണ്ട് നല്ലത് മാത്രമേ വന്നിട്ടുള്ളു. എനിക്ക് മാത്രമല്ല കുടുംബത്തിനും ഗുണമുണ്ടാകുന്ന ഒരു തീരുമാനമായിരുന്നു. ജീവിതം നല്ല രീതിയില്‍ മാറ്റി എടുക്കാന്‍ സാധിച്ചു. എന്റെ സഹോദരനെ നല്ല നിലയില്‍ എത്തിക്കാനായി. സ്വന്തമായി വീട് വേണം എന്ന് ആഗ്രഹിച്ചിരുന്നു. അതും സാധിച്ചു. എല്ലാം തന്നത് കലയാണ്.
ഞാന്‍ എല്ലാ ആഴ്ചയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാറുണ്ട്. അത് എന്റെ കഴിവ് അല്ല. നമ്മള്‍ ഒരു ഫോട്ടോ ഇട്ടാല്‍ ഉടന്‍ അതില്‍ ചൊറി കമന്റ് ഇടാന്‍ ആരെങ്കിലും വരും. അത് കാണുമ്പോള്‍ എനിക്ക് മിണ്ടാതിരിക്കാന്‍ പറ്റില്ല. എന്റെ തെറ്റ് കൊണ്ടല്ല അവര്‍ ഇങ്ങനെ കമന്റിടുന്നത്. ഞാന്‍ ആരെയും ശല്യം ചെയ്യാതെ ആരെയും വെറുപ്പിക്കാതെ ജീവിക്കുന്ന ആളാണ്. പിന്നെ മറ്റുള്ളവരുടെ വിദ്വേഷം ഞാന്‍ എന്തിന് സഹിക്കണമെന്ന് സുബി ചോദിക്കുന്നു.