മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി പ്രിയങ്ക നായർ. തമിഴിലും മലയാളത്തിലും ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി കൂടിയാണ് താരം. വെയില്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിന് നടി അരങ്ങേറ്റം കുറിച്ചത്. മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരവും വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലൂടെ പ്രിയങ്ക നേടുകയും ചെയ്‌തിരുന്നു. പ്രിയങ്കാ നായര്‍ സിനിമയില്‍ നായികയായും സഹനടിയായുമൊക്കെയാണ് തിളങ്ങിയിരുന്നത്. എന്നാൽ ഇപ്പോള്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് താരം. ശ്രീകണ്ഠന്‍ നായര്‍ അവതാരകനായ ഒരുകോടി എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നടി മനസ് തുറന്നത്.
പ്രിയങ്കയുടെ വാക്കുകള്‍,
മൂന്നുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഐഎഫ്എഫ്ഐ ഫിലിം ഫെസ്റ്റിവല്‍ ഗോവയില്‍ നടക്കുമ്പോള്‍ പങ്കെടുക്കാനായി പോയിരുന്നു. അവസാനനിമിഷമാണ് പോകാം എന്ന് തീരുമാനിച്ചത്. അങ്ങനെ ഒരു ആപ്പിലൂടെ ലഭ്യമായ ഒരു ഹോട്ടലില്‍ റൂം ബുക്ക് ചെയ്തു. അതെ ആപ്പിലൂടെ തന്നെ വാഹനവും ബുക്ക് ചെയ്തു. ഫ്ലൈറ്റില്‍ അവിടെ ചെന്നിറങ്ങിയപ്പോള്‍ വന്നത് മറ്റൊരു നമ്പറിലുള്ള വാഹനമാണ്. ഡ്രൈവറിനു പുറമെ അദ്ദേഹത്തിന്റെ ഭാര്യ എന്ന് പരിചയപ്പെടുത്തിയ സ്ത്രീയും വാഹനത്തിലുണ്ട്. നമ്പര്‍ മാറിയതുകണ്ടപ്പോള്‍ തന്നെ സംശയം തോന്നിയെങ്കിലും മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതെ വണ്ടിയില്‍ കയറി. ആ സ്ത്രീ തന്റെ മുഖത്ത് നോക്കുകയോ വിഷ് ചെയ്യുകയോ ചെയ്തിരുന്നില്ല. വാഹനത്തില്‍ ഇരിക്കുമ്പോള്‍ താന്‍ നാട്ടിലുളള സുഹൃത്തുക്കളെ ഫോണില്‍ വിളിച്ച ശേഷം അങ്കിള്‍ പോലീസിലല്ലേ എന്നൊക്കെ ഹിന്ദിയിലും ഇംഗ്ലീഷിലുമായി സംസാരിക്കുകയായിരുന്നു.
അവര്‍ കേള്‍ക്കാന്‍ വേണ്ടിയായിരുന്നു ഞാന്‍ സംസാരിച്ചത്. ലൊക്കേഷന്‍ അയച്ചു തരാം എന്നൊക്കെ ഫോണില്‍ പറയുന്നുണ്ട്. ഈ സമയം അവര്‍ രണ്ടു പേരും പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നു. പിന്നെ നോക്കുമ്പോള്‍ ലൊക്കേഷന്‍ മാറി പോകുന്നതായി കണ്ടു. എന്താണ് വഴി മാറിയതെന്ന് ചോദിച്ചപ്പോള്‍ മറ്റേ വഴിയില്‍ പണി നടക്കുകയാണെന്ന്. ഞാന്‍ വണ്ടി നിര്‍ത്താന്‍ പറഞ്ഞപ്പോള്‍ കുറച്ച് നേരം വണ്ടി നിര്‍ത്തിയിട്ട ശേഷം വീണ്ടും വണ്ടിയെടുത്തു. മാപ്പില്‍ കാണിക്കുന്ന വഴികളില്‍ നിന്നും മാറിയാണ് വണ്ടി സഞ്ചരിക്കുന്നത്. സംഭവിക്കുന്നതൊക്കെ ഞാന്‍ സുഹൃത്തുക്കള്‍ക്ക് മെസേജ് അയക്കുന്നുണ്ടായിരുന്നു.
വണ്ടി ആദ്യം പോയത് ഒരു സ്ലം ഏരിയയിലൂടെയായിരുന്നു. അപ്പോള്‍ ഞാന്‍ പെട്ടുവെന്ന് ഞാന്‍ ഉറപ്പിച്ചു. ഇവിടെ നിന്നും പുറത്ത് പോകാന്‍ പറ്റില്ല. ഡോര്‍ തുറക്കാന്‍ പറ്റുമോ എന്ന് നോക്കിയപ്പോള്‍ പറ്റുന്നുണ്ടായിരുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോഴും പേടിയാണ്. എന്റെ ഹൃദയമിടിപ്പൊക്കെ വേഗത്തിലാവുകയാണ്. അയാള്‍ ആണെങ്കില്‍ മാഡം അവിടെ സമാധാനമായിരിക്ക് ഇപ്പോള്‍ കൊണ്ടു വിടാം എന്ന് വളരെ കൂളായിരുന്ന് പറയുകയാണ്. പ്രിയ നീ തീര്‍ന്നു എന്ന് ഞാന്‍ മനസില്‍ കരുതി. എവിടേക്കാണ് കൊണ്ടു പോകുന്നത്, ഏത് ഗ്രൂപ്പാണ്, ഇനി പുറത്ത് വരാന്‍ പറ്റില്ല എന്നൊക്കെ ചിന്തിച്ചു.
വണ്ടി അങ്ങനെ കണ്‍സ്ട്രക്ഷന്‍ നടക്കുന്നൊരു ഇടത്തുകൂടി കടന്ന്, പച്ച നിറത്തിലുളള ടാര്‍പോളിന്‍ കെട്ടിയ കെട്ടിടത്തിന് മുന്നില്‍ നിര്‍ത്തി. ഹോട്ടല്‍ എത്തിയെന്ന് പറഞ്ഞു. ഞാന്‍ നോക്കുമ്പോള്‍ അത് ഹോട്ടല്‍ ഒന്നുമല്ല. എന്തൊ മറച്ച് കെട്ടിയതാണ്. ഇതല്ല, നിങ്ങളെന്ന് ചതിക്കുകയാണെന്ന് പറഞ്ഞ ശേഷം ഞാന്‍ എന്റെ ഹാന്‍ഡ് ബാഗുമെടുത്ത് പുറത്തേക്ക് ഓടി. വഴിയില്‍ കണ്ടവരോടെല്ലാം ഇതാണോ ജിഞ്ചര്‍ ഹോട്ടല്‍ എന്ന് ചോദിച്ചു. അപ്പോള്‍ അതെ എന്ന മറുപടിയും വന്നു. തിരിച്ച് വന്ന് സെക്യൂരിറ്റിയോട് കൈ കൂപ്പി ചോദിച്ചു, ഇതാണോ ജിഞ്ചര്‍ ഹോട്ടല്‍ എന്റെ കയ്യിലുള്ളതൊക്കെ തരാം എന്നെ വെറുതെ വിടണമെന്ന്. ഇത് തന്നെയാണ് ജിഞ്ചര്‍ ഹോട്ടലെന്നും ഇവിടെ അറ്റകുറ്റ പണി നടക്കുകയാണെന്നും അയാള്‍ പറഞ്ഞു.
പിന്നാലെ ഡ്രൈവര്‍ തനിക്ക് അകത്തേക്കുള്ള വഴി കാണിച്ചു തന്നു. റിസപ്ഷനടക്കം അവിടേക്ക് മാറ്റിയിരിക്കുകയാണ്. ഇതോടെ സത്യാവസ്ഥ മനസിലാക്കിയ താന്‍ തിരികെ വന്ന ഡ്രൈവറോട് ക്ഷമ ചോദിച്ചു. പിന്നീട് തന്നെ എയര്‍പോര്‍ട്ടില്‍ തിരികെ കൊണ്ടു വിട്ടതും അദ്ദേഹം തന്നെയായിരുന്നു. ഗോവയില്‍ പോകുമ്പോള്‍ വിളിക്കുന്നത് അദ്ദേഹത്തെ തന്നെയാണ്. തനിക്ക് മറ്റാരേയും വിശ്വാസമില്ല. ഇതിന്റെയൊക്കെ തുടക്കം അവരുടെ പെരുമാറ്റമായിരുന്നു. എന്തായാലും പിന്നീട് ഒറ്റയ്ക്ക് രാത്രിയില്‍ പരിചിതമല്ലാത്ത സ്ഥലങ്ങളിലേക്ക് ആത്മവിശ്വാസത്തോടെ പോകുന്നത് അവസാനിപ്പിച്ചു.