മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് ലക്ഷ്മി പ്രിയ. ബിഗ്‌ബോസ് മലയാളം നാലാം പതിപ്പിലെ മത്സരാര്‍ത്ഥിയായി താരം എത്തിയിരിക്കുകയാണ്. ലക്ഷ്മിപ്രിയ ഇന്ന് കാണുന്ന വിധത്തില്‍ ജീവിതത്തില്‍ പല ബുദ്ധിമുട്ടുകള്‍ നേരിട്ടാണ് എത്തി നില്‍ക്കുന്നത്. താരം ഇക്കാര്യങ്ങള്‍ ബിഗ് ബോസില്‍ എത്തിയ ശേഷവും വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോള്‍ വൈറലാകുന്നത് നേരത്തെ വനിത ഓണ്‍ലൈന് ലക്ഷ്മിപ്രിയ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ്.
എന്റെ അമ്മയും അച്ഛനും വിവാഹബന്ധം വേര്‍പിരിഞ്ഞവരാണ്. ഒരിക്കലും അവരെന്റെ കൂടെ ഉണ്ടായിരുന്നില്ല. അമ്മ ജീവിച്ചിരിക്കുന്നുണ്ടെന്ന് താന്‍ അറിഞ്ഞത് പോലും പതിനാലാമത്തെ വയസിലാണ്. എന്നെ സംബന്ധിച്ച് അത് വലിയ ഷോക്ക് ആയിരുന്നുവെന്നാണ് ലക്ഷ്മി വെളിപ്പെടുത്തിയത്. ചെറുപ്പത്തിലെ അമ്മ മരിച്ച് പോയി എന്ന് കരുതി വളര്‍ന്ന കുട്ടിയാണ് ഞാന്‍. പക്ഷേ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞപ്പോള്‍ പതിനാലാമത്തെ വയസില്‍ അമ്മയെ കാണാന്‍ ഒറ്റയ്ക്ക് പോയി. ഇത്രയും കാലത്തെ സ്നേഹവും ലാളനയുമൊക്കെ പ്രതീക്ഷിച്ചെങ്കിലും യഥാര്‍ഥത്തില്‍ സംഭവിച്ചത് അങ്ങനെയല്ല. സിനിമയില്‍ കാണുന്നത് പോലെയല്ല ജീവിതമെന്ന് അന്ന് ഞാന്‍ പഠിച്ചു.
തന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകളിലൊന്നും അച്ഛനില്ലായിരുന്നു. അഞ്ചാമത്തെ വയസില്‍ ആദ്യമായി അച്ഛനെ കണ്ടു. പിന്നെ കാണുന്നത് പതിമൂന്നാമത്തെ വയസിലാണ്. അപ്പോഴെക്കും അച്ഛന് മറ്റൊരു കുടുംബമായി. അമ്മ വേറെ വിവാഹം കഴിച്ചില്ല. താന്‍ വളര്‍ന്നത് ചിറ്റപ്പന്റെയും അപ്പച്ചിയുടെയും കൂടെയാണ്. അവരുടെ കൂടെ വളര്‍ന്നത് കൊണ്ടാണ് താനൊരു കലാകാരി ആയതെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.
അച്ഛന്‍, അമ്മ, രണ്ട് ചേച്ചിമാര്‍, അഞ്ച് അമ്മാവന്‍മാര്‍, എന്നിങ്ങനെ ഒത്തിരി ബന്ധുക്കള്‍ ഉണ്ടായിട്ടും ആരുമില്ലാത്ത ഒരു അനാഥയെ പോലെയാണ് ഞാന്‍ വളര്‍ന്ന് വന്നത്. ഞാനൊരു കലാകാരിയാവണം എന്നതും എന്നെ പഠിപ്പിച്ച് വലുതാക്കിയതുമൊക്കെ ചിറ്റപ്പന്‍ ആയിരുന്നു. തനിക്ക് അച്ഛന്റെ സ്ഥാനത്തുള്ളത് ചിറ്റപ്പനാണ്. അങ്ങനെ ചെറിയ പ്രായം മുതലുള്ള ഓര്‍മ്മകളെല്ലാം ചേര്‍ത്താണ് ലക്ഷ്മിപ്രിയ ഒരു പുസ്തകം എഴുതിയത്. മൂന്ന് വയസ് മുതലുള്ള ഓര്‍മ്മകളൊക്കെ അതിലുണ്ടെന്നാണ് നടി പറയുന്നത്.