മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സു കവര്‍ന്ന താരമാണ് ആശ ശരത്ത്. കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ പ്രേക്ഷക ഹൃദയങ്ങള്‍ കവര്‍ന്നെടുത്ത ആശാ ശരത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയാള സിനിമയില്‍ കൃത്യമായ ചുവടുവയ്പ്പ് നടത്തി ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ നടിയ്ക്ക് സാധിച്ചു. സിനിമയ്ക്കും നൃത്തത്തിനും ഒപ്പം തന്റെ കുടുംബത്തെയും നന്നായി കൈകാര്യം ചെയ്ത് മുന്നോട്ടു കൊണ്ടുപോകുന്ന വളരെ അപൂര്‍വ്വം താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ആശാ ശരത്. ദുബായില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന ശരത്ത് ആണ് ആശയുടെ ജീവിതപങ്കാളി.
ഉത്തര, കീര്‍ത്തന എന്നിവര്‍ മക്കളാണ്. ഇംഗ്ലണ്ടിലെ വാര്‍വിക്ക് ബിസിനസ് സ്‌കൂളില്‍ നിന്നും ബിസിനസ് അനലിറ്റിക്‌സില്‍ പഠനം പൂര്‍ത്തിയാകാകി ഉത്തര അമ്മയ്‌ക്കൊപ്പം നൃത്ത രംഗത്തും സിനിമയിലും എല്ലാം സജീവമാണ്. 'ഖെദ്ദ' എന്ന ചിത്രത്തില്‍ ആശ ശരത്തിനൊപ്പം മകള്‍ ഉത്തരയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. അങ്ങനെ അമ്മയുടെ നിഴലായി നടക്കുന്ന ഉത്തര ഇപ്പോള്‍ അമ്മയ്ക്കു നല്‍കിയ ഒരു പിറന്നാള്‍ സര്‍പ്രൈസ് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ആശാ ശരത്തിന്റെ പിറന്നാള്‍.
ഈ ദിവസം അമ്മയേയും അച്ഛനെയും ഒരുമിച്ച് ഒരു ഹോട്ടലില്‍ എത്തിച്ച് സര്‍പ്രൈസായി ഒരു കേക്ക് സമ്മാനിക്കുന്ന വീഡിയോ ആണ് ഉത്തര പങ്കുവച്ചിരിക്കുന്നത്. സന്തോഷത്താല്‍ കണ്ണുനിറയുന്ന ആശാശരത്തിനെയും വീഡിയോയില്‍ കാണാം. പതിനെട്ടാം വയസ്സിലാണ് ആശാ ശരത്ത് വിവാഹിതയായത്. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം ദുബായിലേക്ക് പോവുകയായിരുന്നു. പ്രീഡിഗ്രി കാലത്ത് 'കമലദള'ത്തില്‍ അഭിനയിക്കാന്‍ ക്ഷണം ലഭിച്ചിരുന്നെങ്കിലും മാതാപിതാക്കളുടെ താല്‍പ്പര്യക്കുറവ് കാരണം ആ ക്ഷണം ആശ നിരസിക്കുകയായിരുന്നു. ദുബായില്‍ റേഡിയോ ഏഷ്യയില്‍ റേഡിയോ ജോക്കിയായും പരിപാടികളുടെ നിര്‍മ്മാതാവായും ആശ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൈരളി കലാകേന്ദ്ര എന്ന പേരില്‍ ഒരു നൃത്തവിദ്യാലയവും ആശയ്ക്കുണ്ട്. കൈരളി കലാകേന്ദ്രയ്ക്ക് ദുബായില്‍ തന്നെ നാലു ശാഖകള്‍ ഉണ്ട്.
'കുങ്കുമപ്പൂവ്' എന്ന പരമ്പരയാണ് ആശ ശരത്തിനെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത്. പിന്നീട് സിനിമയിലും അഭിനയിച്ചു തുടങ്ങിയ ആശ ശരത്തിന്റെ 'ദൃശ്യം' സിനിമയിലെ ഐ ജി വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.