മലയാളത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന ഒരുപിടി ശ്രദ്ധേയചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ നടിയാണ് സീനത്ത. ചെറിയ പ്രായത്തില്‍ തന്നെ നാടകത്തിലൂടെ വെളളിത്തിരയില്‍ എത്തിയതാണ് താരം. സംസ്ഥാന സര്‍ക്കാരിന്റെതുള്‍പെടെയുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള താരം ഇപ്പോള്‍ തന്റെ വിവാഹജീവിതത്തെകുറിച്ചും തന്നെക്കാള്‍ വയസിന് മൂപ്പുള്ള ആളെ കല്യാണം കഴിക്കേണ്ടിവന്നതും തുറന്നു പറഞ്ഞിരിക്കയാണ്.
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സീനത്ത് പ്രശസ്ത നാടകാചാര്യനായ കെ ടി മുഹമ്മദിനെ വിവാഹം ചെയ്തതിനെക്കുറിച്ച് തുറന്നു പറഞ്ഞത്. ഒരു വാശിയുടെ പേരിലാണ് തന്നെക്കാള്‍ 36 വയസിന് മുതിര്‍ന്ന കെ.ടിയെ സീനത്ത് വിവാഹം കഴിച്ചത്. കെ.ടിയുടെ സൃഷ്ടി എന്ന നാടകത്തിലൂടെയായിരുന്നു സീനത്ത് നാടകാഭിനയം തുടങ്ങിയത്. 'കോഴിക്കോട് കലിംഗ തിയ്യേറ്റേഴ്‌സില്‍ വച്ചാണ് താരം കെ.ടിയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. കെ.ടിക്ക് അന്ന് ചെറുതായി ആസ്മയുടെ പ്രശ്‌നമുണ്ട്. മരുന്ന് എടുത്ത് തരാന്‍ സീനത്തിനോട് ആവശ്യപ്പെടാറുണ്ടായിരുന്നു. കെ.ടിയുടെ ശൈലിയോട് തനിക്ക് എപ്പോഴോ ഇഷ്ടം തോന്നി തുടങ്ങിയിരുന്നു എന്നും താരം പറയുന്നു.
ഒരുദിവസം അദ്ദേഹം സീനത്തിനെ വിവാഹം ചെയ്ത് തരുമോ എന്ന് സീനത്തിന്റെ ഇളയമ്മയോട് കെ.ടി ചോദിച്ചു. എന്നാല്‍ ആദ്യം തനിക്കത് ഉള്‍ക്കൊള്ളാനായില്ലെന്ന് നടി പറയുന്നു. പ്രായവ്യത്യാസം ആയിരുന്നു പ്രശ്‌നം. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരാളുമായി സീനത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്ന സമയമായിരുന്നു അത്. തുടര്‍ന്ന് കെ.ടിയുമായി താരം സംസാരിച്ചില്ല. തങ്ങള്‍ വിവാഹം ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്ത സമിതിയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ കെ ടിയോടുള്ള അടുപ്പത്തിന്റെ പേരില്‍ തന്നെയും ഇളയമ്മയെയും അവിടെ നിന്നും പിരിച്ചുവിടുകയും ചെയ്തു
ആ സമയത്താണ് കെ.ടിക്ക് ഫിലിം ഡവലപമെന്റ് അസോസിയേഷനില്‍ ചെയര്‍മാനായി നിയമനം ലഭിക്കുന്നത്. അതിന്റെ വാശിയിലാണ് താന്‍ കെ.ടിയെ വിവാഹം കഴിക്കുന്നതെന്നും തന്റെത് ഉറച്ച തീരുമാനമായിരുന്നു എന്നും സീനത്ത് പറയുന്നു. ആളുകള്‍ പറയുന്നത് മനസ്സിലാക്കാനുള്ള പക്വത തനിക്ക് ഉണ്ടായിരുന്നില്ല. വിവാഹം നടന്നെങ്കിലും ആ ബന്ധത്തിന്റെ ആയുസ്സ് 16 വര്‍ഷമായിരുന്നു' എന്നും സീനത്ത് പറയുന്നു. ശേഷം 1993 ല്‍ ഇരുവരും വിവാഹമോചിതരായി. ഈ ബന്ധത്തില്‍ സീനത്തിന് ഒരു മകനുമുണ്ട്. കെ.ടിയുമായി വേര്‍പിരിഞ്ഞ സീനത്ത് പിന്നീട് അനില്‍ കുമാറിനെ വിവാഹം ചെയ്തു. 2008ല്‍ കെ.ടി അന്തരിച്ചു.