Latest News

'യഥാര്‍ഥ പ്രേക്ഷകര്‍ ആ ഡിസ്ലൈക്ക് ക്യാംപെയ്‌നിന്റെ ഭാഗമായിരുന്നില്ല'; ഞാനെന്ന വ്യക്തിയോട് അഭിപ്രായവ്യത്യാസമുള്ളവര്‍ പോലും എന്റെ ഒരു വര്‍ക്കിനെ വര്‍ക്കായി കണ്ട് അഭിനന്ദിക്കുന്നത് സാമൂഹികമായ വളര്‍ച്ചയുടെ ലക്ഷണം; മനസു തുറന്ന് പാര്‍വ്വതി തിരുവോത്ത്

Malayalilife
 'യഥാര്‍ഥ പ്രേക്ഷകര്‍ ആ ഡിസ്ലൈക്ക് ക്യാംപെയ്‌നിന്റെ ഭാഗമായിരുന്നില്ല'; ഞാനെന്ന വ്യക്തിയോട് അഭിപ്രായവ്യത്യാസമുള്ളവര്‍ പോലും എന്റെ ഒരു വര്‍ക്കിനെ വര്‍ക്കായി കണ്ട് അഭിനന്ദിക്കുന്നത് സാമൂഹികമായ വളര്‍ച്ചയുടെ ലക്ഷണം; മനസു തുറന്ന് പാര്‍വ്വതി തിരുവോത്ത്

വിമെൻ ഇൻ സിനിമാ കളക്ടീവിന്റെ ഭാഗമായതിന് ശേഷം തനിക്ക് നേരെ ഉണ്ടായ സൈബർ ആക്രമണവും ഹേറ്റ് ക്യാംപെയ്നും വളരെ സംഘടിതമായി നടത്തപ്പെട്ടതാണെന്ന് പാർവ്വതി തിരുവോത്ത്. തനിക്ക് നേരെ ഉണ്ടായത് സൈബർ ക്വട്ടേഷന്റെ ഭാഗമാണെന്നും പാർവ്വതി.മോശം കമന്റുകൾ വന്നിരുന്ന പല അക്കൗണ്ടുകളും ഇതിനുവേണ്ടിത്തന്നെ സൃഷ്ടിക്കപ്പെട്ടതായിരുന്നെന്നും ഒരു സൈബർ ക്വട്ടേഷൻ പോലെയാണ് തനിക്ക് തോന്നിയതും പാർവ്വതി.

ഒരാളെ ശാരീരികമായി അടിച്ചുവീഴ്‌ത്താൻ ഒരു ക്വട്ടേഷൻ സംഘത്തെ ഏൽപ്പിക്കുന്നതുപോലെ തന്നെയാണ് മാനസികമായി അടിച്ചുവീഴ്‌ത്താനുള്ള സൈബർ ആക്രമണമെന്നും പാർവ്വതി പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് പാർവ്വതി തനിക്കുനേരെ രൂക്ഷമായ സൈബർ ആക്രമണത്തെപ്പറ്റി വാചാലയായത്.

പാർവ്വതിയുടെ വാക്കുകളിലേക്ക്...

'മോബ് സൈക്കോളജി എന്ന ഒരു കാര്യമുണ്ട്. രാഷ്ട്രീയ പാർട്ടികളിലൊക്കെ കാണുന്ന ഒരു പ്രവണതയുമാണ് ഇത്. ഒരു സംഘം ആളുകളിൽ സ്വാധീനമുണ്ടെന്ന് ഉറപ്പിച്ചാൽ അവരെ എങ്ങനെ വേണമെങ്കിലും ചലിപ്പിക്കാനാകുമെന്ന തിരിച്ചറിവ്. ആ തിരിച്ചറിവ് എങ്ങനെ വേണമെങ്കിലും ഉപയോഗിക്കപ്പെടാം. സത്യസന്ധമായി സിനിമയെ സമീപിക്കുന്നവരും രാഷ്ട്രീയം സംസാരിക്കുന്നവരുമായ പ്രേക്ഷകർ ആ ഡിസ്ലൈക്ക് ക്യാംപെയ്‌നിന്റെ ഭാഗമായി എന്ന് ഞാൻ വിശ്വസിക്കുന്നില്ല.

ഹേറ്റ് ക്യാംപെയ്ൻ നടന്നപ്പോൾ ഞാനൊരു ഓൺലൈൻ തിരച്ചിൽ നടത്തിയിരുന്നു. അന്ന് എനിക്ക് മനസിലായത് ആ കമന്റുകൾ വന്ന പല അക്കൗണ്ടുകളും കമന്റ് ഇടുന്നതിന് അര മണിക്കൂർ മുൻപ് മാത്രം സൃഷ്ടിക്കപ്പെട്ടതാണ് എന്നായിരുന്നു. അത് കഴിഞ്ഞാൽ ആ അക്കൗണ്ടുകൾ കാണാനും പറ്റില്ല. ഡിസ്ലൈക്കുകളുടെ എണ്ണം കൂട്ടാനുള്ള ഒരു സംഘടിത ആക്രമണമായിരുന്നു അത്.

ഒരാളെ ശാരീരികമായി അടിച്ചുവീഴ്‌ത്താൻ ഒരു ക്വട്ടേഷൻ സംഘത്തെ ഏൽപ്പിക്കുന്നതുപോലെ തന്നെയാണ് മാനസികമായി അടിച്ചുവീഴ്‌ത്താനുള്ള സൈബർ ആക്രമണവും. സത്യം തുറന്നുപറഞ്ഞതിന്റെ പേരിലാണ് ഞാനടക്കമുള്ള ഒരുപാട് പേർക്കുനേരെ ഇത്തരത്തിലുള്ള ആക്രമണമുണ്ടായത്. ഈ സംഘങ്ങൾ പലരെക്കൊണ്ടും മാപ്പ് പറയിപ്പിച്ചിട്ടുണ്ട്, അവർ മുൻപ് പറഞ്ഞ വാക്കുകൾക്ക്. സജിതാ മഠത്തിൽ, റിമ തുടങ്ങിയ ഏതാനും പേരൊക്കെയേ ആ വെല്ലുവിളിയെ അതിജീവിച്ചിട്ടുള്ളൂ. രണ്ട് വർഷം മുൻപ് ഞങ്ങളുടെ സുഹൃത്തിനുണ്ടായ അനുഭവത്തിന്റെ ഓർമ്മയിൽ, സൈബർ ആക്രമണം നേരിട്ട സമയത്തൊന്നും എടുത്ത നിലപാടിന്റെ കാര്യത്തിൽ എനിക്ക് ഒരു സംശയവും ഉണ്ടായില്ല.

രണ്ട് വർഷത്തിനിപ്പുറം ഉയരെ റിലീസ് ചെയ്യുന്ന സമയത്ത് ലഭിക്കുന്ന പ്രതികരണങ്ങളൊക്കെ വേറെ തരത്തിലാണ്. യഥാർഥ സിനിമാപ്രേക്ഷകരാണ് കമന്റുകൾ ചെയ്യുന്നത്. പല ഫാൻസും എഴുതുന്നുണ്ട്. അതെനിക്ക് അത്ഭുതമുണ്ടാക്കിയ സംഗതിയാണ്. നിങ്ങളുമായി ഇപ്പോഴും വിയോജിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഉയരെയുടെ ട്രെയ്‌ലറോ പാട്ടോ ഒക്കെ നന്നായിട്ടുണ്ടെന്ന് പറയുന്നത്. ഞാനെന്ന വ്യക്തിയോട് അഭിപ്രായവ്യത്യാസമുള്ളവർ പോലും എന്റെ ഒരു വർക്കിനെ വർക്കായി കണ്ട് അതിനെ പ്രശംസിക്കുന്നത് സാമൂഹികമായ വളർച്ചയുടെ ലക്ഷണമാണെന്നാണ് ഞാൻ കരുതുന്നത്. ആ മാറ്റത്തിൽ എന്തെങ്കിലുമൊരു പങ്കാളിത്തം എനിക്കോ ഡബ്ല്യുസിസിക്കോ ഉണ്ടെങ്കിൽ, അതിൽ ഞങ്ങൾക്ക് വലിയ അഭിമാനമുണ്ട്.'

Actress Parvathy says about Cyber attacks

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES