ആകാശ ദൂത് എന്ന ഒറ്റസിനിമ മതി നടി മാധവിയെ ഓര്‍ത്തിരിക്കാന്‍. ഒറ്റ വട്ടം ഈ സിനിമ കണ്ടവര്‍ പിന്നെ മാധവിയെ ജീവിതത്തില്‍ മറക്കില്ല. അത്രമേലാണ് ഈ സിനിമയിലൂടെ ഇവര്‍ പ്രേക്ഷകരെ കരയിച്ചത്. ഇതോടെ ഹൈദ്രബാദ് സ്വദേശിയായ മാധവി മലയാളത്തിന്റെ വിഷാദ നായികയായി മാറുകയും ചെയ്തു. വിവാഹശേഷം അഭിനയരംഗത്ത് നിന്നും വിടവാങ്ങിയ താരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ആര്‍ക്കുമറിയില്ലായിരുന്നു. ഇപ്പോഴിതാ ജീവിതവും പുതിയ വിശേഷങ്ങളും പുറത്തുവന്നിരിക്കയാണ്.
ആകാശ ദൂതിന് പുറമേ നിരവധി മലയാള ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള നടിയാണ് മാധവി. നവംബറിന്റെ നഷ്ടം, ഒരു വടക്കന്‍ വീരഗാഥ എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളും മാധവിയിടേതായിട്ടുണ്ട്. എന്നാല്‍ കുറേക്കാലമായി ഈ നടി എവിടെ ഉണ്ടെന്ന് ആര്‍ക്കും ഒരു അറിവില്ലായിരുന്നു. ഒടുവില്‍ ഈ സസ്‌പെന്‍സ് പൊളിച്ച് മാധവി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. അടുത്തിടെയാണ് മാധവിയുടേതായി ചില ചിത്രങ്ങള്‍ പുറത്തുവന്നത്. ചിത്രങ്ങളുടെ ഉറവിടം തേടിപ്പോയപ്പോഴാണ് മാധവി ഇപ്പോള്‍ അമേരിക്കയിലാണെന്ന വിവരം കിട്ടിയത്. ഭര്‍ത്താവ് റാല്‍ഫ് ശര്‍മ്മയ്ക്കും മക്കള്‍ക്കുമൊപ്പം ന്യൂ ജേഴ്‌സിയിലാണ് ഇപ്പോള്‍ മാധവി താമസിക്കുന്നത്. സര്‍വ്വ സമ്പത്തുകള്‍ക്കും നടുവില്‍ ആഡംബരജീവിതമാണ് നടി നയിക്കുന്നത്.
44 ഏക്കര്‍ ഭൂമിയില്‍ ഒരു ബംഗ്ലാവില്‍ സന്തോഷ ജീവിതമാണ് മാധവിയുടേത്. വിസ്തൃതമായ താമസസ്ഥലത്ത് മാനുകളും പക്ഷികളും അടക്കം ധാരാളം പക്ഷിമൃഗാദികളെയും താരം പരിപാലിച്ചുപോരുന്നു. അഭിനയം നിര്‍ത്തിയശേഷം വീട്ടില്‍ കുട്ടികളെ നോക്കി ഇരിക്കുക മാത്രമല്ല മാധവി ചെയ്തത്. അഭിനയത്തില്‍ മികവ് തെളിയിച്ച് പിന്‍വാങ്ങിയശേഷം വര്‍ഷങ്ങള്‍ക്കിപ്പുറം സ്വന്തമായി വിമാനം ഓടിക്കാനുള്ള ലൈസന്‍സും സ്വന്തം വിമാനവും ഇന്ന് മാധവിയുടെ പക്കലുണ്ട്. മാധവി വിമാനം പറത്തുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവിധ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളില്‍ ആണ് മാധവി അഭിനയിച്ചത്. ഇതില്‍ പല ഭാഷകളിലെ സൂപ്പര്‍സ്റ്റാറുകളുമൊത്തുള്ള ചിത്രങ്ങളുമുണ്ട്. മലയാളത്തിലെ ആദ്യ ചിത്രം 1980 ല്‍ പുറത്തു വന്ന ലാവയാണ്. മൂന്ന് മക്കളുടെ അമ്മയായ മാധവിയുടെ ഭര്‍ത്താവ് അറിയപ്പെടുന്ന ബിസിനസ്സുകാരനാണ്.
ആത്മീയാചാര്യനായ സ്വാമി രാമയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഫാര്‍മസ്യുട്ടിക്കല്‍ ബിസിനസുകാരനായ റാല്‍ഫ് ശര്‍മയെ മാധവി വിവാഹം ചെയ്തത്. സ്വാമി രാമയുടെ ശിഷ്യനായ റാല്‍ഫ് ബ്രാഹ്മണനായ അച്ഛനും ജര്‍മന്‍കാരിയായ അമ്മയ്ക്കും പിറന്ന ആളാണ്.. സ്വാമി പറഞ്ഞതനുസരിച്ച് കണ്ടുമുട്ടി ആഴ്ചകള്‍ക്കകമായിരുന്നു ഇവരുടെ വിവാഹം. മൂന്നു പെണ്‍മക്കളാണ് ദമ്പതികള്‍ക്ക് ഉള്ളത്. 1980 ല്‍ മലയാളത്തിലേക്ക് എത്തിയ നടി 1996 ല്‍ സിനിമ ജീവിതം അവസാനിപ്പിച്ചു