ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ സീരിയലായിരുന്നു മഴവില്‍ മനോരമയിലെ ആത്മസഖി. അതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയിരുന്നു. ആത്മസഖിയിലെ നന്ദിതയേയും സത്യനെയും ഏറ്റെടുത്തപോലെ പ്രേക്ഷകര്‍ നെഞ്ചേറ്റിയ മറ്റൊരു താരമാണ് സീരിയലിലെ ചാരുലത എന്ന ചാരുവിന്റെ കഥാപാത്രം. ചാരുവിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച ചിലങ്കയെ പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു. ഇടതൂര്‍ന്ന മുടിയും നീണ്ട കണ്ണുകളുമായി നാടന്‍പെണ്‍കുട്ടിയായി ചാരു മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഉളളില്‍ പതിഞ്ഞു. വ്യത്യസ്തമായ പേരാണ് ചിലങ്ക എന്ന അഭിനേത്രിയേ പ്രേക്ഷകര്‍ ആദ്യം ശ്രദ്ധിക്കാന്‍ കാരണം. ചിലങ്ക എന്ന പേരിനെക്കുറിച്ചും തന്റെ അഭിനയ ജീവിതത്തെക്കുറിച്ചും തുറന്നു സംസാരിക്കുന്നു.
നൃത്തം പഠിപ്പിക്കണമെന്നും അറിയപ്പെടുന്ന നര്‍ത്തകിയാക്കണമെന്നുമുള്ള ആഗ്രഹത്തോടെയാണ് മുത്തച്ഛന്‍ കൊച്ചുമകള്‍ക്ക് 'ചിലങ്ക'യെന്നു പേരിട്ടത്. കുട്ടിക്കാലത്തു നൃത്തം പഠിച്ചു തുടങ്ങിയെങ്കിലും പിന്നീട് നൃത്തത്തോട് താല്‍പര്യം തോന്നിയില്ലെന്നാണ് ചിലങ്ക എസ് ദീദുവെന്ന പത്തനംതിട്ടക്കാരി തന്റെ പേരിനെക്കുറിച്ച് പറയുന്നത്. പത്തനംതിട്ടയിലെ കോന്നിയ്ക്കടുത്ത് കുളത്തുമണ്ണാണ് ചിലങ്കയുടെ നാട്. വീട്ടില്‍ അഭിനയപാരമ്പര്യമുള്ള ആരുമില്ല. ഒട്ടും പ്രതീക്ഷിക്കാതെയാണ് അഭിനയരംഗത്തേക്കു വന്നതെന്നും വീട്ടില്‍ നിന്നും വലിയ പിന്തുണയാണ് തനിക്ക് ലഭിച്ചതെന്നും ചിലങ്ക പറയുന്നു. സിനിമയിലാണ് തുടക്കം. അച്ഛന്റെ ബന്ധുവായ ഛായാഗ്രാഹകനായ രാജീവ് മാധവന്‍ വഴിയാണ് വിനയന്‍ സാര്‍ സംവിധാനം ചെയ്ത 'ലിറ്റില്‍ സൂപ്പര്‍മാനി'ല്‍ അവസരം ലഭിക്കുന്നത്. അതു കഴിഞ്ഞ് പഠനവുമായി മുന്നോട്ടു പോകുന്നതിനിടെ 'മായാമോഹിനി' എന്ന സീരിയലിലേക്കു വിളിച്ചു സിനിമയില്‍ നിന്നു പെട്ടെന്നു സീരിയലിലേക്കു പോയാല്‍ ശരിയാകുമോ എന്നൊന്നും ചിന്തിച്ചില്ല. നല്ല അവസരം വന്നപ്പോള്‍ ഓകെ പറയുകയായിരുന്നുവെന്ന് ചിലങ്ക പറയുന്നു. ഇപ്പോള്‍ സീരിയലിനൊപ്പം'തകര്‍പ്പന്‍ കോമഡി'യുള്‍പ്പടെയുള്ള ജനപ്രിയ ടെലിവിഷന്‍ പരിപാടികളിലും സജീവ സാന്നിധ്യമാണ് ചിലങ്ക. ആദ്യ സീരിയലില്‍ സ്വന്തം പേരില്‍ തന്നെയായിരുന്നു അരങ്ങേറ്റം. ഒരു അന്ധ കഥാപാത്രമായിരുന്നു മായാമോഹിനിയിലെ ചിലങ്ക. ഡിഗ്രിയ്ക്ക് പഠിക്കുമ്പോഴാണ് സിനിമയിലെത്തിയത്. അതു കഴിഞ്ഞ് സി.എയ്ക്ക് ജോയിന്‍ ചെയ്തപ്പോള്‍ സീരിയലിലേക്കും വിളി വന്നു. ഇപ്പോള്‍ അഭിനയവും പഠനവും ഒന്നിച്ചു കൊണ്ടു പോകുന്നുവെന്ന് താരം വ്യക്തമാക്കി .ഇപ്പോള്‍ നാലാമത്തെ സീരിയലിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സീരിയലിനെക്കാള്‍ താരപ്രൗഡി കിട്ടുക സിനിമയിലാണെങ്കിലും ഇതു വരെ സിനിമയ്ക്കായി ശ്രമിച്ചിട്ടില്ലെന്നും സിനിമയെന്നെ മോഹിപ്പിക്കുന്നില്ല എന്നതാണ് സത്യമെന്നും കിട്ടിയാല്‍ നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിക്കണം എന്നതു മാത്രമാണാഗ്രഹമെന്നും ചിലങ്ക പറയുന്നു.
അതുപോലെ തന്നെ മറക്കാനാവാത്ത ഒരനുഭവം കൂടി ചിലങ്ക പങ്കുവയ്ക്കുന്നുണ്ട്. ഇരണ്ടു മനം വേണ്ടും
' എന്ന തമിഴ് സിനിമയില്‍ അഭിനയിക്കുമ്പോള്‍ ചിത്രത്തിന്റെ അവസാനഭാഗം ചിത്രീകരിച്ചത് കന്യാകുമാരിയില്‍ വച്ചായിരുന്നു. കടല്‍ത്തിരയില്‍ ചിലങ്ക അകപ്പെട്ടുപോകുന്ന സീനായിരുന്നു അത്. ആ സീനിന്റെ ഷൂട്ടിംഗിനിടയില്‍ താരം യഥാര്‍ത്ഥത്തില്‍ തിരയിലകപ്പെട്ടുപോയി. ആ സമയം മരണത്തെ മാത്രമാണ് മുന്നില്‍ കണ്ടത് എന്ന് ചിലങ്ക പറയുന്നു. ഒരിക്കലും ജീവിതം തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. എങ്കിലും അച്ഛന്‍ ഓടി വന്ന് തന്നെ രക്ഷിച്ചെന്നും ജീവിതത്തില്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കാത്തതും ഒരുപാട് പേടിച്ചുപോയതുമായ സംഭവമാണത് എന്നും ദൈവകാരുണ്യം കൊണ്ടാണ് ഇപ്പോഴും ജീവിക്കുന്നതെന്നും ചിലങ്ക പരയുന്നു.
ജോലി സംബന്ധമായോ അല്ലാതെയോ മോശപ്പെട്ട ഒരനുഭവവുമുണ്ടായിട്ടില്ലെന്നും താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെല്ലാം നല്ല ടീമിനൊപ്പമാണെന്നും താരം പറയുന്ന. താന്‍ പെരുമാറുന്നതനുസരിച്ചേ തന്നോടും അത്തരത്തില്‍ പെരുമാറാനുളള ധൈര്യമുണ്ടാകു എന്നും തന്നോടു മോശമായി പെരുമാറിയാല്‍ തിരിച്ചു പ്രതികരിക്കാനുളള ധൈര്യം തനിക്കുണ്ടെന്നും താരം പറയുന്നു. അച്ഛന്‍ ദീദുവും അമ്മ ഷൈനിയും അനിയന്‍ ദേവദേവനുമടങ്ങുന്ന കുടുംബമാണ് തന്റെ ശക്തിയെന്നു ചിലങ്ക വെളിപ്പെടുത്തുന്നു.