നടൻ അഭിഷേകിനെ ബലമായി ആക്രമിച്ച കേസിൽ തമിഴ് നടൻ വിമലിനെതിരെ കേസ്. തിങ്കളാഴ്‌ച്ച കാലത്ത് വിമലിന്റെ ചെന്നൈയിലുള്ള വസതിയിൽ വച്ചാണ് സംഭവം. ഇരുവരും അമിതമായി മദ്യപിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
വിമലും മൂന്ന് കൂട്ടുകാരും ചേർന്ന് കന്നട നടൻ അഭിഷേകിനെ ആക്രമിച്ചുവെന്നാണ് കേസ്. സംഭവത്തെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി.ചെന്നൈ വിരുമ്പാക്കത്തെ ഭാസ്‌കർ കോളനിയിലുള്ള അപ്പാർട്ട്‌മെന്റിൽ ഒരു മുറി അന്വേഷിച്ച് എത്തിയതായിരുന്നു വിമൽ. അവിടെ റിസപ്ഷനിൽ സോഫയിലിരുന്ന് ഫോണിൽ സംസാരിക്കുകയായിരുന്ന അഭിഷേക് വിമലിനെ കണ്ടിട്ടും ഫോൺ സംസാരം തുടർന്നു. തന്റെ കോൾ കഴിയും വരെ കാത്തു നിൽക്കാൻ റിസപ്ഷനിസ്റ്റിനോട് അഭിഷേക് ആവശ്യപ്പെട്ടതോടെയാണ് താരങ്ങൾ തമ്മിൽ തർക്കം ആരംഭിച്ചത്. രണ്ട് പേരും അമിതമായി മദ്യപിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൂട്ടുകാരെ വിളിച്ച് വരുത്തിയാണ് വിമൽ അഭിഷേകിനെ മർദ്ദിച്ചത്.
കണ്ണുകൾക്കും മുഖത്തിനും സാരമായി പരിക്കേറ്റ അഭിഷേകിനെ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്നാണ് വിമലിനും സുഹൃത്തുക്കൾക്കുമെതിരെ പരാതി രജിസ്റ്റർ ചെയ്തത്. വിമൽ അഭിഷേകിനെ മർദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചതോടെ പൊലീസ് അഭിഷേകിന്റെ പരാതിയിൽ കേസെടുത്തു. എന്നാൽ സംഭവ ശേഷം ഒളിവിൽ പോയ വിമലിനെ കണ്ടെത്താനാവാത്തതിനാൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ്.
പസങ്ക, കളവാണി, കളകളപ്പ്, ഇവനുക്ക് എങ്കയോ മാച്ചം ഇരുക്ക് , ഗില്ലി, കുരുവി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാണ് വിമൽ. അതിനു മുമ്പ് വിജയ്ക്കൊപ്പം ഗില്ലി, കുരുവി എന്നീ ചിത്രങ്ങളിൽ ചെറു വേഷങ്ങളിലെത്തിയിരുന്നു. വരലക്ഷ്മി ശരത്കുമാർ നായികയാകുന്ന കന്നിരാസി, കളവാണി 2,രെണ്ടാവതു പടം എന്നിവയാണ് ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ.......