മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ഹൃദയം. ചിത്രത്തിലെ ദർശന എന്ന ഗാനവും എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. ചിത്രം കണ്ട പലരും സോഷ്യൽമീഡിയയിൽ ഉള്‍പ്പെടെ കോളേജ് കാലവും മറ്റുമടക്കം ഏറെ നൊസ്റ്റാൾജിക്കായ നിമിഷങ്ങൾ ചിത്രത്തിലെ ഓരോ രംഗങ്ങളും പാട്ടുകളുമൊക്കെ കാണുമ്പോള്‍ അനുഭവപ്പെടുന്നതായി കുറിക്കുന്നുണ്ട്. പ്രണവിനേയും കല്യാണിയേയും ദർശനയേയും കൂടാതെ നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്. അവരിൽ ഒരാളാണ് 'ഹൃദയ'ത്തിൽ 'ആന്‍റോ എബ്രാഹം' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശിവ ഹരിഹരൻ ആണ്. എന്നാൽ ഇപ്പോൾ താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
അതിനു വേണ്ടി കൊച്ചിയിൽ സെറ്റിലായി. പടമുഗള്‍ ആയിരുന്നു അപാര്‍ട്മെന്‍റെടുത്തത്. അതിനടുത്തായിരുന്നു കാരവാൻ പാർക്ക് ചെയ്തിരുന്നത്. ഒരു ദിവസം ഞാൻ കാരവാൻ ചെയ്ത് ചെയ്തങ്ങുപോയി. അങ്ങനെ ഒരു സിനിമാ സെറ്റിൽ എത്തി. അവിടെ ചിലരോടൊക്കെ സംസാരിച്ചു. അവരാണ് ഓഡിഷൻ അറ്റൻഡ് ചെയ്യാൻ പറഞ്ഞത്. അങ്ങനെ ചില ബന്ധങ്ങളൊക്കെ കിട്ടി. ചെറിയ ചെറിയ വേഷങ്ങളൊക്കെ ചെയ്ത് തുടങ്ങുകയായിരുന്നു.
കോളേജ് കഴിഞ്ഞ സമയത്തു തന്നെ എനിക്ക് സിനിമയുടെ ഭാഗമാകാൻ താല്‍പര്യമുണ്ടായിരുന്നതാണ്. 2013ൽ കോളേജ് പാസൗട്ടായ സമയത്ത് കലൈഞ്ജര്‍ ടിവിയിലെ നാളൈ ഇയക്കുനാർ പരിപാടിയിലെ മൂന്നാം സീസണിൽ ഒരു സുഹൃത്ത് ഒരുക്കിയ ഹ്രസ്വ ചിത്രത്തിൽ അഭിനയിച്ചിരുന്നു. അതിന് ശേഷം ഒരിക്കൽ എറണാകുളത്ത് വന്ന് ഒരു ഓഡിഷനിൽ പങ്കെടുത്തിരുന്നു. പക്ഷേ അതൊരു ഫേക്ക് ഓഡിഷൻ ആയിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്, അന്ന് പറ്റിക്കപ്പെട്ടു, കൊടുത്ത പൈസ പോയി. അതിനൊക്കെ ശേഷമാണ് റിഗ്ഗിൽ പോയത്. സാമ്പത്തികപരമായി ഒന്ന് സെറ്റിൽ ആകുന്നിതിനായിട്ടായിരുന്നു അത്. സിനിമയിലെത്താനായി സ്ട്രഗിള്‍ ചെയ്യേണ്ടി വരുമെന്ന് അറിയാമായിരുന്നു.
റിഗ്ഗിൽ ഒരു മാസം ജോലി കഴിഞ്ഞാൽ ഒരു മാസം ലീവ് ആയിരുന്നു. അങ്ങനെ ലീവിന് വരുമ്പോള്‍ ചില ഓഡിഷനുകളിൽ പങ്കെടുത്തിരുന്നു. ആക്ടിങ് ക്യാമ്പുകളും ചെയ്തിട്ടുണ്ട്. അതിനൊക്കെ ശേഷമാണ് ഫുള്‍ടൈം ഇതിലേക്ക് ഇറങ്ങാമെന്ന് തീരമാനിക്കുന്നത്. ആദ്യമായി അഭിനയിച്ച ഫീച്ചര്‍ ഫിലിം 'അവിയൽ' ആണ്. അത് ഇനിയും റിലീസായിട്ടില്ല. 'പ്രേതം 2'ൽ രണ്ട് ഡയലോഗ് പറഞ്ഞിട്ടുണ്ട്. ചെറിയ സീനായിരുന്നു. പിന്നാലെ 'മനോഹര'ത്തിന്‍റെ ഭാഗമായി. 'ഹെലനി'ലേക്കെത്തി. പിന്നാലെ ഇപ്പോള്‍ 'ഹൃദയ'വും. ഞാൻ നായകനായി അഭിനയിക്കുന്ന 'മാരത്തോൺ' എന്ന സിനിമ ഇനി ഇറങ്ങാനിരിക്കുകയാണ്.
ഹെലന്‍റെ റിലീസ് ദിവമസായിരുന്നു ഹൃദയത്തിന്‍റെ ഓഡിഷൻ നടന്നത്. നടൻ വിശാഖ് നായരായിരുന്നു ആദ്യ റൗണ്ട് ഓഡിഷൻ നടത്തിയത്. ആദ്യ റൗണ്ട് അത്ര കോൺഫിഡൻസ് ഇല്ലായിരുന്നു. പിന്നാലെ സെക്കൻഡ് കഴിഞ്ഞു. തേഡ് റൗണ്ടും കഴിഞ്ഞു. അത്ര പ്രതീക്ഷയുണ്ടായിരുന്നില്ല. വിനീതേട്ടനാണ് സെലക്ടായവരെ വിളിച്ചത്, അതിൽ എന്‍റെ പേരുണ്ടായിരുന്നു. സന്തോഷം കൊണ്ട് ഞാനന്ന് വിനീതേട്ടനെ കെട്ടിപിടിച്ചു. ഹൃദയത്തിൽ കോട്ടയം കാരൻ ആന്‍റോ എബ്രഹാം എന്ന വേഷമാണ്. കോളേജിലെ മലയാളി ഗ്യാങിലെ ഒരാള്‍. കോട്ടയം ഭാഷാശൈലിയൊക്കെ നോക്കണമെന്ന് വിനീതേട്ടൻ പറഞ്ഞിരുന്നു. അതിനുവേണ്ടി കോട്ടയത്തും പാലയിലുമൊക്കെ കുറച്ച് ദിവസം കറങ്ങി. ചില സുഹൃത്തുക്കളെയൊക്കെ വിളിച്ച് ഭാഷശൈലിയൊക്കെ പഠിച്ചെടുത്തു.
ഓഡിഷന് ശേഷം നടന്ന ക്യാമ്പിലാണ് പ്രണവിനേയും ദര്‍ശനയേയുമടക്കം എല്ലാവരേയും പരിചയപ്പെട്ടത്. ഫുള്‍ സ്ക്രിപ്റ്റ് നരേഷൻ രണ്ട് ദിവസമായി നടന്നു. അന്ന് തന്നെ ഏഴ് പാട്ടോളം പൂർത്തിയായിട്ടുണ്ട്. പാട്ടൊക്കെയിട്ടായിരുന്നു വിനീതേട്ടൻ സ്ക്രിപ്റ്റ് വായിച്ചത്. ക്യാമ്പ് കഴിഞ്ഞ് കലൂരിൽ നിന്ന് ചെന്നൈയിലേക്ക് രണ്ട് ബസിലാണ് ഞങ്ങള്‍ ഫുള്‍ ക്രൂ പോയത്. ഒരു കോളേജ് ട്രിപ്പൊക്കെ പോലെയായിരുന്നു. കോളേജിലെ രംഗങ്ങളായിരുന്നു ആദ്യം എടുക്കേണ്ടിയിരുന്നത്. അപ്പോള്‍ തന്നെ എല്ലാവരും ഭയങ്കര സിങ്കായിരുന്നു. പ്രണവിനെ ആദ്യം കണ്ടപ്പോള്‍ ലാലേട്ടന്‍റെ മകനല്ലേ എന്നൊക്കെ ഉള്ളിൽ വിചാരിച്ചാണ് പരിചയപ്പെട്ടത്. പക്ഷേ ക്യാമ്പ് കഴിഞ്ഞപ്പോള്‍ നമ്മുടെ ഇടയിൽ ഒരാളെപ്പോലെയായിരുന്നു പ്രണവ്. ഭയങ്കര കമ്പനിയായി, ചില്ലായി. എല്ലാവരും തമ്മിൽ ഭയങ്കര ബോണ്ടായി. ആ ഒരു വൈബ് സിനിമയിലുമുണ്ട്.