തിരുവനന്തപുരം: മമ്മൂട്ടിയുടെ സമീപകാലത്തെ ഏറ്റവും വലിയ വിജയമാവുകയാണ് ഷാജി പാടൂർ സംവിധാനം ചെയ്തഅബ്രഹാമിന്റെ സന്തതികൾ.റിലീസിനെത്തി മൂന്ന് ആഴ്ചകൾ വിജയകരമായി പിന്നിട്ടിരിക്കുമ്പോളും ചിത്രം 130ലേറെ കേന്ദ്രങ്ങളിൽ പ്രദർശനം തുടരുകയാണ്.ആഗോള കളക്ഷൻ വെച്ചുുനാക്കുമ്പോൾ ചിത്രം 50 കോടി ക്ലബിലേക്ക് കടക്കുകയാണെന്നാണ് അനൗദ്യോഗിക വിവരം.
കേരളത്തിൽ റിലീസ് ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു ചിത്രം യുഎഇയിലും ജിസിസി അടക്കുമുള്ള ഗൾഫ് മേഖലകളിലേക്ക് എത്തിയത്. അവിടെയും വലിയ സ്വീകരണം തന്നെയായിരുന്നു സിനിമയ്ക്ക ലഭിച്ചത്. ഇപ്പോൾ തമിഴ്‌നാട്ടിൽ നിന്നുള്ള കളക്ഷൻ റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. പത്ത് ദിവസം കൊണ്ട് വലിയൊരു റെക്കോഡാണ് അബ്രഹാമിന്റെ സന്തതികൾ തമിഴ്്‌നാട്ടിൽ നിന്ന് നേടിയിരിക്കുന്നത്.
കേരളത്തിലെത്തി ഒരാഴ്ച കൂടി കഴിഞ്ഞിട്ടാണ് സംസ്ഥാനത്തിന് പുറത്തേക്ക് സിനിമ റിലീസ് ചെയ്തിരുന്നത്. ജൂൺ 22 ന് തമിഴ്‌നാട്ടിലേക്ക് എത്തിയ സിനിമ തുടക്കം തന്നെ മോശമില്ലാത്ത പ്രകടനമാണ് കാഴ്ച വെച്ചിരുന്നത്. പത്ത് ദിവസം കൊണ്ട് 33.48 ലക്ഷം രൂപ സിനിമ നേടിയിരിക്കുകയാണെന്നാണ് ചില ഓൺലൈൻ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നത്.
അബ്രഹാമിന്റെ സന്തതികൾക്ക് മുൻപ് കേരളത്തിൽ തരംഗമായിരുന്ന ആദി, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ സിനിമകളുടെ കളക്ഷനെ പിന്തള്ളിയാണ് അബ്രഹാമിന്റെ തേരോട്ടം. 31.9 ലക്ഷം വരെയെ മറ്റ് സിനിമകൾ തമിഴ്‌നാട്ടിൽനിന്ന് നേടിയിരുന്നത്. ജൂൺ പതിനാറിന് പുറത്തെത്തിയ സിനിമ മൂന്ന് ആഴ്ചകളിലെത്തുമ്പോഴും ഹൗസ് ഫുൾ തന്നയാണ്. അടുത്ത കാലത്തൊന്നും ഇത്രയും പിന്തുണ മറ്റൊരു സിനിമയ്ക്കും കിട്ടിയിട്ടില്ല.
ചൂടപ്പം പോലെയായിരുന്നു ടിക്കറ്റുകൾ വിറ്റ് പോയിരുന്നത്. മുൻകൂട്ടിയുള്ള ബുക്കിംഗും അതിവേഗം നടത്തിയതോടെ സിനിമയ്ക്ക് ടിക്കറ്റ് കിട്ടാൻ പലരും കഷ്ടപ്പെട്ടിരുന്നു. പ്രത്യേക പ്രദർശനങ്ങളുടെ എണ്ണം കൂടിയതോടെ അബ്രഹാമിന്റെ സന്തതികളുടെ പ്രദർശനം റെക്കോർഡ് മറികടന്നിരിക്കുകയാണ്.
ഒമ്പത് ദിവസം കൊണ്ട് 5000 ഷോ കഴിഞ്ഞ സിനിമ പതിനാറ് ദിവസം കൊണ്ട് 10000 പ്രദർശനങ്ങൾ കഴിഞ്ഞിരിക്കുകയാണ്. കസബയ്ക്ക് ശേഷം മമ്മൂട്ടി പൊലീസ് ഓഫീസറുടെ വേഷത്തിലെത്തിയ സിനിമയാണ് അബ്രഹാമിന്റെ സന്തതികൾ. ഡെറിക് അബ്രഹാം എന്ന വേഷത്തിലെത്തി പ്രേക്ഷകരുടെ കൈയടി നേടിയിരിക്കുകയാണ്. ഷാജി പാടൂർ സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികൾ ഒരു ഇമോഷണൽ ത്രില്ലറാണ്.