ഈ ലോകത്ത് പലതരം അസുഖം ബാധിക്കുന്ന ലക്ഷക്കണക്കിന് ആള്‍ക്കാരാണ് ഉള്ളത്. ചിലര്‍ക്ക് സാധാരണ അസുഖങ്ങളാണെങ്കില്‍ ചിലര്‍ക്ക് നമ്മള്‍ ഒരിക്കലും വിശ്വസിക്കാന്‍ തരം അപൂര്‍വ്വ രോഗങ്ങളാണ് ബാധിക്കുക. അതൊക്കെ അറിഞ്ഞാല്‍ നമ്മുക്ക് വിശ്വസിക്കാന്‍ പോലും സാധിച്ചെന്ന് വരില്ല. ഇത്തരത്തില്‍ ലോകം ഏറ്റെടുത്തതാണ് കൈകളില്‍ മരം വളര്‍ന്ന യുവാവിന്റെ കഥ. ഇതുപോലെ ഇപ്പോള്‍ പലരെയും സങ്കടപ്പെടുത്തുന്നത് അപൂര്‍വ്വമായ ചെന്നായ രോഗം ബാധിച്ച കുട്ടിയുടെ കഥയാണ്. മുഖം മുഴുവന്‍ ചെന്നായയെ പോലെ രോമം വളരുകയാണ് ലളിത് എന്ന കൗമാരക്കാന്.
ലളിത് പട്ടീദാര്‍ എന്ന 13-കാരന്‍ പെട്ടെന്ന് മുന്നിലേക്കെത്തിയാല്‍ ആരുമൊന്ന് ഭയക്കും. മുഖംമുഴുവന്‍ ചെമ്പന്‍ രോമങ്ങള്‍ നിറഞ്ഞ, മനുഷ്യന്റെയോ ചെന്നായയുടെയോ മുഖമെന്ന് തിരിച്ചറിയാനാകാത്ത രൂപമാണ് അവന്റേത്. നാട്ടുകാരും കൂട്ടുകാരും ഭയപ്പാടോടെ കാണുമ്പോഴും ലളിതിന് നിരാശയില്ല. തന്നെ ബാധിച്ചിരിക്കുന്നത് അത്യപൂര്‍വമായ രോഗമാണെന്ന് അവനറിയാം. എങ്കിലും നിരാശപ്പെടാതെ ജീവിതവുമായി മുന്നോട്ടുപോകുന്ന ഇന്ത്യന്‍ ബാലന്റെ കഥ ആരുടെയും കരള്‍ അലിയിക്കുന്നതാണ്.
മധ്യപ്രദേശിലെ രത്‌ലമിലാണ് ലളിത് താമസിക്കുന്നത്. വേര്‍വൂള്‍ഫ് സിന്‍ഡ്രോം എന്ന രോഗമാണ് അവനെ ബാധിച്ചത്. ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത രോഗാവസ്ഥയാണിത്. ഈ രോഗം ബാധിച്ചവരുടെ മുഖത്തും ശരീരമാസകലവും അഞ്ചുസെന്റീമീറ്റര്‍വരെ നീളത്തില്‍ രോമം വളര്‍ന്നുവരും. ആദ്യ ഭയപ്പെട്ടെങ്കിലും ലളിതിനെ കണ്ടുകണ്ട് കൂട്ടുകാരും നാട്ടുകാരുമൊക്കെ അവനെ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. പഠനത്തില്‍ മിടുക്കനായ ലളിത് സ്‌കൂളിലെല്ലാവര്‍ക്കും പ്രിയപ്പെട്ടവനാണ്. എന്നാല്‍, പെട്ടെന്നൊരാള്‍ അവനെ കണ്ടാല്‍ പേടിച്ചുപോകും. ചിലര്‍ കുരങ്ങനെന്നുവിളിച്ച് കല്ലെറിയാറുണ്ടെന്നും ലളിത് സങ്കടത്തോടെ പറയുന്നു.
തന്റെ ജീവിതാവസ്ഥയില്‍ നിരാശപ്പെടാതെ, ഭാവിയില്‍ പോലീസ് ഓഫീസറാകണമെന്ന ആഗ്രഹത്തിലാണ് ലളിത്. തന്റെ മുഖത്തെ രോമങ്ങള്‍ മറ്റുള്ളവരില്‍നിന്ന് തന്നെ വ്യത്യസ്തനാക്കുകയാണ് ചെയ്യുന്നതെന്ന് ലളിത് പറയുന്നു. മറ്റുകുട്ടികളെപ്പോലെയായിരുന്നെങ്കില്‍ എന്ന് ചിലപ്പോള്‍ തോന്നാറുണ്ട്. അത് സാധിക്കില്ലല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ വിഷമം മാറും. ഇപ്പോള്‍ ഈ രൂപത്തില്‍ താന്‍ സംതൃപ്തനാണെന്നും ലളിത് പറയുന്നു.
ലളിതിന് അഞ്ച് സഹോദരിമാരുണ്ട്. അവര്‍ക്കാര്‍ക്കും ഇത്തരമൊരു പ്രശ്‌നമില്ലെന്ന് ലളിതിന്റെ അമ്മ പാര്‍വതിഭായി പറഞ്ഞു. ലളിത് ജനിക്കുമ്പോള്‍ത്തന്നെ മുഖത്തുമുഴുവന്‍ രോമങ്ങളുണ്ടായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ജനിച്ച് അരമണിക്കൂര്‍കൊണ്ടുതന്നെ രോമം വന്ന് മുഖം മൂടി. ആദ്യമൊക്കെ ഭയന്നെങ്കിലും പിന്നീട് ലളിത് തങ്ങളുടെ അരുമയായി മാറിയെന്ന് അവര്‍ പറഞ്ഞു.
അഞ്ചുപെണ്‍കുട്ടികള്‍ക്കുശേഷം ആറ്റുനോറ്റുണ്ടായ കുട്ടിയാണ് ലളിത്. രൂപത്തില്‍ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനാണെങ്കിലും പ്രാര്‍ഥനകളുടെ ഫലമായി ലഭിച്ച മകനെ കൈവിടാന്‍ മാതാപിതാക്കള്‍ ഒരുക്കമല്ല. ചികിത്സയില്ലെന്ന് വ്യക്തമായതോടെ, മകനെ ഇപ്പോഴത്തെ രൂപത്തില്‍ത്തന്നെ സ്വീകരിക്കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. ശ്വാസമെടുക്കുന്നതിനും കാഴ്ചയ്ക്കും ചിലപ്പോള്‍ തടസ്സമാകുന്നതൊഴിച്ചാല്‍ ലളിതിനും തന്റെ മുഖത്തെ രോമങ്ങളോട് യാതൊരു പരാതിയുമില്ല. എന്തായാലും ലൡതിന്റെ ഗതി മറ്റാര്‍ക്കും വരരുതെന്നും ഈ കുടുംബം പ്രാര്‍ഥിക്കുന്നുണ്ട്.