12-ാം വയസില്‍ അച്ഛനൊപ്പം ഉത്സവത്തിന് പോയ പെണ്‍കുട്ടി ദിവസങ്ങള്‍ക്കുശേഷം വീട്ടിലേക്ക് തിരിച്ചെത്തിയത് മുറിച്ചുമാറ്റിയ വലതുകയ്യുമായാണ്. 15 വര്‍ഷങ്ങള്‍ക്കിപ്പുറം അവളെത്തിനില്‍ക്കുന്നത് എറണാകുളം ജില്ലയുടെ അസിസ്റ്റന്റ് കളക്ടര്‍ സ്ഥാനത്താണ്. ഇന്ന് രാവിലെ അതു പത്രവാര്‍ത്തകളായി എത്തിയപ്പോള്‍ ആ സന്തോഷം പങ്കുവച്ച് എത്തുകയായിരുന്നു നടി ദേവി ചന്ദനയും.
പ്രൗഡ് ഓഫ് യു ഡിയര്‍ എന്നു കുറിച്ചുകൊണ്ടാണ് നമ്മുടെ കുടുംബത്തിന്റെ അഭിമാന നിമിഷം എന്ന് ക്യാപ്ഷനിട്ടുകൊണ്ടുള്ള ചിത്രം ദേവി ചന്ദന പങ്കുവച്ചത്. അപ്പോഴാണ് ഈ പെണ്‍കുട്ടി ആരാണെന്നും ഇതു ദേവി ചന്ദനയുടെ അനുജത്തിക്കുട്ടിയാണെന്നും ആരാധകര്‍ അറിഞ്ഞതും.
ആലപ്പുഴ അമ്പലപ്പുഴയിലെ ഗോപകുമാറിന്റെയും ശ്രീലതാ. എസ്.നായരുടെയും മൂത്തമകളാണ് പാര്‍വതി. അച്ഛന്‍ ഗോപകുമാര്‍ റവന്യൂ വകുപ്പില്‍ ഡെപ്യൂട്ടി തഹസില്‍ദാറാണ്. അമ്മ ശ്രീലത കാക്കാഴം ഗവ. എച്ച്എസ്എസിലെ അധ്യാപികയും. പാര്‍വതിയ്ക്ക് ഒരനുജത്തിയുമുണ്ട്. പഠിക്കാന്‍ മിടുക്കരായ രണ്ടുപെണ്‍മക്കളേയും ഉയരങ്ങളില്‍ എത്തിക്കണമെന്ന മോഹവുമായി കുടുംബം മുന്നോട്ടു പോകവേയാണ് അപ്രതീക്ഷിതമായ ആ സംഭവമുണ്ടായത്. 2010ല്‍ പാര്‍വതിയ്ക്ക് 12 വയസ് പ്രായമുള്ളപ്പോഴായിരുന്നു അതു നടന്നത്. അന്ന് ചെന്നിത്തല നവോദയാ സ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുകയായിരുന്നു പാര്‍വതി.
ഒരു ദിവസം വൈകിട്ട് ബൈക്കില്‍ അച്ഛനൊപ്പം ആലപ്പുഴ ചിറപ്പ് ഉത്സവം കാണാന്‍ പോവുകയായിരുന്നു പാര്‍വ്വതി. എന്നാല്‍, യാത്രക്കിടെ ഉണ്ടായ അപകടത്തില്‍ പാര്‍വതിയ്ക്ക് തന്റെ വലതുകൈയാണ് നഷ്ടമായത്. കൈക്ക് ഗുരുതരമായി പരിക്കേറ്റ പാര്‍വ്വതിയുടെ വലതു കൈ മുട്ടിന് താഴെ വച്ച് മുറിച്ചുമാറ്റി. പാര്‍വ്വതിക്കുണ്ടായ ദുര്‍വിധിയില്‍ എല്ലാവരും സഹതപിച്ചപ്പോള്‍ അതില്‍ ഒതുങ്ങി വിലപിക്കാന്‍ ആ പെണ്‍കുട്ടി തയ്യാറായില്ല. എല്ലാം ഒന്നില്‍ നിന്നും തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു അവള്‍. തുടര്‍ന്ന് ഇടംകൈ ഉപയോഗിച്ചായിരുന്നു പാര്‍വതിയുടെ പഠനം. സ്ലേറ്റില്‍ ഇടതുകൈകൊണ്ട് എഴുതാന്‍ പഠിച്ചു. ഇതിനിടെ കൃത്രിമ കൈയും ഘടിപ്പിച്ചു. പ്ലസ്ടു ഹ്യുമാനിറ്റീസില്‍ മുഴുവന്‍ മാര്‍ക്കും വാങ്ങി ജയിച്ച പാര്‍വതി, ബെംഗളൂരുവില്‍ നാഷണല്‍ ലോ സ്‌കൂളില്‍നിന്നു 2021ല്‍ നിയമബിരുദവും നേടി.
അപകട സമയത്ത് എന്ത് പ്രൊഫഷന്‍ തിരഞ്ഞെടുക്കും എന്നൊന്നും അറിയാതിരുന്ന സമയത്താണ് സിവില്‍ സര്‍വ്വീസ് സ്വപ്നം പാര്‍വതിയുടെ മനസില്‍ കയറിക്കൂടിയത്. അച്ഛന്റെ മേലുദ്യോഗസ്ഥനായിരുന്ന ഐഎഎസ് ഓഫീസര്‍ കൃഷ്ണതേജയാണ് പാര്‍വതിയുടെ ജീവിതത്തിന്റെ ദിശമാറ്റിയത്. പാര്‍വതിയെ സിവില്‍ സര്‍വീസ് എഴുതാന്‍ പ്രചോദനമായത് കൃഷ്ണതേജയുടെ ഉപദേശവും പിന്തുണയുമായിരുന്നു. ഇടംകൈ ഉപയോഗിച്ചാണ് പാര്‍വതി എഴുതുന്നതെങ്കിലും പഠനവും പരിശീലനവും ഒട്ടും എളുപ്പമായിരുന്നില്ല. മറ്റുള്ളവരെ പോലെ വേഗത്തില്‍ എഴുതാന്‍ പാര്‍വതിക്ക് സാധിച്ചില്ല എന്നത് തന്നെയാണ് കാരണം. മറ്റുള്ളവര്‍ സിവില്‍ സര്‍വീസ് മെയിന്‍സ് പരീക്ഷ മൂന്ന് മണിക്കൂര്‍ വീതം എഴുതിയപ്പോള്‍, പാര്‍വതി ഓരോ പരീക്ഷയും നാല് മണിക്കൂര്‍ വീതമായി 16 മണിക്കൂര്‍ കൊണ്ടാണ് എഴുതി തീര്‍ത്തത്.
സിവില്‍ സര്‍വീസ് പരീക്ഷാദിവസത്തിലും വിധി പാര്‍വതിക്ക് മുന്നില്‍ ഒരു വെല്ലുവിളി ഉയര്‍ത്താന്‍ ശ്രമിച്ചു. കടുത്ത പനി ബാധിച്ച് മൂന്നു ദിവസമായി ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്ന പാര്‍വതി അതിനെയും അതിജീവിച്ചാണ് മിന്നുന്ന വിജയം നേടിയത്. പാര്‍വ്വതിയുടെ മനസാന്നിദ്ധ്യത്തിന് മുന്നില്‍ രണ്ടാം ശ്രമത്തിലാണ് സിവില്‍ സര്‍വീസ് ലഭിച്ചത്. 2024-ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 282-ാം റാങ്കോടെ ഐഎഎസ് സ്വന്തമാക്കിയ ശേഷം മസൂറിയിലെ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കി, കേരള കേഡറില്‍ ചേര്‍ന്ന പാര്‍വതിയെ കഴിഞ്ഞയാഴ്ചയാണ് എറണാകുളം അസി. കളക്ടറായി നിയമിച്ചത്. ഈ നിയമനവും പരിശീലനത്തിന്റെ ഭാഗമാണ്.
സഹോദരി രേവതി ഗോപകുമാര്‍ തിരുവനന്തപുരം ഐസറില്‍ വിദ്യാര്‍ഥിനിയാണ്. തിങ്കളാഴ്ച രാവിലെ എറണാകുളം കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിനെ കണ്ട ശേഷമാണ് ചുമതലയേറ്റത്. പാര്‍വതി പുതിയ പദവിയില്‍ ചുമതലയേല്‍ക്കുന്നതിനു സാക്ഷ്യം വഹിക്കാന്‍ കുടുംബാംഗങ്ങളും കളക്ടറേറ്റില്‍ എത്തിയിരുന്നു.