തുറന്ന് പറച്ചിലികളെ പേടിക്കുന്ന ഒരു ഇന്ത്യ. അഭിപ്രായം പറയുന്നവര്‍ വേട്ടയാടപ്പെടുന്ന സാഹചര്യം. ഇന്ത്യയെക്കുറിച്ച് സമീപകാലത്ത് ലഭിക്കുന്ന ചിത്രത്തിന്റെ പശ്ചാതലത്തില്‍ നിലപാടുകള്‍ തുറന്നു പറയുന്ന സമകാലിക ഇന്ത്യന്‍ സാഹചര്യം പ്രമേയമാക്കുന്ന ഒരു മലയാളചിത്രം അണിയറയില്‍ ഒരുങ്ങുന്നു. രാജ്യം കണ്ട സൈബര്‍ ആക്രമണങ്ങളും എഴുത്തിന്റെ പേരിലുള്ള കൊലപാതകങ്ങളുമൊക്കെ കോര്‍ത്തിണക്കി ചിത്രമൊരുക്കുന്നത് നവാഗതനായ രാഹുല്‍ രാജ് ആണ്. റെഡ് ഗ്രീന്‍ ബ്ലൂ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സംവിധായകന്‍ ശ്യാമപ്രസാദ് പുറത്തിറക്കി. സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ ചലച്ചിത്ര ഗവേഷണ വിദ്യാര്‍ഥിയാണ് സംവിധായകന്‍ രാഹുല്‍.
ഭാനു എന്ന കവയത്രിയിലൂടെ ആണ് സിനിമ വികസിക്കുന്നത്. അവരുടെ കവിതകളും മറ്റ് എഴുത്തുകളും ഉന്നതരുടെ പേടിസ്വപ്നമാകുമ്പോള്‍ അവരുടെ ജീവിതം അപകടത്തിലാവുന്നു. പേരിലുള്ള മൂന്ന് നിറങ്ങള്‍ ആഖ്യാനത്തിന്റെ ഭാഗമായി വരും. നവരംഗ് സ്‌ക്രീന്‍സിനു വേണ്ടി നടനും നിര്‍മ്മാതാവുമായ ബിനുദേവ് നിര്‍മ്മിക്കുന്ന രണ്ടാമത് ചിത്രമാണ് റെഡ്ഗ്രീന്‍ബ്ളൂ. ആദ്യ ചിത്രം ശ്യാമപ്രസാദിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി അഭിനയിച്ച ഇംഗ്ളീഷ് ആണ്. ബിനുദേവ്, സജേഷ് നമ്പ്യാര്‍, ഋതുമന്ത്ര, ജോണ്‍ ഡാനിയല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോണ്‍ ഡാനിയേല്‍ ആണ് മറ്റൊരു പ്രധാന താരം. ഛായാഗ്രഹണം വരുണ്‍ കെ ഷാജി. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു.