ഉപ്പും മുളകും എന്ന പരമ്പരയിലൂടെ അഞ്ചുമക്കളുടെ അമ്മയായി എത്തി പ്രേക്ഷക ശ്രദ്ധ കവര്‍ന്ന നടിയാണ് നിഷ സാരംഗ്. ജീവിതത്തിലും അമ്മയും അമ്മായി അമ്മയും അമ്മൂമ്മയും ഒക്കെയാണ് ഈ താരം. അഗ്‌നിസാക്ഷിയെന്ന സിനിമയിലൂടെയാണ് നിഷ അഭിനയരംഗത്തേക്ക് കടക്കുന്നത്. വര്‍ഷങ്ങളായി സഹനടിയായുള്ള റോളുകള്‍ കൈകാര്യം ചെയ്തുവന്ന നിഷയ്ക്ക് പക്ഷെ ഉപ്പും മുളകും ആണ് കരിയര്‍ ബ്രേക്ക് നല്‍കിയത്. എന്നാല്‍ സ്വകാര്യ ജീവിതത്തില്‍ ഒട്ടേറെ സങ്കടങ്ങള്‍ നിറഞ്ഞ അനുഭവങ്ങളിലൂടെയാണ് താരം കടന്നുപോയത്.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതലേ വിവാഹാലോചനകള്‍ നിഷയെ തേടി എത്തിയിരുന്നു. എങ്കിലും അതെല്ലാം വേണ്ടെന്നു വച്ചെങ്കിലും പത്താം ക്ലാസ് കഴിഞ്ഞ ഉടന്‍ അപ്പച്ചിയുടെ മകനുമായി നിഷയുടെ വിവാഹം നടക്കുകയായിരുന്നു. അന്നു 14 വയസായിരുന്നു പ്രായം. അച്ഛന്റെ ആഗ്രഹപ്രകാരമായിരുന്നു അച്ഛന്റെ മൂത്ത പെങ്ങളുടെ മകനുമായുള്ള വിവാഹം. പത്താം ക്ലാസിലെ പരീക്ഷ കഴിഞ്ഞ് അടുത്ത ആഗസ്റ്റില്‍ വിവാഹം നടന്നു. വലിയ ആഘോഷമായിട്ടായിരുന്നു വിവാഹം. വളരെ പെട്ടന്നു തന്നെ രണ്ടു മക്കളും ജനിച്ചു. എന്നാല്‍ വിവാഹത്തിനു ശേഷമുള്ള ജീവിതം അത്ര സുഖകരമായിരുന്നില്ല. കുറച്ചു പ്രശ്‌നങ്ങളൊക്കെയുണ്ടായി. അങ്ങനെ നിഷ സ്വന്തം വീട്ടിലേക്ക് തിരികെ പോന്നു. ഇടയ്ക്ക് പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്ത്, ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയെങ്കിലും അധികകാലം അതു നീണ്ടു നിന്നില്ല. ഒടുവില്‍ വിവാഹമോചനത്തിലേക്കാണ് കാര്യങ്ങളെത്തിയത്.
വിവാഹമോചനത്തിനു ശേഷം നിഷയുടെ വീട്ടില്‍ തന്നെയായിരുന്നു. അച്ഛന്റെ ബിസിനസില്‍ സഹായിച്ച് വീട്ടില്‍ തന്നെ കുറച്ചുകാലം നിന്നു. അച്ഛന്‍ മരിക്കുന്നതിന് ഒരു വര്‍ഷം മുന്‍പാണ് നിഷ കുട്ടികളെയും കൊണ്ട് വാടക വീട്ടിലേക്ക് മാറുന്നത്. അപ്പോഴേക്കും മൂത്ത സഹോദരന്റെ വിവാഹം കഴിഞ്ഞിരുന്നു. വിവാഹമോചിതയായ ഒരു പെങ്ങള്‍ വീട്ടിലുണ്ടാകുന്നത് ഒരു ഭാരമായി ആര്‍ക്കും തോന്നരുത് എന്ന അച്ഛന്റെ നിര്‍ബന്ധ പ്രകാരമാണ് താമസം മാറിയത്. അച്ഛന്‍ പറഞ്ഞത്, ഒറ്റയ്ക്ക് ഞാനെന്റെ ഇടം കണ്ടെത്തണം എന്നായിരുന്നു. അച്ഛന്‍ സഹായിക്കാമെന്നും പറഞ്ഞു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അച്ഛന്‍ പെട്ടെന്ന് മരിച്ചു. അച്ഛന്റെ മരണം നിഷയെ തളര്‍ത്തി.
അച്ഛന്‍ മരിച്ച് ആറു ദിവസത്തിനുള്ളില്‍ ഒരു സ്വകാര്യ ചാനലിലെ പരിപാടിക്കായി നിഷയെ വിളിച്ചു. അത് വലിയൊരു വഴിത്തിരിവായി. അതിനു മുന്‍പ് അഗ്‌നിസാക്ഷി എന്ന സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്തിരുന്നു. ശോഭനയ്‌ക്കൊപ്പം ഒരു ചെറിയ ഡയലോഗ് ഉള്ള കഥാപാത്രമായിരുന്നു ചെയ്തത്. അച്ഛനുള്ളപ്പോഴായിരുന്നു ആ അവസരം വന്നത്. എന്നാല്‍ അഭിനയം ഒരു തൊഴിലാക്കണമെന്ന് കരുതിയിരുന്നില്ല. എന്നാല്‍, പിന്നീട് നാടകങ്ങളിലും ചില സിനിമകളിലും മറ്റും അഭിനയിക്കാന്‍ വിളിച്ചു. നാടക സമിതിയില്‍ നിന്നും ലഭിച്ചതല്ല സാരംഗ് എന്ന പേര്. അച്ഛന്റെ പേര് ശാരംഗധന്‍ എന്നാണ്. അതില്‍ നിന്നാണ് സാരംഗ് എന്ന പേര് സ്വീകരിച്ചത്.
മക്കള്‍ വളരുന്ന പ്രായത്തില്‍ അവര്‍ക്കൊപ്പം നിന്ന് അവരെ സംരക്ഷിക്കാനുള്ള സമയമൊന്നും ഉണ്ടായിരുന്നില്ല. അവരുടെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തിരുന്നു. പക്ഷേ, അടുത്തു നിന്ന് അതെല്ലാം കാണാനുള്ള ഭാഗ്യം ഇല്ലായിരുന്നു. ജീവിക്കാനും ജീവിപ്പിക്കാനുമുള്ള നെട്ടോട്ടത്തിലായിരുന്നു നിഷ. മക്കളെ അടുത്തിരുത്തി കൊഞ്ചിക്കാനും അവര്‍ക്ക് ഭക്ഷണം വാരിക്കൊടുക്കാനുമൊക്കെ വളരെ കുറച്ചു മാത്രമെ കഴിഞ്ഞിട്ടുള്ളൂ. അത് എപ്പോഴും വലിയ സങ്കടം തന്നെയാണ്. മക്കളെ ഇംഗ്ലീഷ് മീഡിയത്തില്‍ വിട്ട് പഠിപ്പിക്കാനൊന്നും കഴിഞ്ഞിട്ടില്ല. പക്ഷേ, നിഷയ്ക്ക് പറ്റുന്ന പോലെ രണ്ടു പേരെയും പിജി വരെ പഠിപ്പിച്ചു. ഒരാളെ വിവാഹം കഴിപ്പിച്ചു. അവള്‍ക്ക് ഒരു കുഞ്ഞായി. ഒറ്റയ്ക്കു നിന്ന് ഇതെല്ലാം ചെയ്യുമ്പോള്‍ ലഭിക്കുന്ന സന്തോഷം ഒന്നു വേറെയാണെന്ന് നിഷ പറയുന്നു.