68ാമത് ലോകസുന്ദരിപ്പട്ടം നേടിയ വനേസ പോണ്‍സ് ഡി ലിയോണിലേക്കാണ് ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ. കഴിഞ്ഞ വര്‍ഷം ലോകസുന്ദരിപ്പട്ടത്തിന് അര്‍ഹയായ ഇന്ത്യയുടെ മാനുഷി ഛില്ലാര്‍ ആണ് ലോക സുന്ദരി പട്ടം നേടിയ വനേസ പോണ്‍സിനെ കിരീടം അണിയിച്ചത്. ആദ്യമായാണ് മെക്‌സിക്കോയില്‍നിന്നൊരു സുന്ദരി മിസ് വേള്‍ഡ് കിരീടം അണിയുന്നത്. 118 സുന്ദരികളെ പിന്തള്ളിയാണ് വനേസ പോണ്‍സെയുടെ നേട്ടം. ചൈനയിലെ സാന്യയിലാണ് ലോകസുന്ദരി മല്‍സരം നടന്നത്.
ഇരുപതുകാരിയായ മിസ് തായ്‌ലാന്‍ഡ് നിക്കോലിന്‍ പിചാപാ ലിസ്‌നുകനാണ് ഫസ്റ്റ് റണറപ്പ്. മിസ് വേള്‍ഡ് മത്സരത്തില്‍ മിസ് ഇന്ത്യ അനുക്രീതി വാസിന് അവസാന 12 ല്‍ ഇടം നേടാനായില്ല. അവസാന 30ല്‍ സ്ഥാനം പിടിച്ചപ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ ഉയര്‍ന്നിരുന്നു.വനേസയുടെ ഇന്‍സ്റ്റാഗ്രാം മാത്രം നോക്കിയാല്‍ മതി അറിയാം ഈ ഇരുപത്താറുകാരിയെ. വളരെ ഫാഷന്‍ സെന്‍സ് ഉളള ഒരു മോഡലാണ് വനേസ. സ്‌കൂബ ഡൈവിങ് ഇഷ്ടമുള്ള വനേസയ്ക്ക് ജീവിതത്തോടുളള കാഴ്ചപാടുകളും ഇന്‍സ്റ്റാഗ്രാമിലൂടെ അറിയാന്‍ കഴിയും.
1992ല്‍ മെക്‌സികോയിലാണ് ജനനം. പെണ്‍കുട്ടികള്‍ക്കായുള്ള പുനരധിവാസ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ബോര്‍ഡ് അംഗങ്ങളില്‍ ഒരാളാണ് വനേസ. കൂടാതെ മൈഗ്രേന്‍ഡസ് എന്‍ എല്‍ കാമിനോ എന്ന സംഘടനയില്‍ സന്നദ്ധസേവകയായും വനേസ സേവനമനുഷ്ടിക്കുന്നുണ്ട്. ഇന്റര്‍നാഷണല്‍ ബിസിനസില്‍ ബിരുദധാരിയായ 26കാരിയായ വനേസ നാഷണല്‍ യൂത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വക്താവാണ്.