Latest News

28-ാം വയസില്‍ 14കാരിയെ വിവാഹം കഴിച്ചു; 42ാം വയസില്‍ പ്രിയപ്പെട്ടവളെ വിധവയാക്കി മരണവും; നടന്‍ എംജി സോമന്റെയും സുജാതയുടെയും ദാമ്പത്യ കഥ

Malayalilife
28-ാം വയസില്‍ 14കാരിയെ വിവാഹം കഴിച്ചു; 42ാം വയസില്‍ പ്രിയപ്പെട്ടവളെ വിധവയാക്കി മരണവും; നടന്‍ എംജി സോമന്റെയും സുജാതയുടെയും ദാമ്പത്യ കഥ

ലയാളി പ്രേക്ഷകരുടെ ഉള്ളില്‍ മായാതെ നില്‍ക്കുന്ന മുഖവും മറക്കാനാവാത്ത ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച നടനുമാണ് എംജി സോമന്‍. 1973ല്‍ ഗായത്രി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി മലയാളികളുടെ മനസ്സ് കീഴടക്കുകയായിരുന്നു അദ്ദേഹം. പിന്നീട് ഒരുപാട് നല്ല വേഷങ്ങളിലൂടെ മികച്ച നടനെന്ന രീതിയില്‍ അദ്ദേഹം തിളങ്ങി. എയര്‍ഫോഴ്‌സില്‍ നിന്ന് വിരമിച്ച ശേഷമാണ് സോമന്‍ തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. 56-ാം വയസ്സില്‍ അകലമായിട്ടായിരുന്നു അദ്ദേഹത്തിന്റെ വിയോഗമെങ്കിലും സോമനും അദ്ദേഹത്തിന്റെ ചിത്രങ്ങളും ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചാവിഷയമാണ്. അദ്ദേഹത്തിന്റെ വിയോഗ ശേഷമാണ് സോമന്റെ ഭാര്യയേയും മക്കളെയും കുറിച്ച് ആരാധകര്‍ കൂടുതല്‍ അറിഞ്ഞത്.

സുജാത ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എംജി സോമന്‍ വിവാഹം കഴിച്ചത്. വെറും 14 വയസ് മാത്രമായിരുന്നു പ്രായം. ഒരു കുട്ടിയായിരിക്കെയാണ് നടന്റെ ജീവിതസഖിയായി സുജാത മാറുന്നത്. സുജാത സോമനെ ആദ്യമായി കണ്ട അന്നേ ദിവസം തന്നെയായിരുന്നു ഇരുവരുടെയും വിവാഹവും. വിവാഹത്തിന്റെ അന്ന് രാഹുകാലം കഴിയുന്നതുവരെ സുജാത ചെങ്ങന്നൂരിലുള്ള തന്റെ അമ്മാവന്റെ വീട്ടില്‍ നിന്നു. അവിടെവച്ചാണ് കല്യാണ ചെറുക്കനായ സോമനെ ആദ്യമായി സുജാത കാണുന്നത്.

പണ്ടുകാലത്ത് അതായത് 54 വര്‍ഷങ്ങള്‍ക്കു മുന്‍പ് വിവാഹ നിശ്ചയവേളയില്‍ ആണുങ്ങള്‍ പെണ്‍വീട്ടിലേക്ക് വരുന്ന പതിവ് ഉണ്ടായിരുന്നില്ല. പെണ്ണുകാണല്‍ ചടങ്ങ് പോലും അന്ന് അപൂര്‍വമായിരുന്നു. വിവാഹത്തിന്റെ അന്നായിരിക്കും പരസ്പരം വിവാഹിതര്‍ ആവുന്നവര്‍ പോലും കാണുന്നത്. ഇവരുടെ കാര്യത്തിലും അങ്ങനെ തന്നെ. വിവാഹശേഷം ചെറുക്കന്റെ വീട്ടിലേക്ക് കാറില്‍ ആയിരിക്കും യാത്ര. കാറില്‍ കയറുവാനുള്ള ആഗ്രഹം കൊണ്ടാണ് താന്‍ കല്യാണത്തിന് സമ്മതിച്ചതെന്ന് അടക്കമുളള രസകരമായ ഓര്‍മ്മകള്‍ സുജാത വിവാഹ ശേഷം തുറന്നുപറഞ്ഞിട്ടുണ്ട്. കാരണം വിവാഹത്തിനുമുന്‍പ് ഒരിക്കല്‍ മാത്രമായിരുന്നു സുജാത കാറില്‍ യാത്ര ചെയ്തത്. രണ്ടാമത്തെ കാര്‍ യാത്ര സ്വന്തം വിവാഹ യാത്രയും.

വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ മാവേലിക്കരയില്‍ ഉള്ള തൊട്ടടുത്ത തിയറ്ററില്‍ ഏഴു രാത്രികള്‍ എന്ന സിനിമ കാണുവാന്‍ ഇരുവരും പോയി. അങ്ങനെയാണ് മാവേലിക്കര പട്ടണം ആദ്യമായി സുജാത ചുറ്റിക്കറങ്ങുന്നതും കാണുന്നതും. ആദ്യമായി കാണുന്ന സിനിമയും ഏഴു രാത്രികള്‍ തന്നെയായിരുന്നു. വിവാഹം കഴിഞ്ഞ സമയത്ത് സോമന് എയര്‍ഫോഴ്‌സിലായിരുന്നു ജോലി. പഞ്ചാബിലെ തന്റെ ജോലി സ്ഥലത്തേക്ക് സോമന്‍ പോകുമ്പോള്‍ സുജാത തനിച്ചായിരിക്കും എന്നതുകൊണ്ട് സ്‌കൂളില്‍ പോയി പഠിക്കാന്‍ അദ്ദേഹം ഉപദേശിച്ചു. പാവാട ഇട്ടു നടക്കേണ്ട പ്രായത്തില്‍ സാരിയുടുത്ത് സ്‌കൂളില്‍ പോകണമല്ലോ എന്ന അവസ്ഥ ആലോചിച്ച് സുജാത പഠനം ഉപേക്ഷിക്കുകയായിരുന്നു. എയര്‍ഫോഴ്‌സില്‍ ജോലിയുണ്ടായിരുന്ന സമയത്ത് സോമന്‍ നാടകങ്ങളിലും തിളങ്ങിയിരുന്നു.

പിന്നീട് സോമന്‍ സിനിമ മേഖലയിലേക്ക് ചേക്കേറിയപ്പോള്‍ സുജാതയുടെ സിനിമ ഷൂട്ടിംഗ് കാണണമെന്ന ആഗ്രഹവും അദ്ദേഹം സാധിച്ചു കൊടുത്തു. മിക്കവാറും എല്ലാ ഷൂട്ടിങ് ലൊക്കേഷനുകളിലും അദ്ദേഹം ഭാര്യയെയും കൂട്ടുമായിരുന്നു. മദ്രാസില്‍ കൊട്ടാരം വില്‍ക്കാനുണ്ട് എന്ന സിനിമയുടെ ഷൂട്ടിംഗ് ആണ് ആദ്യമായി സുജാത കാണുന്നത്. അന്ന് ചിത്രത്തില്‍ അഭിനയിച്ചിരുന്ന നസീറിനെയും ജയഭാരതിയെയുമാണ് സിനിമ താരങ്ങളായി സുജാത ആദ്യമായി കാണുന്നത്. അന്ന് സിനിമയില്‍ ഉണ്ടായിരുന്ന ഒട്ടു മിക്ക എല്ലാവരുമായി നല്ല ബന്ധത്തിലായിരുന്നു ഇരുവരും. മധുവും ജനാര്‍ദ്ദനനുമായി ഇന്നും ആ സൗഹൃദം തുടരുന്നു.  സുജാതയുടെ ആദ്യ ട്രെയിന്‍ യാത്രയും വിമാനയാത്രയും എല്ലാം സോമനൊപ്പമായിരുന്നു. പഞ്ചാബിലേക്ക് ആയിരുന്നു ഇരുവരും ആദ്യമായി ട്രെയിന്‍ യാത്ര നടത്തിയത്.

നല്ല ഒരു ഭര്‍ത്താവ് എന്നതു പോലെ തന്നെ നല്ല ഒരച്ഛനുമായിരുന്നു മകള്‍ സിന്ധുവിന് അദ്ദേഹം. അച്ഛന്റെ പത്ത് ഇഷ്ടങ്ങളില്‍ ഒന്നായിരുന്നു മക്കള്‍ക്ക് ചോറു വാരി കൊടുക്കുക എന്നത്. അത് അദ്ദേഹം എന്നും ചെയ്യുമായിരുന്നു. സിന്ധുവിനെ കൂടാതെ സജി എന്നൊരു മകന്‍ കൂടി സോമനുണ്ട്. സിനിമയില്‍ ചേക്കേറിയ സോമന് പിന്നീട് തിരക്കുള്ള ജീവിതമായി മാറി. ഇടയ്ക്കിടെ വീട്ടിലേക്ക് എത്താറുണ്ടായിരുന്നു സോമന്റെ വരവുകള്‍ കുറഞ്ഞു. മിക്കപ്പോഴും മാസങ്ങള്‍ കഴിഞ്ഞായിരിക്കും വീട്ടിലേക്കുള്ള വരവ്. എങ്കിലും കുടുംബവും നാടുമെല്ലാം ആയിരുന്നു മരണം വരെ സോമന്റെ ലോകം.

സോമന്റെ അഭിനയകലയില്‍ ഒരുങ്ങിയ ചിത്രങ്ങളായ ഇതാ ഇവിടെ വരെ, രക്തം ഇല്ലാത്ത മനുഷ്യന്‍, ഒരു വര്‍ഷം ഒരു മാസം, ലേലം എന്നിങ്ങനെയുള്ള സിനിമകളാണ് ഇരുവരുടെയും പ്രിയപ്പെട്ട സിനിമകള്‍. ലേലം എന്ന ചിത്രമാണ് ഇരുവരും അവസാനമായി ഒന്നിച്ചു പോയി തിയേറ്ററില്‍ കണ്ട സിനിമ. സോമന്റെ അവസാന ചിത്രവും ഇതുതന്നെയായിരുന്നു. ഇരുവരും ഒന്നിച്ചുളള അവസാന യാത്രയും ഇതായിരുന്നു.

പ്രത്യേക സ്വഭാവക്കാരന്‍ ആയ സോമന് പ്രായമായവര്‍ മുതല്‍ കുട്ടികള്‍ വരെ സുഹൃത്തുക്കളായിരുന്നു. ദേഷ്യം അങ്ങനെ മനസ്സില്‍ കൊണ്ട് നടക്കാറില്ലാത്ത  സോമന് ഭാര്യ പിണങ്ങിയിരുന്നാല്‍ പോലും സഹിക്കാന്‍ കഴിയുമായിരുന്നില്ല. ഇന്ന് അദ്ദേഹത്തെ ഓര്‍ക്കാത്ത ഒരു ദിവസം പോലും സുജാതയ്ക്കില്ല. മരണം അദ്ദേഹത്തെ കാര്‍ന്നെടുത്തുവെന്നത് ഇന്നും സുജാതയ്ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹം ഏതോ സിനിമാ ലൊക്കേഷനിലേക്ക് പോയിരിക്കുകയാണ് എന്ന് വിശ്വസിക്കാനാണ് സുജാതയ്ക്ക് ഇഷ്ടം. ഇന്ന് ഡിസംബര്‍ 12, 25 വര്‍ഷം മുമ്പ് ഇതേപോലെ ഒരു ദിവസമാണ് സോമന്‍ മലയാളികളോടും അദ്ദേഹത്തിന്റെ ഭാര്യയോടും യാത്ര പറഞ്ഞ് അരങ്ങൊഴിഞ്ഞത്.

38 വര്‍ഷങ്ങള്‍ക്കു മുന്‍പ് സോമന്‍ ഉദ്ഘാടനം ചെയ്ത ഭദ്രാസ്‌പേസ് ആണ് ഇന്ന് സുജാതയുടെ ലോകം. അന്ന് ഭദ്ര എന്ന പേരിട്ടതും സോമന്‍ തന്നെയായിരുന്നു. തന്നെ ജീവിതം പഠിപ്പിച്ച സോമേട്ടന്‍ തനിക്ക് ലോകം കാണിച്ചുതന്നു. സ്‌നേഹം മാത്രമായിരുന്നില്ല കരുതലും നിറച്ചായിരുന്നു സുജാത എന്ന വിളി എന്നും അവര്‍ ഇന്നും ഓര്‍ക്കുന്നു. അദ്ദേഹം ഉപയോഗിച്ച കാറും മറ്റു സാധനങ്ങളും ഇന്നും ആ വീട്ടില്‍ സൂക്ഷിക്കുന്നുണ്ട്.

Read more topics: # എംജി സോമന്‍
mg soman and wife

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES