ലേലത്തിലെ നേരാ തിരുമേനി ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല എന്ന മാസ് ഡയലോഗും ഹിറ്റ്ലറിലെ അവളൊന്ന് ഉറക്കെ നിലവിളിച്ചിരുന്നെങ്കില്‍ ഞാനുണര്‍ന്നേനേ എന്ന സോമന്റെ ഡയലോഗുകള്‍ ഇന്നും മലയാളികളുടെ നിത്യജീവിതത്തില്‍ പലപ്പോഴും കയറിയിറങ്ങിപ്പോവുന്നുണ്ട്. അദ്ദേഹം അനശ്വരമാക്കി വച്ച നിരവധി കഥാപാത്രങ്ങളില്‍ അവസാനത്തേത്് ആയിരുന്നു ലേലത്തിലെ ഈപ്പച്ചന്‍ എന്ന കഥാപാത്രം. തിരുവല്ലയില്‍ തന്റെ സിനിമാ ജീവിതത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കാന്‍ തയ്യാറെടുക്കവേയാണ് പിവിഎസ് ആശുപത്രിയില്‍ വച്ച് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം സംഭവിച്ചത്.
പത്തനംതിട്ട തിരുവല്ലക്കാരനായ സോമന്‍ 56-ാം വയസിലാണ് വിടവാങ്ങിയത്. ഇന്ത്യന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായിരിക്കെയാണ് സുജാത എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചതും തുടര്‍ന്ന് സിനിമയിലേക്ക് എത്തിയതും. അദ്ദേഹം വിടവാങ്ങിയിട്ട് 25 വര്‍ഷങ്ങള്‍ കഴിയുമ്പോഴും തിരുവല്ലയിലെ മണ്ണടിപ്പറമ്പില്‍ വീട്ടില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകളിലാണ് ഇന്നും സുജാതയുടെ ജീവിതം. ആ വീട്ടിലെ എല്ലാ മുറികളും സോമന്റെ ചിത്രങ്ങളാല്‍ അലങ്കരിച്ചു വച്ചിരിക്കുന്നു. പല കാലങ്ങളില്‍ പല ഭാവങ്ങളിലുള്ള ചിത്രങ്ങള്‍. കൂടാതെ അദ്ദേഹത്തിന് ലഭിച്ച അനേകം അവാര്‍ഡുകളും അദ്ദേഹം ഉപയോഗിച്ചിരുന്ന സിഗരറ്റ് ലൈറ്ററുകള്‍, ഭംഗിയുള്ള ചില്ലുക്കുപ്പികള്‍ മാത്രമല്ല, വീട്ടുമുറ്റത്ത് സോമന്‍ വര്‍ഷങ്ങളോളം ഉപയോഗിച്ചിരുന്ന കാറും. എന്നും തൂത്തു തുടച്ച് പൊടി പറ്റാതെ ജീവനെ പോലെ പ്രാണനെ പോലെയാണ് സുജാതയും രണ്ടു മക്കളും സോമന്റെ ഓരോ ഓര്‍മ്മകളും സൂക്ഷിക്കുന്നത്.
സുജാതയും മകന്‍ സജിയും അദ്ദേഹത്തിന്റെ കുടുംബവുമാണ് ഇപ്പോള്‍ ഈ വീട്ടില്‍ കഴിയുന്നത്. സജി നാലഞ്ച് സിനിമകളില്‍ അഭിനയിച്ചുവെങ്കിലും പിന്നീട് സിനിമാലോകം വിട്ടു. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം സജി വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ് ഇപ്പോള്‍. സജി. രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന ഒ. ബേബി എന്ന സിനിമയിലൂടെ. എങ്കിലും അതൊന്നും സുജാതയെ ബാധിക്കുന്നില്ല. സോമന്‍ സുജാതയ്ക്കു വേണ്ടി ഒരുക്കി നല്‍കിയ ഭദ്രാ സ്പൈസസ് എന്ന കറി പൗഡര്‍ കമ്പനിയെ ജീവാത്മാവാക്കിയാണ് സുജാത ഇപ്പോഴും ആ സ്ഥാപനത്തെ പരിപാലിക്കുന്നത്.
വീട്ടില്‍ മക്കളേയും നോക്കി സ്വസ്ഥമായി ഇരുന്ന ഭാര്യയ്ക്കു വേണ്ടി സോമന്‍ തുടങ്ങിയതായിരുന്നു ഈ കറിപൗഡര്‍ കമ്പനി. അതെന്തിനായിരുന്നുവെന്ന് അപ്പോള്‍ മനസിലായില്ല. എങ്കിലും അദ്ദേഹം ഏല്‍പ്പിച്ച ജോലി.. അതു ഭംഗിയായി ചിട്ടയോടെ നിറവേറ്റുകയായിരുന്നു സുജാത അന്നും ഇന്നും. വീടിനടുത്ത് ഒരു ഭദ്രാദേവി ക്ഷേത്രമുണ്ട്. അവിടുത്തെ വലിയ ഭക്തനായിരുന്നു അദ്ദേഹം. അങ്ങനെയാണ് കറിപൗഡര്‍ കമ്പനിയ്ക്ക് ഭദ്രാ അഗ്മാര്‍ക്ക് സ്പൈസസ് എന്ന പേരിട്ടത്. ഒരു സൂപ്പര്‍താരത്തിന്റെ ഭാര്യയായിരുന്നു എന്ന ഇമേജൊന്നുമില്ലാതെ ഇന്നും മില്ലിലെ മറ്റു ജീവനക്കാര്‍ക്കൊപ്പം പൊടിയില്‍ കുളിച്ചു പണിയെടുക്കുകയാണ് സുജാത.
അദ്ദേഹത്തിന്റെ മരണശേഷം തളര്‍ന്നു പോകുമായിരുന്ന സുജാതയ്ക്ക് താങ്ങും തണലുമായത് ഈ സ്ഥാപനമായിരുന്നു. മക്കളെ നന്നായി വളര്‍ത്തണമെന്നും ഉത്തരവാദിത്തങ്ങള്‍ ഉണ്ടെന്നും മനസിലാക്കിപ്പിച്ചത് ഈ കമ്പനിയായിരുന്നു. ഇവിടുത്തെ ജോലിത്തിരക്കില്‍ സകല വേദനകളും സങ്കടങ്ങളും മറക്കുകയായിരുന്നു.ഏകദേശം പത്തുവര്‍ഷത്തോളമാണ് സോമന്‍ എയര്‍ഫോഴ്സില്‍ ജോലി ചെയ്തത്. അതിനിടയിലായിരുന്നു സുജാതയുമായുള്ള വിവാഹം നടന്നത്. മൂത്തമകന്‍ സജി ജനിച്ചതിനുശേഷമാണു സ്വയം വിരമിച്ച് നാട്ടിലെത്തിയത്. നാട്ടില്‍ വന്ന് കൃഷി ചെയ്തു ജീവിക്കാം എന്നായിരുന്നു പ്ലാന്‍. തറവാട്ടില്‍ അത്യാവശ്യം ഭൂമിയുണ്ടായിരുന്നു. അങ്ങനെ കൃഷിപ്പണിക്കിടയിലാണു ചില അമേച്വര്‍ നാടകസംഘങ്ങളില്‍ അഭിനയിക്കുന്നത്. പിന്നീട് കൊട്ടാരക്കര ശ്രീധരന്‍നായരുടെ ജയശ്രീ തിയേറ്റേഴ്സിലും ചേര്‍ന്നു. ക്രമേണ നാടകാഭിനയം കൂടുകയും കൃഷി കുറയുകയും ചെയ്തു.''
യഥാര്‍ഥത്തില്‍ നാടകമാണു സോമന് സിനിമയിലേക്കുള്ള വഴി തുറന്നത്. സാഹിത്യകാരനും ഐഎഎസ് ഉ ദ്യോഗസ്ഥനുമായിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണനാണു സോമനെ സിനിമയില്‍ ആദ്യമായി അഭിനയിപ്പിച്ചത്. മലയാറ്റൂരിന്റെ തന്നെ ഗായത്രിയെന്ന സിനിമയില്‍. മലയാറ്റൂരിന്റെ ഭാര്യ വേണി തിരുവനന്തപുരത്തു വച്ച് കണ്ട ഒരു നാടകത്തിലെ പ്രധാനനടന്‍ സോമനായിരുന്നു. അങ്ങനെ വേണിയാണ് 'ഗായത്രി'യുടെ ഭാഗമാക്കുന്നത്. അവിടെ നിന്നങ്ങോട്ടു കൂടുതല്‍ മെച്ചപ്പെട്ട കഥാപാത്രങ്ങള്‍ സോമനെ തേടി വന്നു. ഏകദേശം രണ്ടരപതിറ്റാണ്ട് സിനിമയില്‍ അഞ്ഞൂറോളം കഥാപാത്രങ്ങളില്‍ അഭിനയിച്ച് കത്തിജ്ജ്വലിച്ചു നിന്നു.