താരസംഘടനയായ അമ്മയിലെ വനിതാ സെല്ലിന്റെ പ്രവര്‍ത്തന നിലപാടു വ്യക്തമാക്കി കുക്കു പരമേശ്വരന്‍. സെല്‍ രൂപീകരിച്ചത് അമ്മയിലെ അംഗങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അവര്‍ക്കു വന്നു സംസാരിക്കാനുള്ള ഇടമുണ്ടാക്കാനുമാണ്. മറ്റുള്ള സംഘടനകള്‍ അതിനെ എങ്ങനെ കാണുന്നു, അവരെന്തു ചിന്തിക്കുന്നു, സാമൂഹ്യമാധ്യമങ്ങളില്‍ എന്തു പറയുന്നു എന്നതില്‍ ആശങ്കയില്ലെന്ന് മനോരമ ഓണ്‍ലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ കുക്കു പരമേശ്വരന്‍ വ്യക്തമാക്കി.
കൊച്ചിയില്‍ ചേര്‍ന്ന നിര്‍വാഹകസമിതി യോഗത്തിലാണ് കുക്കു പരമേശ്വരന്‍, പൊന്നമ്മ ബാബു, കെപിഎസി ലളിത എന്നിവരെ ആഭ്യന്തര പ്രശ്‌നപരിഹാര സമിതിയിലേക്ക് തെരഞ്ഞെടുത്തത്. ഇക്കാര്യം അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചിരുന്നു. അമ്മ നേതൃത്വത്തിനെതിരെ രേവതി, പദ്മപ്രിയ, പാര്‍വതി എന്നിവര്‍ പരസ്യമായി രംഗത്തെത്തിയതിനു ശേഷമാണ് അടിയന്തരമായി നിര്‍വാഹകസമിതി യോഗം ചേര്‍ന്നത്. ഞങ്ങളോട് ഒരു യോഗം ചേരണമെന്ന് അമ്മ അറിയിച്ചിട്ടുണ്ട്. തീയതി തീരുമാനിച്ചിട്ടില്ല. അതിനു മുന്‍പ്, ഞങ്ങള്‍ മൂന്നു പേരും നേരില്‍ കാണേണ്ടതുണ്ട്. ഞങ്ങള്‍ എങ്ങനെയാണ് മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്നതെന്ന് അവരോടു പറയണം. അവരെന്താണ് നമ്മില്‍ നിന്നു പ്രതീക്ഷിക്കുന്നതെന്ന് മനസിലാക്കണം. അതൊരു കൂട്ടായ പ്രവര്‍ത്തനമാണ്. ആ യോഗം കഴിയാതെ മുഴുവന്‍ കാര്യങ്ങള്‍ പറയാന്‍ കഴിയിലെന്നും കുക്കു പറയുന്നു.
സാമൂഹ്യമാധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയേണ്ട ആവശ്യമില്ല. മറ്റു സംഘടനയുടെ കാര്യങ്ങള്‍ ഞാന്‍ പറയേണ്ടതില്ല. അമ്മയുടെ നിര്‍വാഹക സമിതിയാണ് തീരുമാനം എടുക്കേണ്ടത്. അവര്‍ എടുത്ത തീരുമാനം അനുസരിച്ച് അമ്മയില്‍ എന്നെപ്പോലെ തന്നെ ഭാരവാഹി ആയ ഒരാളോട് വ്യക്തിപരമായി പോയി ചോദിക്കേണ്ട കാര്യമില്ല. ഡബ്ല്യുസിസി അല്ലെങ്കില്‍ അതുപോലുള്ള മറ്റു സംഘടനകളില്‍ എന്തു നടക്കുന്നു എന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. എന്റെ മുന്‍ഗണന അമ്മയാണ്. അമ്മയില്‍ പരാതിപ്പെടാതെ, അതില്‍ വിശ്വാസമില്ലെന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. അമ്മയില്‍ ഭിന്നത ഇല്ല. അമ്മയിലെ അംഗങ്ങള്‍ക്കുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഇടം കണ്ടെത്താനാണ് ശ്രമമാണിത്. അമ്മ എന്ന സംഘടനയ്ക്കാണ് അവിടെ പ്രധാന്യം നല്‍കുന്നതെന്നും കുക്കു പറയുന്നു.