മലയാളികളുടെ പ്രിയതാരം കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്ന് ഏഴ് വര്‍ഷം പിന്നിടുകയാണ്. മലയാള സിനിമയില്‍ കലാഭവന്‍ മണി എന്ന പ്രതിഭ ബാക്കിവച്ച് പോയത് ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെയാണ്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച അതുല്യ പ്രതിഭയെ ഓര്‍ക്കുകയാണ് സിനിമാലോകം.
ഓര്‍മ്മപ്പൂക്കള്‍ എന്ന് കുറിച്ചുകൊണ്ട് കലാഭവന്‍ മണിയുടെ ചിത്രം പങ്കുവെച്ചാണ് നടന്‍ മോഹന്‍ലാല്‍ മണിയെ ഓര്‍ത്തത്. നരസിംഹം, ആറാം തമ്പുരാന്‍, ഛോട്ടാ മുംബൈ, സമ്മര്‍ ഇന്‍ ബത്‌ലഹേം തുടങ്ങി നിരവധി ചിത്രങ്ങളില്‍ കലാഭവന്‍ മണിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
കലാഭവന്‍ മിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ചിലത് സമ്മാനിച്ച സംവിധായകന്‍ വിനയനും നടനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരുന്നു.
കുറിപ്പ് ഇങ്ങനെ:
മണി യാത്രയായിട്ട് ഏഴു വര്‍ഷം...സാധാരണക്കാരനില്‍ സാധാരണക്കാരനായ ആ അതുല്യകലാകാരന്റെ അകാലത്തിലുള്ള വേര്‍പാട് ഓര്‍ക്കുമ്പോള്‍ ഇന്നും മനസ്സില്‍ വേദനയുടെ കനലെരിയുന്നു..ഏറെ ദാരിദ്ര്യവും അതിലേറെ അവഗണനയും ഒക്കെ സഹിച്ച് തന്‍േറതായ അസാധാരണകഴിവുകള്‍ കൊണ്ടു മാത്രം മലയാളസിനിമയിലും മലയാളികളുടെ മനസ്സിലും ഇടം നേടാന്‍ കഴിഞ്ഞ കലാഭവന്‍ മണിക്ക് ഒത്തിരി സ്വപ്നങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് ജീവിതം കൈവിട്ടു പോയത്...ഇതിനെയാണല്ലോ വിധി എന്നു നമ്മള്‍ പറയുന്നത്... ഇനിയൊരു ജന്മമുണ്ടങ്കില്‍ ഈ സ്നേഹഭൂമിയില്‍ ഇനിയും മണി ജനിക്കട്ടെ.... ആദരാഞ്ജലികള്‍...''. വിനയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
1971ലെ പുതുവല്‍സര പുലരിയില്‍ രാമന്‍- അമ്മിണി ദമ്പതികളുടെ ഏഴുമക്കളില്‍ ആറാമനായി ജനിച്ച മണി ഓട്ടോ ഡ്രൈവറായാണ് ജീവിതത്തിലും സിനിമയിലും അരങ്ങേറിയത്. തൃശൂര്‍ ജില്ലയിലെ ചാലക്കുടി സ്വദേശിയായ മണി കൊച്ചിന്‍ കലാഭവന്‍ മിമിക്സ് പരേഡിലൂടെയാണ് കലാരംഗത്തെത്തിയത്. അക്ഷരം എന്ന ചലച്ചിത്രത്തിലൂടെ ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ സിനിമയിലെത്തിയെങ്കിലും സല്ലാപത്തിലൂടെയാണ് ശ്രദ്ധേയനാവുന്നത്. പിന്നീട് നായകവേഷങ്ങളിലെത്തിയ മണി വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനത്തോടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറി.
ദേശീയ ചലച്ചിത്ര പുരസ്‌കാരം, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, ഫിലിംഫെയര്‍ അവാര്‍ഡ്, ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ മണിയെ തേടിയെത്തി. 2016 മാര്‍ച്ച് ആറിന് അപ്രതീക്ഷിതമായാണ് കലാപ്രേമികളുടെ പ്രിയപ്പെട്ട 'മണി നാദം' നിലച്ചത്. മീഥേല്‍ ആല്‍ക്കഹോളിനെച്ചുറ്റിപ്പറ്റി അന്വേഷണമുണ്ടായെങ്കിലും കരള്‍ രോഗമാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.
തമിഴ്, തെലുങ്ക്, കന്നടഭാഷകളിലും മണിയുടെ അസാമാന്യപ്രകടനം പ്രേക്ഷകര്‍ കണ്ടു. അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകള്‍ വളരെ കുറവായിരുന്നു.