Latest News

രണ്ടു പെണ്‍മക്കളെ സംഗീതം പഠിപ്പിച്ച അച്ഛന്‍.. ട്രാവന്‍കൂര്‍ സിമെന്റിലെ ഉദ്യോഗസ്ഥന്‍; സ്നേഹനിധിയായ അച്ഛന്‍ നല്‍കിയ കരുത്തില്‍ അമൃത ജീവിതം തിരിച്ചു പിടിച്ച കഥ

Malayalilife
 രണ്ടു പെണ്‍മക്കളെ സംഗീതം പഠിപ്പിച്ച അച്ഛന്‍.. ട്രാവന്‍കൂര്‍ സിമെന്റിലെ ഉദ്യോഗസ്ഥന്‍; സ്നേഹനിധിയായ അച്ഛന്‍ നല്‍കിയ കരുത്തില്‍ അമൃത ജീവിതം തിരിച്ചു പിടിച്ച കഥ

ഗായികമാരായ അമൃതയുടെയും അഭിരാമിയുടെയും അച്ഛന്‍ മരണപ്പെട്ടുവെന്ന വാര്‍ത്ത ഇന്നലെ വൈകിട്ടോടെയാണ് പുറത്തു വന്നത്. ആരാധകരെ ഞെട്ടിച്ച അപ്രതീക്ഷിത വിയോഗം ആ കുടുംബത്തിനും തീരാവേദനയാണ് സമ്മാനിച്ചിരിക്കുന്നത്. ഭാര്യയ്ക്കും രണ്ടു പെണ്‍മക്കള്‍ക്കും പേരക്കുട്ടിയ്ക്കുമെല്ലാം താങ്ങും തണലുമായി നിന്ന സുരേഷിന്റെ മരണം തീര്‍ത്തും അപ്രതീക്ഷിതമായാണ് സംഭവിച്ചത്. ആരോഗ്യവാനായിരുന്ന സുരേഷിന് തിങ്കളാഴ്ചയാണ് ചെറിയ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. ഉടന്‍ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ കാര്യങ്ങള്‍ അതിവേഗമാണ് വഷളായത്.

ചൊവ്വാഴ്ച രാവിലെ മുതല്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള സംസാരം സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ചുകൊണ്ട് കുടുംബം പ്രതികരിക്കാഞ്ഞതിനെ തുടര്‍ന്ന്, കേട്ട വാര്‍ത്ത സത്യം ആയിരിക്കല്ലേ എന്ന പ്രാര്‍ത്ഥനയില്‍ ആയിരുന്നു ആരാധകര്‍. എന്നാല്‍ ചൊവ്വാഴ്ച വൈകിട്ടോടെ സുരേഷിന്റെ മരണം സംഭവിക്കുകയായിരുന്നു, തുടര്‍ന്നാണ് അമൃത സോഷ്യല്‍ മീഡിയയില്‍ അച്ഛന്റെ മരണവാര്‍ത്ത അറിയിച്ചത്. ഞങ്ങടെ പൊന്നച്ചന്‍ ഇനി ഭഗവാന്റെ കൂടെ എന്ന ക്യാപ്ഷനോടെയാണ് അമൃത പോസ്റ്റ് പങ്കുവച്ചത്. പിന്നാലെ ഗോപി സുന്ദറും അച്ഛന്റെ വേര്‍പാടിനെകുറിച്ച് പറഞ്ഞെത്തി. നിരവധി താരങ്ങളും ആരാധകരും ആണ് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ട് കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നത്.

രണ്ടു പെണ്‍മക്കള്‍ക്ക് സ്നേഹനിധിയായ അച്ഛനും അവരുടെ അമ്മയുടെ സ്നേഹസമ്പന്നനായിരുന്ന ഭര്‍ത്താവും ആയിരുന്നു അദ്ദേഹം. പേരക്കുട്ടിയുടെ കളിക്കൂട്ടുകാരനായും മാറിയ സുരേഷ് ചക്കരപ്പറമ്പിലെ കെന്റ് നാലുകെട്ട് വീട്ടിലാണ് കുടുംബസമേതം താമസിച്ചിരുന്നത്. മുന്‍പ് ട്രാവന്‍കൂര്‍ സിമെന്റിലെ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹമാണ് മക്കള്‍ക്ക് സംഗീതത്തിന്റെ വഴി പകര്‍ന്നു നല്‍കിയത്. അദ്ദേഹവും ഒരു സംഗീതഞ്ജന്‍ ആയിരുന്നുവെന്ന കാര്യം അധികമാര്‍ക്കും അറിയില്ല. കുട്ടിക്കാലം മുതല്‍ക്കേ മക്കളുടെ സംഗീതാഭിരുചി തിരിച്ചറിഞ്ഞ അദ്ദേഹം രണ്ടു പേരെയും സംഗീതം പഠിപ്പിച്ചു. സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് പിന്നണി ഗാനരംഗത്തേക്കും എത്തിയ അമൃതയുടെ സ്വകാര്യ ജീവിതത്തില്‍ സംഭവിച്ച പിഴവുകള്‍ക്കു കാരണം മകളുടെ പക്വത കുറവാണെന്ന് തുറന്നു പറയാനുള്ള ധൈര്യവും ഈ അച്ഛന്‍ കാണിച്ചിരുന്നു.  അമൃതയുടെ ഒപ്പം എപ്പോഴും നിഴലായി തന്നെ അച്ഛനും ഉണ്ടായിരുന്നു. പലപ്പോഴും അച്ഛനെ കുറിച്ച് അമൃത വാചാലയായിട്ടുണ്ട്.

നടന്‍ ബാലയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ അമൃത വീട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ അനിയത്തിയുമായി ചേര്‍ന്ന് ആരംഭിച്ച അമൃതംഗമയ എന്ന സംഗീത ബാന്റിന്റെ ഭാഗമായും സുരേഷ് പ്രവര്‍ത്തിച്ചിരുന്നു. മികച്ച ഓടക്കുഴല്‍ വിദഗ്ധനായിരുന്ന സുരേഷ് മക്കള്‍ക്കൊപ്പം സജീവമായി തന്നെ പ്രവര്‍ത്തിച്ചിരുന്നു. സ്ട്രോക്ക് ഉണ്ടായതാണ് അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ അമൃതയുടെ മുന്‍ ഭര്‍ത്താവ് ബാല ആശുപത്രിയില്‍ ആയിരുന്ന വേളയില്‍ സുരേഷ് കുടുംബത്തിനൊപ്പം കാണാന്‍ വന്നതിന്റെ വീഡിയോ വൈറല്‍ ആയിരുന്നു.

അന്ന് ആരോഗ്യവാനായി കണ്ട അദ്ദേഹത്തിന്റെ മരണ വാര്‍ത്ത ആരാധകര്‍ക്ക് ശരിക്കും ഞെട്ടലാണ് സമ്മാനിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോഴുണ്ടായ വികാരനിര്‍ഭരമായ ദൃശ്യങ്ങളാണ് പിന്നീട് മലയാളികള്‍ കണ്ടത്. നെഞ്ചുതകര്‍ന്നു കരഞ്ഞ ഭാര്യ ലൈലയെ ആശ്വസിപ്പിക്കാന്‍ പ്രയാസപ്പെടുന്ന ബന്ധുക്കളെയും അച്ഛന്റെ ദേഹത്തു മാറി മാറി ചുംബിച്ചു പൊട്ടിക്കരഞ്ഞ അമൃതയും അഭിരാമിയും എല്ലാം ചുറ്റുമുള്ളവരുടെ കണ്ണുകളെയും ഈറനണിയിച്ചു. അമൃതയെ ചേര്‍ത്തുപിടിച്ച് ജീവിതപങ്കാളിയും സംഗീതസംവിധായകനുമായ ഗോപി സുന്ദറും ഒപ്പമുണ്ടായിരുന്നു. മുത്തച്ഛന്റെ വിയോഗത്തില്‍ വാവിട്ടു കരയുന്ന അമൃതയുടെ മകള്‍ പാപ്പു എന്ന അവന്തികയും നോവുന്ന കാഴ്ചയായി മാറി.


 

Read more topics: # അമൃത
amrutha suresh father and life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES