മലയാളിത്വം തുളുമ്ബുന്ന വരികളില്‍ മലയാള ചലച്ചിത്രഗാനാസ്വാദകരെ ഗാനാസ്വാദനത്തിന്റെ വേറിട്ട തലത്തിലേക്ക് കൊണ്ടു പോയ സിനിമാ കവി. എന്നും ഓര്‍മിക്കാവുന്ന നിരവധി പാട്ടുകള്‍ സമ്മാനിച്ച ഗാനരചയിതാവ് ബിച്ചു തിരുമലയാണ് വിവടവാങ്ങുന്നത്. ബി.ശിവശങ്കരന്‍ നായര്‍ എന്ന പേരില്‍ ആ സിനിമാ പാട്ടെഴുത്തുകാരനെ ആരും വിളിച്ചില്ല. 80-ാം വയസ്സില്‍ വിടവാങ്ങുമ്ബോഴും ബിച്ചു തിരുമലയുടെ പാട്ടുകള്‍ മലയാളിക്ക് എന്നും പ്രിയപ്പെട്ടതായി തുടരും. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം ഇടപ്പഴിഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഗായികയായ സഹോദരിക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനായി കവിതകള!!െഴുതിയാണ് ബിച്ചു തിരുമലയുടെ കാവ്യജീവിതത്തിന്റെ തുടക്കം. അതിന് ശേഷം പാട്ടുകളുടെ വഴിയേ നീങ്ങി. എ.ആര്‍ റഹ്മാന്‍ മലയാളത്തില്‍ സംഗീതം നല്‍കിയ ഏക സിനിമയായ 'യോദ്ധ'യിലെ വരികളെഴുതിയതും ബിച്ചുവാണ്. 'പടകാളി ചണ്ഡി ചങ്കരി പോര്‍ക്കലി...', 'കുനുകുനെ ചെറു കുറുനിരകള്‍...', 'മാമ്ബൂവേ മഞ്ഞുതിരുന്നോ...' എന്നിങ്ങനെ 'യോദ്ധ'യിലെ മൂന്നു പാട്ടുകളും സൂപ്പര്‍ഹിറ്റായി. മണിച്ചിത്രതാഴിലെ പഴംന്തമിഴ് പാട്ടിഴയും എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ വരികളും ബിച്ചു തിരുമലയുടേതാണ്.
നടന്‍ മധു സംവിധാനം ചെയ്ത 'അക്കല്‍ദാമ' എന്ന ചിത്രമാണ് ബിച്ചു തിരുമല എഴുതിയ ഗാനങ്ങളുമായി ആദ്യം പുറത്തിറങ്ങിയത്. ഈ ചിത്രത്തില്‍ ശ്യാം സംഗീതം നല്‍കി ബ്രഹ്മാനന്ദന്‍ പാടിയ 'നീലാകാശവും മേഘങ്ങളും...' എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു . സംഗീത സംവിധായകന്‍ ശ്യാമിനുവേണ്ടിയാണ് അദ്ദേഹം ഏറ്റവുമധികം പാട്ടുകള്‍ എഴുതിയത്. ഇളയരാജ, എ.ടി ഉമ്മര്‍, ജെറി അമല്‍ദേവ്, ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍ മാസ്റ്റര്‍, രവീന്ദ്രന്‍, ഔസേപ്പച്ചന്‍ തുടങ്ങിയ ഒട്ടുമിക്ക സംഗീതസംവിധായകര്‍ക്കൊപ്പവും നിരവധി ഗാനങ്ങള്‍ ചെയ്തു. എല്ലാം സൂപ്പര്‍ഹിറ്റ്.
ഫാസില്‍, ഐ.വി ശശി, സിബി മലയില്‍, സിദ്ദിഖ് ലാല്‍ തുടങ്ങിയ സംവിധായരുടെയെല്ലാം ആദ്യ സിനിമകളിലെ പാട്ടെഴുതിയത് ബിച്ചു ആയിരുന്നു. 'ശക്തി' എന്ന സിനിമയ്ക്കു തിരക്കഥ എഴുതി. നാനൂറിലേറെ സിനിമകളിലും കാസറ്റുകളിലുമായി അയ്യായിരത്തോളം പാട്ടുകള്‍ അദ്ദേഹം എഴുതി. അതിവേഗം സിനിമയുടെ കഥാസന്ദര്‍ഭത്തിനുചേരുംവിധം കാവ്യഭംഗിയുള്ള രചനകള്‍ നടത്തുന്നതില്‍ പ്രഗത്ഭനായിരുന്നു. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് രണ്ടുതവണ ലഭിച്ചു - 1981 ലും (തൃഷ്ണ,- 'ശ്രുതിയില്‍നിന്നുയരും...', തേനും വയമ്ബും- 'ഒറ്റക്കമ്ബി നാദം മാത്രം മൂളും...' ), 1991 ലും (കടിഞ്ഞൂല്‍ കല്യാണം- 'പുലരി വിരിയും മുമ്ബേ...', 'മനസില്‍ നിന്നു മനസിലേക്കൊരു മൗന സഞ്ചാരം...'). സുകുമാര്‍ അഴീക്കോട് തത്വമസി പുരസ്‌കാരം, കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ ചലച്ചിത്രരത്‌നം പുരസ്‌കാരം, സ്വാതി-പി ഭാസ്‌കരന്‍ ഗാനസാഹിത്യപുരസ്‌കാരം തുടങ്ങിയവയ്ക്കും അര്‍ഹനായി.
1962ല്‍ അന്തര്‍സര്‍വകലാശാല റേഡിയോ നാടക മത്സരത്തില്‍ 'ബല്ലാത്ത ദുനിയാവ്' എന്ന നാടകമെഴുതി അഭിനയിച്ചു ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നു ധനതത്വശാസ്ത്രത്തില്‍ ബിരുദം നേടി. പിന്നീട് ചെന്നൈയിലേക്ക്. സിനിമാ സംവിധാനമായിരുന്നു മനസ്സില്‍. സംവിധായകന്‍ എം. കൃഷ്ണന്‍ നായരുടെ സഹായിയായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. 'ശബരിമല ശ്രീധര്‍മശാസ്താവ്' എന്ന ചിത്രത്തില്‍ സംവിധാനസഹായി ആയി.
ആ കാലത്ത് ബിച്ചു ഒരു വാരികയില്‍ എഴുതിയ കവിത 'ഭജഗോവിന്ദം' എന്ന സിനിമയ്ക്കുവേണ്ടി ഉപയോഗിച്ചു. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും 'ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രാണസഖീ നീ പല്ലവി പാടിയ നേരം...' എന്നു തുടങ്ങുന്ന ആ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിന് ശേഷമാണ് പാട്ടെഴുത്തിലേക്ക് മാറുന്നത്. 1942 ഫെബ്രുവരി 13ന് ചേര്‍ത്തല അയ്യനാട്ടുവീട്ടില്‍ സി.ജി ഭാസ്‌കരന്‍ നായരുടെയും പാറുക്കുട്ടിയുടെയും മൂത്തമകനായാണ് ബിച്ചു തിരുമല എന്ന ബി.ശിവശങ്കരന്‍ നായരുടെ ജനനം. അറിയപ്പെടുന്ന പണ്ഡിതന്‍ കൂടിയായിരുന്ന മുത്തച്ഛന്‍ വിദ്വാന്‍ ഗോപാലപിള്ള സ്‌നേഹത്തോടെ വിളിച്ച വിളിപ്പേരാണ് ബിച്ചു. തിരുവനന്തപുരം തിരുമലയിലേക്ക് താമസം മാറിയതോടെ അദ്ദേഹം ബിച്ചു തിരുമലയായി.