മലയാളത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന ഒരുപിടി ശ്രദ്ധേയചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ നടിയാണ് സീനത്ത്. ചെറിയ പ്രായത്തില്‍ തന്നെ നാടകത്തിലൂടെ വെളളിത്തിരയില്‍ എത്തിയതാണ് താരം. സംസ്ഥാന സര്‍ക്കാരിന്റെതുള്‍പെടെയുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള താരം ഇപ്പോള്‍ തന്റെ മകന്‍ കൈവരിച്ച നേട്ടത്തെകുറിച്ച് എഫ്ബിയില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.
ചെറുതും വലുതുമായ വേഷങ്ങളിലൂടെയാണ് സീനത്ത് ശ്രദ്ധേയയായത്. സീനത്തിന്റെയും ഭര്‍ത്താവ് അനില്‍കുമാറിന്റെയും മകനാണ് നിതിന്‍. മീഡിയ സ്റ്റഡീസില്‍ ജേര്‍ണലിസം ആണ് നിതിന്‍ പഠിച്ചത്. ചില സുഹൃത്തുകളൊടൊപ്പം സിനിമയെടുക്കാന്‍ മകന്‍ പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ നിരുല്‍സാഹപ്പെടുത്തിയ സീനത്ത് ഇപ്പോള്‍ മകന്‍ കൈവരിച്ച നേട്ടത്തില്‍ അഭിമാനപൂര്‍വ്വം സോഷ്യല്‍മീഡിയയില്‍ കുറിച്ച വരികളാണ് വൈറലാകുന്നത്. മകനോട് താന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ കുറ്റബോധം ഉളവാക്കുന്നുവെന്ന് സീനത്ത് പറയുന്നു.
മോനെ, നിന്റെ മുന്നില്‍ ഞാന്‍ തോറ്റിരിക്കുന്നു എന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. എന്റെ മകന്‍ നിതിന്റെ കന്നി ചിത്രമായ 'എ തിങ് ഓഫ് മാജിക്' മറാഠി സിനിമ, ഇപ്പോള്‍ നടക്കുന്ന മുംബൈ ചലച്ചിത്രമേളയില്‍ വിജയം കൈവരിച്ചു എന്നറിഞ്ഞപ്പോള്‍ സന്തോഷം മാത്രമല്ല എനിക്ക് അദ്ഭുതം കൂടി ഉണ്ടായി. കൂട്ടത്തില്‍ ചെറിയ ഒരു കുറ്റബോധവും. ഞാന്‍ ഒരിക്കലും കരുതിയില്ല ഇത്രയും വിജയിക്കും എന്ന് സീനത്ത് പറയുന്നു. മകനും സുഹൃത്തുകളും മഹാരാഷ്ട്രയിലേക്ക് സിനിമയെടുക്കാന്‍ പോകുന്നുവെന്നറിഞ്ഞപ്പോള്‍ അവനെ നിരുല്‍സാഹപ്പെടുത്തി.
ഇതൊന്നും നടക്കാത്ത കാര്യമാണ്. നീ വിചാരിക്കുന്നപോലെ അത്ര എളുപ്പമല്ല സിനിമ എടുക്കല്‍. പെട്ടെന്ന് വല്ല ജോലിയിലും കയറാന്‍ നോക്ക്. അല്ലെങ്കില്‍ തുടര്‍ന്നു പഠിക്ക്. സിനിമ തലയ്ക്കു പിടിച്ചാല്‍ ശരിയാവില്ല. ആണ്‍കുട്ടികള്‍ക്കു ജോലി വേണം. എന്നൊക്കെ പറഞ്ഞു അവനെ നിരന്തരം ശല്യപ്പെടുത്തികൊണ്ടിരുന്നു. അവന്‍ പറഞ്ഞത് 'മമ്മാ ഞാന്‍ ഈ ഒരു സിനിമ ചെയ്യട്ടെ, അത് കഴിഞ്ഞു എന്താന്നു വച്ചാല്‍ ചെയ്യാം. അതുവരെ എനിക്ക് സമയം തരണം എന്നാണ്'. അപ്പോഴും ഞാന്‍ വിട്ടില്ല, 'ശരി എത്ര സമയം എടുക്കും?' ഉത്തരം പെട്ടെന്ന് വന്നു. 'ഒരു ആറുമാസം'. സിനിമ വിജയിച്ചില്ലെങ്കിലോ എന്ന് ചോദിച്ചു. 'തുടര്‍ന്നു പഠിക്കാനോ ജോലിക്കോ.. എന്താന്നു വച്ചാല്‍ ചെയ്യാം. പക്ഷേ അതുവരെ എന്നെ ഫ്രീ ആക്കി വിടണം. എന്നവന്‍ പറഞ്ഞു. മനസില്ലാതെ മനസോടെ സമ്മതിച്ചെങ്കിലും ഇതിനുള്ള പണം എവിടെയെന്ന് ചോദിച്ചപ്പോള്‍ അവന്‍ തനിയെ ഉണ്ടാക്കുമെന്നായിരുന്നു മറുപടി. പിന്നെ ഒരുദിവസം ഷൂട്ടിങ്ങിന് പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ സന്തോഷത്തോടെയല്ലെങ്കിലും അവനെ യാത്രയാക്കി.
സുഹൃത്തുക്കള്‍എല്ലാവരും കൂടി എന്തോ ചെയ്യുന്നു അത്രേ കരുതിയുള്ളൂ..പക്ഷേ പറഞ്ഞതു പോലെ സിനിമ എടുത്തു തിരിച്ചെത്തി. ഇപ്പോള്‍ ഇതാ കുട്ടികള്‍ എടുത്ത സിനിമ മുംബൈ ചലച്ചിത്രമേളയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.മോനെ നീ പറഞ്ഞപ്പോലെ, നിന്റെ മുന്നില്‍ ഞാന്‍ തോറ്റിരിക്കുന്നു. സിനിമയോടുള്ള നിന്റെ സമീപനം കണ്ടു ഞാന്‍ അഭിമാനിക്കുന്നു. എന്റെ മോന്‍ ഒരുപാട്.. ഒരുപാട്.. ഉയരത്തില്‍ എത്തട്ടെ.
എത്ര ഉയരത്തില്‍ എത്തിയാലും നിന്റെ കാഴ്ചപാടുകളും പെരുമാറ്റ രീതികളും മാറാതെ.. മാറ്റാതിരിക്കണം. എവിടെയും എപ്പോഴും ഏതു സാഹചര്യത്തിലും നീ നീയായി മാത്രം ഇരിക്കണം . അതുമാത്രം മതി..നിങ്ങളുടെ ഓരോതരുടെയും അനുഗ്രഹം അവനോടൊപ്പം ഉണ്ടാവണം.
---