മലയാളത്തിന്റെ നിത്യഹരിത നായികയായി അറിയപ്പെടുന്ന നടിയാണ് ഷീല. രണ്ടു പതിറ്റാണ്ടു മുഴുവന്‍ സിനിമാ പ്രേമികള്‍ക്കു മുന്നില്‍ നിറഞ്ഞാടിയ താരം പെട്ടെന്നാണ് സിനിമയും പ്രശസ്തിയും താരപദവിയുമെല്ലാം ഉപേക്ഷിച്ച് സ്വകാര്യ ജീവിതത്തിന് വേണ്ടി മാറ്റിവച്ചത്. മകനു വേണ്ടി ജീവിച്ച് അവനെ സിനിമയിലെ നായക സ്ഥാനത്ത് പ്രതിഷ്ഠിക്കുവാന്‍ ആഗ്രഹിച്ച ഷീലയ്ക്ക് നിരാശയായിരുന്നു ഫലം. അങ്ങനെയാണ് വീണ്ടും ഒരു വലിയ ഇടവേളയ്ക്ക് ശേഷം ഷീല തന്നെ സിനിമയിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ അപ്പോഴേക്കും സിനിമയും ആസ്വാദകരും സാഹചര്യങ്ങളുമെല്ലാം മാറിയിരുന്നു. എന്നിട്ടും പിടിച്ചു നില്‍ക്കാന്‍ ആവോളം ശ്രമിച്ച നടിയ്ക്ക് പുതിയ സിനിമാ ലോകവുമായി പൊരുത്തപ്പെടുവാന്‍ ഇനിയും സാധിച്ചിട്ടില്ല.
തൃശൂര്‍ കണിമംഗലത്തെ ഒരു ക്രിസ്ത്യന്‍ കുടുംബത്തിലാണ് ഷീല ജനിച്ചു വളര്‍ന്നത്. സെലീന എന്നായിരുന്നു വീട്ടുകാരിട്ട പേര്. പിതാവ് ആന്റണി റെയില്‍വേ ഓഫീസറായിരുന്നു. അതുകൊണ്ടു തന്നെ പലയിടങ്ങളിലായിട്ടായിരുന്നു ഷീലയുടെ പഠനം. അതില്‍ ഭൂരിഭാഗവും ഊട്ടിയിലും. അങ്ങനെയാണ് ഒടുക്കം കുടുംബസമേതം ചെന്നൈയില്‍ സെറ്റിലാവുന്നത്. 13-ാം വയസില്‍ നാടകത്തിലൂടെയാണ് ഷീല അഭിനയ ലോകത്തേക്ക് എത്തിയത്. തുടര്‍ന്ന് 1962ല്‍ തന്റെ 17-ാം വയസിലാണ് പാസം എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയിലേക്കും എത്തി. അവിടെ നിന്നുമാണ് ഷീലാ എന്ന പേര് സ്വീകരിച്ചത്.
അതേ വര്‍ഷം തന്നെ ഭാഗ്യജാതകം എന്ന സിനിമയും ചെയ്തു. പിന്നീട് അങ്ങോട്ട് ഷീലയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 1982 വരെയുള്ള 20 വര്‍ഷക്കാലം സിനിമാ ലോകം മുഴുവന്‍ ഷീലയുടെ കാല്‍ക്കീഴിലായിരുന്നു. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി, ഉര്‍ദു തുടങ്ങി ഷീല അഭിനയിച്ചു തകര്‍ക്കുകയായിരുന്നു. 475ഓളം ചിത്രങ്ങളിലാണ് ഷീല എത്തിയത്. ചെമ്മീന്‍, കള്ളിച്ചെല്ലമ്മ, ഒരു പെണ്ണിന്റെ കഥ, ശരശ്ശയ്യ, കടത്തനാട്ടു മാക്കം, സ്ഥാനാര്‍ത്ഥി സാറാമ്മ തുടങ്ങി സൂപ്പര്‍ ഹിറ്റായ ചിത്രങ്ങളും തേടിയെത്തിയ അവാര്‍ഡുകളും അനവധിയാണ്. എന്നാല്‍ സ്വകാര്യ ജീവിതം ഒരു പരാജയമായിരുന്നു. മലേഷ്യന്‍ തമിഴ് നടനായിരുന്ന രവിചന്ദ്രനെയാണ് ഷീല വിവാഹം കഴിച്ചത്.
കരിയറില്‍ തിളങ്ങി നില്‍ക്കവേയായിരുന്നു വിവാഹം. എന്നാല്‍ ആ ബന്ധത്തില്‍ ഉണ്ടായ ചില പ്രശ്നങ്ങള്‍ ഇവരുടെ വിവാഹജീവിതം അവസാനിക്കാന്‍ കാരണമായി. തുടര്‍ന്ന് ഇരുവരും വിവാഹമോചിതരാവുകയും ചെയ്തു. പക്ഷേ ഇരുവര്‍ക്കും ഒരു മകനും ജനിച്ചിരുന്നു. ആ മകനാണ് വിഷ്ണു ജോര്‍ജ്ജ്. മകന്റെ ഉത്തരവാദിത്വം പൂര്‍ണമായും ഏറ്റെടുത്ത ഷീല മകനേയും കൂട്ടി ഊട്ടിയിലേക്ക് പോയി. അതോടെ ഷീല സിനിമയേയും സിനിമ ഷീലയേയും മറന്നുപോയി. മകനെ വലിയ ഒരാള്‍ ആക്കണം എന്ന ആഗ്രഹത്തോടെയാണ് ഷീല ഊട്ടിയിലേക്ക് വണ്ടി കയറിയത്. തുടര്‍ന്ന് 20 വര്‍ഷക്കാലമാണ് ഷീല സിനിമയില്‍ നിന്നും വിട്ടുനിന്നത്.
മകന് മികച്ച വിദ്യാഭ്യാസവും സമ്പത്തും എല്ലാം ഉണ്ടായിരുന്നിട്ടും മകനെ മലയാള സിനിമയിലെ നായകനടനാക്കി മാറ്റാനായിരുന്നു ഷീലയുടെ ആഗ്രഹം. അതിനായിട്ടായിരുന്നു സിനിമയിലേക്കുള്ള രണ്ടാം തിരിച്ചു വരവ്. അതിനായി കാതല്‍ റോജ എന്ന സിനിമയിലൂടെയാണ് ഷീലയുടെ മകന്‍ സിനിമയിലേക്ക് കാലെടുത്തു വച്ചത്. പൂജ കുമാറായിരുന്നു നായിക. ആ സിനിമ റിലീസാകും വരെ മറ്റൊരു സിനിമയും ചെയ്യരുതെന്ന് പ്രൊഡ്യൂസറുമായി കരാറിലും ഒപ്പിട്ടിരുന്നു. എന്നാല്‍ അതു പാലിക്കാന്‍ വിഷ്ണുവിന് സാധിച്ചില്ല. ഇത് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. ഒടുക്കം പലവിധ കാരണങ്ങളാല്‍ 1997ല്‍ ഷൂട്ട് ചെയ്ത ചിത്രം 2000ത്തിലാണ് റിലീസായത്. ആ സിനിമയിലെ പാട്ടുകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. പക്ഷെ പടം ഓടിയില്ല. ഒരുപക്ഷെ, വിഷ്ണു കരാര്‍ അനുസരിച്ചു പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ നടന്റെ കരിയര്‍ തന്നെ മറ്റൊരു തലത്തിലേക്ക് എത്തുമായിരുന്നു. പിന്നീട് ഒരുപാട് സിനിമയില്‍ വിഷ്ണു ട്രൈ ചെയ്തുവെങ്കിലും ക്ലച്ച് പിടിക്കാന്‍ ആയില്ല. അത് ഷീലയ്ക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്.
തുടര്‍ന്ന് കുറച്ച് തമിഴ് സീരിയലുകളിലും സിനിമകളിലും അഭിനയിച്ച വിഷ്ണു പതുക്കെ എല്ലാം ഉപേക്ഷിച്ച് സ്വകാര്യ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു. ഇപ്പോള്‍ ഭാര്യ സ്മിതയ്ക്കും രണ്ടു മക്കള്‍ക്കും ഒപ്പം വിദേശത്ത് എവിടെയോ ആണ് നടന്‍ കഴിയുന്നത്.