ഒരു ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും സ്നേഹവും ഏറ്റുവാങ്ങിയാണ് നടി സുബ്ബലക്ഷ്മി മരണത്തിനൊപ്പം പോയത്. ജന്മസുകൃതം പോലെ സുഖകരമായ മരണം. യാതൊരു കഷ്ടപ്പാടും ബുദ്ധിമുട്ടുകളും അനുഭവിക്കാതെ അവസാന ദിവസങ്ങളിലും സന്തോഷവതിയായി ഇരുന്നപ്പോഴാണ് ആ മുതുമുത്തശ്ശിയെ മരണം വിളിച്ചത്.
സുബ്ബലക്ഷ്മിയമ്മയെ കുറിച്ച് പറയുമ്പോള്‍ തന്നെ ആരാധക മനുസകളിലേക്ക് ഓടിയെത്തുന്നത് പല്ലില്ലാത്ത മോണ കാട്ടിയുള്ള ആ പൊട്ടിച്ചിരിയും വര്‍ത്തമാനവും ഒക്കെയാണ്. പ്രായമായപ്പോള്‍ കൊഴിഞ്ഞുപോയതാണെന്നാണ് ഇത്രയും കാലം ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ സത്യം അതല്ല. പ്രത്യേകിച്ച് യാതൊരു ബുദ്ധിമുട്ടുകളോ കഷ്ടപ്പാടുകളോ ഒന്നും തന്നെ ജീവിതത്തിന്റെ ഒരു ഘട്ടത്തിലും സുബ്ബലക്ഷ്മിയ്ക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. ആകെ ഉണ്ടായത് 35-ാം വയസിലെ ഒരു വാഹനാപകടം മാത്രമാണ്. ദൈവത്തിന്റെ പരീക്ഷണം പോലെയായിരുന്നു അത്. ആ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സുബ്ബലക്ഷ്മയ്ക്ക് നഷ്ടപ്പെട്ടത് വായിലെ മുഴുവന്‍ പല്ലുകളും ആയിരുന്നു.
ഏതാണ്ട് 1971ല്‍ ആയിരുന്നു ആ അപകടം സംഭവിച്ചത്. ഇളയ മകളായ താരാ കല്യാണ്‍ ജനിച്ച് മൂന്നു വയസ് മാത്രം പ്രായമുണ്ടായിരിക്കവേ ആയിരുന്നു ആ അപകടം. തിരുവനന്തപുരത്താണ് സുബ്ബലക്ഷ്മി വളര്‍ന്നതെങ്കിലും 1936ല്‍ തിരുനെല്‍വേലി പൊരുമേലിയില്‍ രാമഭദ്രന്റെയും രാമലക്ഷ്മിയുടെയും മകളായിട്ടാണ് ജനിച്ചത്. സര്‍ സിപിയായിരുന്നു അച്ഛനമ്മമാരുടെ വിവാഹത്തിനു മുന്‍കൈ എടുത്തത്. വലിയ സംഗീത കുടുംബമായിരുന്നു സുബ്ബലക്ഷ്മിയുടേത്. അന്ന് ഏതാണ്ട് 30 ഓളം പേരാണ് തറവാട്ടില്‍ പാട്ടുകാരായി ഉണ്ടായിരുന്നത്. സ്വാഭാവികമായി സുബ്ബലക്ഷ്മിയും ഗായികയാകാമെന്നു വച്ചു. പക്ഷേ മനസ്സിലെ മോഹം നടിയാകണം എന്നായിരുന്നു.
തിരുവനന്തപുരത്തെ പ്രശസ്തമായ ജവഹര്‍ ബാലഭവനില്‍ സംഗീത-നൃത്ത അദ്ധ്യാപികയായിട്ടായിരുന്നു സുബ്ബലക്ഷ്മിയുടെ തുടക്കം,അതിനൊപ്പം തന്നെ 1951 മുതല്‍ ആകാശവാണിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആകാശവാണിയുടെ ആദ്യ വനിതാ സംഗീത സംവിധായകയായും അവര്‍ ശ്രദ്ധിക്കപ്പെട്ടു. നിരവധി സംഗീത കച്ചേരികള്‍ നടത്തിയിട്ടുള്ള സുബ്ബലക്ഷ്മി ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയാണ്. 27 വര്‍ഷത്തോളമാണ് സംഗീതാധ്യാപികയായി ജോലി ചെയ്തത്. അതിനിടെ ആയിരുന്നു വിവാഹവും മക്കളുടെ ജനനവും ഒക്കെ. വിവാഹം കഴിക്കുമ്പോള്‍ ആകെ ഉണ്ടായിരുന്ന ആഗ്രഹം തന്റെ കലാ ജീവിതം ഒന്നിനും വേണ്ടിയും മാറ്റിവെക്കില്ലായെന്നതായിരുന്നു. ഭര്‍ത്താവ് കല്യാണകൃഷ്ണന്റെ പിന്തുണയോടെ തന്നെ കലാരംഗത്ത് തുടരുകയും ചെയ്തു.
ഭര്‍ത്താവിനൊപ്പം സന്തോഷകരമായ ദാമ്പത്യമായിരുന്നു നടിയുടേത്. ആദ്യം ഒരു മകള്‍ക്കും ഒരു മകനും ജന്മം കൊടുത്ത സുബ്ബലക്ഷ്മി 32-ാം വയസിലാണ് മൂന്നാമതും പ്രസവിക്കുന്നത്. താരാ കല്യാണ്‍ ജനിച്ച് മൂന്നു വയസ് പ്രായമായപ്പോഴാണ് ഒരു വാഹനാപകടം സംഭവിച്ചത്. 1971ല്‍. ജോലി കഴിഞ്ഞ് മടങ്ങി വരും വഴി സംഭവിച്ച അപകടത്തില്‍ വായിലെ മുഴുവന്‍ പല്ലുകളും തകരുകയും എല്ലാം ഘട്ടം ഘട്ടമായി എടുത്തു മാറ്റേണ്ടി വരികയും ചെയ്തു. അന്നും അതിനു ശേഷവും വെപ്പ് പല്ലു ഘടിപ്പിക്കാനുള്ള നൂതന സാങ്കേതിക വിദ്യകളെല്ലാം ഉണ്ടായിട്ടും അതെല്ലാം വേണ്ടെന്നു വച്ചാണ് മരണം വരെ സുബ്ബലക്ഷ്മി ജീവിച്ചത്.
സംഗീതത്തേക്കാള്‍ അഭിനയം ഇഷ്ടപ്പെട്ട സുബ്ബലക്ഷ്മി തന്റെ 69-ാം വയസിലാണ് സിനിമാ അരങ്ങേറ്റം കുറിച്ചത്. പല്ലു പൊഴിയുന്ന ആ പ്രായത്തില്‍ സിനിമയിലെത്തിയ സുബ്ബലക്ഷ്മി പല്ലില്ലാത്ത നിഷ്ടകളങ്കമായ ചിരിയിലൂടെ തന്നെയാണ് ആരാധക മനസുകള്‍ കവര്‍ന്നതും. നടന്‍ സിദ്ദീഖ് ആണ് നന്ദനത്തിലെ വേഷത്തിലേക്ക് സംവിധായകനായ രഞ്ജിത്തിനോട് ശുപാര്‍ശ ചെയ്തത്. നാട്ടിന്‍ പുറത്തുകാരി മുത്തശ്ശിയായ ശേഷം രണ്ടാമത്തെ ചിത്രമായ ഗ്രാമഫോണില്‍ ഫ്രോക്ക് ധരിച്ച ആംഗ്ലോ ഇന്ത്യന്‍ മുത്തശ്ശിയായും എത്തി. കല്യാണരാമനാണ് ഏറെ പ്രശസ്തി നേടിക്കൊടുത്ത സിനിമ. മലയാളത്തിനു പുറമെ തെലുഗു, ഹിന്ദി, തമിഴ്, കന്നഡ, സംസ്‌കൃതം, ഇംഗ്ലീഷ് സിനിമകളിലെല്ലാം സുബ്ബലക്ഷ്മി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ചില ടെലിഫിലിമുകളിലും ആല്‍ബങ്ങളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന വളയം എന്ന സീരിയലില്‍ തുടങ്ങി ഗന്ധര്‍വ്വയാമം, രാമേട്ടന്‍, വേളാങ്കണ്ണി മാതാവ്, കുട്ടിച്ചാത്തന്‍, അമ്മ, കടമറ്റത്ത് കത്തനാര്‍, സീതാ കല്യാണം, ഒടുവില്‍ ഇപ്പോള്‍ സംപ്രേക്ഷണം തുടരുന്ന സുധാമണി സൂപ്പറാ വരെയുള്ള സീരിയലുകളിലും നടി അഭിനയിച്ചിട്ടുണ്ട്.