ദിലീപ് ചിത്രമായ ചാന്തുപൊട്ടില്‍ ഇന്ദ്രജിത്തിന്റെ ചെറുപ്പം അഭിനയിച്ചു കൊണ്ട് അഭിനയ രംഗത്തേക്ക് കടന്നു വന്ന നടനാണ് ബാലു വര്‍ഗീസ്. ചെറിയ കഥാപാത്രങ്ങളിലൂടെ തിളങ്ങി ഇപ്പോള്‍ നായകവേഷങ്ങളും ശ്രദ്ധേയ വേഷങ്ങളും അവതരിപ്പിക്കുന്ന ബാലു വിവാഹിതനാകാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ എത്തുന്നത്. സിനിമാ രംഗത്തും മോഡലിങ്ങ് രംഗത്തും പ്രവര്‍ത്തിക്കുന്ന യുവനടിയാണ് ബാലുവിന്റെ ജീവിതസഖിയാകാന്‍ ഒരുങ്ങുന്നത്.
നടന്‍ ലാലിന്റെ സഹോദരീ പുത്രനാണ് ബാലു വര്‍ഗീസ്. ചാന്തുപൊട്ടില്‍ ഇന്ദ്രജിത്തിന്റെ ചെറുപ്പകാലം അവതരിപ്പിക്കാനായി ലാലാണ് ബാലുവിനെ ശുപാര്‍ശ ചെയ്തത്. പിന്നീട് ബാലുവിനെ തേടി നിരവധി കഥാപാത്രങ്ങള്‍ എത്തി. തലപ്പാവ്, മാണിക്യക്കല്ല്, അറബിക്കഥ, ഇതിഹാസ, ചങ്ക്‌സ്, കിങ്ങ് ലയര്‍ തുടങ്ങി നിരവധി വേഷങ്ങളില്‍ ബാലു തിളങ്ങിയിട്ടുണ്ട്. ജീന്‍ പോല്‍ ലാലിന്റെ ഹണീബീയിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെയാണ് കൂടുതല്‍ വേഷങ്ങള്‍ ബാലുവിനെ തേടിയെത്തിയത്. 28 വയസുള്ള നടന്‍ വിവാഹിതനാകാന്‍ ഒരുങ്ങുകയാണ്. നടിയും മോഡലുമായ എലീന കാതറിനാണ് ബാലുവിന്റെ ജീവിതസഖിയാകാന്‍ ഒരുങ്ങുന്നത്. ഇരുവരുടെയും വിവാഹനിശ്ചയം അടുത്ത മാസം രണ്ടാം തിയതി നടക്കും.
ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് ബാലുവും എലീനയും വിവാഹിതരാകാന്‍ ഒരുങ്ങുന്നത്. എലീനയാണ് വിവാഹക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞ മാസം എലീനയുടെ പിറന്നാള്‍ ദിനത്തില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ബാലു എലീനയെ പ്രപ്പോസ് ചെയ്തിരുന്നു. ഇതിന്റെ സന്തോഷം പ്രകടിപ്പിച്ച് എലീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇവരുടെ പ്രണയം ആരാധകര്‍ അറിഞ്ഞത്. ഇപ്പോള്‍ അടുത്ത മാസം 2ന് നിശ്ചയം നടക്കുമെന്ന സന്തോഷവാര്‍ത്തയും എലീന പങ്കുവച്ചിരിക്കയാണ്. വിവാഹത്തിനായി ഒരുങ്ങുമ്പോള്‍ എന്ന പുസ്തകം പിടിച്ച് ഇരുവരും നില്‍ക്കുന്ന ചിത്രവും എലീന പങ്കുവച്ചിട്ടുണ്ട്.
റിയാലിറ്റി ഷോയിലൂടെ തുടക്കം കുറിച്ച് സൗന്ദര്യ മത്സര വേദികളിലും മോഡലിംഗ് രംഗത്തും സജീവമാകുകയായിരുന്നു എലീന. മിസ് ദിവ, മിസ് സൗത്ത് ഇന്ത്യ, മിസ് ഇന്ത്യ ഗ്ലാം വേള്‍ഡ് തുടങ്ങിയ വേദികളില്‍ മികച്ച പ്രകടനം കാഴ്ചവച്ച എലീന മിസ് ഗ്ലാം വേള്‍ഡില്‍ ഇന്ത്യയെ പ്രതിനിഥീകരിച്ച് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. അയാള്‍ ഞാനല്ല, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ ചിത്രങ്ങളില്‍ എലീന അഭിനയിച്ചിട്ടുമുണ്ട്.