പലരും ചോദിച്ചും കേട്ടും പഴകിയ ഒരു കാര്യമാണ്, സ്‌കൂളിലും കോളേജിലും ക്ലാസ് ഫസ്റ്റും റാങ്കുമൊക്കെ നേടിയ പെണ്‍കുട്ടികളൊക്കെ ഭാവിയില്‍ എന്തായി എന്ന്. പഠിത്തത്തില്‍ മിടുക്കി ആയിരുന്നാലും വിവാഹത്തോടെ സര്‍ട്ടിഫിറ്റുകളൊക്കെ മടക്കി വച്ച് ഭര്‍ത്താവിനേയും കുഞ്ഞുങ്ങളെയും നോക്കി വീ്ട്ടിലിരിക്കുന്ന കഴിവുളള എത്രയോ സ്ത്രീകളുണ്ട്. എന്നാല്‍ ആത്മവിശ്വാസമുണ്ടെങ്കില്‍ ഏതു രംഗത്തും വിജയം കരസ്ഥമാക്കാമെന്ന് സ്ത്രീകള്‍ തിരിച്ചറിയണമെന്ന് ദീപാലി ഫിട്‌നസ് മിസിസ് ഇന്ത്യ കേരള മത്സരത്തില്‍ മിസിസ് ഇന്ത്യ കേരള 2018, മിസിസ് ഇന്ത്യ അംബാസഡര്‍ എന്നീ ടൈറ്റിലുകള്‍ നേടിയ ശശിലേഖ നായര്‍ പറയുന്നു. സൗന്ദര്യകീരിടമണിഞ്ഞ ശശിലേഖ ഒരു പത്താംക്ലാസുകാരിയുടെ അമ്മയാണ് എന്നതാണ് ഏവരെയും അമ്പരപ്പിക്കുന്നത്. പ്രായവും ബാധ്യതയുമൊക്കെ കാരണം സ്വപ്‌നങ്ങള്‍ അടക്കിപ്പിടിച്ച് ജീവിക്കുന്ന വീട്ടമ്മമാര്‍ക്ക് പ്രചോദനമാണ് ശശിലേഖ.
ആത്മവിശ്വാസമാണ് വിജയമന്ത്രമെന്നാണ് സൗന്ദര്യകിരീടമണിഞ്ഞ ശശിലേഖ പറയുന്നത്. മത്സരത്തില്‍ പങ്കെടുക്കാനുളള കാരണത്തെക്കുറിച്ചും താരം വ്യക്തമാക്കി.
വീ ആര്‍ നോട്ട് ലുക്കിങ് ഫോര്‍ മോഡല്‍സ്, വീ ആര്‍ ലുക്കിങ് ഫോര്‍ റോള്‍ മോഡല്‍സ് എന്ന ആശയമാണ് ഈ മത്സരത്തിലേക്ക് തന്നെ ആകര്‍ഷിച്ചതെന്ന് ശശിലേഖ പറയുന്നു. 20 മുതല്‍ 40 വയസ്സ് വരെയുള്ളവര്‍ക്കായുള്ള മിസിസ് ഇന്ത്യ വിഭാഗത്തിലാണു മത്സരിച്ചത്. വ്യക്തിത്വം, സാമൂഹിക പ്രതിബദ്ധത, ആത്മവിശ്വാസം ഇവയാണ് വിധികര്‍ത്താക്കള്‍ വിലയിരുത്തിയത്. വിദേശമലയാളികളുള്‍പ്പെടെ 71 മത്സരാര്‍ഥികള്‍ പങ്കെടുത്തു. മൂന്ന് റൗണ്ടുകളിലായിട്ടായിരുന്നു മത്സരം.
അഞ്ചു വര്‍ഷമായി ഭരതനാട്യം പഠിക്കുന്ന ശശിലേഖ കുറച്ചു വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. എന്തുകൊണ്ട് ഭരതനാട്യം തിരഞ്ഞെടുത്തു എന്നു മത്സരത്തിലെ ചോദ്യോത്തര റൗണ്ടില്‍ ചോദ്യമുയര്‍ന്നു. എല്ലാ കലാരൂപങ്ങളും ഇഷ്ടപ്പെടുന്നുണ്ടെങ്കിലും ലാസ്യനടനമായ മോഹിനിയാട്ടത്തെക്കാള്‍ ഭരതനാട്യത്തിന്റെ ജതിയും രീതികളുമാണ് തന്നെ കൂടുതല്‍ ആകര്‍ഷിച്ചത് എന്നായിരുന്നു മറുപടി. ടാലന്റ് റൗണ്ടില്‍ ഭരതനാട്യം അവതരിപ്പിച്ചു. യോഗ ട്രെയിനിങ്, ഫിറ്റ്‌നെസ് ഷൂട്ട്, ഒഡിസി ഡാന്‍സ് ക്ലാസ്, വോക്ക് ട്രെയിനിങ്, പൂള്‍ ഷൂട്ട്... എന്നിവയുമുണ്ടായി. പൂള്‍ ഷൂട്ടിന് കംഫര്‍ട്ടബിള്‍ ആയ എന്തു കോസ്റ്റ്യൂമും ഇടാം എന്നറിഞ്ഞപ്പോഴേ ആശ്വാസമായുള്ളൂ. മുപ്പത് പേരാണ് ഫൈനല്‍ റൗണ്ടിലെത്തിയത്. മെഡിസിന്‍, എന്‍ജിനീയറിങ്, കൃഷി ഇതില്‍ ഏതു പ്രഫഷന്‍ തിരഞ്ഞെടുക്കും എന്നതായിരുന്നു തന്നോടുളള ചോദ്യം ഏതു ജോലിക്കും അതിന്റേതായ മഹത്വമുണ്ടെന്നും എങ്കിലും വിഷാംശമില്ലാത്ത ഭക്ഷണം എല്ലാവര്‍ക്കും ലഭിക്കാന്‍ സഹായിക്കുന്ന കൃഷിക്കാരിയായാല്‍ മതി എന്നുമാണ് താന്‍ പറഞ്ഞതെന്ന് താരം പറയുന്നു.
ഇരുപത്തിയൊന്നും ഇരുപത്തിയഞ്ചും വയസ്സുള്ള കുട്ടികളോടാണ് മത്സരിക്കേണ്ടത് എന്നതായിരുന്നു വെല്ലുവിളി. വിജയിയായതോടെ അംബാസഡറായ താന്‍ കമ്പനിയുടെ ബ്യൂട്ടി വിത്ത് ഹാര്‍ട്ട് എന്ന പദ്ധതിയിലൂടെ പ്രമേഹരോഗികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നും താരം പറുന്നു.മൈക്രോബയോളജിയില്‍ ബിരുദവും ഇംഗ്ലിഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും നേടിയ ശശിലേഖ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഐടി കമ്പനിയുടെ ഡയറക്ടറാണ്. ലണ്ടനിലും ചെന്നൈയിലും ഐടി മേഖലയില്‍ ജോലി ചെയ്ത ശേഷമാണ് ഈ കമ്പനി തുടങ്ങിയത്. ഭര്‍ത്താവ് രാജീവ് കുമാര്‍ പിള്ള ബെംഗളൂരുവില്‍ ഐടി മേഖലയിലാണ്. മൂത്തമകള്‍ സ്വാതി. ഇളയമകള്‍ ജാന്‍വി നാലില്‍ പഠിക്കുന്നു. പത്തനംതിട്ട കാട്ടൂര്‍ റിട്ട. സുബേദാര്‍ മേജര്‍ ശശിധരന്‍ നായരുടെയും റിട്ട. അധ്യാപിക വിജയമ്മയുടെയും മകളാണ്. ശശികല സഹോദരിയാണ്.വീട്ടമ്മമാര്‍ക്ക് പ്രചോദനമായ താരം ഒരു സൂപ്പര്‍ സ്റ്റാറിന്റെ ബന്ധുകൂടിയാണ്. ശശിലേഖയുടെ അച്ഛനും നടന്‍ മോഹന്‍ലാലിന്റെ അച്ഛനും സഹോദരിമാരുടെ മക്കളാണ് എന്നതാണ്. പ്രായത്തെ വെല്ലുന്ന പാരമ്പര്യം രക്തത്തില്‍ ഉളളതാണെന്നാണ് ആരാധകര്‍ പറയുന്നത്.