നടന് പൃഥിരാജ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രം തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. എല്ലാവരും വിജയ ലഹരിയില്‍ മുഴുകുമ്പോള്‍ ഇപ്പോള്‍ പൃഥിരാജ് ലൂസിഫര്‍ വിജയത്തില്‍ താന്‍ കടന്നുവന്ന പാതകളെകുറിച്ചും വൈതരണികളെകുറിച്ചും വാചാലനായിരിക്കയാണ്. ഒരു സ്വകാര്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം നടത്തിയ വെളിപ്പെടുത്തലുകള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്.
മലയാളത്തില്‍ ഏറെ കൂടുതല്‍ ട്രോളുകള്‍ നേടുകയും ആളുകള്‍ ആക്ഷേപിച്ച് സംസാരിക്കുകയും ചെയ്ത നടന്‍മാരില്‍ ഒരാളാണ് പൃഥിരാജ്. രാജപ്പന്‍ എന്ന പേര് ചാര്‍ത്തി നല്‍കി മലയാളികള്‍ ഈ നടനെ അപമാനിച്ചത് കുറച്ചൊന്നുമല്ല. ഇപ്പോള്‍ എല്ലാ ആക്ഷേപങ്ങള്‍ക്കും അപമാനങ്ങള്‍ക്കുമൊടുവില്‍ അവര്‍ തന്നെ പൃഥിരാജിന് ജയ് വിളിക്കുകാണ്. എന്നാല്‍ കുറേകാലമായി തന്നെ അത്തരം വേട്ടകളൊന്നും ബാധിക്കാറെ ഇല്ലെന്നാണ് പൃഥി പറയുന്നത്. എന്തെല്ലാം പരാതിയുണ്ടെങ്കിലും കല എന്ന സാധനത്തിനൊരു മാജിക്കുണ്ട്. അതിന്റെ പ്രഭയില്‍ എല്ലാം മറക്കും. ലൂസിഫര്‍ സാധാരണക്കാര്‍ക്കായുള്ള ചിത്രമാണ് എന്ന് താരം പറയുന്നു. എന്നാല്‍ ലൂസിഫര്‍ പരാജയമായിരുന്നെങ്കില്‍ താന്‍ തളര്‍ന്നുപോകുമായിരുന്നുവെന്നാണ് പൃഥി പറയുന്നത്. സംവിധാനം ചെയ്യുന്നു എന്നറിഞ്ഞപ്പോള്‍ പലരും പറഞ്ഞു ഇത് റിസ്‌കാണെന്ന്. എന്നാല്‍ ഭാര്യ സുപ്രിയ എന്നോട് ഒരിക്കല്‍പ്പോലും ഇതു റിസ്‌കല്ലേ എന്നു ചോദിച്ചില്ല. തന്റെ മനസ്സിലെ തീവ്രമായ ആഗ്രഹം അവള്‍ക്കറിയാമായിരുന്നു എന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. തന്നെപോലെ തന്നെ ഒരു പുതുമുഖ സംവിധായകന് ഡേറ്റ് നല്‍കിയപ്പോള്‍ മോഹന്‍ലാലും നിര്‍മാതാവായി എത്തിയ ആന്റണി പെരുമ്പാവൂരും റിസ്‌ക് എടുത്തു. നിര്‍മാതാവെന്ന നിലയില്‍ ആന്റണിയെപ്പോലെ ഒരാളില്ലെങ്കില്‍ ഈ സിനിമ ഉണ്ടാകില്ലായിരുന്നു എന്നുംപൃഥി പറയുന്നു.
അതുപോലെ തന്നെ പലര്‍ക്കും താന്‍ ഒരു ശല്യമായിരിക്കാമെന്ന വെളിപ്പെടുത്തലും പൃഥി നടത്തിയിട്ടുണ്ട്. വലിയ സംവിധായകരോടും ക്യാമറാമാന്‍മാരോടും പലവട്ടം സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. പലരെയും ചോദ്യങ്ങള്‍ ചോദിച്ച് വിഷമിപ്പിച്ചു.എന്നാല്‍ അവരെല്ലാം എന്റെ ഗുരുസ്ഥാനത്താണ്. അതേസമയം ലൂസിഫറിന്റെ മുഴുവന്‍ ക്രഡിറ്റും പൃഥിരാജ് നല്‍കുന്നത് മോഹന്‍ലാലിനാണ്. മോഹന്‍ലാലാണ് ഈ സിനിമയെക്കുറിച്ച് ആദ്യം ജനത്തോടു പറയുന്നത്. ഓരോ തവണയും അദ്ദേഹം എന്നെക്കുറിച്ചും പറഞ്ഞു. ലാലേട്ടനെപ്പോലെ ഒരാള്‍ പറയുമ്പോള്‍ ഉണ്ടാകുന്ന വിശ്വാസമാണ് എന്നോടുള്ള വിശ്വാസമായി മാറിയത്. അങ്ങനെ പറയാന്‍ ഒരാളുണ്ടായി എന്നതാണു വലിയ കാര്യം എന്നും താരം വെളിപ്പെടുത്തുന്നു. ലൂസിഫിന്റെ വിജയത്തോടെ ഇനി ചെറിയ ബഡ്ജറ്റില്‍ ചെയ്യാവുന്ന ചിത്രം സംവിധാനം ചെയ്യണമെന്ന് താല്‍പര്യമുണ്ടെന്ന് താരം പറയുന്നു.