ഐ പിഎല്‍ മത്സരങ്ങളില്‍ റിലയന്‍സ് സ്പോണ്‍സര്‍ ചെയ്യുന്ന ടീം വിജയം നേടുമ്ബോള്‍, കളിക്കാരെ വിട്ട് ക്യാമറ ഫോക്കസ് ചെയ്തിരുന്നത്, സിനിമാ നടിമാരെ തോല്‍പ്പിക്കുന്ന ആ സുന്ദരിയിലേക്കായിരുന്നു. അവരുടെ ചിരിയും കൈയടിയും കെട്ടിപ്പിടുത്തവുമൊക്കെ ക്യാമറകള്‍ ആഘോഷിച്ച കാലം. അതാണ് നിതാ അംബാനി. ഇന്ത്യയിലെ ഏറ്റവും വലുതും, ലോകത്തിലെ പത്താമത്തെ വലിയ ധനികനുമായ മുകേഷ് അംബാനിയുടെ ഭാര്യ. കോടികളുടെ സ്വത്തിന്റെ വറ്റുകുത്തലില്‍ ക്രിക്കറ്റും സിനിമയുമായി ജീവിതം അടിച്ചുപൊളിച്ച് ആഘോഷിക്കുന്ന വ്യക്തിയാണ് അവര്‍ എന്നാണ് ഒറ്റനോട്ടത്തില്‍ തോന്നുക. ( നമ്മുടെ പതിവ് മാര്‍ക്സിസ്റ്റ് പദാവലികള്‍ ഉപയോഗിച്ചാല്‍ ഒരു കുത്തക ബൂര്‍ഷ്വാ നിയോലിബറല്‍ ചൂഷകയെന്നോക്കെ വിശേഷിപ്പിക്കാം! ) പക്ഷേ യാഥാര്‍ഥ്യം അതൊന്നുമല്ല. ഇന്ന് ഇന്ത്യയില്‍ എറ്റവും കൂടുതല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികളുടെ ലിസ്റ്റ് എടുത്താല്‍ ആദ്യ പത്തില്‍ വരുന്നത് നിതാ അംബാനി ആയിരിക്കും.
റിയലന്‍സ് ഗ്രൂപ്പിന്റെ മാനുഷിക മുഖമാണ് ഇന്ന് അവര്‍. ഒരിക്കല്‍ രത്തന്‍ ടാറ്റയോട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചിരുന്നു. ''ടാറ്റ ഗ്രൂപ്പ് ഇവിടെ നൂറ്റാണ്ടിലേറെയായി ബിസിനസ് നടത്തുന്നു. പക്ഷേ റിലയന്‍സിന്റെ വളര്‍ച്ച പെട്ടന്നാണെല്ലോ''. ടാറ്റയുടെ മറുപടി വലിയ തലക്കെട്ടായിരുന്നു. 'ഞങ്ങള്‍ വെറും ലാഭം മാത്രം ലക്ഷ്യമിട്ടല്ല പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയെ പുനര്‍നിര്‍മ്മിക്കുക, എന്ന ഭാരിച്ച ഉത്തരവാദിത്വവും ഞങ്ങള്‍ക്കുണ്ട്.'- അന്ന് അംബാനി ഗ്രൂപ്പ് കാര്യമായ സാമൂഹിക ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തിട്ടുമുണ്ടായിരുന്നില്ല. പക്ഷേ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി ചരിത്രം മാറ്റിമറിച്ചു. റിലയന്‍സിനെ സാമൂഹിക സേവന മേഖലകളിലേക്ക് തിരിച്ചുവിട്ടു. 2010 ല്‍ റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപിച്ചു കൊണ്ടാണ് നിത അംബാനി ശക്തമായി രംഗത്തെത്തുന്നത്. റിലയന്‍സിന്റെ സി.എസ് ആര്‍ ഫണ്ട് ഫലപ്രദമായി കൈകാര്യം ചെയ്യണമെന്ന ലക്ഷ്യവുമായാണ് ഇതിന്റെ തുടക്കം. അത് ശതകോടികളുടെ സാമൂഹിക പ്രവര്‍ത്തനമായി മാറി.
ഫാര്‍ച്യൂണ്‍ ഇന്ത്യ ലിസ്റ്റില്‍ ഇന്ത്യയിലെ ഏറ്റവും ശക്തയായ രണ്ടാമത്തെ വനിതയായി നിത അംബാനിയെ ആണ് തെരഞ്ഞെടുത്തിരിക്കുന്നത്. കോവിഡ് സാഹചര്യങ്ങള്‍ ഇന്ത്യയിലുണ്ടാക്കാന്‍ പോകുന്ന ദൂരവ്യാപക ഫലങ്ങള്‍ അവര്‍ മുന്‍കൂട്ടി കണ്ട് നടപ്പാക്കിയ പദ്ധതികളാണ് ഇന്ത്യയിലെ ഏറ്റവും ശക്തയായ രണ്ടാമത്തെ വനിതയെന്ന പദവി അവര്‍ക്ക് ലഭിക്കാന്‍ കാരണമായത്. ബില്‍ഗേറ്റ്സിന്റെ ഭാര്യ മെലന്‍ഡ ഗേറ്റ്സും, ക്ലിന്റന്റെ പങ്കാളി ഹിലറി ക്ലിന്റനുമൊക്കെ നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളോടാണ് വിദേശമാധ്യമങ്ങള്‍ നിതയുടെ പ്രവര്‍ത്തനത്തെ താരതമ്യപ്പെടുത്തുന്നത്.
'നിങ്ങള്‍ അംബാനിയാണെങ്കില്‍ ഞാന്‍ എലിസബത്ത് ടെയിലര്‍'
നീത ദലാല്‍ മുകേഷ് അംബാനി എന്ന ഇന്നത്തെ കോടീശ്വരി, 1963 ല്‍ നവംബര്‍ 1ന് മുംബൈയില്‍ മധ്യവര്‍ഗ ഗുജറാത്തി കുടുംബത്തിലാണ് ജനിച്ചത്. രവീന്ദ്രഭായ് ദലാല്‍ലും പൂര്‍ണ്ണിമ ദലാല്‍ലും ആണ് മാതാപിതാക്കള്‍.
സാമ്ബത്തിക ശാസ്ത്രത്തില്‍ ബിരുദധാരിയാണെങ്കിലും ചെറുപ്പം മുതലേ നൃത്തത്തിലായിരുന്നു താല്‍പര്യം. അങ്ങനെ ഭരതനാട്യത്തില്‍ അറിയപ്പെടുന്ന നര്‍ത്തകിയായി. ഒരു ദിവസം നിതയുടെ ഡാന്‍സ് പ്രോഗ്രാം കാണാന്‍ ധിരുഭായ് അംബാനിയും ഉണ്ടായിരുന്നു. അദ്ദേഹത്തിന് നിതയെ നല്ല ഇഷ്ടമായി. മൂത്ത മകന്‍ മുകേഷിന് ഈ കുട്ടി നന്നായി ചേരും എന്ന തോന്നല്‍. അങ്ങനെ അദ്ദേഹം നിതയെ ഫോണ്‍നമ്ബര്‍ സംഘടിപ്പിച്ച് വിളിച്ചു. പക്ഷേ ആരോ തന്നെ കളിപ്പിക്കയാണെന്നാണ് നിതക്ക് അപ്പോള്‍ തോന്നിയത്.
'നിങ്ങള്‍ ധീരുഭായ് അംബാനിയാണെങ്കില്‍, ഞാന്‍ എലിസബത്ത് ടെയ്‌ലറാണ്' എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. എന്നാല്‍ പിന്നീടും അദ്ദേഹം നിതയെ വിളിച്ചു, അവസാനം ധീരുഭായ് അംബാനിയുടെ ഓഫീസില്‍ വച്ച് അവര്‍ കണ്ടുമുട്ടി. തന്റെ മൂത്തമകന്‍ മുകേഷ് അംബാനിയെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നാണ് അദ്ദേഹം നിതയോട് ചോദിച്ചത്. അപ്പോഴാണ് അവള്‍ക്ക് ഇത് സീരിയസ് ആണെന്ന് മനസ്സിലായത്.
വീട്ടില്‍ വന്ന് ഭാര്യ കോകിലാ ബെന്നിനോട് ധീരുഭായ് നടന്ന കാര്യം പറഞ്ഞു. അവര്‍ ചിരിച്ചു. അങ്ങനെ രണ്ടു പേരും കൂടി നിതയുടെ വീട്ടിലെത്തി. ഗുജറാത്തില്‍ നിന്നുവന്ന ഒരു ഇടത്തരം കുടുംബമാണ് നിതയുടേത്. അവര്‍ ഈ ആലോചന കേട്ട് ഞെട്ടിപ്പോയി. നിത ഒറ്റ കണ്ടീഷന്‍ മാത്രം വച്ചു. കല്യാണം കഴിഞ്ഞാലും ജോലിക്കു പോകണം. ധീരുഭായ് അംബാനിയും കോകിലാ ബെന്നും എതിരൊന്നും പറഞ്ഞുമില്ല.
മുകേഷ് അംബാനിയും നിത ദലാലും 1985 മാര്‍ച്ച് 7നാണ് വിവാഹിതരായത്. വിവാഹത്തിന് മുമ്ബ് പ്രണയിക്കാന്‍ വെറും മൂന്നാഴ്ച മാത്രമാണ് കിട്ടിയതെന്ന് നിത പിന്നീട് ഒരു അഭിമുഖത്തില്‍ പറഞ്ഞു. മുംബൈ പെദ്ദാര്‍ റോഡിലൂടെയുള്ള ഒരു യാത്രക്കിടെ മുകേഷ് അംബാനി തന്റെ കാര്‍ നിര്‍ത്തി നിത ദലാലിനോട് വിവാഹാഭ്യര്‍ത്ഥന നടത്തി. പരമ്ബരാഗത ഗുജറാത്തി രീതിയില്‍ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ആയിരുന്നു ഇവരുടെ വിവാഹം. വെള്ളയും ചുവപ്പും നിറത്തിലുള്ള സില്‍ക്ക് സാരിയായിരുന്നു നിത അംബാനിയുടെ വിവാഹ വസ്ത്രം. കുര്‍ത്ത, പൈജാമ, തലപ്പാവ് എന്നിവ ധരിച്ച് തനി ഗുജറാത്തി വരനായാണ് മുകേഷ് എത്തിയത്. വിവാഹ സമയത്ത് നിതയ്ക്ക് 22 വയസ്സും മുകേഷിന് 28 വയസ്സുമായിരുന്നു പ്രായം.
കല്യാണം കഴിഞ്ഞ് ഒരു വര്‍ഷമാകുമ്ബോഴേക്കും ഒരു നഴ്സറി സ്‌കൂളില്‍ ടീച്ചറായി നിത ജോലിക്കു കയറി. 800 രൂപയായിരുന്നു ശമ്ബളം. അതില്‍നിന്ന് ഒരു രൂപ പോലും എടുക്കാതെ മുഴുവനും മുകേഷിനെ ഏല്‍പിക്കും. രസകരമായിരുന്നു അന്നത്തെ ദിനങ്ങള്‍ എന്നാണ് ഒരു ബിസിനസ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നിത ഓര്‍ക്കുന്നത്.
സഹായിക്കുന്നത് നാലരക്കോടി ജനങ്ങളെ
പക്ഷേ വൈകാതെ തന്നെ നിത ബിസിനസ് രംഗത്തേക്കും തിരിഞ്ഞു. കാര്യങ്ങള്‍ നന്നായി പഠിക്കാനും പെട്ടന്ന് തീരുമാനമെടുക്കാനുമുള്ള അവളുടെ കഴിവ്, വെട്ടൊന്ന് മുറി രണ്ട് എന്ന സ്വഭാവക്കാരനായ ധീരുബായിക്കും ഏറെ ഇഷ്ടമായിരുന്നു. 2002ല്‍ ധീരുബായിയുടെ മരണത്തെ തുടര്‍ന്ന് അവര്‍ ഭര്‍ത്താവിനൊപ്പം ബിസിനസില്‍ സജീവമായി.
2010 ല്‍ റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപിച്ചു കൊണ്ടാണ് നിത അംബാനി ശക്തമായ സാന്നിധ്യമാവുന്നത്. റിലയന്‍സിന്റെ സി.എസ് ആര്‍ ഫണ്ട് ഫലപ്രദമായി കൈകാര്യം ചെയ്യണമെന്ന ലക്ഷ്യവുമായാണ് ഇതിന്റെ തുടക്കം. ധിരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ തുടങ്ങി അതിനെ ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌കൂള്‍ ആക്കി മാറ്റിയതിന്റെ പിന്നിലെ കഴിവും നിതയുടേത് ആണ്. ക്രിക്കറ്റിലും ഫുട്ബോളിലുമെല്ലാം നിത മികച്ച സംരംഭകയാണ് എന്ന് തെളിയിക്കുന്നതാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് മുംബൈ ലീഗിന്റേയും ഫുട്ബോള്‍ സ്പോര്‍ട്സ് ലിമിറ്റഡിന്റെ കീഴിലെ ഇന്ത്യാ സൂപ്പര്‍ ലീഗിന്റേയും വിജയം.
വിപണി മൂല്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കമ്ബനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ബോര്‍ഡ് അംഗം, ഒബറോയ് ഗ്രൂപ്പിന്റെ ഹോട്ടല്‍ ശൃംഖലയിലെ ബോര്‍ഡ് അംഗം എന്നു തുടങ്ങിയുള്ള ബിസിനസ് ഇടങ്ങളില്‍ തന്റെ ശക്തമായ സാന്നിധ്യം അവര്‍ തെളിയിച്ചു കഴിഞ്ഞു. അപ്പോഴും പാവങ്ങളെ അവര്‍ മറക്കുന്നില്ല. നാലരക്കോടി ആളുകള്‍ക്കാണ് നിതയുടെ സഹായം റിലയന്‍സ് ഫൗണ്ടേഷന്‍ വഴി കിട്ടുന്നത്. സ്പോര്‍ട്സിലും ക്രിക്കറ്റിലും താല്‍പര്യമുണ്ടായിട്ടും ദാരിദ്ര്യം കൊണ്ട് പിന്തള്ളപ്പെട്ടു പോയ ഒരു ലക്ഷം കുട്ടികള്‍ക്ക് വേണ്ട പരിശീലനവും സഹായങ്ങളും ഇവര്‍ നല്‍കുന്നുണ്ട്. ടാറ്റയെപ്പോലെ സാമൂഹിക പ്രതിബദ്ധ ഉള്ളവര്‍ അല്ല,അംബാനിമാര്‍ എന്ന ആരോപണം മായ്ച്ചുകളയാനും നിതക്ക് കഴിഞ്ഞു.
പേരെടുത്തത് കോവിഡ് കാലത്തെ പ്രവര്‍ത്തനം വഴി
കോവിഡ്കാലത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വഴിയാണ് നിത വലിയ രീതിയില്‍ പ്രശംസ പിടിച്ചുപറ്റിയത്. മുംബൈ കോര്‍പറേഷനുമായി സഹകരിച്ച് സൗജന്യ ചികില്‍സക്കായി ഇന്ത്യയിലെ ആദ്യത്തെ കോവിഡ് സ്പെഷല്‍റ്റി ഹോസ്പിറ്റല്‍ സ്ഥാപിക്കുകയാണ് ആദ്യം തന്നെ അവര്‍ ചെയ്തത്. ആദ്യം 250 ബെഡ് പിന്നീടത് 2000 ബെഡ്ഡാക്കി ഉയര്‍ത്തി.
പ്രതിദിനം 15000 കോവിഡ് ടെസ്റ്റുകള്‍ ചെയ്യാന്‍ പറ്റുന്ന ലാബും സ്ഥാപിച്ചു. റിലയന്‍സിന്റെ ജം നഗര്‍ കോംപ്ലക്സിനെ ഒരു ലക്ഷം പിപിഇ കിറ്റുകളും മാസ്‌ക്കുകളും മെഡിക്കല്‍ ഗ്രേഡ് ഓക്സിജനും ഉല്‍പാദിപ്പിക്കാനുള്ള കേന്ദ്രമാക്കി മാറ്റി. ജിയോ ഹെല്‍ത്ത് ക്ലബ് എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോം സ്ഥാപിച്ച് 25 ലക്ഷം പേര്‍ക്ക് സൗജന്യ വാക്സിനേഷന്‍ നല്‍കി. എട്ടര കോടി പേര്‍ക്കാണ് സൗജന്യ ഭക്ഷണമൊരുക്കിയത്. മൃഗങ്ങളെയും മറന്നില്ല അവര്‍. മൃഗ സംരക്ഷണത്തിന് 20 മൃഗ ആംബുലന്‍സുകള്‍ ഇറക്കി.
കഴിഞ്ഞ വനിതാ ദിനത്തിന് വനിതാ ദിനത്തിനു മുന്നോടിയായി സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. 'ഹെര്‍ സര്‍ക്കിള്‍' എന്ന പേരിലുള്ള ഈ പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യം സ്ത്രീ ശാക്തീകരണമാണ്.സ്ത്രീകള്‍ക്ക് ആവശ്യമായ സകല വിവരങ്ങളും പങ്കുവയ്ക്കുന്ന ഹെര്‍ സര്‍ക്കിള്‍ പ്ലാറ്റ്‌ഫോമിലേക്ക് രാജ്യത്തെ മുഴുവന്‍ വനിതകളെയും സ്വാഗതം ചെയ്യുന്നതായി നിത അംബാനി പറഞ്ഞു.
സ്ത്രീകളുടെ ജീവിതം, ആരോഗ്യം, സാമ്ബത്തികം, തൊഴില്‍, വ്യക്തിത്വ വികസനം, സാമൂഹ്യ സേവനം, സൗന്ദര്യം, ഫാഷന്‍, വിനോദം തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള വീഡിയോകള്‍ ഹെര്‍ സര്‍ക്കിള്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. ആരോഗ്യം, വിദ്യാഭ്യാസം, സംരംഭകത്വം, ധനകാര്യം, ജീവകാരുണ്യം, നേതൃപാടവം എന്നീ വിഷയങ്ങളിലുള്ള സംശയങ്ങള്‍ക്ക് റിലയന്‍സിലെ വിദഗ്ദ്ധരുടെ മറുപടിയും ലഭിക്കും. നിലവില്‍ ഇംഗ്ലീഷിലുള്ള വെബ്‌സൈറ്റില്‍ വൈകാതെ പ്രാദേശിക ഭാഷകളിലുള്ള വീഡിയോകളും ലഭ്യമാകുമെന്നും ഇവര്‍ അറിയിച്ചു.
അനില്‍ അംബാനിയെയും രക്ഷിച്ചു
പിതാവിന്റെ മരണത്തോടെയുണ്ടാവുന്ന സ്വത്ത് തര്‍ക്കങ്ങള്‍ മിക്കവാറും, എല്ലാ ഇന്ത്യന്‍ കുടുംബങ്ങളിലും ഉണ്ടാവുന്നതാണ്. അവിടെയൊക്കെ കുടുംബം കലക്കികള്‍ ആവുന്നതില്‍ മരുമക്കള്‍ക്കും വലിയ പങ്കുണ്ടെന്നാണ് പൊതുവെയുള്ള വിമര്‍ശനം. എന്നാല്‍ നിത അംബാനി അവിടെയും മാതൃകയായി. മുകേഷിന്റെ അനിയന്‍ അനില്‍ അംബാനി പാപ്പരായപ്പോള്‍ സഹായിക്കാനും, കുടുംബത്തില്‍ ഐക്യം കൊണ്ടുവരുന്നതിനും എക്കാലവും ശ്രമിച്ചത് മൂത്ത മരുമകള്‍ തന്നെയാണ്. അനില്‍ അംബാനിയെ ജയിലില്‍നിന്ന് രക്ഷിച്ചതും സത്യത്തില്‍ നിതയുടെ ഇടപെടല്‍ ആണെന്നാണ് മുംബൈ ബിസിനസ് പത്രങ്ങള്‍ പറയുന്നത്.
2002ല്‍ ധിരുഭായ് അംബാനിയുടെ മരണശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ ജേഷ്ഠന്‍ മുകേഷ് ചെയര്‍മാനും, അനിയന്‍ അനില്‍ എംഡിയുമാകുന്നതോടെയാണ് തര്‍ക്കം രൂക്ഷമാവുന്നത്. ധിരുഭായ് വില്‍പത്രം എഴുതിയിരുന്നില്ല. 2005ല്‍ ഇവര്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നു. അതോടെ മുകേഷിന് റിലയന്‍സ് ഇന്‍ഡസ്ട്രീസും ഐപിസിഎല്‍, അനിലിന് റിലയന്‍സ് ഇന്‍ഫോകോം (പിന്നീട് കമ്മ്യൂണിക്കേഷന്‍സ് എന്ന പേരില്‍), എനര്‍ജി (പിന്നീട് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്ന പേരില്‍), ക്യാപിറ്റല്‍ എന്നിവയും സ്വന്തമായി.
2008 ല്‍ ഫോര്‍ബ്സ് പട്ടികയില്‍ 43 ബില്യണ്‍ ഡോളര്‍ സമ്ബത്തുമായി മുകേഷ് അംബാനി ലോകസമ്ബന്നരില്‍ അഞ്ചാമനായിരുന്നു. തൊട്ടുപുറകില്‍ 42 ബില്യണ്‍ ഡോളറുമായി അനിയന്‍ അനില്‍ അംബാനി ആറാം സ്ഥാനത്തും. പക്ഷേ ഇപ്പോഴത്തെ കണക്ക് നോക്കുക. 2021ല്‍ 96 ബില്യണ്‍ ഡോളര്‍ സമ്ബത്തുമായി മുകേഷ് ലോകസമ്ബന്നരില്‍ പത്താമനാണ്. അതേസമയം എല്ലാം നഷ്ടപ്പെട്ട് പാപ്പരായി കോടതി നടപടികള്‍ നേരിടുകയാണ് അനില്‍!
അല്‍പ്പം അന്തര്‍മുഖനായ മുകേഷിനേക്കാള്‍ ധീരുഭായിക്ക് പ്രതീക്ഷ സ്മാര്‍ട്ടായ അനിലില്‍ ആയിരുന്നു. അച്ഛന്റെ മരണ ശേഷം സ്വത്തുക്കള്‍ വീതിച്ചെടുക്കുന്നതില്‍ പോലും കടുംപിടിത്തം അനിലിനായിരുന്നു. എംപിയാകാന്‍ രാഷ്ട്രീയക്കാര്‍ക്ക് കോടികള്‍ കൊടുത്തും ധൂര്‍ത്ത് കാട്ടിയുമെല്ലാം അനില്‍ മാധ്യമങ്ങളുടെ തലക്കെട്ട് നേടി. അപ്പോഴെല്ലാം ചെറുപുഞ്ചിരിയോടെ ബിസിനസില്‍ മാത്രമായിരുന്നു മുകേഷിന്റെ ശ്രദ്ധ. ഇവിടെയും മുകേഷിന് കരുത്തായത് നിത ആയിരുന്നു. പിഴക്കാത്ത ചുവടുമായി ഇന്ത്യയെ കൈപ്പിടിയില്‍ ഒതുക്കി മുകേഷ് മുന്നേറി. എന്നാല്‍ കെടുകാര്യസ്ഥത അനിലിനെ തകര്‍ത്തു. അമ്മ കോകില ബെനും, നിതയും ഇരുവരെയും ഒന്നിപ്പിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും അനില്‍ വഴങ്ങിയില്ല. ഇതോടെ അംബാനി കുടുംബം രണ്ടായി പിളര്‍ന്നു.
ഇതിനിടെയാണ് വിഖ്യാതമായ എറിക്സന്‍ കേസ് വരുന്നത്. 2013ലെ കരാര്‍ അനുസരിച്ച് റിലയന്‍സ് കമ്യൂണിക്കേഷന്‍സ് എറിക്‌സനു നല്‍കാനുണ്ടായിരുന്ന 1600 കോടി രൂപയുമായി ബന്ധപ്പെട്ട കേസാണിത്. ഇതില്‍ ബാക്കിയുണ്ടായിരുന്ന 458.77 കോടി രൂപ നാലാഴ്ചയ്ക്കുള്ളില്‍ നല്‍കിയില്ലെങ്കില്‍ അനില്‍ അംബാനിയെയും ആര്‍. കോമിന്റെ യൂണിറ്റ് മാനേജര്‍മാരായ ഛായ വിരാനി, സതീഷ് സേഥ് എന്നിവരെയും മൂന്നു മാസം ജയിലിലടയ്ക്കുമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ദീപാളിയായ അനില്‍ ജയിലില്‍ ആവുമെന്ന് ഉറപ്പായി. അപ്പോഴാണ് ചേട്ടന്റെ ഇടപെടല്‍ ഉണ്ടാവുന്നത്. പണം മുകേഷ് അടച്ചു. ഈ തീരുമാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതും നിത ആയിരുന്നു. മകള്‍ ഇഷ അംബാനിയുടെയും, മകന്‍ ആകാശ് അംബാനിയുടെയും വിവാഹച്ചടങ്ങില്‍ സജീവമായിരുന്നു അനിലും കുടുംബവും. അപ്പോള്‍ മുതല്‍ നിതയാണ് ഈ ബന്ധം വെളക്കിച്ചേര്‍ത്തത്.
എറിക്‌സണ്‍ കേസില്‍ ആകെ 550 കോടിയുടെ കടമുണ്ടായിരുന്നത് അടച്ചു തീര്‍ത്തശേഷം അനില്‍ ആദ്യം ചെയ്തതു നന്ദി പ്രസ്താവനയിറക്കുയായിരുന്നു. ഈ കുറിപ്പില്‍ വനിതക്കും പ്രത്യേകം നന്ദി പറയുന്നുണ്ട്. 'പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്നതിനും തക്കസമയത്ത് സഹായിച്ചതിനും എന്റെ ജ്യേഷ്ഠസഹോദരന്‍ മുകേഷ് അംബാനിക്കും നിതയ്ക്കും ഹൃദയംകൊണ്ടു നന്ദി പറയുന്നു. പഴയതെല്ലാം മറന്നു മുന്നോട്ടുപോകുന്നതിന് ഞാനും എന്റെ കുടുംബവും കടപ്പെട്ടിരിക്കുന്നു. ഈ സഹായം ഞങ്ങളെ വല്ലാതെ സ്പര്‍ശിച്ചു'-ഇങ്ങനെയാണ് അനുജന്‍ എഴുതിയത്.
315 കോടിയുടെ ഐഫോണും, 66ലക്ഷത്തിന്റെ കുടിവെള്ളവും!
സൗന്ദര്യവും കഴിവുമുള്ള സെലിബ്രിറ്റി സ്ത്രീകളെപ്പറ്റി എന്നും വ്യാജ വാര്‍ത്ത ചമക്കാന്‍ മിടുക്കരാണ് ഇന്ത്യാക്കാര്‍. അങ്ങനെ സച്ചിന്‍ തൊട്ട് വിജയ് മല്യവരെയുള്ളവരെ നിതയുടെ കാമുകന്മാരാക്കി പാപ്പരാസികള്‍ ആഘോഷിച്ചു. വിജയ്മല്യയെ ചുംബിക്കാനൊരുങ്ങുന്ന നിതയുടെ ചിത്രം വരെ ചിലര്‍ വ്യാജമായി ഉണ്ടാക്കി. എല്ലാ ആഡംബരങ്ങളുടെയും അവസാനവാക്ക് എന്ന നിലയില്‍ പല വ്യാജ വാര്‍ത്തകളും നിതയുടെ പേരില്‍ ഇറങ്ങി.
അവര്‍ കുടിക്കുന്ന വെള്ളത്തിന് വില 66 ലക്ഷം രൂപ ആണെന്നായിരുന്നു അതില്‍ ഒന്ന്. 24 കാരറ്റ് സ്വര്‍ണം പൂശിയ ചില്ലുകുപ്പിയുള്ള 66 ലക്ഷം രൂപ വരുന്ന വെള്ളമാണ് നിത അംബാനി കുടിക്കുന്നത് എന്നാണ് അവരുടെ മോര്‍ഫ് ചെയ്ത ചിത്രവുമായി ഒരു വ്യാജ വാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. പക്ഷേ ചിത്രം വ്യാജമാണെങ്കിലും 66 ലക്ഷം രൂപവിലയുള്ള ഒരു കുപ്പിവെള്ളം ലോകത്തിലുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ വെള്ളം എന്ന നിലയില്‍ ഗിന്നസ് റിക്കോര്‍ഡ് ഉള്‍പ്പെടെ കരസ്ഥാമാക്കിയ ഈ ബ്രാന്‍ഡിന് അഖ്വാ ഡി ക്രിസ്റ്റലോ ട്രിബ്യൂട്ടോ എന്നാണ് പേര്.
ഇതിലെ ഓരോ കുപ്പിയിലെ വെള്ളത്തിനും പ്രത്യേകതകളുണ്ട്. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നാണ് ശുദ്ധജലം എത്തുന്നത്. ഫിജിയിലെയും ഫ്രാന്‍സിലെയും ജലസ്രോതസ്സുകളില്‍ നിന്നും ഐസ്ലന്‍ഡിലെ ഹിമാനികളില്‍ നിന്നുമാണ് ഈ ശുദ്ധജലം കണ്ടെത്തുന്നതത്രേ. ശരിക്കും വെള്ളത്തേക്കാള്‍ ഇതിന്റെ പാക്കേജിങ്ങിനാണ് ഇത്രയധികം വില നല്‍കേണ്ടി വരുന്നത്. 750 മില്ലി ഗ്ലാസ് ബോട്ടിലുകളില്‍ ഓരോന്നും 24കാരറ്റ് സ്വര്‍ണം കൊണ്ട് പൊതിഞ്ഞ് നിര്‍മ്മിച്ചിരിക്കുന്നതാണ്. ഓരോ തുള്ളി വെള്ളത്തിലും 23 കാരറ്റ് സ്വര്‍ണത്തിന്റെ അഞ്ച് ഗ്രാം സ്വര്‍ണം പൂശിയിട്ടുണ്ടത്രെ.
അതുപോലെ തന്നെ സോഷ്യല്‍മീഡിയകളിലും വിവിധ വെബ്സൈറ്റുകളിലും പ്രചരിച്ച വാര്‍ത്തയായിരുന്നു നിത അംബാനി ഉപയോഗിക്കുന്നത് 315 കോടി രൂപയുടെ ഐഫോണ്‍ ആണെന്ന്. ഇക്കാര്യം വിദേശ മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമായതോടെ തിരുത്ത് നല്‍കാനും ചില മാധ്യമങ്ങള്‍ തയാറായി. ഇത്രയും വിലകൂടി സ്മാര്‍ട്ട്ഫോണുകള്‍ അംബാനി കുടുംബത്തില്‍ ആരും തന്നെ ഉപയോഗിക്കുന്നില്ലെന്ന സ്ഥിരീകരണവുമായ റിലയന്‍സ് ജിയോ ജനറല്‍ മാനേജര്‍ അനുജ ശര്‍മ രംഗത്തെത്തി. ''നിത അംബാനിയുടെ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഇത്രയും വില കൂടിയ ഫോണ്‍ ഉപയോഗിച്ചിട്ടില്ല. വ്യാജ വാര്‍ത്തക്ക് പിന്നിലെ താല്‍പര്യം എന്താണെന്ന് അറിയില്ലെന്നും'' അവര്‍ പറഞ്ഞു.
ഇവിടെയും നിതയുടെ ചിത്രം മോര്‍ഫ്് ചെയ്താണ് ഉപയോഗിച്ചത്. പക്ഷേ 315 കോടി രൂപ വിലയുള്ള ഫോണും യാഥാര്‍ഥ്യമാണ്. ഫാല്‍ക്കണ്‍ സൂപ്പര്‍നോവ ഐഫോണ്‍ 6 പിങ്ക് ഡയമണ്ട് എന്നത് ലോകത്ത് തന്നെ കുറച്ചുപേര്‍ മാത്രമാണ് ഉപയോഗിക്കുന്നത്. കോടീശ്വരിയായതുകൊണ്ട് കുബുദ്ധികള്‍ ഇത് നിതയുടെ പേരില്‍ തള്ളുന്നുവെന്ന് മാത്രം.
അതുപോലെ നിത അംബാനിയെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിങ് പ്രൊഫസര്‍ ആക്കുന്നുവെന്നും വ്യാജ വാര്‍ത്തയുണ്ടായി. ഈ നീക്കത്തിന് എതിരെ വിദ്യാര്‍ത്ഥി പ്രതിഷേധവും ഉയര്‍ന്നു. വുമണ്‍ സ്റ്റഡി സെന്ററില്‍ വിസിറ്റിങ് പ്രൊഫസര്‍ ആകാന്‍ സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റാണ് നിതയെ ക്ഷണിച്ചത് എന്നായിരുന്നു വാര്‍ത്ത. ഗൗതം അദാനിയുടെ ഭാര്യ പ്രീതി അദാനി, യു കെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍ വ്യവസായി ലക്ഷ്മി മിത്തലിന്റെ ഭാര്യ ഉഷ മിത്തല്‍ എന്നിവരെയും വിസിറ്റിങ് പ്രൊഫസര്‍മാരായി നിയമിക്കാന്‍ യുണിവേഴ്‌സിറ്റി പ്രൊപ്പോസല്‍ തയ്യാറാക്കിയിട്ടുണ്ടെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ റിലയന്‍സ് ഫൗണ്ടേഷന്‍ സ്ത്രീ ശാക്തീകരണത്തിന് വേണ്ടി ചെയ്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് നിതയെ വിസിറ്റിങ് പ്രൊഫസറാകാന്‍ ക്ഷണിച്ചത് എന്നാണ് സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡീന്‍ കൗശല്‍ കിഷോറിന്റെ പ്രതികരണം.
എന്നാല്‍ ഇത് തെറ്റാണെന്നും തനിക്ക് ഇതുപോലുള്ള യാതൊരു ക്ഷണവും കിട്ടിയിട്ടില്ലെന്നും, കിട്ടിയാലും അത് സ്വീകരിക്കില്ലെന്നു നിത പറഞ്ഞതോടെ വിവാദങ്ങള്‍ കെട്ടടങ്ങി.
ഈ തിരക്കും ജോലിയും താന്‍ നന്നായി ആസ്വദിക്കുന്നു
എന്തുകൊണ്ട് മുകേഷ് സമ്ബന്നനും, അനില്‍ പിച്ചയുമായി എന്ന ചോദ്യത്തിന്, പ്രശ്സത എഴുത്തുകാരി ശോഭേ ഡെ പറഞ്ഞത്, അനിയന് ചേട്ടന് കിട്ടിയപോലെ മിടുക്കിയായ ഒരു ജീവിത പങ്കാളിയെ കിട്ടിയില്ല എന്നതായിരുന്നു. 'ഇന്ത്യയുടെ ഡയനാരാജകുമാരി, ഇന്ത്യയുടെ എലിസബത്ത് ടെയിലര്‍...' മുംബൈയിലെ ടാബ്ലോയിഡുകള്‍ നിതയെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ ഇല്ല. വാര്‍ത്താ ദാരിദ്രമുള്ള ദിനങ്ങളില്‍ അവര്‍ കഞ്ഞികുടിച്ച് പോകുന്നത് നിതയുടെ ഒരു ചൂടന്‍ പടമോ ഗോസിപ്പോ പ്രസിദ്ധീകരിച്ചാണ് എന്നത് മറ്റൊരു യാഥാര്‍ഥ്യം!
പക്ഷേ എപ്പോഴും ടാബ്ലോയിഡുകള്‍ സൗന്ദര്യം ആഘോഷിക്കുന്ന നിതക്ക് വയസ്സ് 59 കഴിഞ്ഞുവെന്നത് ഏവരെയും ഞെട്ടിക്കുന്നതാണ്. ഷഷ്ടിപൂര്‍ത്തിയോടു അടുക്കുമ്ബോഴും മുപ്പതിന്റെ ചുറുചുറുക്കോടും പ്രസരിപ്പോടും കൂടി തന്റെ സ്വപ്നങ്ങളുടെ ചിറകിലേറി അവര്‍ യാത്ര തുടരുകയാണ്. നിതയെക്കുറിച്ച് സുഹൃത്ത് വിനീത പ്രസൂണ്‍ ഇങ്ങനെ എഴുതുന്നു.''മക്കള്‍ക്ക് ഒരിക്കലും അമ്മയെ മിസ് ചെയ്യുന്നില്ല, ഭര്‍ത്താവിന് ഭാര്യയെയും മിസ് ചെയ്യില്ല, സഹപ്രവര്‍ത്തകര്‍ക്കോ നല്ല ഒരു ബോസും. ഏത് ആശയം കൊണ്ടുവന്നാലും ഭര്‍ത്താവ് നല്‍കുന്ന ശക്തമായ പിന്തുണയാണ് തന്റെ ശക്തിയെന്ന് തുറന്നു പറയാന്‍ നിതയ്ക്ക് മടിയില്ല.''
ഇങ്ങനെയെല്ലാം ചെയ്യുന്നുവെന്ന്വെച്ച് രത്തന്‍ ടാറ്റയെപ്പോലെ ലളിതമായ ജീവിതം ഒന്നുമല്ല അംബാനി കുടുംബം നയിക്കുന്നത്്. 16 കോടിരുപ വിലയുള്ള, സുരക്ഷക്കൊപ്പം ആഡംബരത്തിനും പ്രാധാന്യം നല്‍കുന്ന കാറിലാണ് കുടുംബത്തിന്റെ സഞ്ചാരം. ലോകത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ കോടീശ്വര ഭവനമാണ്, ആന്റിലിയ എന്ന മുംബൈയിലെ അംബാനി ഭവനം അറിയപ്പെടുന്നത്്. ഈച്ചക്ക്പോലും പ്രവേശിക്കാന്‍ കഴിയാത്ത സെക്യൂരിറ്റിയാണ് ഇവിടെ.
മുബൈ കുമ്ബള്ള ഹില്ലിലെ അല്‍താമൗണ്ട് റോഡില്‍ സ്ഥിതി ചെയ്യുന്ന മുകേഷ് അംബാനിയുടെ അംബരചുംബിയായ വീടിന് പോര്‍ച്ചുഗലിനും സ്പെയിനിനും സമീപം അറ്റ്ലാന്റിക് സമുദ്രത്തില്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഐതിഹ്യ ദ്വീപിന്റെ പേരിലാണ് അറിയപ്പെടുന്നത്. അതാണ് ആന്റിലിയ. ഇവിടുത്തെ അറ്റകുറ്റപ്പണികള്‍ക്ക് പ്രതിമാസം 2.5 കോടി രൂപ ചെലവ് ആവശ്യമാണെന്ന് മാധ്യമറിപ്പോര്‍ട്ട്. ഇന്ത്യന്‍ രൂപയില്‍ മുകേഷ് അംബാനിയുടെ വീടിന്റെ വില ഏകദേശം 15,000 കോടി രൂപവരുമെന്നാണ് കരുതുന്നത്.
മുകേഷിന്റെയും നിത അംബാനിക്കും മൂന്ന് കുട്ടികളാണ്. ഇരട്ട കുട്ടികളായ ആകാശ്, ഇഷ എന്നിവര്‍ ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) വഴിയാണ് ജനിച്ചത്. താന്‍ ഒരിക്കലും ഗര്‍ഭം ധരിക്കില്ലെന്ന് കരുതിയാണ് ഈ രീതി തിരഞ്ഞെടുത്തതെന്നും എന്നാല്‍ മൂന്നു വര്‍ഷത്തിനുശേഷം, 1995 ഏപ്രിലില്‍ നിത തന്റെ ഇളയ മകന്‍ അനന്ത് അംബാനിയെ പ്രസവിച്ചുവെന്നും ഒരു അഭിമുഖത്തില്‍ അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യം കണ്ട ആഡംബരവിവാഹങ്ങളില്‍ ഒന്നായിരുന്നു ആകാശ് അംബാനിയുടെ വിവാഹം. പ്രമുഖ വ്യവസായിയും റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസല്‍ മേത്തയുടെ മകളുമായ ശ്ലോക മേത്തയാണ് ആകാശ് ജീവിത പങ്കാളി ആക്കിയത്.
കഴിഞ്ഞ വര്‍ഷം നിത മുത്തശിയായതും മുംബൈ ടാബ്ലോയിഡുകള്‍ ആഘോഷിച്ചിരുന്നു. മുകേഷ് - നിത ദമ്ബതികളുടെ മൂത്തമകന്‍ ആകാശ് അംബാനിക്കും ഭാര്യ ശ്ലോക അംബാനിക്കും ആണ്‍ കുഞ്ഞ് പിറന്നതാണ് മാധ്യമങ്ങള്‍ കൊണ്ടാടിയത്. ഇതോടെ വ്യാജ വാര്‍ത്തകളും വ്യാജ ചിത്രങ്ങളും പ്രചരിക്കാതിരിക്കാന്‍ അംബാനി കുടംബത്തിന്റെ വക്താവിന് പത്രക്കുറിപ്പ് ഇറക്കേണ്ടിവന്നു. '' മുത്തച്ഛനും മുത്തശ്ശിയും ആയ സന്തോഷത്തിലാണ് മുകേഷ് അംബാനിയും നിത അംബാനിയും. അമ്മയും കുഞ്ഞും മുംബൈയില്‍ സുഖമായി ഇരിക്കുന്നു'- കുടുംബവക്താവ് അറിയിച്ചു. കുഞ്ഞിന്റെ വരവോടെ മേത്ത-അംബാനി കുടുംബങ്ങളില്‍ പുതിയ ആഘോഷങ്ങള്‍ക്കും തുടക്കമാവുകയാണ്.
ഭാര്യ, അമ്മ, മുത്തശ്ശി ഈ ഉത്തരവാദിത്വങ്ങള്‍ക്ക് എല്ലാം ഒപ്പം തന്നെ തന്റെ ബിസിനസുകളും ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി സജീവമാണ് നിത അംബാനി ഇപ്പോള്‍. ഈ തിരക്കും ജോലിയും താന്‍ നന്നായി ആസ്വദിക്കുന്നുവെന്ന് തന്നെയാണ് അവര്‍ പറയാറുള്ളതും.
വാല്‍ക്കഷ്ണം: ''ടാറ്റാ, ബിര്‍ളാ, അംബാനീ'' എന്ന 'കുത്തക വിരുദ്ധ' മുദ്രാവാക്യം ഉയര്‍ത്തി ശീലിച്ചുപോയ മലയാളികള്‍ക്ക്, കോര്‍പ്പറേറ്റുകളും കോടികളുടെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് എന്ന് പറഞ്ഞാല്‍ പെട്ടെന്ന് ദഹിക്കില്ല. നാട്ടുകാരുടെ നികുതിപ്പണം എടുത്ത്, കോവിഡ് കാലത്ത് ഒരു കിറ്റ് കൊടുക്കുന്നതുപോലും വലിയ കാര്യമായി ആഘോഷിക്കുന്നവര്‍, സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം നിസ്വാര്‍ഥമായി ജനങ്ങള്‍ക്ക് ചെലവിടുന്നവരെ എന്തു വിളിക്കും.