പ്രായത്തിന്റെ അവശതകളൊന്നും കാര്‍ത്യായനി അമ്മയിലില്ല. ഉയരങ്ങള്‍ കീഴടക്കാന്‍ ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെ ജിജ്ഞാസ മാത്രമാണ് കാര്‍ത്യായനി അമ്മയുടെ കണ്ണുകളില്‍. അക്ഷര ലക്ഷം പരീക്ഷയില്‍ ഒന്നാം റാങ്കുകാരിയാണെങ്കിലും ആ ജാഡകളൊന്നും കാര്‍ത്യായനി അമ്മയ്ക്ക് ഇല്ല. ഒറ്റ ദിവസം കൊണ്ട് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന സൂപ്പര്‍ സ്റ്റാറായി മാറിയ കാര്‍ത്യായനി അമ്മയെ കാണാന്‍ ഒടുവില്‍ മഞ്ജു വാര്യരും എത്തി.
അക്ഷരലക്ഷം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കാര്‍ത്യായനി അമ്മയ്ക്ക് ക്രയോണ്‍സ് ഫൗണ്ടേഷന്റെ ദീപാവലിസമ്മാനമായിരുന്നു മഞ്ജുവാര്യരുമായുള്ള കൂടിക്കാഴ്ച. അതും മുന്‍കൂട്ടി പറയാതെ. ദീപാവലി സര്‍പ്രൈസ് എന്ന് മാത്രമാണ് വീട്ടുകാരോടും പറഞ്ഞിരുന്നത്. ഹരിപ്പാട്ടെ ഹോട്ടല്‍ ലോഞ്ചിലായിരുന്നു ചടങ്ങ്.
അപ്രതീക്ഷിതായി മഞ്ജുവാര്യര്‍ തന്നെ കാണാനായി എത്തിയപ്പോള്‍ കാര്‍ത്യായനിയമ്മയ്ക്ക് വിശ്വസിക്കാനായില്ല. അറിയുമോയെന്നാണ് മഞ്ജു ആദ്യം ചോദിച്ചത്. 'സിനിമയില്‍ കാണുന്ന മോളല്ലെ' ഒത്തിരി സന്തോഷം എന്നായിരുന്നു കാര്‍ത്യായനി അമ്മയുടെ പ്രതികരണം. അമ്മച്ചിക്ക് സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോയെന്ന് ചോദിച്ച് മഞ്ജു അടുത്തിരുന്നു. ''അയ്യോ, സിനിമയൊന്നും വേണ്ട, എനിക്ക് ഇങ്ങനെ പഠിച്ച് പോയാല്‍ മതി''. ഉടന്‍ മറുപടി വന്നു. മഞ്ജു പൊട്ടിച്ചിരിച്ചു. പിന്നെ കാര്‍ത്യായനിയമ്മയുടെ കവിളില്‍ തൊട്ടു. സെല്‍ഫിയെടുത്തു. ഒന്നല്ല, ഒത്തിരി.
അക്ഷരലക്ഷം പരീക്ഷയുടെ അനുഭവം ചോദിച്ചതോടെ കാര്‍ത്യായനിയമ്മ ഉഷാറായി. പഠിച്ചതും പരീക്ഷ എഴുതിയതുമെല്ലാം പറഞ്ഞു. എഴുത്തും വായനയും പഠിച്ചു, ഇനി കംപ്യൂട്ടറും പഠിക്കണമെന്നായി കാര്‍ത്യായനിയമ്മ. നൂറാം വയസ്സില്‍ നൂറില്‍ നൂറ് മാര്‍ക്കോടെ പത്താം ക്ലാസ്സും പാസ്സാക്കണം കാര്‍ത്യായനി അമ്മ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹവും മഞ്ജുവുമായി പങ്കുവെച്ചു.
മഞ്ജു കൗതുകത്തോടെ എല്ലാം കേട്ടിരുന്നു. അരമണിക്കൂറോളം മഞ്ജു കാര്‍ത്യായനിയമ്മയ്ക്കൊപ്പം ചെലവഴിച്ചു. പൊന്നാടയണിയിച്ചു. ഒപ്പം സെറ്റും മുണ്ടും സമ്മാനിച്ചാണ് മഞ്ജു മടങ്ങിയത്. കാര്‍ത്യായനിയമ്മയെ കാണാന്‍ ഇനിയും വരുമെന്നും പഠനത്തിന് എല്ലാ സഹായവും നല്‍കുമെന്നും സാക്ഷരതാമിഷന്‍ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ മഞ്ജു പറഞ്ഞു.
സാക്ഷരതാ പ്രേരക് കെ. സതിയുടെ കൈപിടിച്ചാണ് കാര്‍ത്യായനിയമ്മ ചടങ്ങിനെത്തിയത്. കോട്ടയം പ്രസ് ക്ലബ്ബ് 2016-17 ബാച്ചിലെ ജേണലിസം വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് ക്രയോണ്‍സ് ഫൗണ്ടേഷന്‍. അബി എബ്രഹാം കോശി അധ്യക്ഷനായി. ഭാരവാഹികളായ സി.കെ. ജിനു, പ്രജു പ്രസാദ്, ജിനു ബേബി എന്നിവര്‍ പങ്കെടുത്തു.
തൊണ്ണൂറ്റിയാറാം വയസ്സില്‍ 98 ശതമാനം മാര്‍ക്കോടെ റാങ്ക് നേടിയ കാര്‍ത്യായനിയമ്മയെ ആദരിക്കുന്ന തിരക്കിലാണ് നാട്ടുകാര്‍. എല്ലാ ദിവസവും വിവിധ സംഘടനകള്‍ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നു. എല്ലായിടത്തും കാര്‍ത്യായനിയമ്മ ഓടിയെത്തുന്നു.