കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവനില്‍ ആദ്യ പ്രദര്‍ശനം നടത്തിയ ചിത്രം മണികര്‍ണിക:ദ ക്വീന്‍ ഓഫ് ഝാന്‍സിയുടെ നിര്‍മാതാവ് കമല്‍ ജെയ്ന്‍ അത്യാസന്ന നിലയില്‍ ആശുപത്രിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. കങ്കണ റണൗത്ത് കങ്കണ ഝാന്‍സിയുടെ വേഷത്തിലെത്തുന്ന ചിത്രത്തിന് നേരെ രൂക്ഷ വിമര്‍ശനങ്ങള്‍ വന്നിരുന്നു. എന്നാല്‍ ചിത്രം റിലീസാകുന്നതിന് ഒരാഴ്ച്ച മാത്രം ബാക്കി നില്‍ക്കെയാണ് അണിയറപ്രവര്‍ത്തകരെ മുഴുവന്‍ ഞെട്ടിച്ചു കൊണ്ട് ഈ വാര്‍ത്ത പുറത്തു വന്നത്
പക്ഷാഘാതമാണ് കമലിന്റെ ആരോഗ്യനില തകരാറിലാക്കിയത്. കമലിനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. താന്‍ ഒട്ടും ഉചിതമല്ലാത്ത ഒരു സമയത്ത് ആശുപത്രിക്കിടക്കയിലാണെന്നും മണികര്‍ണികയുടെ വിജയാഘോഷങ്ങളില്‍ പങ്കു കൊള്ളാന്‍ എത്രയും പെട്ടെന്ന് തിരിച്ചു വരാനാകട്ടെയെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വെള്ളിയാഴ്ച്ച ട്വീറ്റ് ചെയ്തിരുന്നു.
കങ്കണ റണൗത്ത് നായികയും സംവിധായികയുമായ ചിത്രമാണിത്. ഝാന്‍സിയുടെ റാണിയായ റാണി ലക്ഷ്മിബായുടെ കഥ പറയുന്ന ചിത്രത്തില്‍ റാണിയായി കങ്കണ റണൗത്ത് ആണ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ സീ സ്റ്റുഡിയോസ്, കെയ്റോസ് കോണ്ടന്റ് സ്റ്റുഡിയോസ് എന്നിവര്‍ക്കൊപ്പം കമലിനൊപ്പമുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ജനുവരി 25ന് റിലീസാകും.