മലയാള സിനിമ പ്രേമികളുടെ പ്രിയ യുവ താരമാണ് പൃഥ്വിരാജ്. മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ അഭിനയത്തോടൊപ്പം, പിന്നണിഗായകനും സിനിമാ നിർമ്മാതാവും സംവിധായകനുമായി എല്ലാം തന്നെ താരം പേരെടുത്ത് കഴിഞ്ഞു. 2002-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ് ഇതുവരെ നൂറിൽ ഏറെ ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ
ആമസോണില്‍ റിലീസ് ചെയ്ത ‘കോള്‍ഡ് കേസ്’ പൃഥ്വിരാജിന്റെ കരിയറിലെ ആദ്യ ഒടിടി റിലീസ് ആണ്. മികച്ച പ്രതികരണമാണ് പാരാനോര്‍മല്‍ ഹൊറര്‍-ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ജോണറിലുള്ള ഈ ചിത്രത്തിന് ലഭിക്കുന്നത്. എന്നാൽ ഇപ്പോൾ ഒടിടി റിലീസ് കാര്യത്തില്‍ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ മനസ്സുതുറക്കുകയാണ് പൃഥ്വിരാജ് .
പൃഥ്വിരാജിന്റെ വാക്കുകള്‍
ഒടിടി പുതിയൊരു സംഗതിയല്ല. വിദേശരാജ്യങ്ങളിലെ സിനിമാ ആസ്വാദകരില്‍ വളരെക്കാലം മുന്‍പേ തന്നെ ഒടിടി വലിയ സ്വാധീനം ചെലുത്തിയിരുന്നു. വൈകാതെ നമ്മുടെ രാജ്യത്തും ഒടിടി റീലീസുകളുടെ കാലം വരുമെന്നു ഞാന്‍ മുന്‍പു തന്നെ പല ഇന്റര്‍വ്യൂകളിലും സൂചിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍, ഇപ്പോള്‍ സംഭവിച്ചതു കോവിഡ് കാലം, ഒടിടിയെ പെട്ടെന്നു ജനപ്രിയമാക്കുകയും ആ സങ്കേതത്തിന്റെ വളര്‍ച്ചയുടെ വേഗം കൂട്ടുകയും ചെയ്തു എന്നതാണ്.
വീടുകള്‍ക്കുള്ളില്‍ അടച്ചിരിക്കേണ്ടി വന്നപ്പോള്‍ പൊടുന്നനെ മറ്റു വിനോദാപാധികള്‍ ഇല്ലാതായതോടെ ജനം ഒടിടിയിലേക്കു കൂടുതലായി തിരിഞ്ഞു. ഒടിടികള്‍ക്കായും തിയറ്ററുകള്‍ക്കായും ഇനി ചിത്രങ്ങള്‍ നിര്‍മിക്കപ്പെടുമെന്നതാണ് ഇതിന്റെ മെച്ചം. പ്രതിഭാധനരായ ഒട്ടേറെപ്പേര്‍ സിനിമയിലേക്കു കടന്നു വരാനും ഒടിടി വഴിവയ്ക്കും. ഒടിടി കൂടിയില്ലായിരുന്നെങ്കില്‍ സിനിമാമേഖലയുടെ അതിജീവനം വലിയ ചോദ്യചിഹ്നമായേനെ.
ഒടിടി വന്നതോടെ തിയറ്റര്‍ വ്യവസായം നശിക്കുമെന്ന അഭിപ്രായമില്ല. കോവിഡിനെ അതിജീവിച്ചു ജീവിതം സാധാരണഗതിയിലാകുന്നതോടെ ആസ്വാദകര് മടങ്ങിയെത്തുക തന്നെ ചെയ്യും.