Latest News

തന്റെ വീട്ടില്‍ കണ്ണാടിയില്ലേയെന്ന് തമ്പിസാര്‍ ചോദിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞു; ജീവനൊടുക്കുമെന്ന് ഭയന്ന് കിട്ടിയ ആദ്യവേഷം; ബാസ്റ്റാര്‍ഡ് എന്ന് ശകാരിച്ച ബഹദൂര്‍; ഭക്ഷണത്തില്‍പോലും വിവേചനം; ലാലിന് ആദ്യമായി മേക്കപ്പിട്ട 'ഗുരു'; സത്യസന്ധനായ നിര്‍മ്മാതാവ്; ഒപ്പം നല്ല മനുഷ്യനും; താരരാജക്കന്മാര്‍ ഒന്നിച്ച്‌ എതിര്‍ത്തിട്ടും 'അമ്മ' തെരഞ്ഞെടുപ്പില്‍ മിന്നുന്ന ജയം; മണിയന്‍പിള്ള രാജു എന്ന 'ഹീറോ'യുടെ കഥ

Malayalilife
തന്റെ വീട്ടില്‍ കണ്ണാടിയില്ലേയെന്ന് തമ്പിസാര്‍ ചോദിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞു; ജീവനൊടുക്കുമെന്ന് ഭയന്ന് കിട്ടിയ ആദ്യവേഷം; ബാസ്റ്റാര്‍ഡ് എന്ന് ശകാരിച്ച ബഹദൂര്‍; ഭക്ഷണത്തില്‍പോലും വിവേചനം; ലാലിന് ആദ്യമായി മേക്കപ്പിട്ട 'ഗുരു'; സത്യസന്ധനായ നിര്‍മ്മാതാവ്; ഒപ്പം നല്ല മനുഷ്യനും; താരരാജക്കന്മാര്‍ ഒന്നിച്ച്‌ എതിര്‍ത്തിട്ടും 'അമ്മ' തെരഞ്ഞെടുപ്പില്‍ മിന്നുന്ന ജയം; മണിയന്‍പിള്ള രാജു എന്ന 'ഹീറോ'യുടെ കഥ

മയും മുയലും പന്തയം വെച്ച കഥ കഴിഞ്ഞാല്‍ കുട്ടികള്‍ക്കൊക്കെ ഉദാഹരണമായി പഠിപ്പിക്കാവുന്ന ഒരു സംഭവമാണ് നടന്‍ മണിയന്‍ പിള്ളരാജു താരസംഘടനയായ 'അമ്മ'യില്‍ ജയിച്ചു കയറിയത്.

അപ്പുറത്ത് മോഹന്‍ലാലും, മമ്മൂട്ടിയും, ദിലീപും അടക്കമുള്ള താര രാജക്കാന്മാരുടെ പാനല്‍. ഇപ്പുറത്ത് ഏകനായി മണിയന്‍പിള്ള രാജു. തുടക്കത്തില്‍ ആരും വിജയം പ്രവചിക്കാന്‍ കഴിയുന്ന, ഈസി വാക്കോവര്‍ കാത്തിരുന്ന മത്സരം. ഈ അമിതമായ ആത്വിശ്വാസം കൊണ്ടാവണം, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രാജുവിന്റെ എതിരാളിയായ ആശ ശരത്ത് പലരോടും വോട്ട് ചോദിച്ചിട്ടുപോലും ഉണ്ടായിരുന്നില്ല. ഫലം വന്നപ്പോള്‍ പ്രിയദര്‍ശന്‍ സിനിമയുടെ ക്ലൈമാകസ്പേലെയായി! ആകെ ബഹളം. ആശാ ശരത്ത് എട്ടുനിലയില്‍ പൊട്ടി. സൂപ്പര്‍ താരങ്ങള്‍ 'പ്ലിങ്ങായി'. മണിയന്‍ പിള്ള എന്ന കൊച്ചു നടന്റെ കരുത്ത് ഏവരും തിരിച്ചറിഞ്ഞ നിമിഷം.

പക്ഷേ സുധീര്‍കുമാര്‍ എന്ന രാജുവിനെ അറിയുന്നവര്‍ക്ക് ഇതില്‍ യാതൊരു അത്ഭുദവം ഉണ്ടായിരുന്നില്ല. കാരണം സിനിമക്ക് അകത്തും പറുത്തും സത്യസന്ധതക്കും, നിഷ്പക്ഷതക്കും, പേരുകേട്ട മനുഷ്യനാണ് അദ്ദേഹം. വന്നവഴി മറക്കുകയും അപ്പപ്പോള്‍ കണ്ടവനെ അപ്പാ എന്ന് വിളിക്കുകയും ചെയ്യുന്ന മലയാള സിനിമാ ലോകത്ത് വേറിട്ടുനില്‍ക്കുന്ന വ്യക്തിത്വം. ഈ ലാളിത്യവും വിനയവും ബന്ധങ്ങളിലെ സുതാര്യതയുമാണ് അദ്ദേഹത്തെ വിജയിപ്പിച്ചത്. മാത്രമല്ല അഭിനേതാക്കള്‍ ആരുടെയും അടിമകള്‍ അല്ലെന്നും, മുകളില്‍നിന്നുള്ള ആഹ്വാനം കൊണ്ടെന്നും വോട്ട് കിട്ടില്ലെന്നും ഈ വിജയം തെളിയിക്കുന്നു. ഇത് അമ്മ സംഘടനയെ കൂടുതല്‍ ജനാധിപത്യവത്ക്കരിക്കാനും ഉപകരിക്കും.

തിരുവായ്ക്ക് എതിര്‍വായ് ഇല്ല എന്ന മട്ടില്‍, മൂന്നോ നാലോ താരങ്ങള്‍ കോക്കാസായി തീരുമാനങ്ങള്‍ എടുക്കുന്നതിന് പകരം, ഇനി അവര്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടിവരും. ദിലീപ് വിഷയത്തിലൊക്കെ അങ്ങേയറ്റം സ്ത്രീവിരുദ്ധമായ നിലപാടാണ്, മലയാളത്തിലെ ഏറ്റവും ജനകീയമായ കലാ സംഘടനയിലെ അംഗങ്ങള്‍ എടുത്തത് എന്ന വിമര്‍ശനം ശക്തമായിരുന്നു. 'അമ്മ' എന്നതിന് പകരം എ.എം.എം.എ എന്ന് ചില മാധ്യമങ്ങള്‍ അഭിസംബോധന ചെയ്യേണ്ടിവന്ന കാലം ആരും മറന്നിട്ടുണ്ടാവില്ല. അതുപോലെ ഡെബ്ലിയു.സി.സി ഉയര്‍ത്തിയ ചോദ്യങ്ങളും. രാജുവിനെപ്പോലെ വിണ്ണില്‍ മാത്രം ജീവിക്കാത്ത, മനുഷ്യരുമായി കൂടുതല്‍ ബന്ധമുള്ള 'അമ്മ'യുടെ തലപ്പത്ത് വരുമ്ബോള്‍, ആ സംഘടനയും ഏറെ മാറുമെന്ന് പ്രതീക്ഷിക്കാം. ശരിക്കും മലയാള സിനിമയിലേക്ക് പൊരുതിക്കയറിവന്ന ഒരാളാണ് മണിയന്‍പിള്ള രാജു.

സുധീര്‍ കുമാറില്‍നിന്ന് മണിയന്‍ പിള്ളയിലേക്ക്

തിരുവനന്തപുരം ജില്ലയിലെ തൈക്കാട് ശേഖരന്‍ നായരുടേയും സരസ്വതിയമ്മയുടേയും മകനായി 1955 ഏപ്രില്‍ 20ന് മണിയന്‍ പിള്ള രാജു ജനിച്ചത്. യഥാര്‍ത്ഥ പേര് സുധീര്‍ കുമാര്‍. പക്ഷേ ഈ പേര് ഇന്ന് പാസ്പോര്‍ട്ടിലും ആധാര്‍ കാര്‍ഡിലും മാത്രമേയുള്ളൂ. 1981ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന ചിത്രത്തില്‍ ആദ്യമായി നായകനായതോടെ തന്റെ മാതാപിതാക്കള്‍ ഇട്ട പേര് ഈ നടനില്‍നിന്ന് എന്നെന്നേക്കുമായി നഷ്ടമായി.''എന്നാല്‍ ഇന്നും ആള്‍ക്കൂട്ടത്തിലൂടെ പോകുമ്ബോള്‍ സൂധീര്‍ എന്നൊരു വിളി കേട്ടാല്‍ ഞാന്‍ തിരിഞ്ഞ് നോക്കും. ഒരുമിച്ച്‌ പഠിച്ച ആരെങ്കിലുമായിരിക്കും. എന്നാല്‍ ഇപ്പോള്‍ അങ്ങനെ ഒരു വിളി കേട്ടിട്ട് വര്‍ഷങ്ങളായി. വീട്ടിലിട്ട ഓമനപ്പേരാണ് രാജു. അത് എല്ലാവരും വിളിക്കുന്നു.''- രാജു ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

കുടുംബത്തിലെ നാലു സഹോദരങ്ങളില്‍ ഏറ്റവും ഇളവയനാണ് രാജൂ. രമണി, രാധ, സുരേന്ദ്രന്‍ എന്നിവരാണ് സഹോദരങ്ങള്‍. പ്രാഥമിക വിദ്യാഭ്യാസം ഗവ.മോഡല്‍ ബോയ്സ് എച്ച്‌.എസ്. തിരുവനന്തപുരം, വിക്ടറി ടൂട്ടോറിയല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നായിരുന്നു. വളരെ ചെറുപ്രായത്തില്‍ തന്നെ സിനിമാഭ്രാന്തനായരുന്നു അദ്ദേഹം. നടനാകണമെന്നായിരുന്നു ആഗ്രഹവും. അന്ന് മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനെ കുറിച്ച്‌ കേട്ടറവുണ്ട്്. അതുവെച്ച്‌ അപേക്ഷ നല്‍കി. 1973 മുതല്‍ 1975 വരെ മദ്രാസിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഡിപ്ലോമ പൂര്‍ത്തിയാക്കി. എന്നാല്‍ പഠിച്ചിറങ്ങി നാട്ടില്‍ എത്തിയപ്പോഴാണ് താന്‍ വിചാരിച്ചപോലെയല്ല കാര്യങ്ങള്‍ എന്ന് അദ്ദേഹം മനസ്സിലാക്കുന്നുത്. പിന്നെ ചാന്‍സ് തേടി തെണ്ടലിന്റെ കാലമായിരുന്നു. ആ കഷ്ടപ്പാടുകള്‍ വിവരിക്കാന്‍ ആവില്ലെന്ന് പല അഭിമുഖങ്ങളിലും രാജു പറഞ്ഞിട്ടുണ്ട്. അവഗണനകളും, അവഹേളനങ്ങളുമായിരുന്നു എവിടെയും.

 

ഇന്ന് 250ലധികം മലയാള സിനിമകളില്‍ അഭിനയിച്ച രാജു ചലച്ചിത്ര നിര്‍മ്മാണ രംഗത്തും സജീവ സാന്നിധ്യമാണ്. 1988ല്‍ റിലീസായ വെള്ളാനകളുടെ നാട് എന്ന സിനിമയാണ് രാജു ആദ്യമായി നിര്‍മ്മിച്ചത്. അനശ്വരം ,എയ് ഓട്ടോ, അനന്തഭദ്രം, കണ്ണെഴുതി പൊട്ടും തൊട്ട് ,ഛോട്ടാ മുംബൈ , ബ്ലാക്ക് ബട്ടര്‍ഫ്ലൈ, ഒരു നാള്‍ വരും തുടങ്ങിയവയാണ് അദ്ദേഹം നിര്‍മ്മിച്ച ചിത്രങ്ങള്‍.

മോഹന്‍ലാലിന്റെ ആദ്യ 'മേക്കപ്പ്മാന്‍'

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ഗ്രൂപ്പിലെ സീനിയര്‍ ആണ് രാജൂ. മോഹന്‍ലാലിന്റെ ജേഷ്ഠന്‍ പ്യാരിലാലിന്റെ സഹപാഠിയാണ് അദ്ദേഹം. താന്‍ ചെയ്ത 250 ചിത്രങ്ങളിലെ കഥാപാത്രങ്ങളേക്കാര്‍ ഒരുപക്ഷേ സ്മരിക്കപ്പെടുക, മോഹന്‍ലാല്‍ എന്ന അസാമാന്യ പ്രതിഭക്ക് ആദ്യമായി മേക്കപ്പിട്ട ആള്‍ എന്ന നിലയിലാണെന്ന് രാജുതന്നെ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. ഫലത്തിന്റെ ലാലിന്റെ ആദ്യ അനൗദ്യോഗിക സംവിധായകനും ഇദ്ദേഹം തന്നെയാണ്. തന്റെ ആദ്യ സംവിധായകനായി മോഹന്‍ലാല്‍ പറയുന്നതും മണിയന്‍പിള്ള രാജുവിനെയാണ്. ലാലിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.

'മണിയന്‍പിള്ള രാജു എനിക്കു ജേഷ്ഠതുല്യനാണ്. എന്റെ ജേഷ്ഠന്റെ സഹപാഠിയായിരുന്നു. പരിചയം തുടങ്ങുന്നത് ഞാന്‍ ആറാം ക്‌ളാസ് വിദ്യാര്‍ത്ഥിയായിരിക്കുമ്ബോളാണ്. സ്‌ക്കൂളില്‍ അവതരിപ്പിക്കാന്‍ ഒരു നാടകം പഠിപ്പിച്ചുതരണമെന്നു പറയാന്‍ ഞാന്‍ രാജുവിനെ ചെന്നു കണ്ടു. 90 വയസ്സുള്ള ഒരു കഥാപാത്രത്തെയാണ് എനിക്ക് കിട്ടിയത്. ആ കഥാപാത്രത്തിന്റെ പേരില്‍ സ്‌ക്കൂളിലെ ബസ്റ്റ് ആക്ടര്‍ സമ്മാനം എനിക്ക് കിട്ടി. അന്ന് പത്താം ക്‌ളാസ് കുട്ടികള്‍ക്ക് മാത്രമായിരുന്നു ബസ്റ്റ് ആക്ടര്‍ സമ്മാനം കിട്ടിയിരുന്നത്. ആറാം ക്‌ളാസുകാരന് സമ്മാനം വാങ്ങിക്കൊടുത്തതില്‍ പത്താം ക്‌ളാസുകാര്‍ രാജുവിനെ ഓടിച്ചെന്നാണ് കഥ. പത്താം ക്‌ളാസിലും ഞാന്‍ ബസ്റ്റ് ആക്ടര്‍ ആയിരുന്നു. എന്റെ ജീവിതത്തിലെ ആദ്യത്തെ സംവിധായകന്‍ രാജുവാണ്. എന്റെ മുഖത്തു ചായം തേച്ച ആദ്യത്തെ മേക്കപ്പ് മാനും.'- ലാല്‍സലാം എന്ന അമൃയ ടീവിയിലെ പരിപാടിയിലാണ് സാക്ഷാല്‍ മോഹന്‍ലാല്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ലാലുമായി അന്ന് തുടങ്ങിയ സൗഹൃദവും ബന്ധവും ഇന്നും തുടരുന്നു.

ജീവനൊടുക്കുമെന്ന് പേടിച്ച്‌ കിട്ടിയ ആദ്യ വേഷം

നീണ്ട ചാന്‍സ് ചോദിച്ചുള്ള നടത്തത്തിനൊടുവില്‍ തുണയായത് കവിയും ഗാനരചയിതാവും സംവിധായകനുമൊക്കെയായ ശ്രീകുമാരന്‍ തമ്ബിയായിരുന്നു. പക്ഷേ ആ കൂടിക്കാഴ്ചയും അങ്ങേയറ്റം വേദനാ ജനകമായിരുന്നെന്ന് രാജു പറഞ്ഞിട്ടുണ്ട്. ''ഒരിക്കല്‍ അവസരം തേടി ശ്രീകുമാരന്‍ തമ്ബി സാറിനെ ആദ്യമായി ചെന്ന് കണ്ടപ്പോള്‍, തന്റെ വീട്ടില്‍ കണ്ണാടി ഇല്ലേ എന്നായിരുന്നു അദ്ദേഹം ചോദ്യം. താന്‍ രണ്ട് കൊല്ലം ഇവിടെ കിടന്ന് കാശ് കളഞ്ഞ് കുളിച്ചു. അടൂര്‍ ഭാസിയും ബഹദൂറും ആലംമൂടനും ഉള്ളപ്പോള്‍ തനിക്കൊരു പുണ്ണാക്കും ചെയ്യാന്‍ പറ്റില്ല. താന്‍ പൊക്കോ എന്നും പറഞ്ഞു.

ഞാന്‍ നിരാശനായി മടങ്ങി. സങ്കടം താങ്ങാനാവതെ പൊട്ടിക്കരഞ്ഞുപോയി.
ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ താമസിക്കുന്ന ലോഡ്ജിലേക്ക് വിളിച്ച്‌ അതേ ശ്രീകുമാരന്‍ തമ്ബി സാര്‍ തന്നെ വന്നു. സാറിന്റെ അടുത്ത സിനിമയിലേക്ക് ഒരു ചാന്‍സ് തന്നു.'പീറ്റര്‍ സാറിനെ കണ്ടു, വേക്കന്‍സി ഒന്നും ഇല്ലെന്നാണ് പറഞ്ഞത്. ഇനിയെങ്കിലും ഒരു ജോലി കിട്ടിയില്ലെങ്കില്‍ ഞാന് വല്ല റെയില്‍ പാളത്തിലും തലവെക്കും' -എന്ന് കനക ദുര്‍ഗയോട് പറയുന്നതാണ് സീന്‍. ഫസ്റ്റ് ടേക്ക് തന്നെ ഒക്കെയായി. എന്നോട് അത്രയും ക്രൂരമായി പറഞ്ഞിട്ടും എനിക്ക് എന്തിനാണ് ആ സിനിമയില്‍ ചാന്‍സ് തന്നതെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ തമ്ബി സാറിനോട് ചോദിച്ചു.

അത് ഞാന്‍ അത്മഹത്യചെയ്യുമോ എന്ന് ഭയന്നായിരുന്നു എന്നായിരുന്ന അദ്ദേഹത്തിന്റെ മറുപടി. അന്ന് ഞാന്‍ വീട്ടില്‍ നിന്ന് പോയതിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ വീട്ടിലെ മുകള്‍ നിലയില്‍ നിന്നും കര്‍ട്ടന്‍ മാറ്റി നോക്കി. അപ്പോള്‍ ഞാന്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കരയുന്നത് കണ്ടു. വേഷമില്ലെങ്കില്‍ ഇല്ലെന്ന് പറഞ്ഞാല്‍ പോരെ. ഇത്രയൊക്കെ പറയണമോയെന്ന് ഭാര്യ തമ്ബിസാറിനോട് ചോദിച്ചു. നേരെ റൂമില്‍ പോവാതെ വല്ല റെയില്‍ പാളത്തില്‍ ചാടി ആത്മഹത്യ ചെയ്തേക്കും എന്ന് ഭാര്യ പറഞ്ഞു. അതു കേട്ട് തമ്ബി സാര്‍ പേടിച്ച്‌ പോയി. ഞാന്‍ ചാവാതിരിക്കാന്‍ വേണ്ടിയാണ് അന്ന് തന്നെ പുള്ളി എഴുതിയുണ്ടാക്കിയ സീനായിരുന്നു എനിക്ക് തന്നത്. എനിക്കൊരു 100 രൂപ തരണമെന്നും പുള്ളി പറഞ്ഞെങ്കിലും പ്രൊഡക്ഷന്‍ മാനേജര്‍ അത് അടിച്ചു മാറ്റുകയും ചെയ്തെന്നും മണിയന്‍ പിള്ള കൂട്ടിച്ചേര്‍ക്കുന്നു. അങ്ങനെ 1975ല്‍ ശ്രീകുമാരന്‍ തമ്ബി സംവിധാനം ചെയ്ത മോഹിനിയാട്ടം എന്ന സിനിമ സുധീര്‍കുമാറിന്റെ ആദ്യ ചിത്രമായി.

പക്ഷേ പിന്നീട് ശ്രീകുമാരന്‍ തമ്ബിയുമായി വളരെ അടുത്ത ബന്ധം രാജുവിന് ഉണ്ടായി. നടനായും നിര്‍മ്മതാവുമായൊക്കെ ഉയര്‍ന്നപ്പോഴും ആ ഗുരുത്വം കാത്തുസൂക്ഷിച്ചുവെന്ന് തമ്ബിസാര്‍ ഇപ്പോഴും പറയുന്നു.

 

ബഹുദുര്‍ വിളച്ചത് ബാസ്റ്റാര്‍ഡ് എന്ന്

അക്കാലത്ത തനിക്കുണ്ടായ മറ്റൊരു കൈപ്പേറിയ അനുഭവം രാജു പറയുന്നത് ഇങ്ങനെ-''രാജു റഹീം എന്ന ചിത്രത്തില്‍ അഭിനയിച്ചതിനാണ് ആദ്യമായി 250 രൂപ പ്രതിഫലം ലഭിക്കുന്നത്. മൂന്ന് ഭാഗമായിട്ടായിരുന്നു ആ പൈസ നല്‍കിയത്. ആ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് രസകരമായ ഒരു സഭവം നടന്നിട്ടുണ്ട്. ഞാനും ബഹുദൂര്‍ക്കയും ഒരേ നിറത്തിലുള്ള ബനിയനൊക്കെ ധരിച്ച്‌ ഇങ്ങനെ നടന്നു പോവുകയാണ്. ആ സമയത്ത് ഒരു പട്ടി മാലയുമായി ഓടി വരും. അത് പട്ടിയുടെ വായില്‍ നിന്നും എടുത്ത് 'നിക്ക് ഇത് എവിടുന്ന് കിട്ടി' എന്ന് പറയുന്നതാണ് സീന്‍

ഞങ്ങള്‍ നടന്നെങ്കിലും പട്ടി വരുന്നില്ല. ആക്ഷന്‍ പറഞ്ഞു. ഞങ്ങള്‍ നടന്നെങ്കിലും പട്ടി വരുന്നില്ല. ഒടുവില്‍ പട്ടി വന്നപ്പോള്‍ ഞാന്‍ മാലയെടുത്ത ഉടനെ സംവിധായകന്‍ കട്ട് പറഞ്ഞു. പെട്ടെന്ന് ബഹദൂര്‍ക്ക് എന്റെയടുത്ത് 'ബാസ്റ്റഡ്.. ആ പട്ടിക്കുള്ള കോമണ്‍സെന്‍സ് തനിക്കില്ലെ. ഇതിനകത്ത് ഫിലിം അല്ലേ ഓടുന്നത്' എന്ന് പറഞ്ഞു. എന്നാല്‍ സംവിധായകന്‍ ഞാന്‍ നന്നായി ചെയ്തെന്ന് പറഞ്ഞു. പക്ഷെ എനിക്ക് അപ്പോള്‍ വലിയ സങ്കടം വന്നു. ഞാന്‍ മാറിപ്പോയിരുന്ന് കൂറെ കരഞ്ഞു.

ബഹദൂര്‍ക്ക അടുത്ത് വന്നു. ഞാന്‍ കരയുന്നത് കണ്ടപ്പോള്‍ ബഹദൂര്‍ക്ക അടുത്ത് വന്നു. മൂക്കത്താണ് ദേഷ്യമെങ്കിലും വളരെ നല്ല മനുഷ്യനാണ് അദ്ദേഹം. ഏതോ ഒരു നിമിഷത്തില്‍ അങ്ങനെ പറഞ്ഞു പോയതാണ്. പുള്ളി എന്റെ അടുത്ത് വന്ന് തോളില്‍ തട്ടി 'ഇങ്ങനെ കരയുകയൊന്നും ചെയ്യരുത്, നല്ല ഭാവിയുള്ളതാണ്'- എന്നും പറഞ്ഞു. അതിന് ശേഷമാണ് സുധീര്‍ കുമാര്‍ എന്ന പേരില്‍ രക്ഷപ്പെടില്ല എന്ന് അദ്ദേഹം പറയുന്നത്. നോക്കാം എന്നായിരുന്നു എന്റെ മറപുടി. സെറ്റില്‍ ആദ്യമായി കരഞ്ഞ സംഭവമായിരുന്നു അത്.

താരങ്ങള്‍ക്ക് ചിക്കന്‍ നമുക്ക് എന്തെങ്കിലും

സിനിമലോകത്തെ ഒരുപാട് കൈപ്പേറിയ അനുഭവങ്ങളുടെ കഥയും രാജുവിന് പറയാനുണ്ട്. അക്കാലത്ത് ഭക്ഷണത്തില്‍ അടക്കം വിവേചനം ഉണ്ടായിരുന്നതായും, ചെറിയ വേഷങ്ങളില്‍ അഭിനയിക്കുന്നവരുടെ പണം പ്രൊഡക്ഷന്‍കാര്‍ വെട്ടിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പിന്നീട് രാജു നിര്‍മ്മാതാവ് ആയപ്പോള്‍ ഈ വിഷയങ്ങളിലൊക്കെ ഏറെ ശ്രദ്ധിച്ചിരുന്നു. ഒരാള്‍ക്കുപോലും പ്രതിഫലം കിട്ടാതായ അവസ്ഥ തന്റെ പടത്തില്‍ ഉണ്ടായിട്ടില്ലെന്ന് രാജു അഭിമാനപൂര്‍വം പറയും. കൗമുദി ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ ഒരിക്കല്‍ രാജു ഇങ്ങനെ തുറന്നടിച്ചു.

''ഭക്ഷണ കാര്യത്തില്‍ വേര്‍തിരിവ് കാണിക്കുന്നത് കാണുമ്ബോള്‍ ഭയങ്കര സങ്കടം വരും. വലിയ താരങ്ങള്‍ക്കൊക്കെ ചിക്കനും ഫിഷും കൊടുക്കുമ്ബോള്‍, നമുക്കൊക്കെ എന്തെങ്കിലുമാണ് കിട്ടുക. മുന്‍പ് ലൈറ്റ് ബോയ്സിനും ക്യാമറ അസിസ്റ്റന്റുമാര്‍ക്കും ഇലയില്‍ പൊതിഞ്ഞ് സാമ്ബാര്‍ സാദോ തൈര് സാദോ ഒക്കെയാണ് കൊടുക്കുന്നത്. അവരത് താഴെയിരുന്ന് പിച്ചക്കാര്‍ കഴിക്കുന്ന പോലെയാണ് കഴിക്കുക. ഇത് കാണുമ്ബോഴാണ് വല്ലാത്ത സങ്കടം വരുന്നത്.

ഞാന്‍ നസീര്‍ സാറിനോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സാര്‍, ഞാന്‍ തിരുവനന്തപുരത്ത് നിന്ന് വരുന്നതാണ്. അഭിനയത്തിനോട് അത്രയും പാഷന്‍ ഉള്ളതുകൊണ്ടാണ് രണ്ട് വര്‍ഷം ഇന്‍സ്റ്റിറ്റ്യൂട്ടിലും പഠിച്ച്‌ ഇവിടെ വന്ന് മിനക്കെട്ട് നില്‍ക്കുന്നത്. പലപ്പോഴും അഭിനയിക്കുന്നതിന് പൈസ പോലും കിട്ടാറില്ല.തിരുവനന്തപുരത്ത് അഞ്ച് കല്യാണമണ്ഡപങ്ങളുണ്ട്. എനിക്ക് തരക്കേടില്ലാത്തൊരു കുപ്പായമുണ്ടെങ്കില്‍ അവിടെയെല്ലാം പോയി എനിക്ക് സദ്യ കഴിക്കാം. അങ്ങനെയുള്ള സഥലത്ത് നിന്ന് വന്നാണ് ഞാന്‍ ഇവിടെ ഈ ഭക്ഷണം കഴിക്കുന്നത് എന്ന് സാറിനോട് തുറന്ന് പറഞ്ഞിട്ടുണ്ട്,''- മണിയന്‍പിള്ള രാജു പറഞ്ഞു.

 

കമല്‍ഹാസന് പകരം ആദ്യ നായകവേഷം

സിനിമയില്‍ ചാന്‍സ് ചോദിച്ച്‌ മദിരാശിയിലൂടെ നടക്കുന്ന കാലത്ത് കലാകൗമുദിയുടെ റിപ്പോര്‍ട്ടറായി നെടുമുടി വേണു അവിടെ വരുന്നു. ആ അനുഭവം രാജു ഇങ്ങനെ പറയുന്നു. '' ഹാസ്യകഥാപാത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ സുധീര്‍ കുമാര്‍ എന്ന ഈ പേര് ഒരു ബുദ്ധിമുട്ടാവുമോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എന്നാല്‍ കോമഡിക്ക് വേണ്ടി പരേതന്‍ എന്ന പേരിട്ടാലോയെന്ന് ഞാന്‍ തമാശ രൂപേണ അന്ന് നെടുമുടി വേണുവിനോട് ചോദിച്ചിരുന്നു. അദ്ദേഹവും ചിരിച്ചു. എന്നാല്‍ അടുത്ത തവണ കലാകൗമുദി അച്ചടിച്ച്‌ വന്നപ്പോള്‍ അമ്മ പേടിച്ചു പോയി. അതില്‍ പരേതന്‍ എന്നും പറഞ്ഞുകൊണ്ടായിരുന്നു ആ അഭിമുഖം അച്ചടിച്ച്‌ വന്നത്. എനിക്ക് എന്തെങ്കിലും പറ്റിയോ എന്നായിരുന്നു അമ്മ ഭയപ്പെട്ടത്. അഭിമുഖം പൂര്‍ണ്ണമായി വായിച്ച്‌ നോക്കിയപ്പോഴാണ് അമ്മയ്ക്ക് സമാധാനമായത്.

പക്ഷേ,എനിക്ക് പേര് മാറ്റേണ്ടി വന്നതല്ല, മണിയന്‍ പിള്ള അഥവാ മണിയന്‍ പിള്ള എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷം ഒട്ടോമാറ്റിക്ക് ആയി എന്റെ ഓമനപ്പേരായ രാജു എന്ന പേരിന്റെ കൂടെ മണിയന്‍ പിള്ള എന്ന പേരും ചേര്‍ന്ന് വരികയായിരുന്നു.'- രാജു പറയുന്നു. മോഹന്‍ലാന്‍ നായകനാകും മുന്‍പ് നായക കഥാപാത്രത്തെ അവതരിപ്പിച്ചയാളാണ് രാജു. അതും കമല്‍ഹാസനു പകരക്കാരനായി. മണിയന്‍പിള്ളയായി അഭിനയിക്കാന്‍ കമല്‍ഹാസന്റെ ഡേറ്റ് നിര്‍മ്മാതാവ് വാങ്ങിയതറിയാതെ സംവിധായകന്‍ രാജുവിന് വാക്കുകൊടുക്കുകയായിരുന്നു. അങ്ങനെയാണ് രാജു നായകനാവുന്നത്. ചിത്രം പ്രദശന വിജയം നേടിയതോടെ മണിയന്‍പിള്ള എന്ന പേരും ഉറച്ചു.

നസീറും മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ അവരുടെ പേരുകളില്‍ കഥാപാത്രമായി അഭിനയിച്ചിട്ടുണ്ടെങ്കിലും അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരില്‍ ശിഷ്ടകാലം അറിയപ്പെടാന്‍ ഭാഗ്യം കിട്ടിയത് എനിക്കും നടികര്‍ തിലകം ശിവാജി ഗണേശനുമാണെന്ന് മണിയന്‍പിള്ള രാജു അഭിമാനത്തോടെ പറയും.

ലാല്‍- പ്രിയന്‍ കോമ്ബോയിലൂടെ വിജയം

1982ലെ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത 'ചിരിയോ ചിരി' എന്ന സിനിമയിലൂടെ ഹാസ്യകഥാപാത്രങ്ങള്‍ക്ക് തന്റേതായ ഒരു രീതി സൃഷ്ടിച്ച്‌ രാജു മലയാള സിനിമയില്‍ സജീവമായത്. പിന്നെ അദ്ദേഹത്തെ ലിഫ്റ്റ് ചെയ്തത് പ്രിയദര്‍ശന്‍ തന്നെയായിരുന്നു. പ്രിയന്റെ സിനിമകളില്‍ രാജൂ നായകനായും സഹനായകനായും ഒക്കെ മലയാള സിനിമയില്‍ നിറഞ്ഞുനിന്നു. പിന്നെ അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വിന്നില്ല. മിന്നാരത്തിലെ ഒറ്റ ഷോട്ടിലെ ലോങ്ങ് ഡയലോഗ് മറക്കാന്‍ കഴിയില്ല. ഇത് ഹിന്ദി സിനിമയാക്കിയപ്പോഴാണ് എത്രയോ ബുദ്ധിമുട്ടിയാണ് ആ ഭാഗം ചിത്രീകരിച്ചതെന്ന് പ്രിയന്‍ പറഞ്ഞിട്ടുണ്ട്. രാജുവിനെപ്പോലെയുള്ള താരങ്ങളുടെ മിടുക്ക് അറിയുന്നതും അപ്പോള്‍ തന്നെയാണ്.

 

1978ല്‍ മോഹന്‍ലാല്‍ തിരനോട്ടത്തില്‍ ചെറിയ വേഷത്തില്‍ ആദ്യമായി ക്യാമറയക്ക് മുന്‍പിലെത്തുമ്ബോള്‍ രാജു പത്തു സിനികളില്‍ അഭിനയിച്ചു കഴിഞ്ഞിരുന്നു. ശശികുമാറിന്റെ ജയിക്കാനായി ജയിച്ചവന്‍ എന്ന ഹിറ്റ് ചിത്രം ഉള്‍പ്പെടെ. നസീര്‍, മധു, ജയന്‍, സുകുമാരന്‍, സോമന്‍ എന്നിവര്‍ക്കൊല്ലാം ഒപ്പം.1983ല്‍ പി ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത പിന്‍നിലാവാണ് മോഹന്‍ലാലും മണിയന്‍പിള്ള രാജുവും ഒന്നിച്ചഭിനയിച്ച ആദ്യചിത്രം. പിന്നീടവര്‍ 50 ലധികം ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചു. രാജു 15 സിനിമകളും നിര്‍മ്മിച്ചു . അതില്‍ വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, ഛോട്ടാ മുംബയ്, ഒരു നാള്‍ വരും എന്നിവയില്‍ മോഹന്‍ലാല്‍ നായകനുമായി. പ്രിയദര്‍ശന്റെ 1986 ലെ സൂപ്പര്‍ഹിറ്റായിരുന്ന ഹലോ മൈ ഡിയര്‍ റോങ് നമ്ബര്‍ നിര്‍മ്മിച്ചത് ലാലും രാജുവും ചേര്‍ന്നാണ്. മോഹന്‍ലാലിനോടുള്ള കടുത്ത ആരാധന വര്‍ണ്ണിക്കുന്ന ചിത്രമായ 'മോഹന്‍ലാല്‍' എന്ന ചിത്രത്തിലുംമണിയന്‍പിള്ള രാജു അഭിനയിച്ചു, മണിയന്‍പിള്ള രാജു എന്ന കഥാപാത്രമായിതന്നെ.

ഏതു പ്രതിസന്ധി ഘട്ടത്തിലും തനിക്ക് വിളിക്കാവുന്ന സുഹൃത്താണ് രാജുവെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. 'സൗഹൃദത്തിന് രാജു വലിയ വില കല്‍പ്പിക്കുന്നതായി പല സന്ദര്‍ഭങ്ങളിലും എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. ഇത്രയും കാലത്തെ ഞങ്ങളുടെ ബന്ധത്തില്‍ നീരസമോ മുഷിവോ ഉണ്ടായിട്ടില്ല. ഞങ്ങള്‍ ഒപ്പമുള്ള നിമിഷങ്ങല്‍ ഓരോന്നും വലിയ വലിയ ഓര്‍മ്മകളാണ്. അഭിയത്തിന്റെ ബാലപാഠം എന്നെ ആദ്യം പഠിപ്പിച്ചത് രാജുവാണ്. തൈക്കാട് അദ്ദേഹത്തിന്റെ വീടിനു മുകളില്‍ ഒരു ലോഡ്ജ് ഉണ്ടായിരുന്നു.അവിടെ വച്ചാണ് ഞങ്ങളെ നാടകം പഠിപ്പിച്ചത്''- ലാല്‍ പറയുന്നു.

ഈ സൗഹൃദമൊക്കെ അമ്മ തെരഞ്ഞെടുപ്പിലൂടെ തകര്‍ന്നുപോവുമെന്ന് കരുതുന്നവര്‍ക്കും ആകെ തെറ്റി. നിങ്ങള്‍ക്ക് മണിയന്‍ പിള്ള രാജുവിനെകുറിച്ച്‌ ഒരുചുക്കും അറിയില്ല എന്നാണ് അതിന്റെ അര്‍ഥം. തീര്‍ത്തും ഔദ്യോഗികമായ കാര്യങ്ങള്‍ വ്യക്തിബന്ധങ്ങളെ ബാധിക്കാത്ത വിധം കൊണ്ടുപോവാന്‍ അദ്ദേഹത്തിന് നന്നായി അറിയാം. മോഹന്‍ലാല്‍ എന്ന നടന്‍ വേറെ, സുഹൃത്ത് വേറ, 'അമ്മ' പ്രസിഡന്റ് വേറെ. ഇതാണ് മണിയന്‍ പിള്ളയുടെ നയം.

വിനീതന്‍, നിഷ്പക്ഷന്‍, വന്നവഴി മറക്കാത്തവന്‍

എന്തുകൊണ്ട് മണിയന്‍ പിള്ള രാജുവിന് വോട്ടുചെയ്തുവെന്ന് ചോദിച്ചാല്‍ സിനിമാ താരങ്ങളില്‍ ചിലരെങ്കിലും തുറന്നുപറയുന്ന ഒരു കാര്യമുണ്ട്. അദ്ദേഹം മാന്യനും, സത്യസന്ധനും, നിഷ്പക്ഷനുമാണ്. ഇത്രയധികം സിനിമകള്‍ നിര്‍മ്മിച്ചിട്ടും ആര്‍ക്കും ഒരു വണ്ടിച്ചെക്കും കൊടുത്തിട്ടില്ല. സെറ്റില്‍ എല്ലാ സൗകര്യങ്ങളും ഉണ്ടാവും. കൃത്യമായി പേയ്മെന്റ് കിട്ടും. അതും ഷൂട്ടിങ്ങ് പാക്കപ്പ് ആവുന്നതിന് മുമ്ബേ. അതുകൊണ്ടുതന്നെ രാജുചേട്ടന്റെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോവുക എന്നത് തങ്ങള്‍ക്ക് സന്തോഷമുള്ള കാര്യമാണെന്നാണ് യുവതാരങ്ങള്‍ പറയുന്നത്. അതുപോലെ തന്നെ സിനിമയിലെ ഒരു ഗ്രൂപ്പിസത്തിലും കുശിനി സംഘത്തിലും അദ്ദേഹം ഭാഗഭാക്കുമല്ല.

 

രാജുതന്നെ ഒരു അഭിമുഖത്തില്‍ ഇങ്ങനെ പറയുന്നു. ''പൊതുവെ വന്ന വഴി മറക്കുന്നവര്‍ ആണെന്നാണ് സിനിമക്കാരെക്കുറിച്ച്‌ പറയുക. എന്നാല്‍ എന്റെയൊക്കെ കാര്യം തിരിച്ചാണ്. ഞാനൊക്കെ എന്നെ ഓരോഘട്ടത്തിലും സഹായിച്ചവരെ കൃത്യമായി ഓര്‍ക്കുകയും, ഓരോഘട്ടങ്ങളിലും പരിഗണിക്കുകയും ചെയ്യാറുണ്ട്''. ഈ സ്വഭാവ സവിശേഷതകള്‍ കൊണ്ടുതന്നെയാണ് ചാന്‍സ് ചോദിച്ചചെല്ലുന്ന യുവ നടന്മാര്‍ക്കും സംവിധാകയര്‍ക്കും ഒരു അത്താണി തന്നെയാണ് അദ്ദേഹം.

രാഷ്ട്രീയമായും തീര്‍ത്തു നിഷ്പക്ഷനാണ് മണിയന്‍പിള്ള രാജു. മുമ്ബ് കേരളത്തിലെ റേഷന്‍ കടകളെക്കുറിച്ച്‌ ഒരു വിവാദമുണ്ടായപ്പോള്‍, റേഷന്‍ കടയില്‍പോയതും നല്ല അരി കിട്ടിയതുമായ അനുഭവം അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. ഇത് സര്‍ക്കാര്‍ അനുകൂലികള്‍ ഒരു പ്രചാരണ ആയുധമാക്കി എടുത്തു. ഇതേതുടര്‍ന്ന് സര്‍ക്കാരിന്റെ ഓണക്കിറ്റ് ഭക്ഷ്യമന്ത്രി അനില്‍ രാജുവിന്റെ വീട്ടില്‍ നേരിട്ടെത്തിച്ച്‌ നല്‍കിയതും വിവാദമായി. എന്നാല്‍ മന്ത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു. ''പൊതു വിതരണം രംഗത്തെ കുറിച്ച്‌ നല്ല അഭിപ്രായം പറഞ്ഞ വ്യക്തിയാണ് മണിയന്‍പിള്ള രാജു. സ്വാഭാവികമായിട്ടും കിറ്റ് വിതരണം നടത്തുമ്ബോള്‍ ആ വീട്ടില്‍ പോവുകയെന്ന ഉദ്ദേശം മാത്രമെ ഉണ്ടായിരുന്നുള്ളൂ. അതൊരു വിവാദ വിഷയമാക്കേണ്ട കാര്യമില്ല. അനര്‍ഹമായ കാര്യം ചെയ്തിട്ടില്ല. കിറ്റ് വിതരണത്തിലെ ക്രമീകരണത്തില്‍ ഒരു ദിവസം മുന്നോട്ട് പോയാല്‍ എന്താണ് പ്രശ്‌നം.''. എന്നാല്‍ താന്‍ കണ്ടത് പറഞ്ഞുവെന്നല്ലാതെ തനിക്ക് മറ്റ് രാഷ്ട്രീയ അജണ്ടകള്‍ ഒന്നുമില്ലെന്ന് രാജുവും തുറന്നു പറഞ്ഞു.

അന്ന് രാജു ഇടത് അനുകൂലിയാണെന്ന് ചിലര്‍ പ്രചരിപ്പിച്ചവര്‍ക്ക് മാറ്റിപ്പറയേണ്ടി വന്നത് വൈദ്യുതി ബില്‍ വിവാദത്തോടെയാണ്. തനിക്ക് കെ.എസ്.ഇ.ബിയുടെ വക വന്‍ തുകക്കുള്ള വൈദ്യുതി ബില്‍ കിട്ടിയതും രാജു പുറത്തുവിട്ടിരുന്നു. ഇത് വാര്‍ത്തയായതോടെയാണ് കെ.എസ്.ഇ.ബി തിരുത്തുന്നതും തുക കുറച്ചുകൊടുക്കുന്നതും. സ്വാഭാവികമായും പ്രതിപക്ഷം ഈ വിഷയം ഏറ്റുപിടിച്ചു. അപ്പോഴും രാജു പറഞ്ഞു. ''എനിക്ക് ഇതില്‍ രാഷ്ട്രീയമില്ല. ഞാന്‍ എന്റെ അനുഭവമാണ് പറഞ്ഞത്''.

 

ഈ രീതിയില്‍ പൊളിറ്റിക്കല്‍ ന്യൂട്രാലിറ്റി നിലനിര്‍ത്താന്‍ നമ്മുടെ പല നടന്മാര്‍ക്കും കഴിയുന്നില്ല. മറ്റുള്ളവരില്‍നിന്ന് മണിയന്‍ പിള്ളയെ വ്യത്യസ്തനാക്കുന്നതും ഇതുതന്നെയാണ്. തിരുവനന്തപുരം നായര്‍ ലോബിയെന്നൊക്കെപ്പറഞ്ഞ് മുനവെച്ച ആരോപണങ്ങള്‍ പറയുന്ന തിലകന്‍ പോലും രാജുവിനെക്കുറിച്ച്‌ മോശമായതൊന്നും പറഞ്ഞിട്ടില്ല. ആ തിളങ്ങുന്ന വ്യക്തിത്വത്തിന് കിട്ടിയ അംഗീകാരമാണ് താരസംഘടനയിലെ വിജയവും.
 

Read more topics: # Actor maniyanpilla raju real life
Actor maniyanpilla raju real life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES