നമുക്ക് ചുറ്റുമുള്ള ചിലരെയെങ്കിലും കാണുമ്പോള്‍ ഈശ്വരനോട് നമ്മള്‍ നന്ദി പറയാറുണ്ട്. ദൈവം ആരെയും പൂര്‍ണരായി സൃഷ്ടിക്കുന്നില്ല. എല്ലാവര്‍ക്കുമുണ്ട് കുറവുകള്‍ എങ്കിലും കൈ ഇല്ലാത്തവനെ കാണുമ്പോഴാണ് വിരല്‍ ഇല്ലാത്തതിന്റെ വിഷമം ഒന്നുമല്ലെന്ന് പലര്‍ക്കും മനസിലാവുന്നത്. ഇത്തരത്തില്‍ ഇപ്പോള്‍ ലോകം മുഴുവന്‍ ആരാധിക്കുന്ന ഒരു കുരുന്നു ബാലികയാണ് അദാലിയ. അപൂര്‍വ്വ രോഗം ബാധിച്ച് മരണം ഏത് നിമിഷവും കടന്നുവരാമെങ്കിലും അദാലിയ ലോകത്തെ മുഴുവനും സന്തോഷിപ്പിക്കുന്ന തിരക്കിലാണ്.
11 വയസായ അദാലിയ റോസ് വില്യംസിനെ കണ്ടാല്‍ ആരുമൊന്നു ഞെട്ടും. 70 വയസായ വൃദ്ധരെപോലെയാണ് അദാലിയയുടെ ശരീരം. പ്രൊഗേറിയ എന്ന അപൂര്‍വ്വ രോഗാവസ്ഥയാണ് ടെക്‌സാസ് സ്വദേശിനിയായ ആദാലിയക്കുള്ളത്. ശരീരം ഇരട്ടി വേഗത്തില്‍ വളരുന്ന അവസ്ഥയാണിത്. അതിനാല്‍ തന്നെ 11 വയസിലും വയസായികഴിഞ്ഞു അദാലിയ. 13 വയസ് വരെ മാത്രമാണ് പ്രോഗേറിയ ബാധിച്ചവര്‍ ജീവിച്ചിരുന്ന ശരാശരി വയസ്. ഏത് നിമിഷവും മരണം കടന്നുവരാമെന്ന് അറിയാമെങ്കിലും അതില്‍ വിഷമിച്ച് സമയം കളയാന്‍ അദാലിയ തയ്യാറല്ല. അതിനാല്‍ തന്നെ എല്ലാ സമയവും അദാലിയയും അച്ഛനും അമ്മയും ചിരിച്ച് സന്തോഷിച്ചാണ് കഴിയുന്നത്.
ഇപ്പോള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് സൈറ്റിലെ മിന്നും താരമാണ് ഈ മിടുക്കി. 13 മില്ല്യന്‍ ഫാന്‍സാണ് അദാലിയക്ക് ഫേസ്ബുക്കില്‍ മാത്രമുള്ളത്. യു ട്യൂബിലും അദാലിയ താരം തന്നെ. അമ്മ നതാലിയയും അച്ഛന്‍ റയാനും മകള്‍ക്ക് എല്ലാകാര്യത്തിലും പൂര്‍ണ പിന്തുണ നല്‍കാറുണ്ട്. അമ്മയാണ് കുഞ്ഞ് അദാലിയക്ക് വേണ്ടി യുട്യുബ് പേജും ഫേസ്ബുക്കും ഒക്കെ ഒക്കെ മാനേജ് ചെയ്യുന്നത്. അതില്‍ അദാലിയയുടെ ഫോട്ടോയും വീഡിയോയും പോസ്റ്റ് ചെയ്യുന്നതും അമ്മ തന്നെ. നിരവധി ആരാധകരുള്ള അദാലിയ ഇവര്‍ക്കായി നിരവധി വീഡിയോകളാണ് ദിവസവും ഷെയര്‍ ചെയ്യുന്നത്.
സമൂഹ മാധ്യമങ്ങള്‍ വഴി സമാഹരിക്കുന്ന തുക പ്രോജെറിയ ബാധിച്ച കുട്ടികളുടെ ചികില്‍സാ ചെലവിലേക്കാണ് സംഭാവന ചെയ്യുന്നത്. ഏത് നിമിഷവും മരിക്കാമെന്നതിനാല്‍ തന്നെ കണ്ണില്‍ എണ്ണയൊഴിച്ചാണ് അച്ഛനും അമ്മയും മകളെ പരിചരിക്കുന്നത്. മുടിയില്ലാത്തിനാല്‍ ഇടയ്ക്ക് കുഞ്ഞു അദാലിയക്ക് വിഷമമാകുമെങ്കിലും തനിക്ക് വിഗ്ഗുകള്‍ ഉണ്ടല്ലോയെന്ന് പറഞ്ഞ് ഈ കുഞ്ഞ് സ്വയം ആശ്വസിക്കും. അമ്മയും തന്റെ മുടി മൊട്ടയടിച്ച് മകളെ സന്തോഷിപ്പിക്കും. മേയ്ക്കപ്പ് ചെയ്യാനും, പാവകുട്ടികളൊടൊപ്പം കളിക്കാനും, യു ട്യുബില്‍ വീഡിയോകള്‍ ചെയ്യാനുമെല്ലാം അദാലിയയ്ക്ക് വളരെ ഇഷ്ടമാണ്. മകള്‍ ഏത് നിമിഷവും മരിക്കാമെന്ന് അച്ഛനും അമ്മയ്ക്കും അറിയാമെങ്കിലും ഓരോ ദിവസവും കടന്നുപോകുമ്പോള്‍ ദൈവത്തിന് നന്ദി പറയുകയാണ് ഇവര്‍. നിരവധി ആരാധകരുണ്ട് സോഷ്യല്‍മീഡിയയില്‍ അദാലിയയ്ക്ക്. എല്ലാവര്ക്കും പ്രചോദനമാണ് അദാലിയയെന്ന് കമന്റുകള്‍ നിത്യേന എത്താറുണ്ട്. ഈ കമന്‌റുകള്‍ വായിക്കുന്നതാണ് അദാലിയയ്ക്ക് ഏറെ ഇഷ്ടവും.