മലയാള സീരിയല്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പണം മുടക്കുന്ന ബിഗ് ബജറ്റ് സീരിയലുമായി സീ കേരളം എത്തുന്നു. അടുത്ത മാസം മുതല്‍ സംപ്രേക്ഷണം ആരംഭിക്കുന്ന 'നീയും ഞാനും' എന്ന സീരിയലിന്റെ പ്രൊമോ ചാനല്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. ഒരു ആക്ഷന്‍ സിനിമയെ ഓര്‍മിപ്പിക്കുംവിധമാണ് സീരിയലിന്റെ പ്രൊമോ അവതരിപ്പിച്ചിരിക്കുന്നത്. പ്രൊമോയില്‍ മാത്രമല്ല പുതുമ. സീരിയലിന്റെ പ്രമേയവും വേറിട്ടതാണ്. പ്രണയിക്കാന്‍ പ്രായം ഒരു തടസ്സം അല്ലെന്ന് തെളിയിക്കുന്ന കമിതാക്കളുടെ കഥയാണ് 'നീയും ഞാനും' പറയുന്നത്. മലയാള സീരിയല്‍ ചരിത്രത്തില്‍ ഇങ്ങനെ ഒരു കഥ ആരും പറഞ്ഞിട്ടില്ലെന്നാണ് സീ കേരളം അവകാശപ്പെടുന്നത്.
ഒരു ആഗോള ബിസിനസ് ശൃംഖലയുടെ ഉടമയാണ് നായക കഥാപാത്രമായ 45 കാരന്‍ രവിവര്‍മന്‍. തിരക്കിട്ട ബിസിനസ് ജീവിതത്തിനിടെ വ്യക്തി ജീവിതവും അദ്ദേഹം മറന്നു പോകുന്നു. വിവാഹം കഴിക്കാന്‍ മറന്നു പോയ രവി വര്‍മന്‍ ഒടുവില്‍ ശ്രീലക്ഷ്മി എന്ന 20കാരിയുമായി പ്രണയത്തിലാകുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് പരമ്പരയായി പ്രേക്ഷകര്‍ക്കു മുന്നിലെത്തുക. വലിയ പ്രായവ്യത്യാസമുള്ളവര്‍ക്കിടയിലെ പ്രണയവും ശ്രീലക്ഷ്മിയുടെ ജീവിതത്തെ കുറിച്ചുള്ള അവളുടെ അമ്മയുടെ ആവലാതികളും കഥ പറയുന്നുണ്ട്.
ഫെബ്രുവരി ആദ്യ വാരം മുതല്‍ സീ കേരളം ഈ സീരിയല്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങും. പ്രശസ്ത സിനിമാതാരം ഷിജുവാണ് രവിവര്‍മന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം ഷിജുവിന്റെ മിനി സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവ് കൂടിയാകും 'നീയും ഞാനും'.