തിരുവനന്തപുരം ഡിസംബര്‍ 18: പ്രശസ്ത നടിയും നര്‍ത്തകിയുമായ പത്മശ്രീ ശോഭന സീ കേരളം ചാനലിന് വേണ്ടി മൂന്ന് പുതിയ പരമ്പരകള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. തിങ്കളാഴ്ച (ഡിസംബര്‍ 18) മുതല്‍ സംരക്ഷണം ചെയ്യുന്ന ആദ്യ രണ്ട് സീരിയലുകള്‍ അവതരിപ്പിച്ചു കൊണ്ടാണ് ശോഭന സീ കേരളം കുടുംബത്തിന്റെ ഭാഗമാകുന്നത്. തിങ്കളാഴ്ച മുതല്‍ യഥാക്രമം രാത്രി 7 മണിക്കും രാത്രി 9 മണിക്കും സംപ്രേഷണം ആരംഭിക്കുന്ന പരമ്പരകള്‍ സുഭദ്രം, മായാമയൂരം എന്നിവയാണ്.
സുഭദ്രം പറയുന്നത് ഒരു ചതിയുടെ കഥയാണ്. ഒരു നാടിന്റെ ധീരയായ റാണിയായിരുന്നു സുഭദ്ര. ഭര്‍ത്താവായ മേഘനാഥന്റെ യഥാര്‍ത്ഥ മുഖം തിരിച്ചറിയാതെ സ്വന്തം ജീവന്‍ ഹോമിക്കേണ്ടി വരുന്ന സുഭദ്രയുടേയും, അവളുടെ വേര്‍പിരിയാത്ത 4 സഹോദരിമാരുടെയും അതിജീവനത്തിന്റെ കഥ കൂടിയാണ് സുഭ്രദം പറയുന്നത്. സ്‌നിഷ ചന്ദ്രന്‍, ജയ് ധനുഷ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന സുഭദ്രം, സീ കേരളം ചാനലില്‍ ഡിസംബര്‍ 18ന് തുടങ്ങി തിങ്കള്‍ മുതല്‍ ഞായര്‍ വരെ രാത്രി 7 മണിക്ക് കാണാം. പുരാതന രാജഭരണകാലത്തെ കാഴ്ചകള്‍ അതീവ ചാരുതയോടെ അവതരിപ്പിക്കുന്നു എന്നത് ഈ പരമ്പരയുടെ എടുത്തു പറയാവുന്ന പ്രത്യേകതയാണ്. തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ കുതിര മാളികയില്‍ ചിത്രീകരിക്കുന്ന ആദ്യ പരമ്പര എന്ന സവിശേഷതയും സുഭദ്രത്തിനു സ്വന്തം.
കുടുംബ പ്രേക്ഷകരെ ഏറെ ആകര്‍ഷിക്കുന്ന കഥയാണ് മായാമയൂരം. ഗംഗ എന്ന നിഷ്‌കളങ്കയായ പെണ്‍കുട്ടി ഭാര്യ മരിച്ച മഹേശ്വറിനെ അഗാധമായി പ്രണയിക്കുന്നു. അഞ്ചു വയസ്സുള്ള മഹേശ്വറിന്റെ മകള്‍ മാളു ആകട്ടെ അച്ഛനെ വല്ലാതെ വെറുക്കുന്നു. തന്റെ അമ്മയുടെ മരണത്തിന് കാരണം അച്ഛനാണെന്നാണ് ആ കുഞ്ഞുമനസ് തെറ്റിദ്ധരിച്ചിരിക്കുന്നത്. മകളുമായി ഒരു നല്ല ബന്ധം സ്ഥാപിക്കാന്‍ മഹേശ്വര്‍ ഏറെ ബുദ്ധിമുട്ടുന്നു. ഇവരെ രണ്ടുപേരെയും ബന്ധിപ്പിക്കുന്ന ഏക കണ്ണിയാണ് ഗംഗ. മഹേശ്വറിന്റെ മരിച്ചു പോയ ഭാര്യയും മാളുവിന്റെ അമ്മയുമായ ഗൗരിയുടെ ആത്മാവ്, ഗംഗയ്ക്ക് ഒരു ചേച്ചിയുടെ സ്‌നേഹ സാന്നിധ്യമാകുന്നു. അരുണ്‍ രാഘവന്‍, ഗോപിക പത്മ, വിദ്യ മോഹന്‍ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന കേരളം ചാനലില്‍ ഡിസംബര്‍ 18 തുടങ്ങി തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9 മണിക്ക് സംപ്രേഷണം ചെയ്യും.
വൈവിധ്യമാര്‍ന്ന വിനോദ പരിപാടികളിലൂടെയും പരമ്പരകളിലൂടെയും പ്രേക്ഷക ഹൃദയം കീഴടക്കിയ സീ കേരളത്തിന്റെ ഭാഗമായി ശോഭന മാറുന്നതോടെ, പുതിയ പരമ്പരകള്‍ക്ക് മിഴിവേറുകയാണ്. കേരളത്തിലേക്ക് അനവധി ടെലിവിഷന്‍ ചാനലുകള്‍ വളരെ മുന്‍പ് തന്നെ എത്തിയിരുന്നെങ്കിലും അഞ്ചുവര്‍ഷം മുമ്പ് പുതു പുത്തന്‍ കാഴ്ചകളുമായി മലയാളികള്‍ക്ക് മുന്നിലെത്തിയ സി കേരളം പ്രേക്ഷകര്‍ക്കായ് തുറന്നിട്ടത് മികവിന്റെ പുതിയ വാതായനങ്ങള്‍ ആയിരുന്നു. അഞ്ചുവര്‍ഷം കൊണ്ട് തന്നെ മലയാളിയുടെ ടെലിവിഷന്‍ ആസ്വാദനാനുഭവങ്ങള്‍ക്ക് സീ കേരളം പുതിയ ചരിത്രം രചിച്ചു.
സിനിമ - ടെലിവിഷന്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ച അഭിനേത്രിയും നര്‍ത്തകിയുമായ പത്മശ്രീ ശോഭനയും കൂടി സീ കേരളം കുടുംബത്തിന്റെ ഭാഗമാകുന്നതോടെ, പുത്തന്‍ പരമ്പരകളും നിത്യ ജീവിതത്തിനോട് തൊട്ടു നില്‍ക്കുന്ന അവയിലെ സ്ത്രീ കഥാപാത്രങ്ങളും, ഇനിയും ഏറെ ആകര്‍ഷണീയവും കലാപരമായ ഔന്നത്യം പുലര്‍ത്തുന്നതുമായി മാറും എന്ന വിശ്വാസത്തിലാണ് സീ കേരളത്തിന്റെ പ്രേക്ഷകര്‍. ശോഭന അവതരിപ്പിക്കുന്ന മൂന്നാമത്തെ പരമ്പരയായ സീതായനവും സീ കേരളം ചാനലില്‍ ഉടന്‍ സംപ്രേഷണം ആരംഭിക്കും.