ഏഷ്യാനെറ്റ് പ്ലസ്, കിരണ്‍ ടിവി തുടങ്ങിയ ചാനലുകള്‍ യുവ ഹൃദയങ്ങളില്‍ തരംഗം തീര്‍ത്ത കാലത്ത് പ്രേക്ഷകര്‍ക്ക് പരിചിതമായ താരമാണ് വീണാ എസ് നായര്‍ എന്ന അവതാരക. ശുദ്ധമായ മലയാളം സംസാരിച്ചും നിറപുഞ്ചിരിയോടെയും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടിരുന്ന വീണാ എസ് നായര്‍ ദൂരദര്‍ശനിലൂടെയും പ്രേക്ഷകരിലേക്ക് എത്തിയിട്ടുണ്ട്. ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട് വീണ. തിരുവനന്തപുരം മരുതന്‍കുഴി സ്വദേശിനിയായ വീണ ടെലിവിഷന്‍ രംഗത്ത് നിറസാന്നിധ്യമായി നില്‍ക്കവേയാണ് വിവാഹിതയായത്. 2013ലായിരുന്നു വീണയുടെ വിവാഹം. അന്തരിച്ച കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും ഉദുമ മുന്‍ എംഎല്‍എയുമായ കെപി കുഞ്ഞിക്കണ്ണന്റെ മകനും ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥനുമായ കെപികെ തിലകനെയാണ് വീണ വിവാഹം കഴിച്ചത്.
വിവാഹം കഴിഞ്ഞ് രാഷ്ട്രീയത്തിലേക്കും പൊതുപ്രവര്‍ത്തനത്തിലേക്കും സജീവമായ വീണ കുറച്ചു കാലമായി വീട്ടില്‍ വിശ്രമത്തിലാണ്. അതിനു കാരണം, കാത്തിരിപ്പിനും പ്രാര്‍ത്ഥനയ്ക്കും ഒടുവില്‍ വീണയും ഭര്‍ത്താവ് തിലകനും ഒരു കുഞ്ഞിന്റെ മാതാപിതാക്കളാകുവാന്‍ പോവുകയാണ് എന്നതാണ്. തിരുവനന്തപുരം മരുതന്‍കുഴി സ്വദേശിനിയായ വീണ ശാസ്തമംഗലം കുന്നില്‍ കുടുംബാഗംമായ സോമശേഖരന്‍ നായരുടേയും ലീനയുടേയും മകളാണ് 36കാരിയായ വീണ. വര്‍ഷങ്ങളോളം നീണ്ട കാത്തിരിപ്പിനും പ്രാര്‍ത്ഥനയ്ക്കും ഒടുവില്‍ ലഭിക്കാന്‍ പോകുന്ന കുഞ്ഞായതിനാല്‍ തന്നെ വീട്ടുകാരെല്ലാം കണ്ണിലെ കൃഷ്ണമണിയെ പോലെയാണ് വീണയ്ക്ക് പരിചരണവും ശുശ്രൂഷയും നല്‍കുന്നത്.
വിവിധ ടെലിവിഷന്‍ പരിപാടികളുടെ അവതാരകയായിട്ടാണ് വീണാ എസ് നായര്‍ മലയാളികള്‍ക്ക് പരിചിതയാകുന്നത്. വിവാഹം കഴിഞ്ഞ് മൂന്നാം വര്‍ഷം 2015ലാണ് വീണ മിനിസ്‌ക്രീനില്‍ നിന്നും തിരഞ്ഞെടുപ്പ് ഗോദയിലേയ്ക്ക് കന്നിയങ്കത്തിനിറങ്ങിയത്. അന്ന് അവതാരക മാത്രമല്ല, മോഡലും അഡ്വക്കേറ്റും കൂടിയായിരുന്നു വീണ എസ് നായര്‍ എന്ന മിടുക്കി. ശാസ്തമംഗലം വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിട്ടാണ് വീണ മത്സരിച്ചത്. വനിത സംവരണ വാര്‍ഡായതോടെയാണ് വീണയ്ക്ക് നറുക്ക് വീണത്. വാര്‍ഡിലെ സ്ഥാനാര്‍ത്ഥികളെ അടുത്തറിയാവുന്ന ജനകീയ സ്ഥാനാര്‍ത്ഥിയാവണം ശാസ്തമംഗലം വാര്‍ഡിലേത് എന്ന ആവശ്യം ഡിസിസി അംഗീകരിച്ചതോടെയാണ് കന്നിയങ്കത്തിന് വീണ ഇറങ്ങിയത്. അതിനു ശേഷവും വീണ നിരവധി തവണ മത്സരിക്കാനിറങ്ങി.
രാഷ്ട്രീയത്തില്‍ സജീവമല്ലായിരുന്നെങ്കിലും കോണ്‍ഗ്രസുമായി വളരെ അടുപ്പമുള്ള കുടുംബാംഗമാണ് വീണ. വിവാഹശേഷം ചെന്നു കയറിയത് ഒരു രാഷ്ട്രീയ കുടുംബത്തിലേക്ക് ആയതോടെയാണ് വീണ രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങിയത്. പിന്നീട് ചാനല്‍ അവതാരക വേഷങ്ങളില്‍ നിന്നും മാറിനിന്ന വീണ പൊതുചടങ്ങുകളിലും മറ്റുമാണ് പിന്നീട് അവതാരകയായി കണ്ടത്. ഇപ്പോള്‍ സോഷ്യല്‍ വര്‍ക്കറും അഡ്വക്കേറ്റും അവതാരകയും റിസേര്‍ച്ച് സ്‌കോളറും ഒക്കെയാണ് വീണ. അതിനിടെ രാഷ്ട്രീയ വിഷയങ്ങളിലും പൊതുവിഷയങ്ങളിലുമെല്ലാം തന്റെ ശക്തമായ നിലപാടുകളും പ്രവര്‍ത്തനങ്ങളും നടത്തുന്നുമുണ്ട്.