ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഗൗരീശങ്കരം എന്ന ഒരൊറ്റ സീരിയലിലൂടെ പ്രേക്ഷക മനസു കവരുകയും ഇപ്പോള്‍ ഫ്ളവേഴ്സിലെ പഞ്ചാഗ്‌നിയിലൂടെ അമൃതയായും തിളങ്ങുന്ന നടിയാണ് വീണാ നായര്‍. ഇപ്പോഴിതാ താരപ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കവേ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് നടി. തന്റെ പ്രണയ വിവാഹത്തിന് ഇനി രണ്ടേ രണ്ടു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അവസാന വട്ട ഒരുക്കങ്ങളിലാണ് നടിയും കുടുംബവും. ഗൗരീശങ്കരത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കെയായിരുന്നു വീണയുടെ വിവാഹ നിശ്ചയം നടന്നത്.
2024 സെപ്റ്റംബറിലായിരുന്നു വിവാഹനിശ്ചയം. നിശ്ചയം കഴിഞ്ഞ് ഏഴു മാസം തികയവേയാണ് വിവാഹത്തിലേക്കും എത്തുന്നത്. പ്രണയ വിവാഹമാണ് വീണയുടേത്. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ഒരു ചെറിയ ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. വിവാഹവും അതുപോലെ ആയിരിക്കുമോ, അതോ ഗംഭീര ആഘോഷമാക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
അതേസമയം തൃശ്ശൂരുകാരിയായാണ് വീണ ജനിച്ചതെങ്കിലും പഠിച്ചതും വളര്‍ന്നതും എല്ലാം മുംബൈയിലായിരുന്നു. തൃശൂരിലെ പ്രേംകുമാര്‍ - ശ്രീലത ദമ്പതികളുടെ മകളായിട്ടായിരുന്നു ജനനം. ബിസിനസ് മാനേജ്‌മെന്റ് ബിരുദധാരിയാണ്. ഒരു മികച്ച ക്ലാസിക്കല്‍ ഡാന്‍സറായ വീണ ടിക് ടോക് വീഡിയോകള്‍ നിരവധി ചെയ്യാറുണ്ടായിരുന്നു. അങ്ങനെയാണ് സിനിമാ രംഗത്തേക്ക് പ്രവേശിച്ചത്. ഒരിക്കല്‍ നാടോടിക്കാറ്റ് മൂവിയിലെ മോഹന്‍ലാല്‍ - ശോഭന റൊമാന്റിക് സീന്‍ ടിക് ടോക്ക് ചെയ്ത് വൈറലായതാണ് വീണയ്ക്ക് സിനിമാഭിനയത്തിലേയ്ക്ക് കടക്കാന്‍ പ്രചോദനമായത്. ആകാശഗംഗ 2 എന്ന ചിത്രത്തിലേയ്ക്ക് അഭിനേതാക്കളെ ആവശ്യമുണ്ടെന്നറിഞ്ഞ വീണ മണിച്ചിത്രത്താഴിലെ ശോഭന അവതരിപ്പിച്ച നാഗവല്ലിയുടെ ഒരു രംഗം അഭിനയിച്ച വീഡിയോ സംവിധായകന്‍ വിനയന് അയച്ചുകൊടുക്കുകയും അത് ഇഷ്ടപ്പെട്ട സംവിധായകന്‍ വീണയെ ആ സിനിമയില്‍ നായികയായി തിരഞ്ഞെടുക്കുകയും ചെയ്തു. ആകാശഗംഗ 2 വില്‍ ആരതി വര്‍മ്മ എന്ന നായിക കഥാപാത്രത്തെയാണ് വീണ അവതരിപ്പിച്ചത്.
പ്രണയവിലാസം എന്ന ചിത്രത്തില്‍ അര്‍ജ്ജുന്‍ അശോകനൊപ്പം റിഹാനാ എന്ന കഥാപാത്രത്തേയും അവതരിപ്പിച്ചിരുന്നു. പിന്നാലെയാണ് ഗൗരീശങ്കരത്തിലേക്ക് നായികയായി എത്തിയത്. ഗൗരീശങ്കരം സീരിയല്‍ അവസാനിച്ച ശേഷമാണ് വീണ പഞ്ചാഗ്‌നിയിലേക്ക് എത്തിയത്. നേരത്തെ ലീമാ ബാബു എന്ന സീരിയല്‍ നടിയായിരുന്നു അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ തികച്ചും സ്വകാര്യമായ കാരണങ്ങളാല്‍ ലിമ പഞ്ചാഗ്‌നിയില്‍ നിന്നും ക്വിറ്റ് ചെയ്തപ്പോഴാണ് ആ വേഷത്തിലേക്ക് വീണ എത്തിയത്.
വിവാഹ നിശ്ചയം കഴിഞ്ഞ് മാസങ്ങള്‍ക്കിപ്പുറം വിവാഹ വിശേഷവും അറിയിച്ചെത്തിയ വീണയ്ക്ക് വിവാഹാശംസകള്‍ അറിയിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍. വൈഷ്ണവ് എന്ന ഛോട്ടാ ബാഹുബലിയെയാണ് വീണ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്. ഏറെക്കാലത്തെ പ്രണയ സാഫല്യം കൂടിയാണ് ഇവരുടെ വിവാഹം. എന്തായാലും വീണയുടെ വിവാഹവിശേഷങ്ങള്‍ കൂടുതല്‍ അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.