വലിയ ഒരു ഞെട്ടലാണ് കൂടത്തായി കൊലപാതക പരമ്പര മലയാളികള്‍ക്ക് സമ്മാനിച്ചത്. ജോളി എന്ന മധ്യവയസ്‌കയായ സ്ത്രീ ഒന്നും രണ്ടുമല്ല ആറ് കൊലപാതകങ്ങള്‍ സ്വന്തം കൈ കൊണ്ട് ചെയ്തതെന്ന കണ്ടെത്തലാണ് പുറത്തുവന്നത്. ഒരു കൊച്ചുകുഞ്ഞിനെ പോലും കൊലപ്പെടുത്തിയ ജോളിയുടെ ജീവിതകഥ സിനിമയാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ എത്തിയിട്ട് അധികമായിട്ടില്ല. എന്നാലിപ്പോള്‍ അതിന് മുമ്പേ തന്നെ സീരിയല്‍ രൂപത്തില്‍ കൂടത്തായി കേസ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്.
ഇന്നലെ രാത്രി 8 മണിക്കാണ് കൂടത്തായി സംഭവത്തിന്റെ പശ്ചാത്തലില്‍ ഒരുങ്ങുന്ന സീരിയല്‍ സംപ്രേക്ഷണം ആരംഭിക്കുന്നത്. കൃത്യം എന്നാണ് സീരിയലിന്റെ പേര്. പ്രശസ്ത സംവിധായകന്‍ സന്തോഷ് കുട്ടമ്മത്താണ് സീരിയലിന്റെ സംവിധായകന്‍. സീരിയല്‍ നിര്‍മ്മിക്കുന്നത് പിഎം ഐ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കാലടി ജയനാണ്. സീരിയലില്‍ സോളി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖ താരമായ കണ്ണൂര്‍ സ്വദേശിനി ദിവ്യയാണ്. ഇവര്‍ക്കൊപ്പം തന്നെ പ്രമുഖ താരങ്ങള്‍ സീരിയലില്‍ അണി നിരക്കും. നടന്‍ ആദിത്യന്‍ ജയന്‍, കിഷോര്‍, കൊല്ലം ഹരി, മനു വര്‍മ്മ, വഞ്ചിയൂര്‍ പ്രവീണ്‍, തനിമ, പ്രദീപ്, സംഗീത രാജേന്ദ്രന്‍, രമേശ് തുടങ്ങി വന്‍ താരനിരയാണ് സീരിയലില്‍ അഭിനയിക്കുക. നടി സംഗീതമോഹനാണ് സീരിയലിന് കഥ എഴുതുന്നത്. കാമറ കൈകാര്യം ചെയ്യുന്നത് അമ്പിളി ശിവരാമനാണ്.
പത്രവാര്‍ത്തകള്‍ക്കുമപ്പുറം കൂടത്തായിയിലെ സത്യം തിരയുന്നതായിരിക്കും സീരിയല്‍. ഒരു പോലീസ് ക്രൈം ത്രില്ലറിലാണ് സീരിയല്‍ അണിയിച്ചൊരുക്കുക. ഓരോ നിമിഷവും ഉദ്വേഗം ജനിപ്പിക്കുന്ന കഥയായിരിക്കും ഇതെന്ന് അണിയറ പ്രവര്‍ത്തകര്‍ ഉറപ്പുനല്‍കുന്നു. സീരിയലിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
ഇന്ന് രാത്രി എട്ടുമണിക്ക് കൈരളി ചാനലിലൂടെ ആദ്യ എപിസോഡ് സംപ്രേക്ഷണം ചെയ്യും. കൊലപാതക കഥയുടെ സത്യസന്ധമായ കഥ എന്നതാണ് കൃത്യത്തിന്റെ ടാഗ് ലൈന്‍. സാധാരണ പൈങ്കിളി സീരിയലുകള്‍ കണ്ട് മടുത്ത പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവം കൂടിയായിരിക്കും കൃത്യം നല്‍കുക.