കാലിക്കറ്റ് സര്‍വകലാശാല കലോല്‍സവത്തിലെ ശ്രദ്ദേയമായ കാല്‍വയ്പ്പ് നടത്തി ചരിത്രം കുറിച്ച റിയ ഇഷ എന്ന ട്രാന്‍സ്‌ജെന്റര്‍ മത്സരാര്‍ത്ഥിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. കലോത്സവ വേദിയില്‍ റിയ ഇഷ ചുവട് വച്ച് കയറിത് ചരിത്രത്തിലേക്കായിരുന്നു. മലപ്പുറം ഗവ. കോളേജിലെ വിദ്യാര്‍ത്ഥിയായ റിയ തന്നെയായിരുന്നു കലോത്സവത്തിലെ ശ്രദ്ധാകേന്ദ്രം. ഇതോടെ ചരിത്രത്തില്‍ ആദ്യമായി സര്‍വകലാശാലാ കലോത്സവത്തില്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ ചിലങ്കയണിഞ്ഞു.
വെറും നാലു ദിവസം മാത്രമാണ് റിയ നാടോടി നൃത്തം പരിശീലിച്ചത്. കുറവന്റെയും കുറത്തിയുടെയും ഭാവപ്പകര്‍ച്ചകള്‍ റിയ അതിഗംഭീരമായാണ് മനോഹരമാക്കിയത് വിധികര്‍ത്താക്കളും വേദിയില്‍ വച്ച് പറയുകയുണ്ടായി. മലപ്പുറം ഗവ കോളേജില്‍ ബി.എ. ഇക്കണോമിക്സ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയാണ് റിയ. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മത്സരിക്കാമായിരുന്നിട്ടും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ അവകാശത്തിനായി നിലപാടെടുത്തു. ഇതോടെ സംഘാടകര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് തയ്യാറാക്കിയ സോഫ്റ്റ്വേറില്‍ ആണ്‍, പെണ്‍ എന്നിവകൂടാതെ 'മറ്റുള്ളവര്‍' എന്ന വിഭാഗവും നല്‍കി.
മത്സരാര്‍ഥികളുടെ പ്രായം 25 എന്നത് ഒഴിവാക്കാന്‍ നിയമഭേദഗതിതന്നെ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭാരവാഹികള്‍. നേരത്തേ റിയ നല്‍കിയ അപേക്ഷ പരിഗണിച്ച് സര്‍വകലാശാലാ കായികമേളയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ ഉള്‍പ്പെടുത്താന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരുന്നു.
വയസ്സിന്റെ പ്രശ്‌നം കാരണമാണ് മത്സരിക്കാന്‍ കഴിയാതിരുന്നത്. സുധീഷ് നിലമ്പൂരാണ് റിയയുടെ നൃത്തപരിശീലകന്‍. ലത്തീഫ് മഞ്ചേരി വസ്ത്രാലങ്കാരവും മണികണ്ഠന്‍ ചുങ്കത്തറ ചമയവും നല്‍കി. കട്ടസപ്പോര്‍ട്ടുമായി കോളേജിലെ കൂട്ടുകാരും ഇംഗ്ലീഷ് അദ്ധ്യാപികയായ ടി. ഹസ്‌നത്തും കൂടെയുണ്ടായിരുന്നു.
ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ പാരാ ലീഗല്‍ വോളണ്ടിയര്‍ കൂടിയാണ് ഇഷ. ട്രാന്‍സ്‌ജെന്‍ഡര്‍ സൗന്ദര്യ മത്സരത്തിലെ ശ്രദ്ദേയ സാന്നിധ്യം തുടങ്ങി റിയ ട്രാന്‍സ് ജെന്‍ഡര്‍ അവകാശ പോരാട്ടത്തില്‍ എപ്പോഴും മുന്‍പന്തിയില്‍ തന്നെയുണ്ട്.ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കുള്ള സംവരണ സീറ്റിലാണ് സാമ്പത്തിക ശാസ്ത്രവിഭാഗത്തില്‍ റിയ പ്രവേശനം നേടിയത്.
നിലവില്‍ ട്രാന്‍സ്‌ജെന്‍ഡജറുകളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ റിയയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.ഇവര്‍ ബംഗളൂരുവില്‍ നിന്ന് ഫാഷന്‍ ഡിസൈനിങിലും ബിരുദം നേടിയിട്ടുണ്ട്. ഫാഷന്‍ ഡിസൈനിങിലും റിയ സജീവമാണ്. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ റിയ പെരിന്തല്‍മണ്ണയിലാണ് താമസം.