Latest News

പാരസെറ്റാമോളിലും മെഫ്താളിലും നില്‍ക്കാത്ത പനി; പരിശോധനയില്‍ കണ്ടത് ഒന്നര വയസുകാരന്റെ ദേഹത്തെ രണ്ടരക്കോടി വൈറസുകള്‍; കുടുംബവിളക്കിലെ അനന്യയുടെ കുഞ്ഞിന് സംഭവിച്ചത്

Malayalilife
 പാരസെറ്റാമോളിലും മെഫ്താളിലും നില്‍ക്കാത്ത പനി; പരിശോധനയില്‍ കണ്ടത് ഒന്നര വയസുകാരന്റെ ദേഹത്തെ രണ്ടരക്കോടി വൈറസുകള്‍; കുടുംബവിളക്കിലെ അനന്യയുടെ കുഞ്ഞിന് സംഭവിച്ചത്

കുഞ്ഞിന് ഒരു പനി വന്നാല്‍, ചെറുതായി ഒന്നു മൂക്കൊലിച്ചു തുടങ്ങിയാല്‍ ഉറക്കം നഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം അമ്മമാരും. ശരീരത്തെ ചൂടൊന്നു കുറയും വരെ ഉറക്കമില്ലാത്ത രാത്രികളായിരിക്കും അവര്‍ക്ക്. എന്നാല്‍ പാരസെറ്റാമോളിലും പനി അല്‍പം കടുത്താല്‍ നല്‍കേണ്ട മെഫ്താളും കടന്ന് ഇഞ്ചെക്ഷനും അതു പിന്നീട് ന്യൂമോണിയയും എന്നിട്ടും അവസാനിക്കാതെ മരണം പോലും മുന്നില്‍ വന്നു നില്‍ക്കുന്ന മാരകമായ രോഗാവസ്ഥയിലേക്കും നമ്മുടെ കുഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ എത്തിയാലുള്ള മാനസികാവസ്ഥ എന്തായിരിക്കും? അതാണ് കഴിഞ്ഞ കുറഞ്ഞു ദിവസങ്ങളായി നടി ആതിരാ മാധവും ഭര്‍ത്താവ് രാജീവും അനുഭവിക്കുന്നത്.

കുടുംബവിളക്ക് എന്ന ഒരൊറ്റ പരമ്പരയിലൂടെ പ്രേക്ഷക മനസുകളില്‍ ഇടം നേടിയ നടിയാണ് ആതിര മാധവ് എന്ന തിരുവനന്തപുരത്തു കാരി. അഭിനയത്തിലേക്ക് എത്തും മുന്നേ ഐടി രംഗത്ത് ജോലി ചെയ്തിരുന്ന ആതിര അതിനു താല്‍ക്കാലിക ഇടവേള നല്‍കിയാണ് പരമ്പരയിലേക്ക് എത്തിയത്. അധികം വൈകും മുന്നേ ഒപ്പം ജോലി ചെയ്തിരുന്ന രാജീവ് തമ്പിയുമായി പ്രണയ വിവാഹവും പിന്നാലെ ഒരു കുഞ്ഞ് ജനിക്കാന്‍ പോവുകയാണെന്ന വിശേഷവും അറിയിച്ചു. അങ്ങനെയാണ് പരമ്പരയില്‍ നിന്നും പിന്മാറിയത്. പ്രേക്ഷകര്‍ ഏറെ നിരാശയോടെയായിരുന്നു ആതിരയുടെ പിന്മാറ്റം ഉള്‍ക്കൊണ്ടത്. അതിനു ശേഷം യൂട്യൂബ് ചാനലുമായി സജീവമായ താരം മകന്റെ വിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു.

ഭര്‍ത്താവ് ജോലി സംബന്ധമായി ബാംഗ്ലൂരിലേക്ക് താമസം മാറിയതോടെ ആതിരയും മകന്‍ റേയും ബാഗ്ലൂരിലേക്ക് എത്തി. അടുത്തിടെയാണ് ആതിര കാനഡയിലുള്ള ചേച്ചിയ്ക്കൊപ്പം കുറച്ചുദിവസങ്ങള്‍ നില്‍ക്കാനായി മകനെയും കൂട്ടി വിമാനം കയറിയത്. അവിടുത്തെ വിശേഷങ്ങളും പങ്കുവച്ച് ബാംഗ്ലൂരിലേക്ക് തിരിച്ചെത്തിയ ആതിര പിന്നീട് കടന്നുപോയത് വലിയ പരീക്ഷണങ്ങളിലൂടെയായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ കുഞ്ഞിന് പനി തുടങ്ങി. ആശുപത്രിയിലെത്തിച്ചപ്പോള്‍ വൈറല്‍ പനിയാണെന്ന നിഗമനത്തിലായിരുന്നു ഡോക്ടര്‍മാര്‍. അതിനുള്ള മരുന്നും നല്‍കി. എന്നാല്‍ പനി കുറഞ്ഞില്ല. ചൂടും കടുത്തു. വീണ്ടും ആശുപത്രിയിലെത്തി. എന്നാല്‍ ടെസ്റ്റുകളില്‍ കുഴപ്പമൊന്നുമില്ലെന്നു പറഞ്ഞത് വിശ്വസിച്ച്, ഇന്ന് ഭേദമാകും നാളെ മാറുമെന്നു കരുതി. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും പനി കുറഞ്ഞില്ല. കുഞ്ഞ് കൂടുതല്‍ ക്ഷീണിതനുമായി.

വീണ്ടും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഓക്സിജന്‍ ലെവല്‍ വളരെ കുറഞ്ഞിരുന്നു. അതോടെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. എക്സ് റേയില്‍ ന്യുമോണിയ ആണെന്ന് കണ്ടെത്തി. അപ്പോഴേക്കും ഏഴ് ദിവസം പിന്നിട്ടിരുന്നു. ഉടന്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. മൂന്നു ദിവസത്തിനുള്ളില്‍ ശരിയാകുമെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും നാലു ദിവസം കഴിഞ്ഞിട്ടും പനി മാറിയില്ല. തുടര്‍ന്നാണ് അഡിനോ വൈറസ് കുഞ്ഞിന്റെ ശരീരത്തിലാകെ ക്രമാതീതമായി ബാധിച്ചെന്ന് കണ്ടെത്തിയത്. രണ്ടരക്കോടി വൈറസ് കുഞ്ഞിന്റെ ശരീരത്തില്‍ ഉണ്ടെന്നും അത് ശ്വാസകോശത്തെയടക്കം ബാധിക്കുകയും ചെയ്തിരുന്നു.

തലച്ചോറിലേക്ക് പടര്‍ന്നാല്‍ ജീവന്‍ അപകടത്തിലാണ്. ഒടുവില്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച പരിഹാരം കാന്‍സര്‍ ബാധിതര്‍ക്ക് ഇമ്യൂണിറ്റി പവര്‍ കുറയുമ്പോള്‍ നല്‍കുന്ന 'cedofir' എന്ന മരുന്നാണ്. കുട്ടികളില്‍ ഉപയോഗിക്കുമ്പോഴുള്ള വലിയ വെല്ലുവിളികള്‍ക്കു മുന്നില്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കണം എന്ന ലക്ഷ്യം മാത്രമെ ആതിരയ്ക്കും രാജീവിനും ഉണ്ടായിരുന്നുള്ളൂ. ആ ആശുപത്രിയില്‍ ആദ്യമായിട്ടാണ് ഒരു കുഞ്ഞു കുട്ടിക്ക് ഈ മരുന്ന് നല്‍കിയതും. അങ്ങനെ ചികിത്സ തുടങ്ങി.  വൈറസിന്റെ കൗണ്ട് കുറഞ്ഞു. പന്ത്രണ്ട് ദിവസത്തിനു ശേഷം ഐസിയുവില്‍ നിന്നും റേ പുറത്തു വന്നു. ഡിസ്ചാര്‍ജ് ആയി. ഇപ്പോള്‍ ആരോഗ്യത്തില്‍ നല്ല പുരോഗതിയുണ്ട്. എന്നാലും മൂന്ന് നാല് മാസം കൂടി വേണം കുഞ്ഞു റേ രോഗത്തെ പൂര്‍ണമായും മറികടക്കുവാന്‍.

അതേസമയം, ഈ വൈറസ് കുഞ്ഞിനെ എങ്ങനെ ബാധിച്ചുവെന്നാണ് ആതിരയ്ക്കും ഭര്‍ത്താവിനും പിടികിട്ടാത്ത ചോദ്യമായി മുന്നില്‍ നില്‍ക്കുന്നത്. ഒരുപക്ഷെ ബാംഗ്ലൂരിലേക്ക് വന്ന ഫ്ളൈറ്റില്‍ നിന്നാകാം. ആ യാത്രയില്‍ പനിയു ചുമയുമുള്ള ഒരുപാട് കുഞ്ഞുങ്ങളുണ്ടായിരുന്നു. അല്ലെങ്കില്‍ റേയ്ക്ക് ഡ്രൈ സ്‌കിന്നിന്റെ പ്രശ്നം വന്നപ്പോള്‍ ആശുപത്രിയില്‍ കാണിച്ചിരുന്നു. അവിടെയും പനിയുള്ള ഒരുപാട് കുട്ടികള്‍ ഉണ്ടായിരുന്നു. മാത്രമല്ല, ബാംഗ്ലൂരില്‍ ഇപ്പോള്‍ അഡിനോ വൈറസിന്റെ കേസുകള്‍ കുറച്ച് കൂടുതലാണെന്ന് ഡോക്ടര്‍മാരും പറഞ്ഞിട്ടുണ്ട്. ഒരു സാധാരണ പനിയില്‍ തുടങ്ങി പല ചികിത്സകള്‍ നടത്തി രോഗം കണ്ടെത്തി വന്നപ്പോഴേക്കും ചിലപ്പോള്‍ കടുത്തു പോയതായിരിക്കാം എന്ന സാധ്യതയാണ് ആതിര പറയുന്നത്.

kudumbavilak serial ananya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES