Latest News

ശരത് പാട്ടിന്റെ അര്‍ത്ഥം കുട്ടിക്ക് പറഞ്ഞ് കൊടുക്കുന്നത് കേട്ടപ്പോള്‍ ഞെട്ടിപ്പോയി; എല്ലാം അറിയാമെന്ന ഭാവത്തില്‍ പറയുമ്പോള്‍ എന്തെങ്കിലുമൊരു തയ്യാറെടുപ്പ് വേണ്ടേ?. അഹങ്കാരമെന്നേ പറയാനാകൂ, വരികളുടെ അര്‍ത്ഥമറിയാതെ വ്യാഖ്യാനിക്കരുത്; സംഗീത സംവിധായകന്‍ ശരത്തിനെ വിമര്‍ശിച്ച് ശാരദക്കുട്ടി

Malayalilife
ശരത് പാട്ടിന്റെ അര്‍ത്ഥം കുട്ടിക്ക് പറഞ്ഞ് കൊടുക്കുന്നത് കേട്ടപ്പോള്‍ ഞെട്ടിപ്പോയി; എല്ലാം അറിയാമെന്ന ഭാവത്തില്‍ പറയുമ്പോള്‍ എന്തെങ്കിലുമൊരു തയ്യാറെടുപ്പ് വേണ്ടേ?. അഹങ്കാരമെന്നേ പറയാനാകൂ, വരികളുടെ അര്‍ത്ഥമറിയാതെ വ്യാഖ്യാനിക്കരുത്; സംഗീത സംവിധായകന്‍ ശരത്തിനെ വിമര്‍ശിച്ച് ശാരദക്കുട്ടി

റിയാലിറ്റി ഷോയില്‍ പാട്ടിന്റെ അര്‍ത്ഥം തെറ്റായി വ്യാഖ്യാനിച്ചതിന് സംഗീത സംവിധായകന്‍ ശരത്തിനെ വിമര്‍ശിച്ച് എഴുത്തുക്കാരി ശാരദക്കുട്ടി. വരികളുടെ യഥാര്‍ത്ഥ അര്‍ത്ഥം അറിയാതെയുളള ശരത്തിന്റെ വ്യാഖ്യാനം കേട്ട് താന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയെന്ന് അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായിരിക്കെ, വയലാര്‍ രാമവര്‍മ്മ രചിച്ച പ്രശസ്തമായ ഒരു ക്ലാസിക് ഗാനത്തിന്റെ വരികളുടെ അര്‍ത്ഥം കൃത്യമായി മനസ്സിലാക്കാതെ ശരത്ത് തെറ്റായി വ്യാഖ്യാനിച്ചതാണ്
വിമര്‍ശനത്തിന് കാരണം.

ശാരദക്കുട്ടിയുടെ കുറിപ്പ്:

ചലച്ചിത്രസംഗീത സംവിധായകന്‍ വരികളുടെ അര്‍ത്ഥസുഷമ രചയിതാവിന്റെയത്ര കൃത്യതയോടെ അറിയണമെന്ന് നിര്‍ബ്ബന്ധമുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നും പറയാം. അങ്ങനെയും മലയാള ഗാനങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഈ കുറിപ്പിന്റെ സന്ദര്‍ഭം ഇതാണ്: ഒരു റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായിരിക്കുന്ന സംഗീതസംവിധായകന്‍ ശരത് , അവതാരകയായ പെണ്‍കുട്ടിയോട് സാമ്യമകന്നോരുദ്യാനമേ കല്‍പകോദ്യാനമേ എന്ന വരിയുടെ അര്‍ത്ഥം ചോദിക്കുന്നു. കൗമാരക്കാരിയായ അവതാരക അര്‍ത്ഥം തെറ്റിച്ചു പറയുമ്പോള്‍ ശരത് പതിവ് രീതിയില്‍ കണക്കിന് പരിഹസിക്കുന്നുണ്ട്. റിയാലിറ്റി ഷോയുടെ വിപണന തന്ത്രം എന്നേ കരുതിയുള്ളു. എന്നിട്ടൊടുവില്‍ ശരത് പാട്ടിന്റെ അര്‍ത്ഥം ആ കുട്ടിക്കു പറഞ്ഞു കൊടുക്കുന്നത് കേട്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. എല്ലാമറിയാമെന്ന ഭാവത്തില്‍ പറയുമ്പോള്‍ എന്തെങ്കിലുമൊരു തയ്യാറെടുപ്പു വേണ്ടേ ?

സാമ്യമകന്നോരുദ്യാനമേ കല്‍പകോദ്യാനമേ .... എന്ന പ്രശസ്ത ഗാനത്തിന് ശരത് പറഞ്ഞു കൊടുത്ത അര്‍ത്ഥത്തിലും ഭേദം ആ പെണ്‍കുട്ടി പറഞ്ഞ പൊട്ടത്തരം തന്നെയായിരുന്നു. അതിലൊരു തമാശയെങ്കിലുമുണ്ടായിരുന്നു. മലയാളത്തിലെ അതിപ്രശസ്തമായ പ്രണയഗാനമാണത്. ഉണ്ണായിവാര്യരുടെ നളചരിതം രണ്ടാം ദിവസത്തിലെ ശൃംഗാര പ്രധാനമായ പദത്തിലെ ഭാഗങ്ങള്‍ ചേര്‍ത്ത് വയലാറെഴുതിയ ആ ക്ലാസിക്ഗാനത്തെ ദേവരാജന്‍ മാസ്റ്റര്‍ തൊട്ടതെങ്ങനെയെന്നെങ്കിലും, അതിനുപയോഗിച്ച രാഗഭംഗിയുടെ ഔചിത്യമെങ്കിലും മനസ്സിലാക്കാതെ അതില്‍ കയറി മേയാന്‍ ശരത് കാണിച്ച ആ ധൈര്യം അപാരം തന്നെ . മിതമായ ഭാഷയില്‍ അതിനെ അഹങ്കാരമെന്നേ പറയാനാകൂ.

'മഞ്ജുതരയുടെ മഞ്ഞില്‍ മുങ്ങും
കുഞ്ജകുടീരങ്ങളില്‍
ലാവണ്യവതികള്‍ ലാളിച്ചുവളര്‍ത്തും
ദേവഹംസങ്ങളേ
നിങ്ങള്‍
ദൂതുപോയൊരു മനോരഥത്തിലെന്‍
ദേവിയുണ്ടോ ദേവീ'

കച്ചമണികള്‍ നൃത്തം വെക്കുന്ന വൃശ്ചികരാവുകള്‍, കഥകളി മുദ്രയാം കമലദളം, മഞ്ജുതരയുടെ മഞ്ഞ്, ദേവഹംസങ്ങള്‍ ദൂതു പോകുന്ന മനോരഥം ഇതൊക്കെ എന്തെന്നറിയാതെ ആ കല്‍പകോദ്യാനത്തെ അദ്ദേഹം വ്യാഖ്യാനിച്ചു കളഞ്ഞു കുളിച്ചു . ക്ലാസെടുക്കാന്‍ ഒരുമ്പെടുമ്പോള്‍, പരിഹസിക്കാന്‍ വെമ്പല്‍ വരുമ്പോള്‍ മിനിമം തയ്യാറെടുപ്പെങ്കിലും വേണം ഇവിടെ വിധികര്‍ത്താവിന്റെ അജ്ഞത, അരസികത ഒക്കെയാണ് അങ്ങ് മുഴച്ചു വരുന്നത്..നളദമയന്തിമാരുടെ മധുവിധു രാത്രിയിലെ ഉദ്യാനവര്‍ണ്ണനയിലൂടെ ശൃംഗാരകേളിക്കുള്ള ക്ഷണവും അതിന്റെ സൂക്ഷമസൂചനകളുമാണ് ഉണ്ണായിവാര്യരുടെ ഈ പദത്തിന്റെ ഉള്ളടക്കം.

ഇന്ദ്രന്റെ നന്ദനവനത്തിനുപോലും ഉപമിക്കാന്‍ കഴിയാത്തത്ര മനോഹരവും കാമോദ്ദീപകവും സമാനതകളില്ലാത്തതുമാണ് ആ ഉദ്യാനം. അതാണ് കല്‍പകോദ്യാനമെന്നതിന്റെ അര്‍ത്ഥദീപ്തി. ഗാനരചയിതാക്കള്‍ എത്രയോ കാലമായി താലോലിക്കുന്നതും കല്പാന്തകാലത്തോളം നിലനില്‍ക്കുന്നതുമായ ഒരു പ്രമദവനം തന്നെയാണത്.ഉണ്ണായിവാര്യരെ ഇത്രയ്ക്ക് ലളിത സുന്ദരമായി മലയാള ഗാനശാഖക്ക് സമ്മാനിച്ച മഹാപ്രതിഭകളാണ് വയലാറും ദേവരാജനും. ശരത് പഠിപ്പിക്കുന്നതു പോലെ തെങ്ങിന്‍ തോപ്പുകള്‍ നിറഞ്ഞ കേരളമല്ല അത് .

അതിതീവ്രമായ പ്രണയമുഹൂര്‍ത്തത്തില്‍ ചരാചരങ്ങളിലെല്ലാം തുടിക്കുന്ന കാമമാണ് കവി വരികളില്‍ അടക്കി വെക്കുന്നത്. അടക്കിപ്പിടിച്ച ശൃംഗാരമാണീ വരികളില്‍ തുളുമ്പാതെ തുളുമ്പുന്നത്. തെങ്ങിന്‍ തോപ്പും കാട്ടുതാറാവുകള്‍ ഇണകളെ തിരയുന്ന കായല്‍ തീരങ്ങളും പ്രണയികള്‍ക്ക് കല്‍പകോദ്യാനങ്ങള്‍ തന്നെ. വയലാര്‍ അതും എഴുതിയിട്ടുണ്ട്. പക്ഷേ ഇവിടെ അര്‍ത്ഥം അതൊന്നുമല്ല. അതില്‍ കേരളത്തിലെ അതിവിശിഷ്ടമായ ഒരു സാഹിത്യസൃഷ്ടി നല്‍കിയ തിളക്കമുണ്ട്. അതിന്റെ മുഴുവന്‍ സത്തയും ഉള്‍ക്കൊള്ളിച്ച് , അതില്‍ വീണ്ടും പ്രണയത്തിന്റെ മാധുരി കോരിനിറച്ച് വയലാറെഴുതിയതാണ് കല്‍പകോദ്യാനം എന്ന വാക്ക്.

ഗായകന്‍ സുദീപ് കുമാറും സംഗീത സംവിധായകന്‍ ബിജിബാലും ചേര്‍ന്ന് നടത്തുന്ന ഗാനചര്‍ച്ചകള്‍ ശരത് ഒന്നു ശ്രദ്ധിക്കണം. എത്ര സുന്ദരമായാണ് ഗായകന്‍ വരികളെ മനസ്സിലാക്കി പാടുന്നത്! എത്ര ആദരവോടെയാണ് സംഗീതസംവിധായകന്‍ അവയെ തൊട്ട് കൂടുതല്‍ ദീപ്തമാക്കുന്നത്!.
ശരത് ഈണം കൊടുക്കൂ. പക്ഷേ അര്‍ത്ഥമറിയാതെ വ്യാഖ്യാനിക്കരുത്. അതും പോരാതെ, മുന്നില്‍ നില്‍ക്കുന്ന കൊച്ചുകുട്ടികളെ പരിഹസിക്കരുത്. സുദീപിനെയോ ബിജിബാലിനെയോ പോലെ ഉള്ളവരെ കൂടെ ഇരുത്തി കുട്ടികള്‍ക്ക് അറിവു കൊടുക്കുന്നതാണ് ഉചിതം.

ചിന്തയില്‍ ഭാവദീപ്തി ഉള്ളവര്‍ക്കേ പാട്ടോ അതിന്റെ അര്‍ത്ഥാന്തര വ്യാപ്തിയോ പിടികിട്ടൂ. ദേവരാജന്‍ മാസ്റ്റര്‍ പറഞ്ഞതായി രവി മേനോന്‍ ഉദ്ധരിച്ച ഒരു കാര്യം ഇവിടെ ഓര്‍മ്മയില്‍ നിന്ന് കുറിക്കട്ടെ. അക്ഷരസ്ഫുടതയില്ലായ്മ ക്ഷമിക്കാം. റേഞ്ച് കുറവായാല്‍ അതും ക്ഷമിക്കാം. പക്ഷേ, ഭാവദീപ്തിയില്ലാത്തവരോട് ആ സംഗീത സംവിധായകന് ക്ഷമിക്കാനാവില്ല. നമുക്കും.

saradakutty questions sharreth

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES