വിവാഹം സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പേരിലാണ് രണ്ടു പേര്‍ ജീവിതം തുടങ്ങുന്നത്. പക്ഷേ ചിലപ്പോള്‍ ആ ബന്ധം തന്നെ ദുരന്തത്തിലേക്ക് വഴിതെളിക്കാറുണ്ട്. കൊല്ലം പുനലൂരില്‍ നടന്ന കൊലപാതകം അതിന്റെ ഏറ്റവും ദാരുണ ഉദാഹരണമാണ്. കുടുംബപ്രശ്‌നങ്ങളും പരസ്പര വിശ്വാസക്കേടും ഒടുവില്‍ ഭര്‍ത്താവിന്റെ ക്രൂരതയില്‍ അവസാനിച്ചു. ഭാര്യ ശാലിനിയുടെ ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍, ഭര്‍ത്താവ് ഐസക് കൊല ചെയ്ത വിവരം തന്നെ സോഷ്യല്‍ മീഡിയ ലൈവിലൂടെ തുറന്നു പറഞ്ഞ്, പിന്നീട് പൊലീസിന് മുന്നില്‍ കീഴടങ്ങി. ഒരു കുടുംബത്തെയും രണ്ടു കുട്ടികളുടെയും ഭാവിയെയും ഇരുട്ടിലാഴ്ത്തിയ ഈ സംഭവം, കുടുംബബന്ധങ്ങളില്‍ ഉയരുന്ന തര്‍ക്കങ്ങള്‍ എങ്ങനെ അപകടകരമായ വഴികളിലേക്ക് പോകുന്നുവെന്ന് വീണ്ടും ഓര്‍മ്മപ്പെടുത്തുകയാണ്.
കൊല്ലം പുനലൂരില്‍ നടന്ന സംഭവത്തില്‍, ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയതാണ് നാട്ടുകാരെ നടുക്കിയത്. പുനലൂര്‍ കലയനാട് കൂത്തനാടിലാണ് ദാരുണ സംഭവം നടന്നത്. ശാലിനിയെയാണ് ഭര്‍ത്താവ് ഐസക്കിന്റെ ആക്രമണം ജീവന്‍ നഷ്ടപ്പെടുത്തിയത്. കുടുംബ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് ഇരുവരും തമ്മില്‍ പതിവായി വഴക്കുകള്‍ ഉണ്ടാകാറുണ്ടായിരുന്നത്. ഒടുവില്‍ അതിന്റെ കൊടുംവിലയായി ശാലിനിയുടെ ജീവന്‍ നഷ്ടപ്പെട്ടു. സംഭവത്തിനു പിന്നാലെ രക്ഷപ്പെടാന്‍ ശ്രമിച്ച ഐസക്, കുറച്ച് നേരം കഴിഞ്ഞ് സോഷ്യല്‍ മീഡിയയായ ഫെയ്സ്ബുക്കില്‍ ലൈവില്‍ എത്തി. ലൈവിലൂടെ തന്നെ കൊലപാതകത്തിന്റെ വിവരങ്ങളും, ഭാര്യയ്ക്കെതിരായ ആരോപണങ്ങളും തുറന്ന് പറഞ്ഞു. പതിനൊന്ന് മണിക്കൂറാണ് ഐസക് ലൈവ് വീഡിയോയില്‍ സംസാരിച്ചത്. പിന്നീട് രാവിലെ പുനലൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു.
''ഐസക് ലൈവില്‍ പറഞ്ഞത് ഇങ്ങനെയാണ്, എനിക്ക് രണ്ടു മക്കളാണ്. ഭാര്യയ്ക്ക് ആഡംബരമായി കഴിയണം. ഞാന്‍ പറഞ്ഞാല്‍ അനുസരിക്കില്ല, തോന്നിയ പോലെ നടക്കണം. അവളിപ്പോള്‍ അമ്മയുടെ കൂടെ പോയി ജീവിക്കുകയായിരുന്നു. എനിക്ക് വിഷമമൊന്നുമില്ല. ഞാനുണ്ടാക്കിയ വീട്ടിലാണ് ഞാന്‍ ജീവിക്കുന്നത്. അഞ്ചു പൈസയുടെ മുതല്‍ അവര്‍ക്കില്ല. അടുത്തുള്ള ആള്‍ക്കാരോടും നാട്ടുകാരോടും അന്വേഷിച്ചാല്‍ കാര്യങ്ങളറിയാം. ഞാനിട്ടു കൊടുത്ത മോതിരം ഞാനറിയാതെ പണയം വയ്ക്കുകയും വിറ്റോന്ന് അറിയില്ല വണ്ടി മേടിക്കുകയും ചെയ്തു. എവിടെയോ ജോലിക്കുപോകുന്നുണ്ട്. ജോലിക്കു പോകേണ്ട കാര്യമില്ല. ഞാന്‍ അധ്വാനിക്കുന്നുണ്ട്. പാര്‍ട്ടിയിലുണ്ട്. പാര്‍ട്ടിയില്‍ ഉള്ളോന്‍മാരുടെ പിന്തുണയുമുണ്ട്, തോന്നുമ്പോള്‍ പോകുകയും വരുകയും ഒക്കെ ചെയ്യും. ഉള്ളതുകൊണ്ട് സന്തോഷമായിട്ട് കഴിയാമെന്ന് ഞാന്‍ പറഞ്ഞു, കേട്ടില്ല.
2024 ല്‍ വീട്ടിലുണ്ടായിരുന്ന സ്വര്‍ണം 86,000 രൂപയ്ക്കും പിന്നാലെ ശേഷിച്ച ആഭരണങ്ങള്‍ 20,000 രൂപയ്ക്കും പണയം വച്ചു. പണം എന്തു ചെയ്‌തെന്ന് എനിക്കറിയില്ല. വിശ്വസിച്ച് കൂടെ നിര്‍ത്തിയിട്ട് വിശ്വാസവഞ്ചന കാണിക്കുന്ന ഇത്തരക്കാരോട് ക്ഷമിക്കാന്‍ പറ്റില്ല. ഒരുപാടുപേര്‍ ഇത്തരത്തില്‍ ബുദ്ധിമുട്ടുന്നുണ്ട്. നാട്ടുകാര്‍ എന്നെക്കണ്ട് ചിരിക്കുകയാണ്.'' ഐസക് ഫെയ്‌സ്ബുക് ലൈവില്‍ പറയുന്നു.
ഇന്ന് രാവിലെ ആറു മണിയോടെ ആയിരുന്നു കൊലപാതകം. ഐസക്കും ശാലിനിയും കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് മാറി താമസിച്ച് വരുകയായിരുന്നു. രാവിലെ വീട്ടിലെത്തിയ ഐസക് ശാലിനിയെ അപ്രതീക്ഷിതമായി കുത്തിയും വെട്ടിയും കൊലപ്പെടുത്തുക ആയിരുന്നു. ഇതിനുശേഷം ഇവിടെ നിന്നും രക്ഷപ്പെട്ട ഐസക് 9 മണിയോടെ പുനലൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
ശാലിനിയുടെ മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പുനലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ദമ്പതികള്‍ക്ക് രണ്ടു മക്കള്‍ ആണുള്ളത്. ശാലിനി കാര്യറയിലെ സ്വകാര്യ സ്‌കൂളിലെ ആയയായി ജോലി ചെയ്തു വരുകയായിരുന്നു. കൊല്ലം റൂറല്‍ എസ്പി ടി.കെ. വിഷ്ണു പ്രദീപ് ഐഎഎസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. വിരലടയാളം വിദഗ്ധരും വീട്ടിലെത്തി പരിശോധനകള്‍ നടത്തിയിട്ടുണ്ട്.