Latest News

സീതയെയും ഇന്ദ്രനെയും പോലെ ലില്ലിക്കുട്ടിയെയും സുബ്രുവിനെയും പ്രേക്ഷകര്‍ ഏറ്റെടുത്തു; സീരിയല്‍ കണ്ട് നീ അവളെ വിളിച്ചുകൊണ്ട് വരുമോയെന്നാണ് നാട്ടുകാരുടെ ചോദ്യം; ലില്ലിക്കുട്ടിയെ പോലെ തന്നെയാണ് ഞങ്ങളുടെ ജോസ്‌മോളുമെന്ന് സുബ്രു; സുബ്രുവിനൊപ്പം റൊമാന്‍സ് ചെയ്യുന്നത് ലിയോ ചേട്ടനോട് ചോദിച്ചിട്ട്; അരയന്നങ്ങളുടെ വീട്ടിലെ വിശേഷങ്ങളുമായി സുബ്രുവും ലില്ലിക്കുട്ടിയും...

പി.എസ്.സുവര്‍ണ്ണ
 സീതയെയും ഇന്ദ്രനെയും പോലെ ലില്ലിക്കുട്ടിയെയും സുബ്രുവിനെയും പ്രേക്ഷകര്‍ ഏറ്റെടുത്തു; സീരിയല്‍ കണ്ട് നീ അവളെ വിളിച്ചുകൊണ്ട് വരുമോയെന്നാണ് നാട്ടുകാരുടെ ചോദ്യം; ലില്ലിക്കുട്ടിയെ പോലെ തന്നെയാണ് ഞങ്ങളുടെ ജോസ്‌മോളുമെന്ന് സുബ്രു; സുബ്രുവിനൊപ്പം റൊമാന്‍സ് ചെയ്യുന്നത് ലിയോ ചേട്ടനോട് ചോദിച്ചിട്ട്;  അരയന്നങ്ങളുടെ വീട്ടിലെ വിശേഷങ്ങളുമായി സുബ്രുവും ലില്ലിക്കുട്ടിയും...

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായിമാറിയ സീരിയലാണ് ഫ്ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്യുന്ന അരയന്നങ്ങളുടെ വീട്. സീതയെന്ന സൂപ്പര്‍ഹിറ്റ് സീരിയലിന് ശേഷം ഗിരീഷ് കോന്നി തന്നെ സംവിധാനം ചെയ്യുന്ന അരയന്നങ്ങളുടെ വീടും സീതയുടെ പാത പിന്തുടരുകയാണ്. പ്രണയവും, സൗഹൃദവും, കുടുംബബന്ധങ്ങളും എല്ലാം ഒരുമിച്ച് കോര്‍ത്തിണക്കിയ സീരിയലിന് പ്രേക്ഷകര്‍ ഏറെയാണ്. സീരിയല്‍ പോലെ തന്നെ സീരിയലിലെ പ്രധാന കഥാപാത്രങ്ങളായ സുബ്രുവും, ലില്ലിക്കുട്ടിയും, ലിസമ്മയും, അമ്മച്ചി ആട് മറിയയുമെല്ലാം പ്രേക്ഷകമനസില്‍ സ്ഥാനം പിടിച്ച് കഴിഞ്ഞു. ഇപ്പോഴിതാ സീരിയലിന്റെ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും പങ്കുവെച്ച് അരയന്നങ്ങളുടെ വീട്ടിലെ താരങ്ങളാണ് സിനി ലൈഫിനൊപ്പം ഉള്ളത്. 

സീതയെയും ഇന്ദ്രനെയും പോലെയാണോ അരയന്നങ്ങളുടെ വീട്ടിലെ ലില്ലിയും സുബ്രുവും?

സ്‌റ്റെഫി ലിയോണ്‍ : ലില്ലി, സുബ്രു എന്ന കഥാപാത്രങ്ങള്‍ ഈ സീരിയലിന്റെ വിജയം തന്നെയാണ്. കാരണം ഈ സീരിയല്‍ തുടങ്ങുന്നത് ആദ്യത്തെ എപ്പിസോഡ് മുതല്‍ അല്ല. ഒരു 36,37 എപ്പിസോഡ് മുതലാണ് തുടങ്ങിയത്. എന്നിട്ടും 42 എപ്പിസോഡ് എത്തിയപ്പോള്‍ തന്നെ ലില്ലി, സുബ്രു എന്ന കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങി. അത് ഞങ്ങളുടെ ദൈവാനുഗ്രഹമാണ്. പക്ഷെ സീതയെയും ഇന്ദ്രനെയും താരതമ്യം ചെയ്യാന്‍ അറിയില്ല. സീത, ഇന്ദ്രന്‍ എന്ന് പറയുന്ന രണ്ട് കഥാപാത്രങ്ങളെയും നിങ്ങള്‍ ഹൃദയത്തില്‍ ഏറ്റെടുത്തതാണ്. സിതേന്ദ്രീയം എന്ന് പറയുന്നത് അത്രയും ഹിറ്റാണ്. അവരുടെ അത്രയും ഞങ്ങള്‍ ഉണ്ടോയെന്ന് ചോദിച്ചാല്‍ അറിയില്ല. പക്ഷെ എല്ലാവരുടെയും റസ്‌പോണ്‍സില്‍ നിന്ന് എനിക്ക് തോന്നുന്നത് അതുപോലെ തന്നെ ഞങ്ങള്‍ക്കും ഇപ്പോള്‍ ഫാന്‍സ് ഉണ്ട്. ലിബ്രു എന്നൊക്കെ പറഞ്ഞാണ് കുറെ പേര് യൂട്യൂബിലൊക്കെ ഇട്ടിരിക്കുന്നത്. കുറെ പാട്ടുകള്‍. അങ്ങനെയൊക്കെ വന്നിട്ടുണ്ട്. അപ്പോള്‍ അതെല്ലാം വച്ച് നോക്കുമ്പോള്‍ ഞങ്ങളുടെ പെയറും സ്‌ക്‌സസ് ആണെന്നാണ് എന്റെ വിശ്വാസം. വിശ്വാസം എന്നല്ല അങ്ങനെ തന്നെയാണ്. 

നിങ്ങള്‍ ഒരുമിച്ചുള്ള റൊമാന്‍സ് സീനുകളെ പറ്റി, ലില്ലിയുടെയും സുബ്രുവിന്റെയും റൊമാന്‍സ്?

ശരത് : ഇവിടത്തെ ഷൂട്ടെല്ലാം കഴിഞ്ഞ് ഞാന്‍ നാട്ടില്‍ ചെല്ലുമ്പോള്‍ നാട്ടിലുള്ളവരൊക്കെ ചോദിക്കും എന്തുവാടാ നീ ആ പെണ്ണിനെയും വിളിച്ചുകൊണ്ട് വരുമോ. നിന്റെ ഈ പോക്ക് കണ്ടിട്ട് വിളിച്ചുകൊണ്ട് വരുമെന്നാണ് തോന്നുന്നത് എന്നാണ് പറയുന്നത്. അപ്പോള്‍ ഞാന്‍ അവരോട് പറയും കൊച്ചേട്ട അത് അങ്ങനെയല്ല ഇത് അഭിനയമാണ്. അപ്പോള്‍ അവര്‍ പറയും ഇത് കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലാലോ നീ മിക്കവാറും അതിനെ വിളിച്ചുകൊണ്ട് വരണ ലക്ഷണമാണ് കാണുന്നത് എന്നാണ് എന്റെ നാട്ടില്‍ എല്ലാവരും പറയുന്നത്. അപ്പോള്‍ അവര്‍ക്ക് അത് കണ്ട് അത്ര ഫീല്‍ ആയതുകൊണ്ട് ആയിരിക്കുമല്ലോ അങ്ങനെ പറഞ്ഞത്. പക്ഷെ അങ്ങനെയൊന്നും ഇല്ല ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഇത് എന്നോട് അതിനെക്കുറിച്ച് ചോദിച്ച നാട്ടുകാര്‍ക്ക് വേണ്ടി ഞാന്‍ പ്രത്യേകം പറഞ്ഞതാണ്. 

നിങ്ങള്‍ തമ്മിലുള്ള കൂട്ടുകെട്ട്. അതിലൂടെ കഥാപാത്രങ്ങള്‍ തമ്മിലുള്ള കെമിസ്ട്രി എങ്ങനെ വര്‍ക്കൗട്ട് ആകുന്നു?

ശരത് : ഞങ്ങള്‍ തമ്മില്‍ നല്ല കംഫര്‍ട്ടാണ്. സുബ്രുവിന് ലില്ലിയെ നന്നായി അറിയാം ലില്ലിക്ക് സുബ്രുവിനെയും നന്നായി അറിയാം. അതുകൊണ്ട് തന്നെ കഥാപാത്രങ്ങളാവുമ്പോള്‍ വലിയ ബുദ്ധിമുട്ട് ഇല്ല. അതുകൊണ്ട് ഒരു അകല്‍ച്ചയോ മടിയോ ഒന്നുമില്ല. ഇത്രയൊക്കെ ഉള്ളൂവെന്ന് രണ്ട് പേര്‍ക്കും അറിയാം. പക്ഷെ ആദ്യമൊക്കെ കുറച്ച് പ്രശ്‌നമായിരുന്നു. പിന്നെ മനസിലായി ഒന്നുമില്ലാ ഇത് ഇത്രയേ ഉള്ളൂവെന്ന്. കാരണം ഞാന്‍ ആദ്യമായിട്ടാണ് ഒരു പെയറായിട്ടൊക്കെ അഭിനയിക്കുന്നത്. സാധാരണ ഒറ്റയ്ക്ക് വന്നിട്ട് പോവുകയാണ് പതിവ്. ഈ ആദ്യമായിട്ട് ഒരു നായികയെ കിട്ടികഴിഞ്ഞപ്പോള്‍ നമുക്ക് അതിന്റെതായിട്ടുള്ള ഒരു വിജലിമ്പിച്ച ചിന്താഗതി ഉണ്ടായി.... എനിക്ക് ആദ്യം കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നു മിംഗിള്‍ ചെയ്യാനൊക്കെ. പിന്നെ സ്റ്റെഫിയുടെ ഭര്‍ത്താവുമായി സംസാരിച്ചു. പിന്നെ എല്ലാവരും തമ്മില്‍ നല്ല കൂട്ടായി. അങ്ങനെ ഒരു ഫ്‌ളോയില്‍ അങ്ങോട് പോയി എന്ന് തന്നെ പറയാം. 

 

ഭര്‍ത്താവ് ലിയോണ്‍ (ജോസ്‌മോന്‍)നല്‍കുന്ന പിന്തുണയെക്കുറിച്ച്?

സ്‌റ്റെഫി : ജീവിതത്തില്‍ ലിയോ ചേട്ടനുമായിട്ട് വളരെയധികം ഡിപ്പെന്‍ഡ് ചെയ്തിരിക്കുന്നയാളാണ് ഞാന്‍. കാരണം ജോസ്‌മോന്‍ പറയുന്ന പോലെ ഞാന്‍ ചെയ്യാറുള്ളു. ജോസ്‌മോന്‍ കാരണമാണ് ഈ സീരിയല്‍ ചെയ്തത്. കാരണം കഥയൊക്കെ കേട്ടപ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞത്. വേണ്ട ഞാന്‍ ഈ സീരിയല്‍ ചെയ്യുന്നില്ല എന്ന് പറഞ്ഞ് ഒരു ഡിസിഷന്‍ എടുത്തയാളാണ് ഞാന്‍. അത് ആരുടെയും ഒന്നും മോശമായത് കൊണ്ടല്ല. എന്റെ പേഴ്‌സണല്‍ തീരുമാനമായിരുന്നു. പക്ഷെ ഈ സീരിയല്‍ ചെയ്യണം നല്ല കഥാപാത്രമാണ് നീ പോയി ഇതില്‍ സക്‌സസ് ആവുമെന്ന് പറഞ്ഞ് വിടുന്നത് ലിയോ ചേട്ടനാണ്. അങ്ങനെയാണ് ഈ സീരിയല്‍ ചെയ്യുന്നത്. അപ്പോള്‍ എന്തിനും ഏതിനും എനിക്ക് ലിയോ ചേട്ടന്റെ സപ്പോര്‍ട്ട് വേണം. സുബ്രുവായിട്ട് റൊമാന്‍സ് ചെയ്യുന്നത് പോലും ലിയോ ചേട്ടന്റെ സപ്പോര്‍ട്ടോട് കൂടിയാണ്. എനിക്ക് പല കാര്യങ്ങളും വീട്ടില്‍ ചെല്ലുമ്പോള്‍ പഠിപ്പിച്ച് തരും. ഇങ്ങനെ ചെയ്യണം അങ്ങനെ ചെയ്യണം എന്നൊക്കെ പറഞ്ഞ് തരും. എന്നിട്ടൊക്കെയാണ് ഇവിടെ വന്ന് ചെയ്യുന്നത്. ശരത്തിനൊക്കെ അറിയാം ഇത്. പിന്നെ ശരത്തിനെ ലിയോ ചേട്ടന് വലിയ കാര്യമാണ്. അപ്പോള്‍ എനിക്ക് ഓക്കെയാണ്. ചേട്ടന് എന്താണോ ഇഷ്ടം അതനുസരിച്ച് പോകുന്ന ഒരു വ്യക്തിയാണ് ഞാന്‍. അപ്പോള്‍ ചേട്ടന്‍ വേണ്ട എന്ന് പറഞ്ഞാല്‍ വേണ്ട. വേണമെന്ന് പറഞ്ഞാല്‍ വേണം അങ്ങനെ പോവുന്ന ഒരാളായത് കൊണ്ട് തന്നെ ഇങ്ങനെയുള്ള എല്ലാ കാര്യങ്ങളും ഞാന്‍ പോയി ചോദിക്കാറുണ്ട്. അപ്പോള്‍ ലിയോ ചേട്ടന്‍ ഒരു അഭിപ്രായം പറയും. അതിന് അനുസരിച്ചാണ് ഞാന്‍ പോവുന്നത്.

സ്‌റ്റെഫിയും ലില്ലിക്കുട്ടിയും തമ്മില്‍ സാമ്യമുണ്ടോ?    

സ്‌റ്റെഫി : ലില്ലിക്കുട്ടിയും സ്റ്റെഫിയും തമ്മില്‍ കുറച്ച് വ്യത്യാസമൊക്കെയുണ്ട്. സ്റ്റെഫി ലിയോണ്‍ എന്ന് പറയുമ്പോള്‍ കുറച്ച് വ്യത്യാസമുണ്ട്. പക്ഷെ ഞാന്‍ ലില്ലിക്കുട്ടിയിലേയ്ക്ക് വരുകയാണ്. വന്ന് വന്ന് ലില്ലിക്കുട്ടിയുടെ കുറെ കാര്യങ്ങളൊക്കെ സ്റ്റെഫി ലിയോണിന്റെ തന്നെയാണ്. ഒത്തിരി സിമിലാരിറ്റി ഉണ്ടെന്ന് ഞാന്‍ പറയില്ല എങ്കിലും എനിക്ക് തോന്നുന്നത് ഈ ലില്ലിക്കുട്ടി എന്ന കഥാപാത്രത്തിന് കുറച്ചൊക്കെ സിമിലാരിറ്റിയുണ്ട്. ഞാന്‍ നേരത്തെ ചെയ്തിരുന്ന കഥാപാത്രങ്ങളെല്ലാം കുറച്ച് ബോള്‍ഡായിരുന്നു. ഒന്ന് നെഗറ്റീവ് ഒന്ന് പോസിറ്റീവ് . അങ്ങനെ വളരെ സീരിയസ് ആയിട്ട് ചെയ്തുകൊണ്ടിരുന്ന കഥാപാത്രങ്ങളാണ്. പക്ഷെ ഇതില്‍ നിന്ന് ലില്ലിക്കുട്ടിയിലേക്ക് വരുമ്പോള്‍ വളരെ മനോഹരമായ ഒരു കഥാപാത്രമാണ്. അതിന് ഞാന്‍ രാജേഷേട്ടനോടും സിനോജേട്ടനോടും നന്ദി പറയുന്നുണ്ട്. കാരണം സിനോജേട്ടന്റെ ഒരു സജഷനിലാണ് എനിക്ക് ഈ സീരിയലിലേക്ക് എന്‍ട്രി കിട്ടുന്നത്. എന്താണെന്ന് അറിയില്ല അവര്‍ കണ്ടറിഞ്ഞ് തന്ന ആ ഒരു കഥാപാത്രം. അവര്‍ എന്താണ് ഉദ്ദേശിക്കുന്നത് അതുപോലെ തന്നെയുള്ള ഒരു ഔട്ട്പുട്ട് ഞാന്‍ അവര്‍ക്ക് കൊടുക്കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. അപ്പോള്‍ അതൊക്കെ ചെയ്യാന്‍ പറ്റുന്നുണ്ട്. അത്രേയുള്ളു അല്ലാതെ രണ്ടും ഒരുപോലെയാണെന്ന് ഞാന്‍ പറയില്ല. എന്നാലും കുറെയൊക്കെ സ്റ്റെഫി ലില്ലിയാണ്. ലില്ലി സ്റ്റെഫിയാണ്. 

ലില്ലിക്കുട്ടിയെക്കുറിച്ച് സുബ്രുവിന് എന്താണ് പറയാനുള്ളത്?

ശരത് : ലില്ലിക്കുട്ടി എന്ന കഥാപാത്രം വളരെ ബോള്‍ഡാണ്. ഒരു എഞ്ചിനീയറാണ്. കുടുംബം എന്നൊക്കെ പറഞ്ഞാല്‍ ഷവലിയാര്‍ പട്ടം, മാര്‍ഗം കിട്ടാത്ത പട്ടം കിട്ടിയ ഷവലിയാര്‍ പട്ടം കിട്ടിയ കുടുംബത്തില്‍ നിന്നാണ്. അപ്പോള്‍ അതിന്റെയൊക്കെ ഒരു ബോള്‍ഡ്‌നെസ് കാണിക്കാറുണ്ട്. ഇപ്പോള്‍ ഞങ്ങളുടെ ഒരു സീന്‍ വരുമ്പോള്‍ പോലും എല്ലാത്തിലും ഒരു മുന്‍കൈ എടുത്ത് നില്‍ക്കുന്നത്. അതായത് ഇപ്പോള്‍ മതില്‍ ചാടാനായാലും. സാധാരണ ആണുങ്ങള്‍ അങ്ങോടാണ് ചാടുന്നത്. ഇത് ഇങ്ങോടാണ് ചാടി വന്നത്. അത് കഴിഞ്ഞ് രജിസ്റ്റര്‍ ഓഫീസില്‍ പോയി ഒപ്പിടാനാണെങ്കിലും എല്ലാത്തിലും മുന്‍കൈ എടുക്കുന്നത് ലില്ലിക്കുട്ടിയാണ്. സുബ്രഹ്മണ്യന്‍ മിണ്ടാതെ പാവമായിട്ട് ഇരുന്ന് എല്ലാം കേക്കുകയെ ഉള്ളു. ഇത് പോലെ തന്നെയാണ് സ്‌റ്റെഫിയെന്ന് പറയാന്‍ പറ്റില്ല. എങ്കിലും കുറച്ച് വ്യത്യാസമേയുള്ളൂ. അല്ലാതെ ജീവിതത്തില്‍ ജോസ്‌മോള്, ജോസ്‌മോളെന്നാണ് ഞങ്ങള്‍ വിളിക്കുന്നത്. ജോസ്‌മോളും ജോസ്‌മോനും. അപ്പോള്‍ ജീവിതത്തില്‍ ജോസ്‌മോള് ഏകദേശം അങ്ങനെയൊക്കെ തന്നെയാണ്. അതായത് ലില്ലിക്കുട്ടിയെന്ന കഥാപാത്രവുമായിട്ട് ഏകദേശം ഒരു സാമ്യമൊക്കെയുണ്ട്...

(തയ്യാറാക്കിയത് : പി.എസ്.സുവര്‍ണ്ണ)
 

arayannangalude veedu location interview

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES