സൂര്യ ടിവിയില്‍ രാത്രി ഒമ്പതുമണിക്ക് പുതിയതായി ആരംഭിച്ച സീരിയലാണ് ചോക്ലേറ്റ്. ചോക്ക്‌ലേറ്റ് ഉണ്ടാക്കുന്നതില്‍ പ്രഗല്‍ഭയായ ശ്യാമിലിയുടെ കഥയാണ് ചോക്ലേറ്റ്. ചോക്ലേറ്റിലെ പോലുള്ള നിറമാണ് ശ്യാമിലിക്ക് ഉളളത്. ജീവിതത്തില്‍ ശ്യാമിലി നേരിടുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ് സീരിയലിന്റെ ഇതിവൃത്തം. ശ്യാമിലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി സാന്ദ്രയാണ്. വെളുത്തു സുന്ദരിയായ സാന്ദ്ര ഗംഭീര മേക്കോവറുമായിട്ടാണ് സീരിയലിലെത്തുന്നത്. ചെന്നൈയില്‍ നിന്നും സാന്ദ്ര മലയാളി ലൈഫിനോട് പങ്കുവച്ച വിശേഷങ്ങള്‍ അറിയാം.
ചോക്ലേറ്റ് സീരിയലിന്റെ പരസ്യമോ സീരിയലോ കണ്ടിട്ടുള്ളവര്‍ക്ക് ശ്യാമിലി എന്ന കഥാപാത്രത്തെ മറക്കാനാകില്ല. കറുത്ത നിറമുള്ള പെണ്‍കുട്ടിയായിട്ടാണ് സാന്ദ്ര സീരിയലില്‍ വേഷമിടുന്നതെങ്കിലും വെളുത്ത് നല്ല സുന്ദരിക്കുട്ടിയാണ് സാന്ദ്ര. കാസര്‍കോടുകാരിയാണെങ്കിലും ഡാന്‍സും പഠിത്തവുമൊക്കൊയി അഞ്ചുവര്‍ഷമായി മലപ്പുറം തിരൂരാണ് കുടുംബസമേതം സാന്ദ്ര താമസിക്കുന്നത്. ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയിലാണ് ചോക്ലേറ്റിന്റെ ഷൂട്ടിങ്ങ് നടക്കുന്നത്. അതുകണ്ട് മാസത്തില്‍ പാതിസമയവും സാന്ദ്ര ചെന്നൈയിലായിരിക്കും. നാട്ടില്‍ തിരൂര്‍ കോപ്പറേറ്റീവ് കോളേജില്‍ ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചന്‍ രണ്ടാം വര്‍ഷമാണ് സാന്ദ്ര പഠിക്കുന്നത്. കോളേജ് മിസ് ചെയ്യാറുണ്ടെങ്കിലും അദ്ധ്യാപകരും ടീച്ചേര്‍സും നല്ല സപ്പോര്‍ട്ട് ആണെന്ന് സാന്ദ്ര പറയുന്നു.
അഭിനയത്തേക്കാള്‍ ഉപരി മികച്ച നര്‍ത്തകിയും പാട്ടുകാരിയുമാണ് സാന്ദ്ര. വെളുത്തു സുന്ദരിയാണെങ്കിലും കറുത്ത മേക്കപ്പിട്ട് കണ്ണാടിയൊക്കെ വച്ചാണ് സാന്ദ്ര സീരിയലിലില്‍ അഭിനയിക്കുന്നത്. കറുത്തമുത്ത് സീരിയലിലും നീലക്കുയില്‍ സീരിയലിലും ഇത്തരത്തില്‍ നായികമാര്‍ മേക്കപ്പിട്ട് അഭിനയിച്ചിട്ടുണ്ട്. പക്ഷേ അവരെക്കാളും മേക്കോവറില്‍ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത രീതിയിലാണ് സാന്ദ്ര സീരിയലില്‍ എത്തുന്നത്.
ആറു വയസുമുതല്‍ നൃത്തം അഭ്യസിക്കുന്ന സാന്ദ്രക്ക് വഴിത്തിരിവായത് ഏഴാം ക്ലാസില്‍ പഠിക്കവേ പങ്കെടുത്ത അമൃത ടിവിയിലെ സൂപ്പര്‍ ഡാന്‍സറാണ്. ഇതില്‍ സെമിഫൈനലിസ്റ്റായിരുന്നു സാന്ദ്ര. പിന്നീട് കൊച്ചുടിവിയില്‍ അവതാകരയായി തിളങ്ങിയ സാന്ദ്രയെ തേടി പരസ്യചിത്രങ്ങളും ആല്‍ബങ്ങളുമെത്തി. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത മക്കള്‍ എന്ന സീരിയലില്‍ നായികയായിട്ടാണ് സാന്ദ്ര സീരിയല്‍ രംഗത്തേക്ക് എത്തുന്നത്. തുടര്‍ന്നാണ് ചോക്ലേറ്റില്‍ സാന്ദ്രയ്ക്ക് അവസരം ലഭിച്ചത്. നൃത്തത്തോടൊപ്പം പാട്ടിലും സാന്ദ്ര മിടുക്കിയാണ്. രണ്ട് ആല്‍ബങ്ങളില്‍ ഗാനം ആലപിച്ചും സാന്ദ്ര ശ്രദ്ധനേടി.
അച്ഛന്‍ ബാബുവും അമ്മ ബിന്ദുവും പ്ലസ് ടൂകാരന്‍ ശരത്ത്, ആറാംക്ലാസുകാരന്‍ സനു എന്നീ രണ്ടു അനിയന്‍മാരും ഉള്‍പെടുന്നതാണ് സാന്ദ്രയുടെ കുടുംബം. കുടുംബമാണ് അഭിനയിക്കാന്‍ സാന്ദ്രയ്ക്ക് ഏറെ പിന്തുണ നല്‍കുന്നത്. അച്ഛന്റെ ആഗ്രഹമാണ് തന്നെ അഭിനയരംഗത്തേക്ക് എത്തിച്ചതെന്നാണ് താരം പറയുന്നത്. അഭിനയത്തിലും നൃത്തത്തിലും പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ കാത്തിരിക്കുകയാണ് ഇപ്പോള്‍ സാന്ദ്ര.