പ്രദര്‍ശന ശാലകളില്‍പൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിന്റെ ടീമിന് സൂപ്പര്‍ സ്റ്റാര്‍,സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ വിജയാശംസകള്‍. ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്ടു വച്ചായിരുന്നു പടക്കളത്തിലെ അഭിനേതാക്കളായ സുരാജ് വെഞ്ഞാറമൂട് , ഷറഫ്ദ്ദീന്‍, നിരഞ്ജനാ അനൂപ്, നടന്‍സാഫ്.സംവിധായകന്‍ മനു സ്വരാജ് എന്നിവര്‍ രാജനീകാന്തിനെ സന്ദര്‍ശിച്ചത്.പ്രേക്ഷകരുടെ ആവശ്യപ്രകാരം സംവിധായകനും അഭിനേതാക്കളും അടങ്ങുന്ന ടീം തീയേറ്റര്‍ സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് കോഴിക്കോട്ടു വച്ച് രജനീകാന്തിനെ സന്ദര്‍ശിച്ച് അനുഗ്രഹം തേടിയത്.
ജയിലര്‍ ടു വിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് രജനീകാന്ത് കോഴിക്കോട്ടുണ്ട്. സുരാജ് വെഞ്ഞാറമൂടിനെ രജനീ കാന്തിന് വ്യക്തിപരമായി പരിചയമുണ്ട്. സുരാജ് ഇപ്പോള്‍ തമിഴ് സിനിമയിലും ശ്രദ്ധേയനാണ്. ഈയവസരത്തിലാണ് പടക്കളം സിനിമ കേരളത്തില്‍ വിജയത്തിലേക്കു കുതിക്കുന്ന വാര്‍ത്ത അറിയുന്നത്. കോഴിക്കോട്ടെത്തിയപ്പോള്‍ സുരാജ് താല്‍പ്പര്യമെടുത്താണ് രജനീകാന്തിനെ സന്ദര്‍ശിക്കാനെത്തിയത്.
ചിത്രത്തേക്കുറിച്ചു വിശദമായിത്തന്നെ രജനികാന്ത് ചോദിച്ചു മനസ്സിലാക്കി.പുതുമയുള്ള ഇതിവൃത്തങ്ങള്‍ എപ്പോഴും പ്രേഷകര്‍ സ്വീകരിക്കുമെന്നതാണ് ഈ ചിത്രത്തിന്റെ വിജയമെന്ന് രജനികാന്ത് കൂടിക്കാഴ്ച്ചയില്‍ വ്യക്തമാക്കി. മനസ്സു നിറഞ്ഞ ആശംസ നല്‍കിയാണ് സ്‌റ്റൈല്‍ മന്നന്‍ പടക്കളം ടീമിനെ യാത്രയാക്കിയത്.ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു, വിജയ് സുബ്രഹ്‌മണ്യം എന്നിവരാണ് പടക്കളം നിര്‍മ്മിച്ചിരിക്കുന്നത്.
വാഴൂര്‍ ജോസ്.