മൂന്നാം ക്ലാസുമുതല്‍ ഏഴാം ക്ലാസുവരെ പെണ്ണായിട്ട് ഡാന്‍സ് കളിച്ചു നടന്നു; പെണ്ണുങ്ങളെ പോലെയുള്ള ചെക്കന്‍ എന്ന് എല്ലാവരും കളിയാക്കി തുടങ്ങിയപ്പോള്‍ എയറുപിടിച്ച് നടക്കേണ്ട അവസ്ഥ വന്നു ; തന്നെ പോലെയുള്ളവരെ പരിചയപ്പെട്ടത് സജീഷില്‍ നിന്ന് പിങ്കിയിലേക്ക് എത്താനുള്ള കാരണമായി; ഫിലിം ഇന്‍ഡസ്ട്രിലെ വളര്‍ച്ചയ്ക്ക് പിന്നില്‍ അനുശ്രീ; ഇനിയുള്ള കാലം പെണ്ണായി തന്നെ ജീവിക്കും; ട്രാന്‍സ്‌ജെന്‍ഡര്‍ ആയതിന്റെ പേരില്‍ നീറി ജീവിച്ച പിങ്കിയുടെ കഥ ഇങ്ങനെയാണ്..

പി.എസ്.സുവര്‍ണ്ണ
 മൂന്നാം ക്ലാസുമുതല്‍ ഏഴാം ക്ലാസുവരെ പെണ്ണായിട്ട് ഡാന്‍സ് കളിച്ചു നടന്നു; പെണ്ണുങ്ങളെ പോലെയുള്ള ചെക്കന്‍ എന്ന് എല്ലാവരും കളിയാക്കി തുടങ്ങിയപ്പോള്‍ എയറുപിടിച്ച് നടക്കേണ്ട അവസ്ഥ വന്നു ; തന്നെ പോലെയുള്ളവരെ പരിചയപ്പെട്ടത് സജീഷില്‍ നിന്ന് പിങ്കിയിലേക്ക് എത്താനുള്ള കാരണമായി; ഫിലിം ഇന്‍ഡസ്ട്രിലെ വളര്‍ച്ചയ്ക്ക് പിന്നില്‍ അനുശ്രീ;  ഇനിയുള്ള കാലം പെണ്ണായി തന്നെ ജീവിക്കും; ട്രാന്‍സ്‌ജെന്‍ഡര്‍ ആയതിന്റെ പേരില്‍ നീറി ജീവിച്ച പിങ്കിയുടെ കഥ ഇങ്ങനെയാണ്..


സിനിമയിലെ സുന്ദരിമാരായ നായികമാര്‍. ഈ സൗന്ദര്യത്തിന് പിന്നിലെ രഹസ്യമെന്താണെന്ന് അറിയാന്‍ ആഗ്രഹിക്കുന്നവരാണ് പലരും. എന്നാല്‍ സിനിമയിലെ നായികമാര്‍ സുന്ദരികളായെത്തുന്നതിന് പിന്നില്‍ ഒരു മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ കഴിവ് കൂടെയുണ്ട്. നായികയെ സുന്ദരിയാക്കാനും വീരൂപയാക്കാനും മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റിന് കഴിയും. അതുകൊണ്ട് തന്നെ സിനിമയിലെ പല താരങ്ങള്‍ക്കും പേഴ്സണല്‍ മേയ്ക്കപ്പ്മാന്‍മാരും ഉണ്ട്. അക്കൂട്ടത്തില്‍ ആണും പെണ്ണും ഉണ്ട്. എന്നാല്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഒരു പ്രത്യേക മുന്‍ഗണനയാണ് ഈ കാര്യത്തില്‍ ഉള്ളത്. കാരണം അവര്‍ തൊട്ടാല്‍ സുന്ദരിയാകും. രഞ്ചു രഞ്ജിമാര്‍ ആണ് അതിന് ഏറ്റവും വലിയ ഉദാഹരണം. മറ്റുള്ളവര്‍ ഒരുക്കുന്നതിനെക്കാള്‍ വളരെ നന്നായി മേയ്ക്കപ്പ് ചെയ്യാന്‍ ഇവര്‍ക്ക് കഴിയും. അക്കൂട്ടത്തില്‍ ഒരാളാണ് പിങ്കി വിശാല്‍. ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലേക്ക് എത്തിയ പിങ്കിക്ക് മുന്നില്‍ മേക്കപ്പിനായി സെലിബ്രിറ്റികള്‍ ഉള്‍പെടെ നിരവധി ആളുകളാണ് എത്തുന്നത്. പിങ്കി മേയ്ക്കപ്പ് ചെയ്താല്‍ സുന്ദരിയാകുമെന്ന് ഉറപ്പാണ്. ഇപ്പോള്‍ തന്നെ നിരവധി താരങ്ങള്‍ക്ക് മേയ്ക്കപ്പ് ചെയ്ത പിങ്കി പ്രശസ്ത നടി അനുശ്രീയുടെ പേഴ്സണല്‍ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടെയാണ്. തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും വ്യക്തി ജീവിതത്തില്‍ അനുഭവിച്ച സംഘര്‍ഷങ്ങളെക്കുറിച്ചും മലയാളി ലൈഫിനോട് മനസ്സ് തുറന്നിരിക്കുകയാണ് പിങ്കി വിശാല്‍..

കുടുംബത്തെ കുറിച്ച്?

പിങ്കി: ഞാന്‍ ജനിച്ച് വളര്‍ന്നതും പഠിച്ചതുമെല്ലാം കൊടുങ്ങല്ലൂരാണ്. ഡിഗ്രി പഠനം കഴിഞ്ഞതിന് ശേഷമാണ് പട്ടണം റഷീദ് സാറിന്റെ ഇന്‍സ്്റ്റിറ്റിയൂട്ടില്‍ മേയ്ക്കപ്പ്, ഹെയര്‍, കോസ്മറ്റോളജി എന്നിവയില്‍ ഡിപ്ലോമ ചെയ്തത്. അതിന് ശേഷമാണ് മലയാള സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയത്. കുടുംബത്തെക്കുറിച്ച് പറയുകയാണെങ്കില്‍.  അമ്മ, ചേട്ടന്‍, ചേടത്തി, ചേട്ടന്റെ കുട്ടി, ചേച്ചിയുണ്ട് കല്ല്യാണം കഴിഞ്ഞു. അച്ഛന്‍ മരിച്ചു, പതിനഞ്ച് വര്‍ഷമായി.  

സജീഷില്‍ നിന്ന് പിങ്കിയിലേക്കുള്ള മാറ്റം എങ്ങനെയായിരുന്നു?

ചെറുപ്പം മുതല്‍ തന്നെ സ്ത്രൈണതയുള്ളത് കൊണ്ടും. മൂന്നാം ക്ലാസുമുതല്‍ ഏഴാം ക്ലാസുവരെ പെണ്ണായിട്ട് ഡാന്‍സ് കളിച്ചും. നാട്ടിന്‍ പുറത്തായിരുന്നത് കൊണ്ട് തന്നെ ക്ലബുകളിലും ഡാന്‍സ് കളിക്കുമായിരുന്നു. ഇങ്ങനെയെല്ലാം നടന്നിരുന്ന സമയത്ത് ഞാന്‍ ഹൈസ്‌ക്കൂളില്‍ എത്തിയപ്പോള്‍ എല്ലാവരും എന്നെ കളിയാക്കി തുടങ്ങി. പെണ്ണുങ്ങളെ പോലെയുള്ള ചെക്കന്‍ എന്ന് എല്ലാവരും കളിയാക്കി തുടങ്ങിയപ്പോള്‍ എയറുപിടിച്ച് നടക്കേണ്ട അവസ്ഥ വന്നു. കാരണം ആ സമയങ്ങളിലെല്ലാം അതായത് പ്ലസ് ടു വരെ ഞാന്‍ സജീഷ് എന്ന വ്യക്തി മാത്രമായിരുന്നു. അങ്ങനെ എയറ് പിടിച്ച് ജീവിക്കുന്ന അവസ്ഥയില്‍ നിന്ന് ഒരു മാറ്റം ഉണ്ടായത് ഡിഗ്രിയില്‍ എത്തിയപ്പോഴാണ്. കാരണം പ്ലസ് ടു വരെ ഫ്രണ്ട്സ് ഉണ്ടെങ്കില്‍ കൂടെ എനിക്ക് കൂട്ട്കൂടി നടക്കാന്‍ എന്റെ സ്വഭാവത്തിന് അനുസരിച്ച് ആരും ഉണ്ടായിരുന്നില്ല. അന്നെല്ലാം വലിയ ടെന്‍ഷനും ബുദ്ധിമുട്ടുമാണ് അനുഭവിച്ചത്. എന്നാല്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ കൊടുങ്ങല്ലൂരില്‍ പാര്‍ട്ട് ടൈം ജോലിക്ക് പോയപ്പോള്‍ എന്നെ പോലെയുള്ളവരെ പരിചയപ്പെടാന്‍ സാധിച്ചു. അങ്ങനെ അവരോട് മനസ് തുറന്ന് സംസാരിച്ചതാണ് സജീഷില്‍ നിന്ന് പിങ്കിയിലേക്ക് മാറാനുള്ള ടേണിങ്ങ് പോയിന്റ്. 

വീട്ടുകാരുടെ പിന്തുണ?

ഡിഗ്രി വരെ സജീഷായിട്ട് ജീവിച്ചപ്പോള്‍ സ്ത്രൈണത ഉണ്ടായിരുന്നിട്ട് പോലും വീട്ടുകാര്‍ക്ക് പ്രശ്നം ഉണ്ടായിരുന്നില്ല. അതിന് ശേഷം 2012 ലാണ് ഞാന്‍ പട്ടണം റഷീദ് സാറിന്റെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കോഴ്സ് ചെയ്യുന്നതും, അതുമായി ബന്ധപ്പെട്ട് ലേഡീസ് ഡ്രസുകള്‍ ധരിക്കാന്‍ തുടങ്ങിയതും. അതായത് ത്രെഡ് ചെയ്യാനൊക്കെ തുടങ്ങിയത്. എന്റെ ലുക്ക് മാറി തുടങ്ങിയപ്പോള്‍ എന്റെ കൂടെ പഠിച്ചവരും ഫ്രണ്ടസ് ആയിരുന്നവരും അകലാന്‍ തുടങ്ങി. എന്നെ കാണുമ്പോള്‍ തന്നെ എന്തോ വലിയ സംഭവം എന്ന രീതിയിലാണ് ആളുകള്‍ നോക്കിയിരുന്നത്. കൊടുങ്ങല്ലൂരില്‍ ആണെങ്കില്‍ പോലും എല്ലാവര്‍ക്കും അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. കാരണം ട്രാന്‍സ്ജെന്‍ഡര്‍ എന്ന ഐഡന്റിറ്റി പുറത്ത് കാണിച്ച് ആരും തന്നെ കൊടുങ്ങല്ലൂരില്‍ നടക്കുന്നില്ല. അതായത് ട്രാന്‍സ്ജെന്‍ഡര്‍ ആണെങ്കില്‍ പോലും അത് പുറത്ത് അറിയിക്കാതെ ഒളിപ്പിച്ച് നടക്കുകയാണ് പലരും ചെയ്യുന്നത്. അപ്പോള്‍ അതില്‍ നിന്ന് എന്റെ ഐഡന്റിറ്റി പുറത്ത് വരണം, എനിക്ക് എന്റെ ഐഡന്റിറ്റി പുറത്ത് വന്നാലെ സ്വാതന്ത്ര്യത്തില്‍ നടക്കാന്‍ പറ്റൂ. അല്ലെങ്കില്‍ നമ്മള്‍ നമ്മള്‍ അല്ലാതെ ജീവിക്കുന്നതായിട്ടേ നമുക്ക് ഫീല്‍ ചെയ്യുകയുള്ളു. അങ്ങനെയാണ് മേയ്ക്കപ്പ് ഫീല്‍ഡിലേക്ക് വരുന്നത്. 

 

Image may contain: 2 people, people standing

ഫിലിം ഇന്‍ഡസ്ട്രിയിലേക്കുള്ള കടന്നുവരവ്, അനുശ്രീയുമായുള്ള ആത്മബന്ധം?

2014 അവസാനത്തോടുകൂടിയാണ് ഫിലിം ഇന്‍ഡസ്ട്രിയില്‍ മേയ്ക്കപ്പ് ചെയ്ത് തുടങ്ങിയത്. അതുമായി ബന്ധപ്പെട്ട് ഒരുപാട് ആര്‍ട്ടിസ്റ്റുകളെ മേയ്ക്കപ്പ് ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഒരു രണ്ടര വര്‍ഷത്തോളമായിട്ട് അനുശ്രീയുടെ പേഴ്‌സണല്‍ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റാണ്. അതില്‍ നിന്നാണ് ഫിലിം ഇന്‍ഡസ്ട്രിയിലേക്കുള്ള എന്റെ ടേണിങ്ങ് പോയിന്റ്. ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ എന്നെ വിളിക്കാനും, അതുപോലെ തന്നെ ബ്രൈഡലിനൊക്കെയാണെങ്കിലും ഒരുപാട് എന്‍ക്വയറീസ് വരാനുമെല്ലാം കാരണം അനുശ്രീയാണ്. ഞാന്‍ അനുശ്രീയെന്നല്ല പറയുന്നത്. അനുക്കുട്ടിയെന്നെ വിളിക്കാറുള്ളൂ. ഞാന്‍ ഒരുപാട് ആര്‍ട്ടിസ്റ്റുകളുടെയൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും അനുശ്രീയുടെ അടുത്താണ് കൂടുതല്‍ കൂട്ടായത്. അനൂന്റെയൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ഒരു ആര്‍ട്ടിസ്റ്റാണെന്ന് തോന്നിയിട്ടില്ല. അതിലുപരി വേറെ എന്തൊക്കയോ ആണ്. നല്ല സൗഹൃദമാണ്. എന്നാല്‍ സിനിമയിലാണെങ്കിലും ആഡ് ഷൂട്ടാണെങ്കിലും ഫോട്ടോ ഷൂട്ട് ആണെങ്കിലും മറ്റുള്ളവര്‍ക്ക് മേയ്ക്കപ്പ് ചെയ്യുമ്പോള്‍ മേയ്ക്കപ്പും ഹെയറും കഴിഞ്ഞാല്‍ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ മേയ്ക്കപ്പ് കഴിഞ്ഞാല്‍ അവിടെയിരിക്കും. അവരുമായിട്ട് സൗഹൃദം ഉണ്ടെങ്കില്‍ കൂടി അനൂന്റെയടുത്ത് നിന്നുള്ളത് പോലെയല്ല. അനുശ്രീയെക്കുറിച്ച് പറയുകയാണെങ്കില്‍ ഒരുപാട് ഹെല്‍പ്പിങ്ങ് ആണ്. ഒരുപാട് മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ മേയ്ക്കപ്പ് ചെയ്തിട്ടുള്ള ആളാണ് അനുശ്രീ. അതുകൊണ്ട് തന്നെ അനൂന്റെ അടുത്ത് നിന്ന് ഒരുപാട് ടിപ്പ്‌സുകള്‍ എനിക്ക് കിട്ടിയിട്ടുണ്ട്. ചുരുക്കി പറഞ്ഞാല്‍ സൗഹൃദത്തെക്കാളുപരി ഒരു നല്ല റിലേഷന്‍ഷിപ്പാണ് അനുവുമായിട്ട്.

മാമാങ്കം സിനിമയെക്കുറിച്ച്?

മാമാങ്കം സിനിമയില്‍ ഇനിയയ്ക്ക് വേണ്ടിയാണ് മേയ്ക്കപ്പ് ചെയ്യുന്നത്. അത് ഒരു നാച്ചുറല്‍ മേയ്ക്കപ്പ് ആണെങ്കിലും സാധാരണ സിനിമയില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന ഒരു ഗെറ്റപ്പാണ്. പഴയകാല ദേവദാസി ലുക്കാണ്. അപ്പോള്‍ ഡയറക്ടര്‍ പറയുന്നത് പോലെ മേയ്ക്കപ്പ് ചെയ്യണം. നാച്ചുറല്‍ ഫീല്‍ കിട്ടണം. അതായത് സാധാരണ സിനിമയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന ഒരു മേയ്ക്കപ്പ് ആണ് വേണ്ടത്. 

 

Image may contain: 2 people, people smiling

അനുസിതാര, മംമ്ത മോഹന്‍ദാസ്, മഞ്ജുവാര്യര്‍ ?

എല്ലാ ആര്‍ട്ടിസ്റ്റുകളും യഥാര്‍ത്ഥത്തില്‍ ഒരു മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റായിട്ടല്ല ഞങ്ങളെ കാണുന്നത്. മറിച്ച് സുഹൃത്ത് എന്ന രീതിയിലാണ്. മഞ്ജുവാര്യര്‍, മംമ്ത, അനുസിതാര, മിയ ഇവര്‍ക്കൊപ്പമെല്ലാം വര്‍ക്ക് ചെയ്തിട്ടുണ്ട്. അവരെല്ലാം ഒരു മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നതിനേക്കാളുപരി നമ്മളെ നല്ലൊരു ഫ്രണ്ടായിട്ടാണ് കാണുന്നതും പെരുമാറുന്നതും. അതുകൊണ്ട് തന്നെ ഒരു ആര്‍ട്ടിസ്റ്റിന്റെയൊപ്പവും വര്‍ക്ക് ചെയ്യുമ്പോള്‍ ഞാനൊരു മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റാണെന്ന് എനിക്ക് തോന്നിയിട്ടില്ല. അവര്‍ അങ്ങനെ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ പെരുമാറാറുമില്ല. വളരെ നല്ല രീതിയിലുള്ള റിലേഷന്‍ഷിപ്പാണ് അവരുമായിട്ട് ഉള്ളത്. 

പുതിയ പ്രോജക്ടുകള്‍ ഏതൊക്കെയാണ്?

ഇനി അടുത്ത പ്രോജക്ട് അനുശ്രീയും മഞ്ജു ചേച്ചിയും കൂടിയുള്ള റോഷന്‍ ആന്‍ഡ്രൂസ് സാറിന്റെ പടമാണ്. അതിന്റെ ഷൂട്ടിങ്ങ് തുടങ്ങാന്‍ പോവുകയാണ്. സെപ്തംബര്‍ 2 മുതല്‍ ഒക്ടോബര്‍ പത്തുവരെ ഷൂട്ടാണ്. കോട്ടയത്താണ് ലൊക്കേഷന്‍. 

 

Image result for pinky vishal makeup artist

കിരണം കുടുംബശ്രീയെ കുറിച്ച്?

കൊടുങ്ങല്ലൂരില്‍ കിരണം കുടുംബശ്രീ എന്ന പേരില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി ഒരു കുടുംബശ്രീ ഞങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. അത് തൃശ്ശൂര്‍ ജില്ലയിലെ ആദ്യത്തെ കുടുംബശ്രീയാണ്. അതില്‍ 12 അംഗങ്ങളുണ്ട്. പന്ത്രണ്ട് അംഗങ്ങളില്‍ എല്ലാവര്‍ക്കും ജോലിയില്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഗവണ്‍മെന്റില്‍ നിന്ന് വന്നിരിക്കുന്ന അഞ്ച് ലക്ഷം രൂപ കൊണ്ട് അവര്‍ക്ക് ഒരു ഷോപ്പ് ഇട്ട് കൊടുക്കാനുള്ള ഒരുക്കത്തിലാണ്. അതിനായുള്ള മെറ്റീരിയല്‍സുകള്‍ വാങ്ങിവച്ചിട്ടുണ്ട്. മാത്രമല്ല ഒരുപാട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് കൊടുങ്ങല്ലൂരില്‍ ഉണ്ട് അപ്പോള്‍ അവരെയെല്ലാം കമ്മ്യൂണിറ്റിയിലേക്ക് കൊണ്ടുവരാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണ് ഈ കിരണം കുടുംബശ്രീ.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോടുള്ള സമൂഹത്തിന്റെ മനോഭാവത്തെ കുറിച്ച്?    

എത്ര പുരോഗതി വന്നാലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോടുള്ള സമൂഹത്തിന്റെ സമീപനത്തില്‍ വലിയ മാറ്റമൊന്നും വരില്ല. എന്നാലും എനിക്ക് തോന്നുന്നു കുറെയൊക്കെ മാറിയിട്ടുണ്ടെന്ന്. കാരണം പണ്ട് ഞാന്‍ 2013 മുതല്‍ 2016 വരെയൊക്കെ കൊടുങ്ങല്ലൂരില്‍ ലഗിന്‍സും ടോപ്‌സുമൊക്കെ ധരിച്ച് നടക്കുമ്പോള്‍ എല്ലാവരും ഒരു അത്ഭുത ജീവിയെ പോലെ എന്നെ നോക്കുമായിരുന്നു. അതുമല്ല എന്റെ ഒപ്പം പഠിച്ചവര്‍ പോലും എന്നെ കണ്ടിട്ട് ഒളിച്ച് നില്‍ക്കുന്നു. അങ്ങനെ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു 2017-18 ഒക്കെ മുതല്‍ ഒരു സെലിബ്രിറ്റി മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ വന്നപ്പോള്‍ ഈ ഒളിച്ചിരുന്നവരെല്ലാം പുറത്ത് വരാനും സംസാരിക്കാനും തുടങ്ങി. അപ്പോള്‍ എനിക്ക് തോന്നുന്നത് എല്ലാ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയും അംഗീകരിച്ച് തുടങ്ങിയിട്ടില്ല. സെലിബ്രിറ്റി ലെവലില്‍ ഉള്ളവരെ മാത്രമാണ് അംഗീകരിച്ച് തുടങ്ങിയിരിക്കുന്നത് എന്നാണ്. സെലിബ്രിറ്റി മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് ആയതുകൊണ്ട് മാത്രമാണ് ഇപ്പോള്‍ കൊടുങ്ങല്ലൂരിലൊക്കെ ആണെങ്കിലും അംഗീകരിച്ച് തുടങ്ങിയിരിക്കുന്നത്. പക്ഷെ എല്ലാവരും അംഗീകരിച്ച് തുടങ്ങിയിട്ടില്ല. ഈ ന്യൂ ജനറേഷന്‍ പിള്ളേരാണ് വലിയ സപ്പോര്‍ട്ട് നല്‍കുന്നത്. പിന്നെ ഈ നാട്ടിന്‍ പുറത്തെ ആളുകള്‍ക്ക് ഒരുപാടൊന്നും ഇതിനെ കുറിച്ച് അറിയില്ല. മലപ്പുറത്തൊക്കെ ബ്രൈഡല്‍ മേയ്ക്കപ്പിന് പോയാല്‍ തന്നെ നമ്മള്‍ ചെല്ലുമ്പോള്‍  നോക്കി നില്‍ക്കും. പിന്നെ അവരോട് ഇത് ട്രാന്‍സ്‌ജെന്‍ടേഴ്‌സ് ആണെന്ന് അവരുടെ ബന്ധുക്കള്‍ പറയുമ്പോഴാണ് ഇങ്ങനെയൊക്കെ ഉണ്ടോയെന്ന് ആ നാട്ടിന്‍ പുറത്തെ ആളുകള്‍ അറിയുന്നത്. പക്ഷെ ന്യൂ ജനറേഷനിലുള്ളവരെല്ലാം വലിയ സപ്പോര്‍ട്ടീവാണ്. 

 

യഥാര്‍ത്ഥ സ്ത്രീയിലേയ്ക്ക് എത്താന്‍ ഇനി അധികം ദൂരമില്ല.. ട്രീറ്റ്‌മെന്റിനെ കുറിച്ച്?

ഞാന്‍ ഇപ്പോള്‍ റിനൈ മെഡിസിറ്റിയില്‍ ഒരു വര്‍ഷമായി ട്രീറ്റ്‌മെന്റിലാണ്. ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റാണ്. അപ്പോള്‍ ഒരു ഒന്നര വര്‍ഷം കഴിഞ്ഞാല്‍ എന്റെ സര്‍ജറി ഉണ്ടാകും. അതായത് അടുത്ത ജൂണില്‍. അപ്പോള്‍ അതുമായി ബന്ധപ്പെട്ട് 2,3 മാസം നമുക്ക് ആ ടാബ്‌ലറ്റ് കഴിച്ച് തുടങ്ങുമ്പോള്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. ടാബ്‌ലറ്റും ഇഞ്ചക്ഷനും ഉണ്ട്. ബോഡി കറക്ട് ആവാന്‍ വേണ്ടിയാണ് അത്. ആദ്യമെല്ലാം ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ ബുദ്ധിമുട്ട് ഒന്നുമില്ല. ഒരു വര്‍ഷത്തില്‍ കൂടുതല്‍ ആയതുകൊണ്ടാണ്. പിന്നെ എക്‌സസൈസ് ഒക്കെ അതുമായി ബന്ധപ്പെട്ട് ചെയ്യുന്നുണ്ട്. 

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ കുറിച്ചുള്ള കാഴ്ചപ്പാട്?

എനിക്ക് തോന്നുന്നത് നമ്മുടെ ഉള്ളിലെ സ്ത്രിയെ നമ്മള്‍ പുറത്ത് കൊണ്ടുവരണം. എന്റെ ജീവിതാനുഭവം കൊണ്ടാണ് പറയുന്നത്. നമ്മള്‍ ആണായി ജനിച്ച് പെണ്ണായി ജീവിച്ചാല്‍ പോലും അത് യഥാര്‍ത്ഥ പെണ്ണായി തന്നെ ജീവിക്കണം. കാരണം എന്റെ പ്ലസ് ടു ഡിഗ്രി കാലഘട്ടത്തില്‍ വീട്ടില്‍ എത്തുമ്പോള്‍ മാത്രമാണ് ഞാന്‍ ഞാനായി മാറിയിരുന്നത്. അല്ലാത്ത സമയങ്ങളിലെല്ലാം ഫുള്‍ ആക്ടിങ്ങും. ബസ്് സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ എയറ് പിടിക്കുക. കോളേജിലേയ്ക്ക് നടന്ന് പോകുമ്പോള്‍ കൈയും കാലും എയറ് പിടിച്ച് കുണുക്കം വരാതെ ഒക്കെയാണ് പോയിരുന്നത്. അങ്ങനെയൊന്നും അഭിനയിക്കാതെ നമ്മുടെ സ്വന്തം വ്യക്തിത്വം സമൂഹത്തിന് മുന്നില്‍ തുറന്ന് കാണിച്ച് ജീവിക്കുമ്പോഴാണ് നമുക്ക് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാവുക. അല്ലാതെ സ്വന്തം വ്യക്തിത്വം ഒളിപ്പിച്ച് വച്ച് ജീവിച്ചാല്‍ തുടര്‍ന്നും അങ്ങനെ തന്നെ പോയിക്കൊണ്ടിരിക്കും. എന്റെ ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടായതും, സംതൃപ്തിയോടെ ഞാന്‍ ജീവിക്കാന്‍ തുടങ്ങിയതും എന്റെ വ്യക്തിത്വം സമൂഹത്തിന് മുന്നില്‍ തുറന്ന് കാണിച്ചതിന് ശേഷമാണ്. നമ്മള്‍ എന്താണെന്ന് സമൂഹത്തിന് മുന്നില്‍ തുറന്ന് കാണിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഓരോ ദിവസവും നീറി നീറി ജീവിക്കേണ്ടി വരും. അതെല്ലാം ഓര്‍ത്ത് ടെന്‍ഷനും വിഷമവും വരുന്നത് നമ്മള്‍ കിടക്കുന്ന സമയമാണ്. ഞാന്‍ ഇന്ന് അവിടെ ഇങ്ങനെയാണ് അഭിനയിച്ചത് എന്നൊക്കെ. അതായത് പ്ലസ് ടൂവില്‍ പഠിക്കുമ്പോഴൊക്കെ ആണ്‍കുട്ടികളോടൊപ്പം നടക്കുമ്പോഴും ഒരു ഷോപ്പില്‍ ചെല്ലുമ്പോഴൊക്കെ അവരുടെയൊക്കെ ഒപ്പം എയറുപിടിച്ച് ജീവിക്കുന്ന ഒരു അവസ്ഥയുണ്ടായിരുന്നു. അതില്‍ നിന്നെല്ലാം ഒരുപാട് മാറി. ഇന്നിപ്പോള്‍ എനിക്ക് അങ്ങനെയുള്ള ഒരു പ്രശ്‌നവും ഇല്ല. ഞാന്‍ ഞാനായിട്ട് തന്നെയാണ് ജീവിക്കുന്നത്.  പിന്നെ എന്റെ ജീവിതത്തില്‍ ഏറ്റവും വലിയ സപ്പോര്‍ട്ട് എന്റെ അമ്മയാണ്. ഇപ്പോള്‍ രാവിലെ തന്നെ ഞാന്‍ മേയ്ക്കപ്പിന് പോവുമ്പോള്‍ ചുരിദാറോ, ടോപ്പുകളോ, കുറുത്തയോ അങ്ങനെ എന്ത് ഇട്ടാലും ആ നല്ല ഭംഗിയുണ്ട് നന്നായി ചേരുന്നുണ്ട് എന്നൊക്കെ പറയും. ബ്രൈഡല്‍ മേയ്ക്കപ്പിനൊക്കെ  പോകുമ്പോള്‍ അന്ന് ഇട്ട ഡ്രസ്സില്ലേ അത് ഇടാന്‍ പറയും. അത്ര വലിയ സപ്പോര്‍ട്ടാണ് അമ്മ. അമ്മയാണ് എന്റെ ഏറ്റവും വലിയ ശക്തി. 

പിന്നെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ഏറ്റവും വലിയ സപ്പോര്‍ട്ട് നല്‍കേണ്ടത് വീട്ടുകാരാണ്. അവരുടെ സപ്പോര്‍ട്ട് ഉണ്ടെങ്കില്‍ നമ്മള്‍ എവിടെയും എത്തും. അതുകൊണ്ട് തന്നെ ഇനി എനിക്ക് പറയാനുള്ളത് നിങ്ങളുടെ വീട്ടില്‍ ആരെങ്കിലും ട്രാന്‍സ്‌ജെന്‍ജേഴ്‌സ് ആയി ജനിക്കുകയാണെങ്കില്‍ അവരെ നല്ല രീതിയില്‍ സപ്പോര്‍ട്ട് ചെയ്യണം. എന്റെ വീട്ടുകാര്‍ എന്നെ സപ്പോര്‍ട്ട് ചെയ്തത് കൊണ്ട് മാത്രമാണ് ഞാന്‍ ഈ ലെവലില്‍ ഇവിടെ ഇരിക്കുന്നത്. 

സ്ത്രീത്വം തിരിച്ചറിഞ്ഞപ്പോള്‍ എന്താണ് തോന്നിയത്?

സ്ത്രീയാണെന്ന് മനസ്സിലാക്കിയപ്പോള്‍ എനിക്ക് ആണായി തന്നെ ജീവിക്കാന്‍ ഒരിക്കലും തോന്നിയിട്ടില്ല. എനിക്ക് പെണ്ണായിട്ട് തന്നെ എന്റെ സമൂഹത്തില്‍ ജീവിക്കണം എന്ന രീതിയില്‍ തന്നെയാണ് ഞാന്‍ ജീവിക്കുന്നത്. ഇനിയും അങ്ങനെ തന്നെയെ ജീവിക്കുകയുള്ളു. അതായത് ഒരുപാട് ആളുകള്‍ നമ്മളെ മാനസികമായി ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കില്‍ അവരുടെ മുന്നില്‍ പൊരുതി തന്നെ ജീവിക്കാനാണ് ഞാന്‍ വിചാരിച്ചിരിക്കുന്നത്. 

(തുടരും...)

തയ്യാറാക്കിയത് :  പി.എസ്. സുവര്‍ണ്ണ

celebrity-makeup-artist-pinky-visal-interview

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES